എല്ലാ ദിവസവും വെളുത്തുള്ളി; ഹൃദയാരോഗ്യത്തിനും കാന്‍സര്‍ പ്രതിരോധത്തിനും ഇത് സഹായകം
Tuesday, April 9, 2024 4:09 PM IST
വെളുത്തുള്ളി ഭക്ഷണങ്ങള്‍ക്ക് സ്വാദ് കൂട്ടാനായി നമ്മള് എല്ലാവരും ഉപയോഗിക്കാറുണ്ട്. സ്വാദ് വര്‍ധിപ്പിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം മാത്രമല്ല വെളുത്തുള്ളി. നമ്മുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്ന ഒന്നുകൂടിയാണ്.
ദൈനംദിന ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നത് ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതു മുതല്‍ ഹൃദയാരോഗ്യം, കാന്‍സര്‍ പ്രതിരോധം തുടങ്ങിയ നിരവധി ഗുണങ്ങള്‍ ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ ലഭിക്കും.
നൂറ്റാണ്ടുകളായി വെളുത്തുള്ളി ഔഷധ ഗുണങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിന്റെ നിരവധി ഗുണങ്ങള്‍ ഇവയാണ്...
രോഗപ്രതിരോധ ശേഷി
ദിവസവും വെളുത്തുള്ളി കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. വെളുത്തുള്ളിയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള അല്ലിസിന്‍ അടങ്ങിയിട്ടുണ്ട്.
ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ പ്രചോദിപ്പിക്കും. അതുപോലെ ശരീരത്തിലുണ്ടാകുന്ന അണുബാധകളോടും രോഗങ്ങളോടും പോരാടുന്നതിന് കൂടുതല്‍ പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നു.
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വിട്ടുമാറാത്ത രോഗങ്ങള്‍ തടയാന്‍ സഹായിക്കും.
ഹൃദയത്തിന്റെ ആരോഗ്യം
വെളുത്തുള്ളി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നതിലൂടെയാണ് വെളുത്തുള്ളി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത്. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാന്‍ ഇത് സഹായിക്കുന്നു.
ഹൃദ്രോഗത്തിനും സ്ട്രോക്കിനുമുള്ള സാധ്യത കുറയ്ക്കാന്‍ വെളുത്തുള്ളി സഹായകമാണ്. ശരീരത്തിലെ വീക്കം/നീര് കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ വെളുത്തുള്ളിക്കുണ്ട്.
വിട്ടുമാറാത്ത വീക്കം സന്ധിവാതം, പ്രമേഹം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി രോഗങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കും.
ദഹനം, വിഷാംശം ഇല്ലാതാക്കല്‍
വെളുത്തുള്ളി ദഹനത്തെ സഹായിക്കാനും ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍ ഒഴിവാക്കാനും നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നതാണ്. ദഹന എന്‍സൈമുകളുടെ ഉത്പാദനം ഉത്തേജിപ്പിക്കാനും ആരോഗ്യകരമായ കുടല് കാത്തുസംരക്ഷിക്കാനും വെളുത്തുള്ളിയിലൂടെ സാധിക്കും.
അതുപോലെ മലബന്ധം പോലുള്ള ദഹന വൈകല്യങ്ങളുടെ സാധ്യതയും കുറയ്ക്കും. ശരീരത്തില്‍ വിഷാംശം ഇല്ലാതാക്കുന്നതില്‍ കരളിനെ സഹായിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്.
വിഷവസ്തുക്കളെയും കനത്ത ലോഹങ്ങളെയും ഇല്ലാതാക്കി ശരീരത്തിലെ ശുദ്ധീകരണ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇത് സഹായകമാണ്.
കാന്‍സര്‍ പ്രതിരോധം, അസ്ഥി ആരോഗ്യം
വെളുത്തുള്ളിക്ക് കാന്‍സര്‍ പ്രതിരോധ ശക്തി ഉണ്ടെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച, ട്യൂമറുകളുടെ രൂപീകരണം എന്നിവ തടയാനുള്ള സംയുക്തങ്ങള്‍ വെളുത്തുള്ളിയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
അതുപോലെ എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മാംഗനീസ്, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങളാലും വെളുത്തുള്ളി സമ്പന്നമാണ്. വെളുത്തുള്ളി പതിവായി കഴിക്കുന്നത് അസ്ഥികളുടെ ബലക്കുറവും തേയ്മാനവും കുറയ്ക്കാനും സഹായിക്കും.
ഷുഗര്‍ നിയന്ത്രണം, ശ്വസനം
ഷുഗര്‍ നിയന്ത്രിക്കാന്‍ വെളുത്തുള്ളിക്ക് പ്രത്യേക കഴിവുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഗണ്യമായ കുറവ് വരുത്താന്‍ വെളുത്തുള്ളിക്ക് സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ വെളുത്തുള്ളിക്ക് മ്യൂക്കോലൈറ്റിക് ഗുണങ്ങളുണ്ട്.
കഫം കുറയ്ക്കാനും ശ്വസനവ്യവസ്ഥയിലെ കഫക്കെട്ടിലൂടെയുള്ള തടസം നീക്കാനും ഇത് സഹായിക്കും. ജലദോഷം, പനി, ശ്വാസകോശ അണുബാധകള്‍ എന്നിവയുടെ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ വെളുത്തുള്ളി ഉപയോഗിക്കാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നിങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റം വരുത്തുന്നതിനു മുമ്പ് ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്.