വനിതകൾക്ക് തോൽവി; വിൻഡീസിനു മുന്നിൽ വീണ് ഇന്ത്യ
Wednesday, December 18, 2024 1:40 AM IST
മുംബൈ: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് വനിതകൾക്ക് ഒമ്പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 159 റണ്ണെടുത്തു.
വിൻഡീസ് 15.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 160 റണ്ണടിച്ചു. ക്യാപ്റ്റനും ഓപ്പണറുമായ ഹെയ്ലി മാത്യൂസ് 47 പന്തിൽ 85 റണ്ണുമായി പുറത്താകാതെ ലക്ഷ്യം കണ്ടു. ക്വിയാന ജോസഫിന് 38 റണ്ണുണ്ട്.
ഇന്ത്യൻ നിരയിൽ ഓപ്പണർ സ്മൃതി മന്ദാന നേടിയ അർധസെഞ്ചുറിയാണ് പൊരുതാനുള്ള സ്കോർ നൽകിയത്. ക്യാപ്റ്റന്റെ ചുമതലയുണ്ടായിരുന്ന സ്മൃതി 41 പന്തിൽ 62 റണ്ണെടുത്തു.
ഒമ്പത് ഫോറും ഒരു സിക്സറുമടിച്ചു. റിച്ചാഘോഷ് മാത്രമാണ് (32) പിന്നീട് പിടിച്ചുനിന്നത്. മലയാളിതാരം എസ് സജന മൂന്ന് പന്തിൽ രണ്ട് റണ്ണെടുത്ത് പുറത്തായി. 2.4 ഓവറിൽ 17 റൺ വഴങ്ങിയ വയനാടുകാരിക്ക് വിക്കറ്റില്ല. അവസാനമത്സരം നാളെ നടക്കും.