|
Europe |
|
|
|
|
കരോൾ ഗാനമത്സരത്തിന്റെ അകമ്പടിയോടെ ക്രിസ്മസിന്റെ വരവറിയിച്ച് ഓൾഫ് സ്റ്റോക്ക് ഓൺ ട്രെന്റ്
സ്റ്റോക്ക് ഓണ്‍ ട്രെന്റ്: സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സീറോമലബാറിന്റെ കീഴിലുള്ള നിത്യസഹായ മാതാവിന്റെ പള്ളിയില്‍ തിരുപ്പിറവിയുടെ ഓർമ പുതുക്കി നക്ഷത്രത്തിളക്കത്തോടെ “ഗ്ലോറിയ 2024'' ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
മഞ്ഞിന്റെ കുളിരണിഞ്ഞ ഓർമയിലേക്ക് ഒഴുകിയെത്തുന്ന ക്രിസ്മസ്, കരോൾ സംഘങ്ങൾ, ഗാനങ്ങള്‍ ക്രിസ്മസ് പപ്പ, മഞ്ഞു പുതച്ച രാവിലെ പാതിരാകുര്‍ബാനയുടെ സന്ദേശം, പുല്‍ക്കൂടും നക്ഷത്രങ്ങളും പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ ഉണ്ണിയേശുവും സാഹോദര്യത്തിന്റെയും സമഭാവനയുടേയും ത്യാഗനിർഭരമായ സ്നേഹത്തിന്റെയും ക്രിസ്മസ് പുലരികള്‍ ആ നല്ല ഓർമകൾ നമ്മുടെ മനസില്‍ ഇപ്പോഴുമുണ്ടാകും.
നല്ല ഓർമകളും മധുരസ്മരണകളും വരും തലമുറകൾക്കും പകർന്നു നൽകാനായി പ്രത്യാശ പടര്‍ത്തി, പുതുപ്രതീക്ഷകൾ നൽകി. നല്ല സാഹോദര്യത്തിന്റെ ക്രിസ്മസ് ഓൾഫ് മിഷൻ ഇടവക പള്ളിയിൽ ശനിയാഴ്ച ആഘോഷിച്ചു.
സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ചുമതല വഹിക്കുന്ന ബഹുമാനപ്പെട്ട റവ. ഫാ. ജോർജ് എട്ടുപറയിലിന്റെ അധ്യക്ഷതയിൽ ക്ലെയ്ടൺ അക്കാദമിയിൽ രാവിലെ ഒൻപതിന് ഈശ്വര പ്രാർഥനയോടെ തിരിതെളിച്ചു കൊണ്ട് ക്രിസ്മസ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.
ഇടവകയിലെ തന്നെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്തുമസ് തീമിനെ അടിസ്ഥാനമാക്കിയുള്ള കേക്ക് ബേക്കിംഗ് മത്സരം. കൂടാതെ കുട്ടികളുടെ കളറിംഗ് കുട്ടികൾക്കായി പെൻസിൽ സ്കെച്ച് മത്സരങ്ങൾ, പത്തരയോടെ കരോൾ ഗാനമത്സരം അതിനുശേഷം ക്രിസ്മസ് പപ്പ ഡാൻസ് മത്സരം.
ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കണമെന്നു വിചാരിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി ദാസ്യരൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ യേശുവിന്റെ കാലിതൊഴുത്തിലെ ജനനത്തിന്റെ ഓർമ പുതുക്കി പരസ്പരം പിന്തുണയ്ക്കുന്ന വിവിധ കുടുംബക്കൂട്ടായ്മകളിൽ നിന്നുള്ള 13 ടീമുകള്‍ അണി നിരന്ന കരോൾ ഗാന മത്സരം.
പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷണങ്ങളുമായി സ്നേഹത്തിന്റെ സന്ദേശമുള്ള ക്രിസ്മസ് പാട്ടുമായി ക്രിസ്മസ് പപ്പയുടെ മാന്ത്രിക ഡാൻസിൽ തിളങ്ങുന്ന കുഞ്ഞു നക്ഷത്രങ്ങൾ.
മാസങ്ങളോളം നീണ്ട വലിയ തോതിലുള്ള പരിശീലനപരിപാടികൾ, ഒരേ രീതിയിലുള്ള വസ്ത്രധാരണം, വിപുലമായ സ്കിറ്റുകൾ, പ്രഫഷണൽ സംഗീത സംവിധാനം വിധികർത്താക്കളായ ജഡ്ജിമാർ പോലും ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാൻ ബുദ്ധിമുട്ടിയ വളരെ വാശിയേറിയ മത്സരത്തിനൊടുവിൽ ഹോളി ട്രിനിറ്റി ന്യൂകാസിൽ കുടുംബക്കൂട്ടായ്മ ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ സെന്റ് തോമസ് കുടുംബക്കൂട്ടായ്മ വാട്ടർ ഹെയ്സ്, നിത്യസഹായ മാതാ ഹർട്ഷിൽ കുടുംബക്കൂട്ടായ്മ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
നാലാം സ്ഥാനം കരസ്ഥമാക്കി സെന്റ് ജൂഡ് കുടുംബക്കൂട്ടായ്മ ന്യൂകാസിൽ, അഞ്ചാം സ്ഥാനം കരസ്ഥമാക്കി സെന്റ് ജോസഫ് ബാസ്ഫോർഡും തങ്ങളുടെ കഴിവ് തെളിയിച്ചു. ആറാം സ്ഥാനത്തേക്ക് എത്തിയത് സേക്രട്ട് ഹാർട്ട്, ട്രെന്റ്വെയ്ൽ കുടുംബക്കൂട്ടായ്മ.
ആറാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി നടത്തിയ പാപ്പാ ഡാൻസ് മത്സരത്തിൽ നിത്യസഹായ മാതാ കുടുംബക്കൂട്ടായ്മ ഒന്നാം സ്ഥാനവും, സെന്റ് തോമസ് കുടുംബക്കൂട്ടായ്മ വാട്ടർ ഹെയ്സ് സെന്റ് സെബാസ്റ്റ്യൻ കുടുംബക്കൂട്ടായ്മ ഹാൻലി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുകയുണ്ടായി.
മികച്ച കഥാപാത്രങ്ങൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ ബെസ്റ്റ് മേരിയായി സെന്റ് അൽഫോൻസാ കുടുംബക്കൂട്ടായ്മയിലെ അനു ദിലീപ്, ബെസ്റ്റ് ജോസഫ് ആയി തെരഞ്ഞെടുക്കപ്പട്ടത് സെന്റ് തോമസ് വാട്ടർ ഹെയ്സ് കുടുംബക്കൂട്ടായ്മയിലെ ഡോൺ ഡേവിഡ് ആയിരുന്നു അതെ യൂണിറ്റിലെ ആനി ടോമിയായിരുന്നു ബെസ്റ്റ് പാപ്പ കേക്ക് ബേക്കിംഗ് മത്സരത്തിന്റെ ബെസ്റ്റ് ബേക്കർ സമ്മാനം ലിൻസു ജോ കുഴിവേലി, രണ്ടാം സ്ഥാനം ലീന ഫെനിഷ്, മൂന്നാം സ്ഥാനം അനു ജിയോ എന്നിവർ കരസ്ഥമാക്കി.
