വിട്ടുമാറാത്ത സന്ധിവേദനയോ? ഈ പാനീയങ്ങള്‍ ഉപയോഗിക്കൂ, മാറ്റം തിരിച്ചറിയൂ
Wednesday, February 28, 2024 5:22 PM IST
സന്ധികള്‍ക്ക് വീക്കവും വേദനയും പ്രായവ്യത്യാസമില്ലാതെ ആളുകളില്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്ന ഒന്നാണ്. ജീവിതശൈലിയുടെ മാറ്റങ്ങളാണ് സന്ധിവേദനയ്ക്ക് ഒരു പ്രധാന കാരണം.
ഈസി ചെയര്‍ ജോലിയിലൂടെ ശരീരത്തിന്റെ സ്വതസിദ്ധമായ വ്യായാമങ്ങളും മറ്റും ഇല്ലാതാകുന്നതും ഭക്ഷണക്രമത്തിലെ അപാകതയുമെല്ലാം സന്ധി വേദന, വീക്കം, വാതം എന്നിവയ്ക്കെല്ലാം കാരണമാകുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
വേനല്‍ക്കാലം അടുക്കുന്നതോടെ സന്ധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പവും നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. ഇത് സന്ധികളെ കഠിനവും കൂടുതല്‍ വേദനാജനകവുമാക്കും.
ചില ഭക്ഷണങ്ങള്‍ സന്ധിവാത വീക്കം കുറയ്ക്കാനും വേനല്‍ക്കാലത്ത് അസ്വസ്ഥത കുറയ്ക്കാനും സഹായിച്ചേക്കും. സന്ധിവാതം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കുന്ന പാനീയങ്ങള്‍ ഇവയാണ്...
ഗ്രീന്‍ ടീ
ആന്റി-ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങളാല്‍ സമ്പന്നമാണ് ഗ്രീന്‍ ടീ. സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയും വീക്കവും കുറയ്ക്കാന്‍ ഇത് ഉപകരിക്കും.
ഗ്രീന്‍ ടീയുടെ രുചിയ്ക്കായി ഒരു തുള്ളി തേന്‍ അല്ലെങ്കില്‍ ഒരു നുള്ള് നാരങ്ങ ചേര്‍ക്കുന്നതും ഉത്തമമാണ്. ചൂടോടെയോ തണുത്തോ ഗ്രീന്‍ ടീം കഴിക്കാം.
ഇഞ്ചി ചായ
ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള മറ്റൊരു ഭക്ഷണസാധനമാണ് ഇഞ്ചി. സന്ധിവാത വേദനയും കാഠിന്യവും കുറയ്ക്കാന്‍ ഇത് സഹായിക്കും.
ഇഞ്ചി അരിഞ്ഞ് വെള്ളത്തില്‍ തിളപ്പിച്ച് അരിച്ചെടുത്താണ് ഇഞ്ചിച്ചായ ഉണ്ടാക്കുന്നത്. മികച്ച സ്വാദുള്ളതാണ് ഇഞ്ചിച്ചായ.
മഞ്ഞള്‍ പാല്
മഞ്ഞളില്‍ കുര്ക്കുമിന് ധാരളം അടങ്ങിയിട്ടുണ്ട്. ഇതും ആന്റി-ഇന്‍ഫ്ലമേറ്ററി സംപുഷ്ടമാണ്. സന്ധിവേദനയ്ക്കുള്ള ഒരു ജനപ്രിയ ഇന്ത്യന്‍ പ്രതിവിധിയാണ് മഞ്ഞള്‍ പാല്.
മഞ്ഞള്‍പ്പൊടി, പാല്, തേന്‍, ഒരു നുള്ള് കുരുമുളക് എന്നിവ ചേര്‍ത്ത് തിളപ്പിച്ചാണ് ഇത് ഉണ്ടാക്കുന്നത്.
ചെറി ജ്യൂസ്
ചെറിയില്‍ ആന്റി-ഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങളും കൂടുതലാണ്. സന്ധിവാതം നിയന്ത്രിക്കുന്നതിനുള്ള മികച്ച ഒറ്റമൂലിയാണ് ചെറി ജ്യൂസ്.
ജ്യൂസാക്കിയും അല്ലാതെയും ചെറി കഴിക്കുന്നത് സന്ധികള്‍ക്ക് കരുത്തേകും.
പൈനാപ്പിള്‍ ജ്യൂസ്
പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്ന എന്‍സൈം ഉണ്ട്. ഇതും ആന്റി-ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങളുള്ളതാണ്.
സന്ധിവാത വേദന നിയന്ത്രിക്കുന്നതിനൊപ്പം ഉന്മേഷം ലഭിക്കുന്നതിനും ദഹനത്തിനും പൈനാപ്പിള്‍ ജ്യൂസ് ഉത്തമമാണ്. ജ്യൂസ് ആക്കി അല്ലാതെയും പൈനാപ്പിള്‍ കഴിക്കാവുന്നതാണ്.
കറ്റാര്‍ വാഴ ജ്യൂസ്
കറ്റാര്‍ വാഴയില്‍ നീരുകള്‍ കുറയ്ക്കുകയും സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.
കറ്റാര്‍ വാഴ ജ്യൂസ് ആക്കിയോ മറ്റ് ഏതെങ്കിലും പാനീയത്തില്‍ ചേര്‍ത്തോ കഴിക്കാവുന്നതാണ്.
നാരങ്ങ, ഹൈബിസ്കസ്
ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ നാരങ്ങ സഹായിക്കും. നാരങ്ങ ജ്യൂസ്, വെള്ളത്തില്‍ ലയിപ്പിച്ച്, തേനില്‍ കലര്‍ത്തി എന്നിങ്ങനെ എല്ലാം കഴിക്കാം. ചായയില്‍ പിഴിഞ്ഞ് ഒഴിച്ചും നാരങ്ങ കഴിക്കാവുന്നതാണ്.
ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഹൈബിസ്കസ് ടീയ്ക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി കഴിവ് ഉണ്ട്. അല്പം തേന്‍ ചേര്‍ത്ത് ഇതിന്റെ സ്വാദ് വര്‍ധിപ്പിക്കാവുന്നതാണ്.
സന്ധി വേദന, വീക്കം തുടങ്ങിയവ കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുകയാണ് മറ്റൊരു പ്രതിവിധി. ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടതാണ് നിര്‍ണായകം.
ചില ഭക്ഷണങ്ങള്‍ വീക്കം ഉണ്ടാക്കുകയും സന്ധിവാതത്തിന്റെ ലക്ഷണങ്ങള്‍ വഷളാക്കുകയും ചെയ്യുമെന്ന് അറിയപ്പെടുന്നു. വറുത്ത ഭക്ഷണങ്ങള്‍, സംസ്കരിച്ച മാംസങ്ങള്‍, ശുദ്ധീകരിച്ച പഞ്ചസാര തുടങ്ങിയ സന്ധി പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തും.
മദ്യവും കഫീനും (കോഫി) ഒഴിവാക്കുക. ഒപ്പം സൂര്യപ്രകാശത്തില്‍നിന്ന് സ്വയം സംരക്ഷണം തേടുന്നതും ഉത്തമമാണ്.