ബന്ദികളുടെ പട്ടിക നല്‍കിയില്ല; ഗാസയിൽ വെടിനിർത്തൽ വൈകുന്നു, ആക്രമണം തുടർന്ന് ഇസ്രയേൽ
Sunday, January 19, 2025 3:10 PM IST
ടെൽ അവീവ്: ഗാസ വെടിനിർത്തൽ കരാർ അവസാന നിമിഷം നടപ്പായില്ല. പ്രാദേശികസമയം ഇന്നു രാവിലെ 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12) വെടിനിർത്തൽ നിലവിൽ വരേണ്ടതായിരുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ പിന്മാറ്റം.
വെടിനിർത്തൽ കരാർ വൈകിയതോടെ ഇസ്രയേൽ ഗാസയിൽ കനത്ത ആക്രമണം തുടരുകയാണ്. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. കരാർ വ്യവസ്ഥകൾ നടപ്പാകും വരെ ഗാസയിലെ സൈനിക നടപടികൾ തുടരുമെന്നും ഐഡിഎഫ് വ്യക്തമാക്കി.
ഇതിനിടെ മോചിപ്പിക്കുന്ന മൂന്ന് വനിതകളുടെ വിവരങ്ങള്‍ ഹമാസ് കൈമാറിയെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. സാങ്കേതിക പ്രശ്നം കാരണമാണു പട്ടിക കൈമാറാൻ വൈകിയതെന്നാണു ഹമാസിന്റെ പ്രതികരണം.