പങ്കെടുത്ത എല്ലാ ടീമുകൾക്കുമുള്ള ട്രോഫികളും കാഷ് പ്രൈസുകളും എല്ലാ കുട്ടികൾക്കുംമുള്ള മെഡലുകൾ എല്ലാം സ്നേഹമതികളായ ഇടവക അംഗങ്ങൾ സന്മനസോടെ സന്തോഷത്തോടെ തന്ന സംഭാവനകളിൽ നിന്നുമാണ് വാങ്ങിയത്.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയില്‍ ഒത്തൊരുമയോടെ ഗ്ലോറിയ 2024 അവിസ്മരണീയമാക്കിയ വിവിധ കമ്മിറ്റിയംഗങ്ങള്‍ കൈക്കാരന്മാരായ സജി ജോസഫ്, സോണി ജോൺ, അനൂപ് ജേക്കബ്, ഫിനിഷ് വിൽസൺ ഗ്ലോറിയ 2024 കോഓർഡിനേറ്റർമാർ റിന്റോ റോക്കി, സുധീഷ് തോമസ് സിബി ജോസ്, ഷിബി ജോൺസൺ,
മെന്‍സ് ഫോറം& വിമന്‍സ് ഫോറം, സണ്‍ഡേ സ്കൂള്‍ ടീച്ചേഴ്സ്, കുടുംബക്കൂട്ടായ്മകളിൽ നിന്നുള്ള ഭാരവാഹികൾക്കും എല്ലാ കുടുംബങ്ങൾക്കും, സൗണ്ട് ഓപ്പറേറ്റർ ജോസ് എന്നിവർക്ക് ഓൾഫ് മിഷന് വികാരി റവ. ഫാ. ജോര്‍ജ് എട്ടുപാറയില്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
|
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ക്രിസ്മസ് ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. ജര്‍മനിയിലെ മലയാളി കൂട്ടായ്മയും ആദ്യത്തെ സമാജങ്ങളിലൊന്നുമായ കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ക്രിസ്മസ് പരിപാടികള്‍, സമാജം അംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഫ്രാങ്ക്ഫര്‍ട്ട് സാല്‍ബൗ റ്റിറ്റൂസ് ഫോറത്തില്‍ വൈകുന്നേരം നാലിന് ആഘോഷിച്ചു.
കേരള സമാജം സെക്രട്ടറി ഡിപിന് പോള്‍ അവതാരകനായ പരിപാടിയില്‍ 325ല്‍ അധികം മലയാളികള്‍ പങ്കെടുത്തു. സമാജം പ്രസിഡന്റ് അബി മാങ്കുളത്തിന്റെ സ്വാഗത പ്രസംഗത്തിനുശേഷം കേരളസമാജം മലയാളം സ്കൂളിലെ കുട്ടികള്‍ ചേര്‍ന്നേ ക്രിസ്മസ് കരോള്‍ ഗാനം അവതരിപ്പിച്ചു.
മുഖ്യാതിഥി ഫാ.സന്തോഷ് തോമസ് ക്രിസ്മസ് സന്ദേശം നൽകി. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. കൂടാതെ, കേരള സമാജം മലയാളം സ്കൂളില്‍ വിജയകരമായി ഈ വര്‍ഷം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് സമാജം പ്രസിഡന്റ് അബി മാങ്കുളം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ സ്കൂളിന്റെ അധ്യാപകരായ അബില മാങ്കുളം, ബിന്നി തോമസ്, രക്ഷാകര്‍തൃ പ്രധിനിധി ഹരീഷ് പിള്ള സ്കൂളിന്റെ ട്രഷറര്‍ ഡിപിന് പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ക്രിസ്മസ് ഫാദര്‍ എല്ലാ കുട്ടികള്‍ക്കും ചോക്ലറ്റുകള്‍ നല്കി.
യുവ തലമുറയുടെ അഭ്യർഥന മാനിച്ചുകൊണ്ട് കേരള സമാജം ആദ്യമായി ഡിജെ ആഘോഷം സംഘടിപ്പിച്ചു. പരിപാടികള്‍ ആസ്വദിക്കാനെത്തിയവര്‍ എല്ലാവരും തന്നെ ഡിജെയില്‍ പങ്കെടുത്തു. തുടര്‍ന്ന് പരിപാടിയിലേക്ക് ടിക്കറ്റെടുത്ത എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്കി.
സമാജം സെക്രട്ടറി ഡിപിന് പോള്‍ എല്ലാവർക്കും നന്ദി അറിയിച്ചു. ദേശീയ ഗാനാലാപനത്തോടുകൂടി പരിപാടികള്‍ക്ക് തിരശീല വീണു. ക്രിസ്മസ് ആഘോഷ പരിപാടികളുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും അബി മാങ്കുളം (പ്രസിഡന്റ്), ഡിപിന് പോള്‍ (സെക്രട്ടറി), ഹരീഷ് പിള്ള (ട്രഷറര്‍), കമ്മിറ്റിയംഗങ്ങളായ, ഷംന ഷംസുദ്ദീന്, ജിബിന്‍ എം. ജോണ്‍, രതീഷ് മേടമേല്‍, ബിന്നി തോമസ് എന്നിവര്‍ നേതൃത്വം നല്കി.
|
പാട്ടുകളുടെ പാലാഴി തീർത്ത് കൈരളി യൂകെ പാട്ടുകൂട്ടം
സതാംപ്ടൺ: കൈരളി യുകെ സതാംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ വാട്ടർലൂ കമ്യൂണിറ്റി സെന്ററിൽ വെച്ചു നടന്ന പാട്ടുകൂട്ടം വ്യത്യസ്തമായ പരിപാടികൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി മാറി.
കൈരളിയുടെ യൂണിറ്റ് പ്രസിഡന്റ് ബിനു, സെക്രട്ടറി ജോസഫ്, പരിപാടിയുടെ കോഓർഡിനേറ്റർ സുശാന്ത്, പ്രസാദ് തുടങ്ങിയവർ പരിപാടികക്ക് നേതൃത്വം നൽകി.
മലയാള ചലച്ചിത്ര രംഗത്ത് പാട്ടിന്റെ പാലാഴി തീർത്ത മഹാരഥന്മാരെ അനുസ്മരിക്കുന്ന രീതിയിൽ തയാറാക്കിയ സ്റ്റേജിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വേറിട്ടു നിന്നു.
ശബ്ദ മാധുര്യം കൊണ്ട് സദസ്സിനെ ഇളക്കിമറിച്ച സുശാന്തും രഞ്ജിത്തും ജെയ്സണും സദസിനെ ആവേശത്തിൽ ആഴ്ത്തി. വീടുകളിൽ നിന്നും പാചകം ചെയ്തുകൊണ്ടുവന്ന വൈവിദ്ധ്യമാർന്ന രുചിക്കൂട്ടുകൾ പരിപാടിക്ക് മികവേകി.
