ഹൃദയത്തിനും എല്ലിനും ഷമാം വിത്തുകള്‍; അറിയാം ആരോഗ്യ ഗുണങ്ങള്‍...
Saturday, April 20, 2024 1:22 PM IST
കുക്കുര്‍ബിറ്റേസീ കുടുംബത്തില്‍പ്പെട്ട ഒരു ഫലമാണ് ഷമാം. ഇംഗ്ലീഷില്‍ സ്വീറ്റ് മെലണ്‍ എന്നും അറബിക്കില്‍ ഷമാം എന്നും അറിയപ്പെടുന്ന ഈ ഫലത്തെ കേരളത്തില്‍ തയ്ക്കുമ്പളം എന്നാണ് വിളിക്കുന്നത്.
ജ്യൂസായും പഴമായും ഇത് കഴിക്കാം. ഷമാം പോലെതന്നെ ഷമാം വിത്തുകളും പോഷകസമൃദ്ധമാണ്. ഈ വിത്തുകള്‍ സൂര്യപ്രകാശത്തിലോ ഫാനിന്റെ ചുവട്ടിലോവച്ച് ഉണങ്ങാവുന്നതാണ്. സലാഡുകള്‍, തൈര് അല്ലെങ്കില്‍ ട്രയല്‍ മിക്സ് എന്നിവയില്‍ ചേര്‍ത്ത് ഇത് കഴിക്കാം.
വറുത്ത് പൊടിച്ചും അല്ലാതെയും ഇത് ഉപയോഗിക്കാവുന്നതാണ്. ഷമാം വിത്തുകളുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച്...
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ഷമാം വിത്തുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഉപകാരപ്രദമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഇതില്‍ ഉള്ളതിനാലാണിത്. ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും ഒമേഗ-3ക്കു കഴിയും.
ഓക്സീഡേറ്റീവ് സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഈ വിത്തുകള്‍ക്കുണ്ട്. മാത്രമല്ല, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും അണുബാധകള്‍ അകറ്റിനിര്‍ത്താനും ഷമാം വിത്തുകള്‍ക്ക് കഴിയും.
ഈ വിത്തുകളില്‍ വിറ്റാമിന്‍ സിയും വിവിധ ആന്റി-ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാലാണിത്.
ദഹനം, ചര്‍മം, മുടി
ദഹനത്തെ പരിപോഷിപ്പിക്കുന്നതിനൊപ്പം ചര്‍മ, മുടി എന്നിവയുടെ ആരോഗ്യത്തിനും ഷമാം വിത്തുകള്‍ ഉപകാരപ്രദമാണ്. ഈ വിത്തുകളില്‍ ഡയറ്ററി ഫൈബര്‍ അടങ്ങിയിട്ടുണ്ട്.
ഇത് ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കും. ആരോഗ്യകരമായ കുടല് നിലനിര്‍ത്താന്‍ ഷമാം വിത്തുകള്‍ക്കു സാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.
അതുപോലെ ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായകമാണ്. വിറ്റാമിന്‍ എ, സി, ഇ എന്നിവയാല്‍ സമ്പന്നമാണ് ഷമാം വിത്തുകള്‍. ഈ പോഷകങ്ങള്‍ കൊളാജന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും.
എല്ലുകള്‍ക്ക് ശക്തി
എല്ലുകളുടെ ആരോഗ്യത്തിനും ഷമാം വിത്തിനു സാധിക്കും. ഇതിലെ മഗ്നീഷ്യം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ അസ്ഥികളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥിരോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഷമാം വിത്തുകള്‍ക്കു സാധിക്കും. ഷമാം വിത്തുകള്‍ ഇത്തരം ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും കൃത്യമായി ഡോക്ടറെ കാണുകയും പരിശോധനകള്‍ യഥാവിധം നടത്തുകയുമാണ് ആരോഗ്യപരമായി തുടരാനുള്ള സുപ്രധാന മാര്‍ഗം.