കശുവണ്ടി ഇറക്കുമതി അഴിമതി; കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
Tuesday, December 10, 2024 1:38 PM IST
ന്യൂഡൽഹി: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖറിന് തിരിച്ചടി. കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനായ ചന്ദ്രശേഖർ, മുൻ എം.ഡി കെ.എ. രതീഷ് എന്നിവർക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഇരുവർക്കുമെതിരായ കേസിൽ ക്രിമിനൽ നടപടി ചട്ടത്തിലെ 197 പ്രകാരമുള്ള പ്രോസിക്യുഷൻ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ കേസിന്റെ വിചാരണ നടപടികളുമായി മുന്നോട്ട് പോകാൻ സിബിഐക്ക് സാധിക്കും.
കേസിൽ നേരത്തേ സിബിഐ കുറ്റപത്രം അടക്കം സമർപ്പിച്ചെങ്കിലും സംസ്ഥാന സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു. ചന്ദ്രശേഖറും രതീഷും ഔദ്യോഗിക പദവിയിലിരുന്നപ്പോൾ നടന്ന ഇടപാടുകളാണെന്നും അതിൽ ക്രമക്കേടുണ്ടെന്ന് തെളിയിക്കാനാവശ്യമായ രേഖകൾ സിബിഐ സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരായ അഴിമതിക്കേസുകളിൽ ക്രിമിനൽ നടപടി ചട്ടത്തിലെ 197 പ്രകാരമുള്ള പ്രോസിക്യുഷൻ അനുമതി വേണ്ടെന്ന് കേസിലെ പരാതിക്കാരനായ കടകംപള്ളി മനോജിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജി. പ്രകാശ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.