ചാമ്പങ്ങ കഴിച്ചാലോ...? ചാമ്പങ്ങയുടെ പ്രധാന ഗുണങ്ങള്‍
Saturday, February 17, 2024 11:56 AM IST
ജാവ ആപ്പിള്‍ എന്നു കേട്ടിട്ടുണ്ടോ...? ജാവയും ആപ്പിളും കേട്ടിട്ടുണ്ട്. ജാവ ആപ്പിള്‍ അറിയില്ലെന്നായിരിക്കാം സരസമായ മറുപടി. നമുക്കേവര്‍ക്കും സുപരിചിതമായ ചാമ്പങ്ങയാണ് ജാവ ആപ്പിള്‍ എന്നും അറിയപ്പെടുന്നത്.
ചാമ്പങ്ങ അടര്‍ത്തിയെടുത്ത്, അതിന്റെ മുകളിലെ പൂവിന്റെ ഉണങ്ങലെല്ലാം തട്ടിക്കളഞ്ഞ്, ഒരു കഷ്ണം അടര്‍ത്തിയെടുത്ത്, അല്പം ഉപ്പില്‍ മുക്കി കഴിച്ചാലോ... ഹോ, ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടും...
ചാമ്പങ്ങ ചില്ലറക്കാരന്‍ അല്ലെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. റോസ് ആപ്പിള്‍ അല്ലെങ്കില്‍ ജാംബു എയര്‍ എന്നെല്ലാം അറിയപ്പെടുന്ന ചാമ്പങ്ങ തെക്കുകിഴക്കന്‍ ഏഷ്യയിലാണ് കൂടുതല്‍ കാണുന്നത്.
പച്ച, വെള്ള, ചുവപ്പ്, പിങ്ക് എന്നിങ്ങനെ വിവിധ നിറങ്ങളില്‍ ചാമ്പങ്ങ കണ്ടുവരുന്നു. അല്പം പുളിയും മധുരവും ചേര്‍ന്നതാണ് ഇതിന്റെ രുചി. ചാമ്പങ്ങ കഴിക്കാത്ത മലയാളികള്‍ ഇല്ലെന്നു പറയാം..
വിറ്റാമിനുകളുടെ ഉറവിടം
കലോറി തീരെ കുറവുള്ള പഴമാണ് ചാമ്പങ്ങ. എന്നാല്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയവയാല്‍ സമ്പന്നവും. പരമ്പര്യ വൈദ്യശാസ്ത്രത്തില്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ദഹന പ്രശ്നം തുടങ്ങിയവയെല്ലാം ചികിത്സിക്കാന്‍ ചാമ്പങ്ങ ഉപയോഗിക്കുന്നുണ്ട്.
ഏത് സമയത്തും കഴിക്കാവുന്ന ഒരു ലഘുഭക്ഷണമായി ചാമ്പങ്ങയെ കരുതാം.
രോഗപ്രതിരോധം, ദഹനം
നാരുകള്‍ ധാരാളമുള്ളതാണ് ചാമ്പങ്ങ. അതുപോലെ ജലാംശവും ഉണ്ട്. ദഹനത്തെ ഉത്തേജിപ്പിച്ച് മലബന്ധം തടയാന്‍ ചാമ്പങ്ങയ്ക്കു സാധിക്കുന്നു.
ഇതിലെ ഫൈബര്‍ ശരീരത്തെ കൂടുതല്‍ സമയം ആരോഗ്യത്തില്‍ നിലനിര്‍ത്താനും അമിതഭക്ഷണം തടയാനും സഹായിക്കും. അങ്ങനെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായകമാണ്. രോഗപ്രതിരോധത്തിനു കരുത്തേകുന്ന വിറ്റാമിന്‍ സി ചാമ്പങ്ങയില്‍ ധാരാളമുണ്ട്.
അണുബാധകളോടും വൈകല്യങ്ങളോടും പോരാടുന്ന വെളുത്ത രക്താണുക്കള്‍ ഉണ്ടാകുന്നതില്‍ വിറ്റാമില്‍ സി നിര്‍ണായകമാണ്. അങ്ങനെ ശരീരത്തിന്റെ പ്രതിരോധശക്തിക്ക് ഉത്തേജനം നല്കാന് ചാമ്പങ്ങയ്ക്കു സാധിക്കും.
രക്തസമ്മര്‍ദം, ഷുഗര്‍ കുറയ്ക്കുന്നു
ചാമ്പങ്ങയിലെ മറ്റൊരു ഘടകമാണ് പൊട്ടാസ്യം. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ പൊട്ടാസ്യം സഹായകമാണ്. രക്തസമ്മര്‍ദം വര്‍ധിക്കാന്‍ ഇടയാക്കുന്ന സോഡിയത്തിനെതിരേ ചെറുത്തുനില്ക്കുന്നത് പൊട്ടാസ്യമാണ്.
ഗ്ലൈസെമിക് സൂചിക കുറവാണെന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാതിരിക്കാന്‍ ചാമ്പങ്ങ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ചാമ്പങ്ങ ഉത്തമ സുഹൃത്താണ്.
കാന്‍സര്‍, ഹൃദയാരോഗ്യം, ചര്‍മം
ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ചാമ്പങ്ങ. യൗവനം സംരക്ഷിക്കാന്‍ ചാമ്പങ്ങ സഹായകമാണ്. മാത്രമല്ല, കാന്‍സറിനെതിരായ പോരാട്ടത്തില്‍ ശരീരത്തിനു പിന്തുണ നല്കുന്നു.
ചില ഗവേഷണങ്ങള്‍ അനുസരിച്ച് ചാമ്പങ്ങയിലെ ആന്റിഓക്സിഡന്റുകള്‍ കാന്‍സര്‍ കോശങ്ങളുടെ രൂപീകരണവും വ്യാപനവും കുറയ്ക്കാന്‍ സഹായിക്കുന്നു എന്നാണ് വിവരം.
ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ചാമ്പങ്ങ സഹായകമാണ്. ഇതിലെ നാരുകളും പൊട്ടാസ്യവും ഹൃദയ ആരോഗ്യത്തിനു പിന്തുണ നല്കുന്നു. നാരുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഈ രണ്ട് ഘടകങ്ങളും ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കും.