ഹോണ്ട ടൂവീലറിനു വൻ വളർച്ച
ഹോണ്ട ടൂവീലറിനു വൻ വളർച്ച
Wednesday, November 16, 2016 5:53 AM IST
പതിനൊന്നു സംസ്‌ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ടൂവീലർ ബ്രാൻഡായി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ മാറി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടൊമൊബൈൽ മാനുഫാക്ചേഴ്സ് ( സിയാം) പുറത്തുവിട്ട 2016–17 സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടർ കണക്കുകളനുസരിച്ചാണിത്.

ഹോണ്ടയ്ക്ക് രാജ്യത്തെ ഇരുചക്രവിപണിയിൽ 27 ശതമാനം വിപണി വിഹിതമുണ്ട്. ചണ്ഡീഗഢ്്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലെ വിപണി വിഹിതം 50 ശതമാനത്തിനു മുകളിലും മഹാരാഷ്ട്ര, ഗുജറാത്ത്, അരുണാചൽ പ്രദേശ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ 40 ശതമാനത്തിനും മുകളിലാണ് വിപണി വിഹിതം.

പഞ്ചാബ്, കേരളം, കർണാടകം, ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കാഷ്മീർ, നാഗാലാൻഡ് എന്നിവിടങ്ങളിൽ 30 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്.


പത്തൊമ്പതു സംസ്‌ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും ഹോണ്ടയുടെ വളർച്ച ടൂ വീലർ വ്യവസായ വളർച്ചയേക്കാൾ അധികമാണ്. ചണ്ഡീഗഢിൽ അഞ്ചു ശതമാനവും ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്‌ഥാൻ എന്നിവിടങ്ങളിൽ നാലു ശതമാനം വീതവും ഹരിയാന, മധ്യപ്രദേശ്, ആസാം എന്നിവിടങ്ങളിൽ മൂന്നു ശതമാനം വീതവും ഗുജറാത്ത്, പഞ്ചാബ്, ജാർക്കണ്ട്, ഒഡീഷ എന്നിവിടങ്ങളിൽ രണ്ടു ശതമാനം വീതവും പശ്ചിമ ബംഗാൾ, ഗോവ എന്നിവിടങ്ങളിൽ ഓരോ ശതമാനം വീതവും ഹോണ്ടയുടെ വിപണി വിഹിതം വർധിച്ചു.