ഷോക്കടിക്കും! വൈദ്യുതി ചാർജ് വർധനയിൽ പ്രഖ്യാപനം ഇന്നുണ്ടായേക്കും
Thursday, December 5, 2024 8:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചുകൊണ്ടുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. ബുധനാഴ്ച റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുതിയ നിരക്കുകൾ പ്രഖ്യാപിക്കുമെന്നായിരുന്നു വിവരം.
എന്നാൽ ബുധനാഴ്ച മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല. ഇതിനാലാണ് പ്രഖ്യാപനം ഇന്നത്തേക്കു മാറ്റിയതെന്നാണ് വിവരം.
പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത്. 2017 ൽ യൂണിറ്റിന് 30 പൈസയും 2019 ൽ യൂണിറ്റിന് 40 പൈസയും 2022 ൽ യൂണിറ്റിന് 40.63 പൈസയും 2023 ൽ യൂണിറ്റിന് 24 പൈസയും വർധിപ്പിച്ചിരുന്നു.
ഇത്തവണ ഏറ്റവും കുറഞ്ഞത് 30 പൈസയുടെ വർധന വേണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനു പുറമെ വേനൽക്കാലത്തെ വൈദ്യുതി ഉപയോഗത്തിന് പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.