വീണ്ടും രണ്ട് മാസത്തിൽ ഒരിക്കൽ പാട്ടുകൂട്ടം പരിപാടിക്ക് ഒത്തുചേരാം എന്ന പ്രതീക്ഷയുമായി കൈരളി യൂകെ സതാംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പാട്ട്കൂട്ടം പരിപാടി അവസാനിച്ചു.
|
പിറവി തിരുന്നാൾ തിരുക്കർമങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത
ബിർമിംഗ്ഹാം: യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കർമങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത. രൂപതയുടെ വിവിധ ഇടവക, മിഷൻ അടിസ്ഥാനമായി 150ലധികം കേന്ദ്രങ്ങളിൽ ക്രിസ്മസ് രാത്രിയിൽ പിറവിത്തിരുനാൾ തിരുക്കർമങ്ങളും ക്രിസ്മസ് ദിനത്തിൽ വിശുദ്ധ കുർബാനകളും ക്രമീകരിച്ചിട്ടുള്ളതായി രൂപതാ പിആർഒ അറിയിച്ചു.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും. രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും നടക്കുന്ന തിരുക്കർമങ്ങളുടെ സമയക്രമം, മിഷൻ ഡയറക്ടർമാരുടെ കോൺടാക്ട് ഡീറ്റെയിൽസ് തിരുക്കർമങ്ങൾ നടക്കുന്ന പള്ളിയുടെ മേൽവിലാസം എന്നിവ റീജിയൺ തിരിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
|
ജർമനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞു കയറി രണ്ടു മരണം
ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞു കയറി ഒരു കുട്ടിയടക്കം രണ്ടു പേർ മരിച്ചു. മാഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലാണ് സംഭവം.
68 പേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് വിവരം. ഇതിൽ 15 പേരുടെ നില അതീവഗുരുതരമാണ്. കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൗദി പൗരൻ താലിബ് (50) ആണ് കാർ ഓടിച്ചിരുന്നത്.
|
റോമിലെ മാർത്തോമ്മാ യോഗം റൂബി ജൂബിലി ആഘോഷിച്ചു
റോം: റോമിൽ പഠനരംഗത്തും വിവിധ കർമരംഗങ്ങളിലും വ്യാപൃതരായിരിക്കുന്ന സീറോമലബാർ, സീറോമലങ്കര സഭകളിലെ വൈദികരുടെയും സമർപ്പിതരുടെയും കൂട്ടായ്മയായ മാർത്തോമ്മാ യോഗത്തിന്റെ റൂബി ജൂബിലി ആഘോഷം റോമിലെ ഡമഷേനോ കോളജിൽ വച്ച് നടന്നു.
ലാസാലെറ്റ് സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. ജോജോൺ ചെട്ടിയാംകുന്നേൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മാർത്തോമ്മാ യോഗം പ്രസിഡന്റ് ഫാ. ജേക്കബ് ജോർജ് ഇളമ്പള്ളൂർ എല്ലാവരെയും സ്വാഗതം ചെയ്തു.
സെക്രട്ടറി സിസ്റ്റർ നിഖിയ സിഎംസി റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യാതിഥിയായി സാന്താ മരിയ ഡെൽ ഡിവിന അമോറിലെ റെക്ടർ കർദിനാൾ എൻറിക്കോ ഫെറോച്ചി യോഗം ഉദ്ഘാടനം ചെയ്തു. 25 വർഷമായി പ്രൊപ്പഗാന്ത ഫീദെയുടെ ഔദ്യോഗിക കാനോനിക്കൽ കൺസൾട്ടൻഡ് റഫാ. ജോസ് കൂനംപറമ്പിലിനെ യോഗം പ്രത്യേകമായി ആദരിച്ചു.
ഡമഷേനോ കോളജ് റെക്ടർ റവ. ഡോ. ജോൺ ജയ്മോൻ , റോമിലെ സിറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ പ്രൊക്യുറേറ്റർ ഫാ. ബെനഡിക്ട് കുര്യൻ പെരുമുറ്റത്ത്, റോമിലെ എഫ്സിസി റീജനൽ സുപ്പീരിയർ സിസ്റ്റർ റെനി എന്നിവർ ആശംസകൾ അറിയിച്ചു.
ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ ഡമഷേനോ, പത്രോച്ചിനോ, മാത്തർ എക്ലിസിയ എന്നീ കോളജുകളുടെ നേതൃത്വത്തിൽ നടന്നു.
മാർത്തോമ്മാ യോഗം വൈസ് പ്രസിഡന്റ് ഫാ. ഫെമിൻ ചിറ്റിലപ്പള്ളി, ജോയിന്റ് സെക്രട്ടറി സിസ്റ്റർ ആൻ മരിയ എഫ്സിസി, ട്രഷറർ ഫാ. ജോബി കാച്ചപ്പള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാ. ജയ്സൺ എഞ്ചത്താനത്ത്, സിസ്റ്റർ ജോവാന മരിയ ഡിഎം, ഫാ. ജോബിൻ തോലാനിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
"അതിപൂജിതമാം ക്രിസ്മസ്' കരോൾ ഗാന ആല്‍ബം റിലീസ് ചെയ്തു
ബെര്‍ലിന്‍: കഴിഞ്ഞ 36 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള് ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്മസ് ആല്‍ബവുമായി രംഗത്ത്. രചനയ്ക്കും സംഗീതത്തിനും എറെ പ്രാധാന്യം നല്കിയ ഹൃദ്യമായ "അതിപൂജിതമാം ക്രിസ്മസ്' എന്ന കരോൾ ഗാനം റിലീസ് ചെയ്ത ആദ്യദിനം തന്നെ 15,000 ലധികം പ്രേക്ഷകരാണ് യുട്യൂബില്‍ കണ്ടത്.
അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിന് കൊളോണ്‍ റ്യോസ്റാത്തിലെ നിക്കോളാസ് ദേവാലയ ഹാളില്‍ നടന്ന ചടങ്ങില്‍ സെന്റ് നിക്കോളാസ് ചര്‍ച്ച് വികാരി ഫാ. ജോസ് വടക്കേക്കര സിഎംഐയാണ് കുമ്പിള് ക്രിയേഷന്‍സ് യുട്യൂബ് ചാനലിലൂടെ ആല്‍ബം റിലീസ് ചെയ്തത്. ജോസ് കുമ്പിളുവേലില്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ഫാ. ജോസ് വടക്കേക്കര സിഎംഐ അധ്യക്ഷത വഹിച്ചു.
ജര്‍മനിയിലെ വിവിധ ഇടവകകളില്‍ ജോലി ചെയ്യുന്ന സിഎംഐ സഭാംഗങ്ങളായ റവ. ഡോ. റ്റിജോ താന്നിക്കല്‍, ഫാ. റോയി അഞ്ചാനി, ഫാ. ഷിന്റോ പുന്നയ്ക്കല്‍, വേള്‍ഡ് മലയാളി ഗ്ലോബല്‍ ഭാരവാഹികളായ തോമസ് അറമ്പന്‍കുടി, ഗ്രിഗറി മേടയില്‍, മേഴ്സി തടത്തില്‍, യൂറോപ്പ് റീജിയൺ ഭാരവാഹികളായ ജോളി തടത്തില്‍, ജോളി എം. പടയാട്ടില്‍, ജര്‍മന്‍ പ്രൊവിന്‍സ് ഭാരവാഹികളായ ചിന്നു പടയാട്ടില്‍, ബാബു എളമ്പാശേരില്‍, കൊളോണ്‍ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ജോണ്‍ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഷീന കുമ്പിളുവേലില്‍ നന്ദി പറഞ്ഞു. യൂറോപ്പിലെ മാധ്യമ പ്രവര്ത്തകന് ജോസ് കുമ്പിളുവേലിയുടെ വരികള്‍ക്ക് ഷാന്റി ആന്റണി അങ്കമാലിയുടെ സംഗീതത്തില്‍ ഹിറ്റ് ഗാനങ്ങളുടെ ഉടമകളായ ഫാ. വിപിന്‍ കുരിശുതറ സിഎംഐ, സിസ്റ്റർ സിജിന ജോര്‍ജ് എംഎല്‍എഫ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബിനു മാതിരംപുഴയാണ് ഓര്ക്കസ്ട്രേഷന് നിര്‍വഹിച്ചിരിക്കുന്നത്.
