മനോജ് എബ്രഹാം ക്രമസമാധാന ചുമതല ഏറ്റെടുക്കുന്നതു വൈകിയേക്കും
Tuesday, October 8, 2024 2:00 PM IST
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മനോജ് എബ്രഹാം ഉടൻ ചുമതല ഏറ്റെടുക്കില്ല. ഇന്റലിജൻസ് മേധാവി സ്ഥാനത്ത് നിന്നാണ് മനോജ് ഏബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചത്.
അതേസമയം പുതിയ ഇന്റലിജൻസ് മേധാവിയെ സർക്കാർ നിയമിച്ചിട്ടുമില്ല. നിയമസഭ സമ്മേളനം നടക്കുന്ന ഈ വേളയിൽ പുതിയ ഇന്റലിജൻസ് മേധാവി എത്താതെ മനോജ് ചുമതലയിൽ നിന്നു മാറുന്നത് ഭരണകാര്യങ്ങളെ ബാധിക്കും.
ഇന്റലിജൻസ് മേധാവിയായി പുതിയ ഓഫീസറെ ഈ ആഴ്ചയിൽ നിയമിച്ചു ഉത്തരവിറങ്ങും. എഡിജി പി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റിയത് വിവിധ ആരോപണങളെ തുടർന്നായിരുന്നു. സംസ്ഥാന പോലീസ് മേധാവി നടത്തിയ അനേഷണ റിപ്പോർട്ട് പരിഗണിച്ചും ഘടകകക്ഷിയായ സിപിഐയുടെ സമ്മർദ്ദത്തെ തുടർന്നുമാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്.
ക്രമസമാധാന ചുമതലക്ക് പുറമെ ബറ്റാലിയൻ എഡിജിപിയുടെയും ചുമതല വഹിച്ചിരുന്നത് അജിത് കുമാർ ആയിരുന്നു. ഒരു ചുമതലയിൽ നിന്നു മാറ്റി ബറ്റാലിയൻ ചുമതല മാത്രമാക്കി അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനം.