അരവിന്ദ് കേജരിവാൾ ജയിലിലേക്ക് മടങ്ങി
Sunday, June 2, 2024 5:45 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തിഹാര്‍ ജയിലിലേക്ക് മടങ്ങി. വൈകുന്നേരം മൂന്നിന് വീട്ടില്‍നിന്ന് ഇറങ്ങിയ കേജരിവാള്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകരവും കൊണാട്ട് പ്ലേസിലെ ഹനുമാന്‍ക്ഷേത്രവും സന്ദര്‍ശിച്ച ശേഷമാണ് തിഹാര്‍ ജയിലിലേക്ക് മടങ്ങിയത്.
അതിനു മുമ്പ് അദ്ദേഹം പാര്‍ട്ടി ഓഫീസിലെത്തി പ്രവര്‍ത്തകരേയും നേതാക്കളേയും കണ്ടു. പാര്‍ട്ടി ആസ്ഥാനത്ത് കേജരിവാള്‍ പ്രവര്‍ത്തകരെ അഭിസംബോധനചെയ്തു സംസാരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസത്തെ ജാമ്യം അനുവദിച്ച സുപ്രീംകോടതിക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഈ 21 ദിവസം ഒരു മിനിറ്റുപോലും താൻ പാഴാക്കിയില്ല. ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി മാത്രമല്ല, മറ്റു പാര്‍ട്ടികള്‍ക്കുവേണ്ടിയും പ്രചാരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ, ഹരിയാണ, ഉത്തർപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും പ്രചാരണം നടത്തി. പാര്‍ട്ടിയില്ല, രാജ്യമാണ് വലുത്. ഏകാധിപത്യത്തിനെതിരെ ശബ്ദം ഉയര്‍ത്തിയതുകൊണ്ടാണ് തനിക്ക് വീണ്ടും ജയിലിലേക്ക് പോകേണ്ടി വരുന്നതെന്നും കേജരിവാൾ പറഞ്ഞു.