കുമ്പിള് ക്രിയേഷന്‍സിന്റെ ബാനറില്‍ ജെന്‍സ്, ജോയല്‍, ഷീന കുമ്പിളുവേലില്‍ എന്നിവരാണ് പ്രൊഡ്യൂസര്‍മാര്‍. ആവശ്യക്കാര്‍ക്ക് പിന്നണി സംഗീതത്തോടുകൂടി ആലപിക്കാന്‍ വരികളടങ്ങിയ കരോക്കെയും യുട്യൂബില്‍ ലഭ്യമാക്കിയിട്ടുണ്ട്.
പാട്ടിന്റെ ലിങ്ക്:
|
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറച്ചു
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി അനുസരിച്ച് പ്രധാന പലിശ നിരക്ക് പ്രഖ്യാപിച്ചു. 2024ലെ യൂറോസോണിന്റെ നിലവിലെ അപകടസാധ്യതകളും 2025ലെ പ്രധാന വെല്ലുവിളികളും അടിസ്ഥാനമാക്കി പലിശ നിരക്ക് കുറച്ചു.
പലിശനിരക്കുകള്‍ 0.25 ശതമാനമാണ് കുറച്ചത്. ഈ വർഷം നാലാം തവണയാണ് പലിശ നിരക്ക് കുറയ്ക്കുന്നത്. വായ്പകള്‍ക്കും പ്രധാനപ്പെട്ട ഡെപ്പോസിറ്റ് പലിശ നിരക്ക് ഇപ്പോള്‍ 3 ശതമാനമാണ്. പ്രധാന റീഫിനാന്‍സിംഗ് നിരക്ക് 3.15, ഉയര്‍ന്ന റീഫിനാന്‍സിംഗ് നിരക്ക് 3.4 ശതമാനവുമാണ്.
സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം വിദഗ്ധരും 2025 അവസാനത്തോടെ നിക്ഷേപ നിരക്ക് രണ്ട് ശതമാനമോ അതില്‍ കുറവോ പ്രതീക്ഷിക്കുന്നു. 2024ല്‍ ശരാശരി 2.4 ശതമാനവും 2025ല്‍ 2.1 ശതമാനവും 2026ല്‍ 1.9 ശതമാനവും പണപ്പെരുപ്പം പ്രതീക്ഷിക്കുന്നു. വളര്‍ച്ചയുടെ കാര്യത്തില്‍, അവര്‍ 2024ല്‍ 0.7 ശതമാനവും 2025ല്‍ 1.1 ശതമാനവും 2026ല്‍ 1.4 ശതമാനവും പ്രവചിക്കുന്നു.
സാമ്പത്തിക അപകടസാധ്യതകള്‍ കണക്കിലെടുത്ത് 2025 പകുതിയോടെ 1.75 ശതമാനം നിക്ഷേപ പലിശ നിരക്ക് ഐഎന്‍ജി ബാങ്ക് പ്രവചിക്കുന്നു. യൂറോ മേഖലയില്‍ പലിശ നിരക്ക് ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
|
നെതർലൻഡ്സിൽ ഇനി സൗന്ദര്യമത്സരമില്ല
ആംസ്റ്റർഡാം: നെതർലൻഡ്സിൽ 35 വർഷം പ്രചാരത്തിലുണ്ടായിരുന്ന ‘മിസ് നെതർലൻഡ്സ്’ സൗന്ദര്യമത്സരം നിർത്തുന്നു.
വനിതാ ശക്തീകരണവും മാനസികാരോഗ്യവും ലക്ഷ്യമിട്ട് പുതിയ പരിപാടി ആരംഭിക്കുമെന്നു സൗന്ദര്യമത്സരത്തിന്റെ സംഘാടകർ അറിയിച്ചു. ‘നോ ലോംഗർ ഓഫ് ദിസ് ടൈം’ എന്നായിരിക്കും ഇതിന്റെ പേര്.
അയഥാർഥമായ സൗന്ദര്യ മാനദണ്ഡങ്ങളും സോഷ്യൽ മീഡിയ സമ്മർദവും നേരിടുന്ന സ്ത്രീകൾക്കു പ്രചോദനം നല്‍കുന്നതും സ്വയംആശ്ലേഷിക്കൻ പ്രേരിപ്പിക്കുന്നതുമായ പരിപാടി ആയിരിക്കും ഇത്.
|
അയർലൻഡിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന ഏകദിന ധ്യാനം ശനിയാഴ്ച
ഡബ്ലിൻ: ക്രിസ്മസിന് ഒരുക്കമായി അയർലൻഡ് സീറോമലബാർ സഭയുടെ ഗാൽവേ റീജിയൺ സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടക്കും.
ശനിയാഴ്ച നോക്ക് സെന്റ് ജോൺസ് ഹാളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ധ്യാനം. പ്രശസ്ത ധ്യാനഗുരുവും സീറോമലബാര്‍ യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ് ഡയറക്ടറും മ്യൂസിഷ്യനും ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്ടാവുമായ ഫാ. ബിനോജ് മുളവരിക്കലാണ് ധ്യാനം നയിക്കുന്നത്.
കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ക്രിസ്മസിന് ആത്മീയമായി ഒരുങ്ങാൻ ഈ ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: അലൻ 08922 85585, മനോജ് 08926 19625, തോമസ് 08946 18813 , ബിജോയ് 08925 20105.
|
ബ്ലാക്റോക്കിൽ ക്രിസ്മസ് ആഘോഷം 28ന്
ഡബ്ലിൻ: ബ്ലാക്റോക്കിൽ ഈ മാസം 28ന് ക്രിസ്മസ് ന്യൂഇയർ ആഘോഷപരിപാടി നടക്കും. സെന്റ് ജോസഫ്സ് കുർബാന സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞു മൂന്ന് മുതൽ രാത്രി ഒന്‍പത് വരെ ബ്ലാക്റോക് സെന്റ് ആൻഡ്രൂസ് പ്രെസ്ബറ്റെറിയൻ ദേവാലയത്തിലാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
കരോൾ സിംഗിംഗ്, സിനിമാറ്റിക് ഡാൻസ് കോമഡി സ്കിറ്റ്, ക്രിസ്മസ് സ്കിറ്റ്, ക്ലാസിക്കൽ ആൻഡ് ഫുഷൻ ഡാൻസ് മറ്റു വിവിധ കലാപരിപാടികൾ, ക്രിസ്മസ് ഡിന്നർ തുടങ്ങിയവ നടക്കും.
|
മാർപാപ്പയെ സന്ദർശിച്ച് വി.പി. നന്ദകുമാര്‍
വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാര്‍ സന്ദർശിച്ചു. മാര്‍പാപ്പയ്ക്ക് അദ്ദേഹം ഉപഹാരം സമര്‍പ്പിച്ചു.
|
ആൻ മരിയ ജയിംസിന് മേരി ക്യൂറി ഫെലോഷിപ്പോടെ പിഎച്ച്ഡി
വിയന്ന: ആൻ മരിയ ജയിംസിന് മേരി ക്യൂറി ഫെലോഷിപ്പോടെ പിഎച്ച്ഡി. ഓസ്ട്രിയയിലെ പ്രശസ്തമായ ഗ്രാസ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽനിന്നാണ് പിഎച്ച്ഡി നേടിയത്.
