• Logo

Allied Publications

Europe
ഭക്തിയുടെ നിറവില്‍ കൊളോണില്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
Share
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും മുപ്പത്തിനാലാമത് ഇടവക ദിനവും പൂര്‍വ്വാധികം ഭംഗിയോടെ ഭക്തിനിര്‍ഭരമായ കര്‍മ്മങ്ങളോടെ പ്രൌഢഗംഭീരമായി ആഘോഷിച്ചു.

ജൂണ്‍ 28 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയ്ക്ക് ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐയുടെ കാര്‍മ്മികത്വത്തില്‍ ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം കൊടിയേറ്റിയതോടെ രണ്ടുദിന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. നടപ്പുവര്‍ഷത്തെ പ്രസുദേന്തിയായ വര്‍ഗീസ് ശ്രാമ്പിയ്ക്കല്‍ നേതൃത്വത്തില്‍ കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെയും സമൂഹത്തിന്റെയും അകമ്പടിയോടെ പള്ളിയില്‍ നിന്നും പ്രദക്ഷിണമായി എത്തിയാണ് ഇഗ്നേഷ്യസ് അച്ചന്‍ കൊടിയേറ്റിയത്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തിലാണ് ആഘോഷങ്ങള്‍ നടന്നത്.

ജൂണ്‍ 29ന് (ഞായര്‍) രാവിലെ 9.45 ന് ദേവാലയങ്കണത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് ഇന്‍ഡ്യന്‍ സമൂഹം ഉജ്ജ്വല വരവേല്‍പ്പു നല്‍കി. തിരുനാളിന് മുഖ്യാതിഥികളായ കൊളോണ്‍ അതിരൂപതാ സഹായ മെത്രാന്‍ അന്‍സ്ഗാര്‍ പുഫ്, മദ്ധ്യപ്രദേശിലെ സാഗര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്റണി ചിറയത്ത് എന്നിവര്‍ക്ക് യഥാക്രമം ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, പ്രസുദേന്തി വര്‍ഗീസ് ശ്രാമ്പിയ്ക്കല്‍ എന്നിവര്‍ ബൊക്ക നല്‍കി സ്വീകരിച്ചാനയിച്ചു.

തുടര്‍ന്ന് പത്തു മണിയ്ക്ക് മാര്‍ ആന്റണി ചിറയത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ സഹായമെത്രാന്‍ പുഫ്, ജര്‍മന്‍ ഇടവക വികാരി ഫാ.സ്റെഫാന്‍ വാഗ്നര്‍, ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.പ്രലേറ്റ് (മേല്‍പ്പട്ടക്കാരന്‍) ലിന്‍സെ, റവ. ഡോ.ജോസി താമരശേരി സിഎംഐ(പ്രൊവിന്‍ഷ്യാള്‍ ജഗദല്‍പ്പൂര്‍), ഫാ.റോക്സന്‍ ചുള്ളിയ്ക്കല്‍ (ചാപ്ളെയിന്‍ ലാറ്റിന്‍ കമ്യൂണിറ്റി), ഫാ.ലോറന്‍സ് എന്നീ വൈദികര്‍ സഹകാര്‍മ്മികരായി.

സഹായമെത്രാന്‍ അന്‍സ്ഗാര്‍ പുഫ് തിരുനാള്‍ സന്ദേശം നല്‍കി. ഇന്‍ഡ്യന്‍ സമൂഹത്തിന്റെ അനന്തമായ വിശ്വാസക്കൂട്ടായമയുടെ ചുവടുപിടിച്ച് ജര്‍മന്‍കാരും ജര്‍മന്‍ ഇടവകയും കൂടുതലായി വിശ്വാസഘോഷകരാവാന്‍ പ്രചോതിരാവുന്നുണ്ടെന്നുള്ള കാര്യം വിസ്മരിയ്ക്കാനാവില്ലന്ന് ബിഷപ്പ് പുഫ് പറഞ്ഞു. സെന്റ് തോമസില്‍ നിന്നും പകര്‍ന്നു കിട്ടിയ വിശ്വാസദീപം കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി കൂടുതല്‍ പ്രഭയോടെ കാത്തുസൂക്ഷിയ്ക്കുന്നതിന്റെ സാക്ഷ്യമാണ് മാതാവിന്റെ തിരുനാളാഘോഷമെന്നും അതേറ്റം അഭിനന്ദനാര്‍ഹമാണെന്നും പുഫ് പറഞ്ഞു.

കമ്യൂണിറ്റിയുടെ ഭാഗമായ യുവജനഗായക സംഘം ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തിയുടെ ചൈതന്യത്തില്‍ സജീവമാക്കി. പ്രസുദേന്തി വാഴ്ചയില്‍ ഈ വര്‍ഷത്തെ പ്രസുദേന്തിയ്ക്കൊപ്പം അടുത്ത വര്‍ഷത്തെ പ്രസുദേന്തിയായ ജോസ് മറ്റത്തിലിനെ പുഷ്പമുടിയണിയിച്ച് കത്തിച്ച മെഴുകുതിരിയും നല്‍കി ആശീര്‍വദിച്ചു. ജിം ജോര്‍ജ്, റിയാ ജോര്‍ജ്, ഡാനി ചാലായില്‍, ജോയല്‍ കുമ്പിളുവേലില്‍, സണ്ണി വെള്ളൂര്‍ എന്നിവര്‍ ദിവ്യബലിയില്‍ ശുശ്രൂഷകരായിരുന്നു.

ദിവ്യബലിയ്ക്കു ശേഷം കുരിശ്, കൊടികള്‍, പേപ്പല്‍ പതാകകള്‍, മുത്തുക്കുടകള്‍ എന്നിവ കൈയ്യിലേന്തി മരിയന്‍ പ്രാര്‍ത്ഥനയും ഉരുവിട്ട് പ്രദക്ഷിണം നടന്നു. തേക്കിന്‍ തടിയില്‍ തീര്‍ത്ത് കേരളത്തില്‍ നിന്നും കൊണ്ടുവന്ന രൂപക്കൂടില്‍ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നഗരം ചുറ്റിനടന്ന പ്രദക്ഷിണത്തില്‍ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ പങ്കെടുത്തത് പരി. മാതാവിനോടുള്ള ഭയഭക്തി വിശ്വാസ ബഹുമാനങ്ങള്‍ വിളിച്ചോതുന്നവയായിരുന്നു. ജോണ്‍ പുത്തന്‍വീട്ടില്‍ നേതൃത്വം നല്‍കി കൊളോണിലെ 12 പേരടങ്ങുന്ന കലാകാരന്മാര്‍ നടത്തിയ ശിങ്കാരിമേളത്തിന്റെ താളപ്പെരുമ പ്രദക്ഷിണത്തിന് അകമ്പടിയായിരുന്നത് കേരളത്തിലെ പാരമ്പര്യ ആചാരത്തെയും ക്രൈസ്തവ പെരുനാളുകളെയും ഓര്‍മ്മിപ്പിയ്ക്കുന്നവയായിരുന്നു. സഹായമെത്രാന്‍ പുഫ് സമാപനാശീവാദം നല്‍കി. മാര്‍ ചിറയത്ത് വെഞ്ചരിച്ച നേര്‍ച്ച വിളമ്പിനു ശേഷം സമൂഹവിരുന്നും നടന്നു.

ഉച്ചകഴിഞ്ഞ് രണ്ടു മണിയ്ക്ക് ദേവാലയ അങ്കണത്തില്‍ നടന്ന സമാപന സമ്മേളനം ജര്‍മനിയിലെ മലയാളി രണ്ടാം തലമുറക്കാരി റിയാ ജോര്‍ജ് വടക്കിനേത്ത് ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ചു. ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. സ്വാഗതം ആശംസിച്ചു. സഹായമെത്രാന്‍ പുഫ്, മാര്‍ ആന്റണി ചിറയത്ത്, ഫാ ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, പ്രസുദേന്തി കുടുംബങ്ങളായ ശ്രാമ്പിക്കല്‍, മറ്റത്തില്‍ എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് രണ്ടു പിതാക്കന്മാരും, ഫാ.റോക്സന്‍ ചുള്ളിയ്ക്കലും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്നു വൈവിധ്യമാര്‍ന്ന കലാപരിപാടികളില്‍ മലയാളി സമൂഹത്തിലെ മൂന്നാം തലമുറക്കാരി ഇഷാനി ചിറയത്തിന്റെ നൃത്തം, വിയന്നയില്‍ നിന്നെത്തിയ പ്രശസ്ത നര്‍ത്തകിയായ സ്റെഫി ശ്രാമ്പിയ്ക്കലിന്റെ സെമിക്ളാസിക്കല്‍ നൃത്തം, റോമില്‍ വൈദിക പഠനം നടത്തുന്ന ബ്രദര്‍ ആന്റോയുടെ മിമിക്രി, വിയന്നയിലെ രണ്ടാം തലമുറക്കാരായ ജസ്റിന്‍, ജീന ശ്രാമ്പിയ്ക്കല്‍, കൊളോണിലെ യംഗ് ഫമീലിയുടെ നേതൃത്വത്തില്‍ നടത്തിയ സിനിമാറ്റിക് ഡാന്‍സ്, വിവിയന്‍ അട്ടിപ്പേറ്റിയുടെ ഗാനാലാപനം, ജോസ് കവലേച്ചിറയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്നവരുടെ സംഘഗാനം തുടങ്ങിയവ പരിപാടികള്‍ തിരുനാളാഘോഷത്തിന് മാറ്റുകൂട്ടി. രണ്ടാം തലമുറക്കാരിയും നര്‍ത്തകിയുമായ ലീബ ചിറയത്ത് പരിപാടികളുടെ അവതാരകയായിരുന്നു.

