വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ല; ചെറിയ വർധന മാത്രമെന്ന് മന്ത്രി
Friday, December 6, 2024 6:53 PM IST
തിരുവനന്തപുരം: ചെറിയ വർധന മാത്രമാണ് വൈദ്യുതി നിരക്കിൽ വരുത്തിയതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. നിവർത്തിയില്ലാതെയാണ് വൈദ്യുതി നിരക്ക് വർധന നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. യൂണിറ്റിന് 16 പൈസയാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർധിപ്പിച്ചത്. ഡിസംബർ അഞ്ച് മുതൽ ഈ നിരക്ക് പ്രാബല്ല്യത്തിൽ വന്നതായാണ് റെഗുലേറ്ററി കമ്മീഷൻ പുറത്തുവിട്ട വിവരത്തിൽ പറയുന്നത്.
പ്രതിമാസം 40 യൂണിറ്റ് വരേ ഉപയോഗിക്കുന്നവർക്കും 100 വാട്ട് കണക്റ്റഡ് ലോഡ് ഉള്ളവർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കും ഈ നിരക്ക് വർധന ബാധകമല്ല. എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് സൗജന്യ വൈദ്യുതി അതുപോലെ തുടരുമെന്നും റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കി.
കാർഷിക ആവശ്യത്തിനുള്ള വൈദ്യുതി നിരക്കിലും വർധനയുണ്ടായിട്ടുണ്ട്. യൂണിറ്റിന് അഞ്ച് പൈസയാണ് വർധിപ്പിച്ചത്. ചെറുകിട വ്യവസായികൾക്ക് പകൽ സമയം 10 ശതമാനം നിരക്കിളവും ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം സമ്മർ താരീഫ് ഏർപ്പെടുത്തണമെന്ന ശിപാർശ അംഗീകരിച്ചില്ല. കണക്ടഡ് ലോഡിനെ അടിസ്ഥാനപ്പെടുത്തി ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് ഏർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ നിർദേശവും അംഗീകരിച്ചില്ല.