1,30,000 യൂറോ (ഏകദേശം 1.16 കോടി) സ്കോളർഷിപ്പോടെ മത്സരാധിഷ്ഠിത മേരി സ്ക്ലോഡോവ്സ്ക ക്യൂറി ഫെലോഷിപ്പാണ് ഡോക്ടറൽ ഗവേഷണത്തിന് ധനസഹായം നൽകിയത്.
കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആൻ, എറണാകുളം സെന്റ് തെരേസാസ് കോളജിൽനിന്ന് ഫിസിക്സിൽ ബിരുദവും ബംഗളൂരുവിരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.
നിലവിൽ സ്വീഡനിലെ ഉപ്സല സർവകലാശാലയിൽ സോളാർ സെൽ സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിംഗ് വകുപ്പിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷകയായി പ്രവർത്തിക്കുന്നു.
കാവുങ്കൽ കെ.സി. ജയിംസിന്റെയും സെലിൻ ജയിംസിന്റെയും മകളാണ്. സഹോദരൻ ജേക്കബ് ജയിംസ്.
|
ഹാംബുർഗിൽ ആക്രമണത്തിൽ അഞ്ച് പേര്‍ക്ക് പരിക്ക്
ബെർലിൻ: ഹാംബുർഗിലെ ബിൽസ്റ്റെഡ് ജില്ലയിലെ സലൂണിൽ ഉണ്ടായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഷിഫ്ബെക്കർ വെഗിലെ ഹെയർഡ്രെസിംഗ് സലൂണിലാണ് ആക്രമണമുണ്ടായത്.
വാക്കുതർക്കത്തിനിടെ ഒരാൾ കത്രിക ഉപയോഗിച്ച് അഞ്ച് പേരെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 37 വയസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
|
റോമിലെ ഇന്ത്യൻ എംബസിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
റോം: റോമിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുടെ പങ്കാളിത്തത്തോടെ ക്രിസ്മസ് ആഘോഷിച്ചു. റോമിലെ ഇന്ത്യൻ അംബാസഡർ വാണി റാവു മുഖ്യ സന്ദേശം പറഞ്ഞു കൊണ്ട് പരിപാടികൾ ആരംഭിച്ചു.
യൂണിവേസ്റ്റിയിലെ വൈദികരും സിസ്റ്റേഴ്സും പങ്കെടുത്ത ക്രിസ്മസ് ആശംസകളും കരോൾ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടി. ലിറ്റിൽ ഫ്ലവർ സ്കൂളിലെ കുട്ടികൾ അവതരിച്ച ഡാൻസും കരോൾ ഗാനങ്ങളും ഉണ്ടായിരുന്നു.
കൊച്ച് കുട്ടികൾക്ക് സാന്താക്ലോസ് സമ്മാനങ്ങൾ നൽകി. പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ ക്രിസ്മസ് സമ്മാനങ്ങൾ ലഭിച്ചു. എല്ലാവർക്കു സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.
|
ജോർജിയയിൽ മരിച്ചവരിലേറെയും പഞ്ചാബ് സ്വദേശികൾ
തിബിലിസി: ജോർജിയയിലെ റസ്റ്ററന്റിൽ മരിച്ച 11 ഇന്ത്യക്കാരിലേറെയും പഞ്ചാബ് സ്വദേശികൾ. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നു കോൺഗ്രസ് എംപി ഗുർമീത് സിംഗ് ഓജില പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഭഗവന്ത് മന്നും എൻആർഐ കാര്യമന്ത്രി കുൽദീപ് സിംഗും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുകയും വേണമെന്നു ഗുർമീത് സിംഗ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ഗുദൗരി മൗണ്ടൻ റിസോർട്ടിലാണ് അപകടം നടന്നത്. മരിച്ചവരെല്ലാം റസ്റ്ററന്റിലെ ജീവനക്കാരാണ്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണു പ്രാഥമിക വിവരമെന്നു ജോർജിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മരിച്ചവരുടെ ശരീരത്തിൽ മുറിവുകളൊന്നുമില്ല. രണ്ടാംനിലയിലെ കിടപ്പുമുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുറിയുടെ സമീപത്ത് ജനറേറ്റർ കണ്ടെത്തിയെന്നു പോലീസ് അറിയിച്ചു.
വൈദ്യുതി നിലച്ചപ്പോൾ ജനറേറ്റർ പ്രവർത്തിച്ചിരുന്നു. ഇതിൽനിന്നുണ്ടായ കാർബൺ മോണോക്സൈഡ് ശ്വസിച്ചതു മരണകാരണമായെന്നാണു പ്രാഥമിക നിഗമനം
|
ഫ്രാൻസിസ് മാർപാപ്പയ്ക്ക് 88ാം പിറന്നാൾ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് 88ാം പിറന്നാൾ. ജന്മദിനത്തിൽ വിവിധ രാജ്യത്തലവന്മാർ ഉൾപ്പെടെ നിരവധി പ്രമുഖർ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു. വത്തിക്കാനിൽ പ്രത്യേക ജന്മദിനാഘോഷ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല.
റെജീന മരിയ സിവോറി മാരിയോ ഹൊസേ ബെർഗോളിയോ ദമ്പതികളുടെ മകനായി 1936 ഡിസംബർ 17ന് തെക്കെ അമേരിക്കൻ രാജ്യമായ അർജന്റീനയിലെ ബുവെനോസ് ആരിസിലുള്ള ഫ്ലോറെസ് എന്ന സ്ഥലത്താണു ഫ്രാൻസിസ് മാർപാപ്പ ജനിച്ചത്. 1969 ഡിസംബർ 13നായിരുന്നു പൗരോഹിത്യ സ്വീകരണം.
