കള്ളനെന്ന് സംശയിച്ച് തടഞ്ഞു; പിടിയിലായത് കൊലക്കേസ് പ്രതി
Friday, December 6, 2024 3:04 PM IST
വയനാട്: കല്ലൂരില്‍ കള്ളനെന്ന് സംശയിച്ച് നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തിയ ആള് കൊലക്കേസ് പ്രതി. മൂലവയല്‍ വീട്ടില്‍ എം.എസ്.മോഹനന്(58) ആണ് പിടിയിലായത്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
കഴിഞ്ഞ കുറച്ച് നാളുകളായി ബത്തേരി, നായ്ക്കട്ടി, കല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം രൂക്ഷമാണ്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെ സംശയം തോന്നി മോഹനനെ നാട്ടുകാര്‍ തടഞ്ഞുവച്ചു.
പോലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് കൊലപാതക കേസിലെ പ്രതിയാണ് ഇയാളെന്ന് വ്യക്തമായി. 2022ലാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോയത്.
ഗൂഢല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം ഗൂഢല്ലൂര്‍ പോലീസിന് കൈമാറി.