വീസ കച്ചവടം, മനുഷ്യക്കടത്ത്; കുവൈത്തില്‍ ഏഴ് പേര് അറസ്റ്റില്‍
Thursday, November 7, 2024 12:26 PM IST
കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത്, വീസ കച്ചവടം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഏഴ് പേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കാവല്‍ പ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്.
രണ്ടു കേസുകളിലായാണ് ഏഴുപേര്‍ പിടിയിലായത്. ആദ്യ കേസില്‍, സ്വദേശികളും വിദേശികളും ചേര്‍ന്ന് വര്‍ക്ക് വീസകള്‍ വില്പന നടത്തിയിരുന്നു. ഇതിനായി പ്രതികള്‍ ആളുകളില്‍ നിന്നും 800 ദിനാര്‍ മുതല്‍ 1,300 കുവൈത്ത് ദിനാര്‍ വരെ തട്ടിയെടുത്തിരുന്നു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഹവല്ലി ഗവര്‍ണറേറ്റിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു കേസിൽ രണ്ടുപേര്‍ പിടിയിലായി. വീസ കച്ചവടം, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. ഇടപാടുകളില്‍ ഇവരെ സഹായിച്ചവരെ കണ്ടെത്താനുള്ള നീക്കം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.