കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങൾ, സിപിഎം കൗണ്‍സിലറെ കടത്തിക്കൊണ്ടുപോയെന്ന് യുഡിഎഫ്
Saturday, January 18, 2025 11:50 AM IST
കൂത്താട്ടുകുളം: നഗരസഭാ ചെയർപേഴ്സണ്‍, വൈസ് ചെയർമാൻ എന്നിവർക്കെതിരേ യുഡിഎഫ് നൽകിയ അവിശ്വാസപ്രമേയത്തിേന്മേൽ ചർച്ച നടക്കാനിരിക്കെ കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങൾ. യോഗത്തിൽ പങ്കെടുക്കാനെത്തിയ സിപിഎം കൗണ്‍സിലറെ കടത്തിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുഡിഎഫ് പ്രതിഷേധിച്ചു.
ഇന്ന് യോഗം ബഹിഷ്കരിക്കാനായിരുന്നു എൽഡിഎഫ് തീരുമാനം. എന്നാൽ കൂറ്മാറി യോഗത്തിനെത്തിയ സിപിഎം കൗണ്‍സിലറെ ചെയർപേഴ്സണ്‍ ഉൾപ്പെടെ ഇടപെട്ട് കാറിൽ കടത്തിക്കൊണ്ട് പോയെന്നാണ് യുഡിഎഫ് ആരോപണം.
പോലീസ് നോക്കി നിൽക്കെയാണ് കൗണ്‍സിലറെ കടത്തിക്കൊണ്ടുപോയതെന്ന് ആരോപിച്ച് യുഡിഎഫ് കൗണ്‍സിലർമാർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. അനൂപ് ജേക്കബ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷൻ ഉപരോധം.
യുഡിഎഫിലെ 11 കൗണ്‍സിലർമാർ ചേർന്നാണ് അവിശ്വാസപ്രമേയം നൽകിയത്. ഇടതുപക്ഷം നേതൃത്വം നൽകുന്ന ഭരണസമിതിയിൽ 25 കൗണ്‍സിലർമാരാണുള്ളത്. എൽഡിഎഫ് 13, യുഡിഎഫ് 11, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.