ഇക്കഴിഞ്ഞ 13ന് മാർപാപ്പയുടെ പൗരോഹിത്യത്തിന്റെ 55ാം വാർഷികമായിരുന്നു. പത്രോസിന്റെ 265ാമത്തെ പിൻഗാമിയായി 2013 മാർച്ച് 13ന് തെരഞ്ഞെടുക്കപ്പെട്ട അന്നത്തെ കർദിനാൾ ഹൊർഹെ മാരിയോ ബെർഗോളിയോ ഫ്രാൻസിസ് എന്ന നാമം സ്വീകരിക്കുകയും അതേവർഷം മാർച്ച് 19ന് സഭാഭരണം ആരംഭിക്കുകയും ചെയ്തു.
|
13 ദശലക്ഷം യൂറോയുടെ മയക്കുമരുന്ന് കടത്തിയത് ശവപ്പെട്ടിയില്‍
ബെര്‍ലിന്‍: 13 ദശലക്ഷം യൂറോ വിലവരുന്ന മയക്കുമരുന്ന് ശവപ്പെട്ടിയിലാക്കി കടത്തിയ ഫ്രഞ്ചുകാരന് അറസ്റ്റിലായി. കൊക്കെയ്ന്‍ നിറച്ച ശവപ്പെട്ടികളുമായി 30 വയസുകാരനാണ് ഹൈവേയില്‍ പിടിയിലായത്.
മയക്കുമരുന്ന് നെതര്‍ലന്‍ഡ്സിലേക്ക് കടത്താനാണ് ഇയാൾ ശ്രമിച്ചത്. കൊറിയര്‍ മാതൃകയിലായിരുന്നു കടത്ത്. റോട്ടര്‍ഡാമില്‍ നിന്ന് 32 കിലോമീറ്റര്‍ തെക്ക് നഗരത്തിനടുത്തുവച്ചാണ് ഇയാൾ അറസ്റ്റിലായത്.
ഫ്രാന്‍സില്‍ നിന്ന് നെതര്‍ലന്‍ഡ്സിലേക്ക് പോകുകയായിരുന്ന ഇയാള്‍ക്ക് വഴിതെറ്റിയാണ് പോലീസിന്റെ കണ്ണില്‍പ്പെട്ടത്.
|
മയോട്ടിൽ ചുഴലിക്കൊടുങ്കാറ്റ്: ആയിരം പേർ മരിച്ചു
പാരീസ്: ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് പ്രദേശമായ മയോട്ടിലുണ്ടായ ചുഴലിക്കൊടുങ്കാറ്റിൽ ആയിരത്തോളം പേർ മരിച്ചതായി നിഗമനം. ചിഡോ എന്ന ചുഴലിക്കൊടുങ്കാറ്റ് ശനിയാഴ്ച രാത്രിയാണു വീശിയത്.
90 വർഷത്തിനിടെ ഇവിടെയുണ്ടാകുന്ന ഏറ്റവും വലിയ കൊടുങ്കാറ്റ് ദുരന്തമാണിത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മഡഗാസ്കറിനും ഇടയിൽ രണ്ടു പ്രധാന ദ്വീപുകളായി സ്ഥിതിചെയ്യുന്ന മയോട്ടിലെ മൂന്നേകാൽ ലക്ഷം ജനസംഖ്യയിൽ നാലിൽ മൂന്നും ദരിദ്രരാണ്.
മണിക്കൂറിൽ 225 കിലോമീറ്റർ വേഗത്തിൽ വീശിയ കൊടുങ്കാറ്റിൽ ചേരിപ്രദേശങ്ങൾ ഒട്ടാകെ നശിച്ചുവെന്നാണു റിപ്പോർട്ട്. ഗവൺമെന്റ് കെട്ടിടങ്ങളും ആശുപത്രികളും നശിച്ചു. മരണസംഖ്യ സംബന്ധിച്ച് കൃത്യതയില്ലെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പാരീസിൽ അറിയിച്ചത്.
നൂറുകണക്കിനു പേർ, അല്ലെങ്കിൽ ആയിരത്തോളം പേർ മരിച്ചിരിക്കാമെന്ന് മയോട്ടിലെ പ്രീഫെക്റ്റ് ഫ്രാൻസ്വാ സേവ്യർ ബ്യൂവിൽ പറഞ്ഞു. ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബ്രൂണോ റെറ്റില്യൂ തിങ്കളാഴ്ച മയോട്ടിൽ എത്തി. ഫ്രാൻസിൽനിന്നു രക്ഷാപ്രവർത്തകരും സഹായവസ്തുക്കളും എത്തിയിട്ടുണ്ട്.
എന്നാൽ, ദുരന്തബാധിത പ്രദേശങ്ങളിൽ മുഴുവൻ തെരച്ചിലാരംഭിക്കാൻ തിങ്കളാഴ്ച കഴിഞ്ഞില്ല. ഭക്ഷണം, വെള്ളം, ശുചിത്വസാമഗ്രികൾ എന്നിവ എത്തിക്കാൻ ഊർജിത നീക്കം നടക്കുന്നു. ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
പാരീസിൽനിന്ന് 8,000 കിലോമീറ്റർ അകലെയാണ് മയോട്ട്. രേഖകളില്ലാത്ത ഒരു ലക്ഷത്തോളം കുടിയേറ്റക്കാരും ഇവിടെ പാർക്കുന്നുണ്ട്.
|
ജർമൻ ചാൻസലറിന് എതിരേ അവിശ്വാസം പാസായി
ബെർലിൻ: ചാൻസലർ ഒലാഫ് ഷോൾസിനെതിരേ ജർമൻ പാർലമെന്റിൽ അവതരിപ്പിച്ച അവിശ്വാസം പാസായി. 733 അംഗങ്ങളുള്ള പാർലമെന്റിൽ 207 പേരുടെ പിന്തുണ മാത്രമാണ് ഷോൾസിനു ലഭിച്ചത്. 394 പേർ അവിശ്വാസത്തെ പിന്തുണച്ചു.
116 പേർ വിട്ടുനിന്നു. 367 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാകാൻ വേണ്ടത്. ഫെബ്രുവരി 23ന് ജർമനിയിൽ തെരഞ്ഞെടുപ്പ് നടക്കും. നേരത്തെ നിശ്ചയിച്ചിരുന്നതിൽനിന്ന് ഏഴു മാസം മുന്‍പേയാണ് തെരഞ്ഞെടുപ്പ് നടക്കുക.
നവംബറിൽ മൂന്നു പാർട്ടികളുടെ സഖ്യം തകർന്നതോടെ ന്യൂനപക്ഷ സർക്കാരിനെയായിരുന്നു ഷോൾസ് നയിച്ചിരുന്നത്.
|
ജോർജിയയിൽ 11 ഇന്ത്യക്കാർ മരിച്ച നിലയിൽ
തിബിലിസി: ജോർജിയയിലെ ഇന്ത്യൻ റസ്റ്ററന്റിൽ 11 ഇന്ത്യൻ പൗരന്മാരെയും ഒരു ജോർജിയൻ പൗരനെയും മരിച്ചനിലയിൽ കണ്ടെത്തി. ഗുദൗരി മൗണ്ടൻ റിസോർട്ടിലാണ് അപകടം.
മരിച്ചവരെല്ലാം റസ്റ്ററന്റിലെ ജീവനക്കാരാണ്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണു പ്രാഥമിക വിവരമെന്നു ജോർജിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മരിച്ചവരുടെ ശരീരത്തിൽ മുറിവുകളൊന്നുമില്ല. രണ്ടാംനിലയിലെ കിടപ്പുമുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുറിയുടെ സമീപത്ത് ജനറേറ്റർ കണ്ടെത്തിയെന്നു പോലീസ് അറിയിച്ചു. വൈദ്യുതി നിലച്ചപ്പോൾ ജനറേറ്റർ പ്രവർത്തിച്ചിരുന്നു.
