പുതിയ സിറ്റി സൂപ്പറാണ്
പുതിയ സിറ്റി സൂപ്പറാണ്
Monday, March 13, 2017 3:33 AM IST
ഓട്ടോസ്പോട്ട്

ഹോണ്ടയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ പലതും സമ്മാനിച്ച ഏറ്റവും പ്രധാനപ്പെട്ട മോഡലാണ് സിറ്റി. 90 മുതൽ ഇന്ത്യൻ നിരത്തുകളിൽ സാന്നിധ്യമായ സിറ്റി ഇന്നും വാഹനപ്രേമികളുടെ പ്രിയങ്കരനാണ്. മൂന്ന് പതിറ്റാണ്ടായി സിറ്റിയുടെ നാല് തലമുറയെ ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്. ഒടുവിൽ 2017ൻറെ തുടക്കത്തിൽ തന്നെ അഞ്ചാം തലമുറ സിറ്റിയുമായി ഹോണ്ട എത്തി. ഫേസ് ലിഫ്റ്റ് ചെയ്ത സിറ്റിയുടെ ടൈപ്പ് 5 മോഡലിൻറെ വിശേഷങ്ങളിലേക്ക്...

പുറംമോടി: ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്ന മാറ്റങ്ങളാണ് മുൻവശത്ത് വരുത്തിയിരിക്കുന്നത്. മുൻ മോഡലിൽ ഉണ്ടായിരുന്ന ക്രോം ഫിനീഷിംഗ് ഗ്രില്ലിൻറെ വീതി കുറച്ചതാണ് മുൻവശത്തെ മാറ്റം കൂടുതൽ പ്രകടമാക്കുന്നത്. കൂടാതെ, എൽഇഡി ഹെഡ്ലാന്പും ഇൻഡിക്കേറ്ററിനുമൊപ്പമുള്ള എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും ബോണറ്റിൽ ചേർത്തിരിക്കുന്ന രണ്ട് ലൈനുകളുമാണ് മുൻവശത്തെ മാറ്റങ്ങൾ.

സിറ്റിക്കെതിരേ ഉയർന്നിരുന്ന ഏറ്റവും വലിയ ആക്ഷേപം അലോയ് ഒട്ടും സ്റ്റൈലിഷ് ആയിരുന്നില്ല എന്നതായിരുന്നു. എന്നാൽ, ഇതിന് പുതിയ സിറ്റിയിൽ ഹോണ്ട പരിഹാരം കണ്ടിട്ടുണ്ട്. പുതുതായി ഡിസൈൻ ചെയ്ത 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ വാഹനത്തിനു മാറ്റ് കൂട്ടുന്നുണ്ട്. ഇതിനു പുറമെ റിയർവ്യൂ മിററിലും പുതുമയുടെ സ്പർശം കാണാൻ കഴിയും. ഡോറുകളിലെ ഷോൾഡർ ലൈനും ക്രോം ഫിനീഷിംഗ് ഡോർ ഹാൻഡിലും ആകർഷണീയമാണ്.

പിൻഭാഗത്തും ആവശ്യത്തിനു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതുതായി രൂപകല്പന ചെയ്ത ടെയിൽ ലാന്പാണ് സിറ്റിയിലുള്ളത്. ഹാച്ച്ഡോറിലേക്കുകൂടി വ്യാപിച്ചുകിടക്കുന്ന ടെയിൽ ലാന്പുകൾക്ക് റെഡ്, ലെൻസ് ക്ലിയർ എന്നീ ഡ്യുവൽ ടോണ്‍ നിറങ്ങൾ നല്കിയിരിക്കുന്നു. കൂടാതെ രണ്ട് ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

റൂഫിൻറെ പിൻഭാഗത്തുള്ള ഷാർക്ക് ഫിൻ ഏരിയലും ഹാച്ച് ഡോറിലുള്ള ബ്രേക്ക്ലൈറ്റോടു കൂടിയ സ്പോയിലറും പിൻഭാഗത്തിൻറെ മാറ്റ് കൂട്ടുന്നുണ്ട്.

ഉൾവശം: കറുപ്പ്, സിൽവർ, ക്രീം എന്നീ നിറങ്ങളാണ് ഉൾവശത്തെ അലങ്കാരിക്കാനുപയോഗിച്ചിരിക്കുന്നത്. എസി വെൻറുകൾ, സ്റ്റോറേജ് സ്പേസ് എന്നിവയിൽ മാറ്റം വരുത്താതെയാണ് ക്യാബിൻറെ രൂപകല്പന.