ഖത്തര്‍ എയര്‍വേയ്സിന്റെ ജര്‍മനിയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള ഒരു ടു ആന്റ് ഫ്രോ എയര്‍ടിക്കറ്റ് ഉള്‍പ്പടെ ആകര്‍ഷകങ്ങളായ 10 സമ്മാനങ്ങളോടുകൂടിയ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തി. ജര്‍മനിയിലെ മുന്തിയ ട്രാവല്‍ ഏജന്‍സിയായ കൊളോണിലെ സുമാ ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനമായ എയര്‍ ടിക്കറ്റ് സുമാ ട്രാവല്‍സ് എംഡി തോമസ് പഴമണ്ണില്‍ സമ്മേളനത്തില്‍ കൈമാറി. ലോട്ടറിയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ മാര്‍ ആന്റണി ചിറയത്ത് വിതരണം ചെയ്തു.

തിരുനാളിനോടനുബന്ധിച്ച് തികച്ചും കേരളത്തനിമയില്‍ പള്ളിയിലെ അള്‍ത്താരയും ബലിവേദിയും ദേവാലയാങ്കണവും ബഹുവര്‍ണ്ണ തോരണങ്ങളാല്‍ കമനീയമായി അലങ്കരിച്ചിരുന്നു. എങ്ങും നിരത്തിയിരുന്ന ഉയര്‍ന്ന കമാനങ്ങളും മുത്തുക്കുടകളും വര്‍ണ്ണപ്പൊലിമയുള്ള ബാനറുകളും കേരളത്തിലെ തിരുനാളുകളുടെ മധുരസ്മരണ വിളിച്ചുണര്‍ത്താന്‍ ഉതകുന്നതും കേരളത്തിലെ സീറോ മലബാര്‍ ആരാധനാ ക്രമത്തിലുള്ള തിരുനാളാഘോഷത്തെ അനുസ്മരിപ്പിയ്ക്കുന്നവയുമായിരുന്നു.

അങ്കമാലി സ്വദേശി വര്‍ഗീസ് ശ്രാമ്പിയ്ക്കല്‍ കുടുംബമായിരുന്നു നടപ്പു വര്‍ഷത്തെ പ്രസുദേന്തി. വര്‍ഗീസിന്റെ ഭാര്യ ലില്ലി, മക്കളായ ലിന്‍വി, ജൂലിയ എന്നിവരുടെയും തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി രൂപീകരിച്ച 19 കമ്മറ്റികളിലായി നൂറ്റിമുപ്പതിലേറെ വരുന്ന കമ്മിറ്റിയംഗങ്ങള്‍ക്കു പുറമേ കമ്യൂണിറ്റിയുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയംഗങ്ങളായ ഡേവീസ് വടക്കുംചേരി, സുനിത വിതയത്തില്‍, തോമസ് അറമ്പന്‍കുടി, ഹാനോ തോമസ് മൂര്‍, എല്‍സി വേലൂക്കാരന്‍, ആന്റണി സഖറിയാ, ജോസഫ് കളപ്പുരയ്ക്കല്‍, ജോസ് കുറുമുണ്ടയില്‍, ജോസ് പെണ്ടാനം എന്നിവരുടെ അകമഴിഞ്ഞ ഒത്തൊരുമയും പ്രവര്‍ത്തനവും തിരുനാളിന്റെ വിജയത്തിന് കാരണമായി. നിശ്ചല ദൃശ്യങ്ങള്‍ ആന്റണി കുറുന്തോട്ടത്തിലും,ചലന ദൃശ്യങ്ങള്‍ ജെന്‍സ് കുമ്പിളുവേലിലും കൈകാര്യം ചെയ്തു.

കൊളോണ്‍ കര്‍ദ്ദിനാളിന്റെ കീഴിലുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്.ഏതാണ്ട് എഴുനൂറ്റിയന്‍പതിലേറെ കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. ജര്‍മനിയിലെ കൊളോണ്‍ എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെ ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിലധികമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി. എം.ഐ. കമ്യൂണിറ്റി ചാപ്ളെയിനായി സേവനം ചെയ്യുന്നു.

തിരുനാളിന്റെ പങ്കെടുത്തവര്‍ക്കും വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചവര്‍ക്കും വര്‍ഗീസ് ശ്രാമ്പിയ്ക്കല്‍ നന്ദി പറഞ്ഞു. നിയുക്ത പ്രസുദേന്തി ജോസ് മറ്റത്തില്‍ വരുംവര്‍ഷത്തെ തിരുനാളിന് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ചിറയത്ത് പിതാവ് കൊടിയിറക്കിയതോടെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ മുപ്പത്തിനാലാം തിരുനാളിന് സമാപനമായി. 2015 ലെ പെരുനാള്‍ ജൂണ്‍ 13,14 തീയതികളില്‍ നടക്കുമെന്ന് ഇഗ്നേഷ്യസച്ചന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.