ഇതിൽനിന്നുണ്ടായ കാർബൺ മോണോക്സൈഡ് ശ്വസിച്ചതു മരണകാരണമായെന്നാണു പ്രാഥമിക നിഗമനം. എന്നാൽ, കൊലപാതകമാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണപരിധിയിലുണ്ടെന്നു പോലീസ് അറിയിച്ചു.
|
ഫ്രാൻസിലെ മയോട്ടെ ദ്വീപിനെ തകർത്ത് "ചിഡോ' ചുഴലിക്കാറ്റ്
പാരീസ്: ഫ്രാൻസിന്റെ അധീനതയലുള്ള മയോട്ടെ ദ്വീപിൽ ആഞ്ഞുവീശിയ "ചിഡോ' ചുഴലിക്കാറ്റിൽ നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്. നൂറുകണക്കിന് ആളുകൾ മരിച്ചതായും അനേകർക്കു പരിക്കേറ്റതായും അന്തർദേശീയ വാർത്താ ഏജൻസികൾ അറിയിച്ചു.
11 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും മരണസംഖ്യ ആയിരമെത്തിയേക്കാമെന്നു താൻ ഭയപ്പെടുന്നതായി ദ്വീപസമൂഹത്തിന്റെ പ്രിഫെക്റ്റ് ഫ്രാൻസ്വാസേവിയർ ബ്യൂവില്ലെ അറിയിച്ചു. മണിക്കൂറിൽ 226 കിലോമീറ്റർ വേഗത്തിലാണ് ഇന്നലെ ദ്വീപിൽ കാറ്റ് വീശിയത്.
90 വർഷത്തിനിടെ ഈ പ്രദേശത്തുണ്ടായ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണു ചിഡോ എന്നു പറയുന്നു. അതിശക്തമായ ചുഴലിക്കാറ്റിൽ വീടുകളും ആശുപത്രികളും സ്കൂളുകളും തകരുകയും മരങ്ങൾ പിഴുതെറിയപ്പെടുകയും ചെയ്തു.
വിമാനത്താവളം ഉൾപ്പെടെ ദ്വീപിലെ ഗതാഗത സംവിധാനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. വൈദ്യുതി വിതരണത്തിലെ തടസവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്. ഇവിടേക്കു രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്നു ഫ്രാൻസ് അറിയിച്ചു.
മൊസാംബിക്കിന്റെയും മഡഗാസ്കറിന്റെയും തീരങ്ങൾക്കിടയിലുള്ള ദ്വീപാണു മയോട്ടെ. 3,20,000 ത്തോളം പേരാണ് ദ്വീപിലെ താമസക്കാർ. മുന്നറിയിപ്പിന്റെ ഭാഗമായി ദ്വീപിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
|
ബൾഗേറിയയും റൊമാനിയയും ജനുവരി മുതൽ ഷെംഗൻ രാജ്യങ്ങളാകും
ബ്രസല്‍സ്: ബള്‍ഗേറിയയ്ക്കും റൊമാനിയയ്ക്കും ഷെംഗൻ അംഗത്വം ഉറപ്പാക്കി യൂറോപ്യൻ യൂണിയൻ (ഇയു). ജനുവരി ഒന്ന് മുതൽ ഇരുരാജ്യങ്ങളും അതിര്‍ത്തിയില്ലാത്ത ഷെംഗൻ സോണിലെ പൂര്‍ണ അംഗങ്ങളാകും.
യൂറോപ്യന്‍ യൂണിയന് ജസ്റ്റിസ് ആന്‍ഡ് ഹോം അഫയേഴ്സ് കൗണ്‍സില്‍ യോഗത്തിലാണ് ഇരുരാജ്യങ്ങൾക്കും പൂർണതോതിലുള്ള ഷെംഗൻ അംഗത്വം നൽകാൻ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ അനുമതി നല്‍കിയത്.
ഇരുരാജ്യങ്ങളുടെയും ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ടാണ് തീരുമാനം. കഴിഞ്ഞ മാര്‍ച്ച് 31 മുതല്‍ ഇരുരാജ്യങ്ങളും ഷെംഗന്‍ വീസകള്‍ നല്‍കുകയും ഇയു ഇതര യാത്രക്കാര്‍ക്ക് 90/180 വീസാ നിയമം ബാധകമാക്കുകയും ചെയ്തു.
റൊമാനിയയും ബള്‍ഗേറിയയും യൂറോപ്യന്‍ യൂണിയന് എന്‍ട്രി/എക്സിറ്റ് സിസ്റ്റം സ്വീകരിക്കും എന്നാണ് ഷെംഗൻ ഏരിയയിലേക്കുള്ള പൂര്‍ണമായ പ്രവേശനം അര്‍ഥമാക്കുന്നത്.
ബൾഗേറിയയിൽ 223.8 ദശലക്ഷവും റൊമേനിയയിൽ 19.06 ദശലക്ഷം ജനങ്ങളുമാണുള്ളത്. ചരിത്രപരമായ തീരുമാനം യൂറോപ്പിന്റെ അതിരുകളില്ലാത്ത യാത്രാ മേഖലയെയും ഇയു സമ്പദ് വ്യവസ്ഥയെയും എങ്ങനെ ബാധിക്കും എന്ന ചോദ്യം ഉയരുന്നുണ്ട്.
2011ല്‍ ഇരുരാജ്യങ്ങള്‍ക്കും പച്ചക്കൊടി കാട്ടിയിരുന്നെങ്കിലും ചില യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭരണം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ സംശയങ്ങള്‍ നിലനിന്നിരുന്നു.
ഓസ്ട്രിയ വീറ്റോ അധികാരം എടുത്തു കളഞ്ഞതിന് ശേഷമാണ് പുതിയ തീരുമാനം. കുടിയേറ്റത്തെയും അതിര്‍ത്തി സംരക്ഷണത്തെയും സംബന്ധിച്ച ആശങ്കകളെ തുടർന്നായിരുന്നു ഓസ്ട്രിയ എതിർപ്പു പ്രകടിപ്പിച്ചത്.
നവംബര്‍ അവസാനം, ഇയു കൗണ്‍സിലിന്റെ ഹംഗേറിയന്‍ പ്രസിഡന്‍സിയുടെ കീഴില്‍ ബുധാപെസ്റ്റില്‍ നടന്ന യോഗത്തില്‍, ഹംഗറി, ബള്‍ഗേറിയ, റൊമാനിയ, ഓസ്ട്രിയ എന്നിവയുടെ ഒരു "അതിര്‍ത്തി സംരക്ഷണ പാക്കേജ്' അംഗീകരിച്ചതോടെ കര അതിര്‍ത്തി പരിശോധനകള്‍ പിന്‍വലിക്കുന്നതിനും ബള്‍ഗേറിയയ്ക്കും വഴിയൊരുക്കി.