വലുപ്പമേറിയ സെൻറർ കണ്‍സോളാണ് പുതിയ സിറ്റിക്കുള്ളത്. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഏഴ് ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് വാഹനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മിറർ ലിങ്ക് ആപ്പിനൊപ്പം വൈഫൈ, രണ്ട് യുഎസ്ബി പോർട്ടുകൾ, 1.5 ജിബി ഇൻറേണൽ മെമ്മറി, ജിപിഎസ് എന്നീ സംവിധാനങ്ങൾക്കു പുറമെ ബ്ലൂടൂത്ത്, ഡിവിഡി തുടങ്ങിയ സൗകര്യങ്ങളുമുള്ള അത്യാധുനിക ഇൻഫോടെയിൻമെൻറ് സിസ്റ്റമാണിത്.


സ്റ്റീയറിംഗ് വീലിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, ടിൽറ്റ്, ടെലിസ്കോപിക് എന്നിങ്ങനെ ടൂ വേ അഡ്ജസ്റ്റ്മെൻറ് ഒരുക്കിയിട്ടുണ്ട്. ടൈപ്പ് 4 മോഡലിലുണ്ടായിരുന്ന മീറ്റർ കണ്‍സോൾ തന്നെയാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.

ആഢ്യത്വം തോന്നിക്കുന്ന സീറ്റുകളാണ് സിറ്റിയിലുള്ളത്. ലെതർ ഫിനീഷിംഗ് സീറ്റുകൾക്കൊപ്പം വിശാലമായ ലെഗ്റൂമും നല്കിയിട്ടുണ്ട്. പിൻസീറ്റ് യാത്രക്കാർക്കായി എൽഇഡി റീഡിംഗ് ലാന്പുകളും ഒരുക്കിയിട്ടുണ്ട്. ഡോർ പാനലുകളിൽ ക്രോം കവറിംഗ് നല്കിയിരിക്കുന്നത് കൂടുതൽ ആഢംബരഭാവം പകരുന്നു.

വലുപ്പം: 4440 എംഎം നീളവും, 1695 എംഎം വീതിയും, 1495 എംഎം ഉയരത്തിനുമൊപ്പം 165 എംഎം ഗ്രൗണ്ട് ക്ലിയറൻസ്.

സുരക്ഷ: സുരക്ഷാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. ബേസ് മോഡൽ മുതൽ ഡുവൽ എയർബാഗും ടോപ് എൻഡിൽ ആറ് എയർബാഗും ഒരുക്കിയിട്ടുണ്ട്. കൂടാതെ എബിഎസ് ബ്രേക്കിംഗ് സംവിധാനവും ഓട്ടോമാറ്റിക് ഹെഡ്ലൈറ്റും വൈപ്പറും സുരക്ഷയ്ക്കു കരുത്തേകുന്നു.

എൻജിൻ: 1.5 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളിലാണ് സിറ്റി പുറത്തിറക്കുന്നത്. 1.5 ലിറ്റർ പെട്രോൾ എൻജിനിൽ അഞ്ച് സ്പീഡ് മാന്വവൽ ഗിയർ ബോക്സും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും ഡീസൽ എൻജിനിൽ 5 സ്പീഡ് മാന്വവൽ ഗിയർ ബോക്സുമാണ് നല്കിയിട്ടുള്ളത്.

1498 സിസി ഡീസൽ എൻജിൻ 98.6 പിഎസ് കരുത്തിൽ 200 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. 1497 സിസി പെട്രോൾ എൻജിൻ 117 പിഎസ് പവറിൽ 145 എൻഎം ടോർക്കാണ് ഉത്പാദിപ്പിക്കുന്നത്.

മൈലേജ്: ഡീസൽ മോഡലുകൾക്ക് 25.6 കിലോമീറ്ററും, പെട്രോൾ മോഡലിനു 18.0 കിലോമീറ്ററുമാണ് കന്പനി അവകാശപ്പെടുന്ന മൈലേജ്.

വില: പുതിയ ഹോണ്ട സിറ്റിയുടെ പെട്രോൾ മോഡലുകൾക്ക് 8.68 ലക്ഷം മുതൽ 13.77 ലക്ഷം രൂപ വരെയും ഡീസൽ മോഡലുകൾക്ക് 10.97 ലക്ഷം മുതൽ 13.81 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറൂം വില.

ടെസ്റ്റ് ഡ്രൈവ്:
വിഷൻ ഹോണ്ട കോട്ടയം.
ഫോണ്‍: 9847734444.

- അജിത് ടോം