ബദാം അമിതമായാല്‍ ശരീരത്തിന് എന്ത് സംഭവിക്കും? അറിയേണ്ടതെല്ലാം
Saturday, February 24, 2024 4:38 PM IST
നമ്മുടെ ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക, ഓര്മ ശക്തി വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ണായ പങ്കുവഹിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളില്‍ ഒന്നാണ് ബദാം. ബദാം വെള്ളത്തില്‍ കുതിര്‍ത്ത് അതിന്റെ തോല് കളഞ്ഞും അല്ലാതെ നേരിട്ടും കഴിക്കുന്നവരുണ്ട്.
ബദാം മരത്തില്‍നിന്ന് നേരിട്ട് പറിച്ച് പച്ചയ്ക്ക് കഴിക്കുന്നതും സ്വാദിഷ്ടമാണ്. അമിതമായാല്‍ ബദാമും ദോഷകരമാണ് എന്നതും മറ്റൊരു ശ്രദ്ധേയ കാര്യമാണ്.
ബദാമിന്റെ ആരോഗ്യഗുണങ്ങള്‍
ലോകത്തില്‍ ബദാം നിലവില്‍ ഒരു സൂപ്പര്‍ ഫുഡ് ആയാണ് അറിയപ്പെടുന്നത്. വിറ്റാമിന്‍ ഇ നിറഞ്ഞതും ആരോഗ്യകരമായ നാരുകളാല്‍ സമ്പുഷ്ടവുമാണ് ബദാം. ഓര്മ ശക്തി വര്‍ധിപ്പിക്കുന്നതില്‍ ബദാമിന്റെ പങ്ക് നിര്‍ണായകമാണ്.
ഓര്‍മയും പള്‍സും പരിപാലിക്കുന്നതിന് ബദാം സഹായിക്കും. കണ്ണുകളെ ശക്തിപ്പെടുത്തി കാഴ്ച വര്‍ധിപ്പിക്കാനും ശരീര ഭാരവും കൊളസ്ട്രോളും നിയന്ത്രിക്കാനും ബദാം സഹായകമാണ്.
മഗ്നീഷ്യം, പ്രോട്ടീന്‍, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമായ ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവും ഹൃദയമിടിപ്പും നിയന്ത്രിക്കാനും സഹായിക്കുന്നു.
എങ്ങനെ ഉപയോഗിക്കാം
ബദാം നേരിട്ട് കഴിക്കുന്നതിനു പുറമേ, കേക്ക്, കുക്കികള്‍, ഓട്സ്, ഷേക്ക് എന്നിങ്ങനെ വിവിധ തരത്തിലും ബദാം നമുക്ക് ഉപയോഗിക്കാവുന്നതാണ്.
ഒരു ഗ്ലാസ് ബദാം മില്‍ക്ക് ഷേക്ക് അല്ലെങ്കില്‍ ഒരു ബൗള്‍ ബദാം ഹല്‍വ നിങ്ങളുടെ രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുക മാത്രമല്ല, ആരോഗ്യത്തെയും പരിപോഷിപ്പിക്കും.
ബദാം പൊടിയായി ഭക്ഷണ പദാര്‍ഥങ്ങളില്‍ ഉപയോഗിച്ചും കഴിക്കാവുന്നതാണ്. ബദാം കുതിര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
കുതിര്‍ത്ത ബദാം കഴിച്ചാല്‍
കുതിര്‍ത്ത ബദാമിന്റെ ഏറ്റവും വലിയ ഗുണം ഹൃദയത്തിനാണ് ലഭിക്കുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്ട്രോളിന്റെ നിയന്ത്രണത്തിനും കുതിര്‍ത്ത ബദാം ഉത്തമമാണ്.
ദഹനപ്രക്രിയയെ സഹായിക്കാനും ബദാമിനു സാധിക്കും. തലേന്ന് രാത്രി കുതിര്‍ത്ത ബദാം രാവിലെ കഴിക്കുന്നത് ദഹനത്തെ ഉത്തേജിപ്പിക്കുകയും കുടലിന്റെ ആരോഗ്യത്തെ പരിപാലിക്കുകയും ചെയ്യും. ത്വക്കിന്റെ ആരോഗ്യത്തിനും ബദാമിന്റെ ഉപയോഗം ഗുണകരമാണ്.
ത്വക്ക് രോഗത്തില്‍നിന്ന് ശരീരത്തെ ചെറുക്കാനും ബദാമിലൂടെ കഴിയും. ബുദ്ധി പ്രകാശനം, ശരീരതൂക്കം നിയന്ത്രിക്കുക തുടങ്ങിയവയ്ക്കൊപ്പം എല്ലിന്റെ കരുത്തിനും ബദാം സഹായകമാണ്. കാത്സ്യം ഫോസ്ഫറേറ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാലാണിത്.
അമിത ഉപഭോഗവും പാര്‍ശ്വഫലവും
മനസും ഹൃദയവും ശരീരവും തമ്മില്‍ തികഞ്ഞ സന്തുലിതാവസ്ഥ സൃഷ്ടിക്കാനുള്ള എളുപ്പമാര്ഗമായാണ് ബദാം കഴിക്കേണ്ടത്. എന്നാല്‍ ബദാമിന്റെ അമിതമായ ഉപഭോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
ബദാമിന്റെ അമിത ഉപയോഗം വയറുവേദന, വയറിളക്കം എന്നിവയ്ക്കു കാരണമാകും. ബദാം ചൂടുള്ളതിനാല്‍ യുക്തിരഹിതമായ അളവില്‍ ബദാം കഴിക്കുന്നത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ നശിപ്പിക്കും.
ഒരു ഔണ്‍സ് ബദാം ദിവസവും കഴിക്കുന്നതാണ് ഉത്തമം എന്നു ചുരുക്കം. മാത്രമല്ല, ഒരു ഡയറ്റീഷ്യനുമായി കണ്‍സള്‍ട്ട് ചെയ്തശേഷം ബദാമിന്റെ അളവ് നിര്‍ണയിക്കുന്നതായിരിക്കും ഉത്തമം.