ദേശീയ സ്കൂൾ മീറ്റ് മൂന്നിടങ്ങളിലാക്കി
Tuesday, June 28, 2016 11:23 AM IST
<ആ>തോമസ് വർഗീസ്

തിരുവനന്തപുരം: ദേശീയ സ്കൂൾ അത്ലറ്റിക്സിൽ കേരളത്തിന്റെ പടയോട്ടം തടുക്കാനായി ഉത്തരേന്ത്യൻ ലോബി. ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റ് വീണ്ടും വെട്ടിമുറിച്ചു നടത്താൻ തീരുമാനം. കഴിഞ്ഞ തവണ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം പ്രത്യേകം മീറ്റ് നടത്താൻ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാൽ ശക്‌തമായ പ്രതിഷേധത്തിനൊടുവിലാണ് ആൺ–പെൺ വിവേചനമില്ലാതെ ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റ് നടത്തിയത്. കേരളം ഏറെ സ്വാധീനം ചെലുത്തിയതുമൂലമാണ് കഴിഞ്ഞ തവണ ആൺ പെൺ വിവേചനമില്ലാതെ മത്സരം നടത്താൻ കഴിഞ്ഞത്.

ഇതിനു പിന്നാലെയാണ് ഈ വർഷത്തെ മീറ്റ് നടത്തിപ്പിനു പുതിയ തലത്തിലുള്ള തീരുമാനം കൈക്കൊണ്ടത്. ഡൽഹിയിൽ നടന്ന സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വാർഷിക മീറ്റിംഗിലാണ് പുതിയ രീതിയിൽ ദേശീയ സ്കൂൾ മീറ്റ് നടത്താൻ തീരുമാനിച്ചത്.

14 വയസിൽ താഴെയുള്ളവർക്കും, 17 വയസിൽ താഴെയുള്ളവർക്കും 19 വയസിൽ താഴെയുള്ളവർക്കുമുള്ള അത്ലറ്റിക് മീറ്റുകൾ പ്രത്യേകം പ്രത്യേകം നടത്താനാണ് ഇക്കുറി തീരുമാനിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ മൂന്നു വിഭാഗങ്ങളിലേയും മത്സരങ്ങൾ ഒേരോ സ്‌ഥലത്തായിരുന്നു നടന്നു വരുന്നത്. മൂന്നു വിഭാഗങ്ങളുടേയും കൂടി പോയിന്റ് ചേർത്താണ് ഓവറോൾ ചാമ്പ്യൻ പട്ടം തീരുമാനിച്ചിരുന്നത്. ഇക്കുറി 14 വയസിൽ താഴെയുള്ളവരുടെ മത്സരങ്ങൾ ഡിസംബർ രണ്ടാം ആഴ്ച മഹാരാഷ്്ട്രയിലെ നാസിക്കിൽ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. 17 വയസിൽ താഴെയുള്ളവരുടെ മത്സരങ്ങൾ ഹൈദരാബാദിലും 19 വയസിൽ താഴെയുള്ളവരുടെ മത്സരങ്ങൾ പൂനയിൽവച്ചുമാകും നടത്തുക. വിദ്യാർഥികളുടെ എണ്ണം കൂടുതലായതിനാലാണ് ഇത്തരമൊരു നീക്കമെന്നാണ് അധികാരികളുടെ വിശദീകരണം.


എന്നാൽ, ദേശീയ തലത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ഏക അത്ലറ്റിക് മീറ്റാണ് ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റ്. ഈ മീറ്റിൽ കഴിഞ്ഞ 19 വർഷവുമായി കേരളമായിരുന്നു ഓവറോൾ ചാമ്പ്യൻമാർ. രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള സ്കൂൾ വിദ്യാർഥികളെ ഒരു സ്‌ഥലത്ത് അണിനിരത്തി രാജ്യത്തിന്റെ വൈവിധ്യം വിദ്യാർഥികളെ ബോധ്യപ്പെടുത്തുക കൂടിയാണ് ഇത്തരം മീറ്റുകളുടെ ലക്ഷ്യം. എന്നോൽ മീറ്റ് വിഭജിച്ച് നടത്തുന്നതോടെ അതും ഇല്ലാതാക്കാനുള്ള ശ്രമമാണ് ഉണ്ടാകുന്നതെന്ന ആരോപണവും ഉയർന്നു. കേരളത്തിന്റെ ചാമ്പ്യൻപട്ടം തകർക്കുക എന്ന ഉത്തരേന്ത്യൻ ലോബിയുടെ ശ്രമമാണ് ഇത്തരത്തിൽ സ്കൂൾ അത്ലറ്റിക് മീറ്റ് നടത്തിപ്പ് വിഭജിച്ച് വ്യത്യസ്ത സ്‌ഥലങ്ങളിൽ നടത്താനുള്ള തീരുമാനമെന്നാണ് കായികരംഗത്തെ പൊതു അഭിപ്രായം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.