ഫോർട്ട് കൊച്ചിയിലെ ഒരു പാപ്പാഞ്ഞിയെ നീക്കം ചെയ്യാൻ നോട്ടീസ് നൽകി പോലീസ്
Sunday, December 22, 2024 1:56 PM IST
കൊച്ചി: ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ സ്ഥാപിച്ച പാപ്പാഞ്ഞിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി പോലീസ്. ഒരേസമയം രണ്ട് സ്ഥലത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കാൻ സാധിക്കില്ലെന്നും സുരക്ഷാപ്രശ്നം ഉണ്ടാകുമെന്നുമാണ് പോലീസ് നോട്ടീസിൽ പറയുന്നത്.
ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയിലാണ് 50 അടി ഉയരമുള്ള ക്രിസ്മസ് പാപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സമീപത്ത് തന്നെ ഫോർട്ടുകൊച്ചി കടപ്പുറത്തും പുതുവർഷ ആഘോഷവും പപ്പാഞ്ഞിയെ കത്തിക്കലും നടക്കുന്നുണ്ട്.
ഒരേസമയം രണ്ടു പരിപാടികൾ നടന്നാൽ രണ്ടിനും മതിയായ സുരക്ഷ നൽകാനാകില്ലെന്നാണ് പോലീസ് നിലപാട്. കഴിഞ്ഞവർഷവും സമാനമായ പ്രശ്നം ഫോർട്ട് കൊച്ചിയിൽ ഉണ്ടായിരുന്നു.
ഉടൻതന്നെ പാപ്പാഞ്ഞിയെ നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് പറയുന്നു. എന്നാൽ പോലീസിന്റെ നടപടി ഏകപക്ഷീയമാണെന്നാണ് സംഘാടകരുടെ അഭിപ്രായം.