"പ്രതിപക്ഷ പോരാട്ടം ഇന്ത്യൻ ഭരണകൂടത്തിനെതിരെ': രാഹുലിനെതിരെ കേസ്
Sunday, January 19, 2025 2:36 PM IST
ന്യൂഡൽഹി: വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. പ്രതിപക്ഷം പോരാടുന്നത് ബിജെപിയോടും ആർഎസ്എസിനോടും മാത്രമല്ലെന്നും ഇന്ത്യൻ ഭരണകൂടത്തിനെതിരെയാണെന്നുമുള്ള (ഇന്ത്യൻ സ്റ്റേറ്റ്) പ്രസ്താവനയിലാണ് കേസ്.
ഗോഹട്ടിയിലെ പാൻ ബസാർ പോലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബിഎൻഎസിന്റെ 152, 197(1)ഡി വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡൽഹിയിൽ കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു രാഹുലിന്റെ പരാമർശം. മോഹൻ ഭാഗവതിന്റെ വിവാദ പരാമർശനത്തിനു മറുപടി പറയുകയായിരുന്നു രാഹുൽ.
ആർഎസ്എസ് പ്രത്യയശാസ്ത്രത്തോടുള്ള നമ്മളുടെ പോരാട്ടം ന്യായമായ പോരാട്ടമാണെന്ന് ആരും കരുതരുത്. ഇതിൽ ഒരു ന്യായവുമില്ല. നമ്മൾ പോരാടുന്നത് ബിജെപി എന്ന രാഷ്ട്രീയ സംഘടനക്കെതിരെയാണ്. ആർഎസ്എസിനെതിരാണെന്നും രാഹുൽ പറഞ്ഞു.
എന്താണ് രാജ്യത്ത് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് നിങ്ങൾക്കു മനസിലായിട്ടില്ല. ബിജെപിയും ആർഎസ്എസും ചേർന്ന് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും പിടിച്ചെടുത്തു. പോരാട്ടം ബിജെപിക്കെതിരെയാണ്, ആർഎസ്എസിനെതിരെയാണ്, ഇന്ത്യൻ ഭരണകൂടത്തിനെതിരെയാണെന്ന് രാഹുൽ പറഞ്ഞിരുന്നു.
പിന്നാലെ, രാഹുലിന്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി രംഗത്തെത്തി. കോൺഗ്രസിന്റെ തനിനിറം ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണെന്നു ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ കുറ്റപ്പെടുത്തി.