കൂടുതല്‍ സാമ്പത്തിക അവസരങ്ങള്‍
യൂറോപ്യന്‍ യൂണിയന്റെ കണ്‍സള്‍ട്ടേറ്റീവ് ബോഡിയായ യൂറോപ്യന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിറ്റി പറയുന്നത് ബള്‍ഗേറിയയ്ക്കും റൊമാനിയയ്ക്കും പൂര്‍ണമായ ഷെംഗൻ പദവി നല്‍കുന്നത് യൂറോപ്യന്‍ യൂണിയന് ഏകവിപണിക്ക് ഗുണം ചെയ്യുമെന്നാണ്.
യൂറോപ്യന്‍ യൂണിയനിലെ സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള പരിമിതികള്‍ യൂറോപ്യന്‍ യൂണിയന്റെ മത്സരത്തെ പ്രതികൂലമായി ബാധിക്കുകയും അതിന്റെ സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇരുരാജ്യങ്ങൾക്കും ഷെംഗൻ അംഗത്വം ലഭിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
ബള്‍ഗേറിയന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ സാമ്പത്തിക ഗവേഷണ സ്ഥാപനം നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ബള്‍ഗേറിയയുടെ ഷെംഗൻ ഏരിയയിലേക്കുള്ള ഭാഗികമായ പ്രവേശനം 834 ദശലക്ഷം യൂറോയുടെ വാര്‍ഷിക നഷ്ടത്തിന് കാരണമായി എന്നാണ്.
റൊമാനിയയിലെ കര അതിര്‍ത്തികളിലെ കാലതാമസം ഗതാഗത ഓപ്പറേറ്റര്‍മാര്‍ക്ക് 90 ദശലക്ഷം യൂറോയും വാര്‍ഷിക വരുമാനത്തില്‍ അധികമായി 2.32 ബില്യണ്‍ യൂറോയും നഷ്ടമാകുമെന്ന് കണക്കാക്കപ്പെടുന്നു.
|
സ്വരലയ സ്കൂള്‍ ഓഫ് മ്യൂസിക് വാര്‍ഷികം ആഘോഷിച്ചു
അന്റമേരെ: സ്വരലയ സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ മൂന്നാം വാര്‍ഷിക ദിനാഘോഷം സ്വരക്ഷര 24 എന്ന പേരില്‍ അല്‍മേറിലെ കുന്‍സ്റ്റലിനി തിയറ്ററില്‍ നടന്നു. 800 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
ഇന്ത്യന്‍ എംബസിയുടെ പ്രതിനിധിയും കോണ്‍സുലര്‍ ഇന്‍ ചാര്‍ജുമായ രാജേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരായ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. വിവിധ കമ്യൂണിറ്റി സംഘടനകളില്‍ നിന്നുള്ള നേതാക്കള്‍, വനിതാ സംരംഭക കൗണ്‍സിലുകളുടെ മേധാവികള്‍, മറ്റ് സാമൂഹ്യ സാംസ്കാരിക പ്രമുഖര്‍ എന്നിവരും പങ്കെടുത്തു.
കല്യാണ്‍ ഗ്രൂപ്പ്, അഞ്ജപ്പര്‍, കൈലാഷ് പര്‍ബത്ത് തുടങ്ങിയ പ്രമുഖ റസ്റ്ററന്റ് ശൃംഖലകള്‍ ഉള്‍പ്പെടെ നിരവധി സ്പോണ്‍സര്‍മാരുടെ പിന്തുണയോടെയാണ് ആഘോഷം നടന്നത്. ദമ്പതികളായ രാമകൃഷ്ണനും വന്ദനയും ചേര്‍ന്ന് അഞ്ച് വര്‍ഷം മുൻപാണ് സ്വരലയ സ്കൂള്‍ ഓഫ് മ്യൂസിക് സ്ഥാപിച്ചത്.
കര്‍ണാടിക് ഹിന്ദുസ്ഥാനി സംഗീതങ്ങളില്‍ പരിചയസമ്പന്നരായ ഇരുവരും സമാന താത്പര്യങ്ങള്‍ പങ്കിടുന്ന മറ്റുള്ളവര്‍ക്കും, പുതു തലമുറയ്ക്കും ശാസ്ത്രീയ സംഗീതത്തോടുള്ള അവരുടെ അറിവും സ്നേഹവും പ്രചരിപ്പിക്കുക എന്ന ആശയത്തിലാണ് സ്കൂള്‍ ആരംഭിച്ചത്.
|
ഫ്രൻസ്വാ ബെയ്റു ഫ്രഞ്ച് പ്രധാനമന്ത്രി
പാരീസ്: ഫ്രാൻസിൽ മുതിർന്ന രാഷ്ട്രീയ നേതാവ് ഫ്രൻസ്വാ ബെയ്റുവിനെ പ്രധാനമന്ത്രിയാക്കാൻ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തീരുമാനിച്ചു. 73 വയസുള്ള ബെയ്റുവിന് രാഷ്ട്രീയത്തിലുള്ള തഴക്കവും പഴക്കവും സ്ഥിരതയുള്ള ഭരണം കാഴ്ചവയ്ക്കാൻ സഹായിച്ചേക്കും.
മക്രോൺ നേതൃത്വം നല്കുന്ന രാഷ്ട്രീയസഖ്യത്തിന്റെ ഭാഗമായ ഡെമോക്രാറ്റിക് മൂവ്മെന്റ് പാർട്ടിക്കാരനാണ് ബെയ്റു. സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ വിവിധ കക്ഷികളുമായി അദ്ദേഹം ചർച്ച നടത്തും.
ബജറ്റ് പാസാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകൾക്കൊടുവിൽ മുൻ പ്രധാനമന്ത്രി മിഷേൽ ബാർണിയേ അവിശ്വാസത്തിൽ തോറ്റ് രാജിവയ്ക്കുകയായിരുന്നു. പാർലമെന്റിൽ നിലവിൽ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല.
|
തൂമഞ്ഞു പെയ്യുന്ന പാതിരാവിൽ...; യുകെ മലയാളികളുടെ ക്രിസ്മസ് ഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
ലണ്ടൻ: യുകെ മലയാളികളുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട് തൂമഞ്ഞു പെയ്യുന്ന പാതിരാവിൽ... എന്ന ക്രിസ്മസ് ഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു. ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്കു ഈണം നൽകിയത് ഗോഡ്വിൻ തോമസാണ്.
ബിനോയ് ജോസഫ് നിർമിച്ച ഈ ഗാനത്തിൽ കാമറ ജെയ്ബിൻ തോളത്ത്, എഡിറ്റിംഗ് അരുൺ കൂത്താടത്, ഓർക്കസ്ട്രേഷൻ ഷാൻ ആന്റണി പാടിയത് മരിയ ഡാവിനാ എന്നിവരാണ്.
ഷൈൻ മാത്യു, ഏബിൾ എൽദോസ്, ജിയോ ജോസഫ് ഷിജോ ജോസ്, അഭിലാഷ് ആന്റണി, രതീഷ് തോമസ് ബിജു തോമസ്, ബിബിൻ ബേബി, അന്ന ജോസഫ് കുന്നേൽ,
ബിജി ബിജു, സീനിയ ബോസ്കോ അശ്വതി മരിയ, ഐവി അബ്രഹം, രേഷ്മ സാബു, മെറിൻ ചെറിയാൻ, ഡാലിയ സജി തുടങ്ങിയ കുട്ടികളും വിഡിയോ ഗാനത്തിൽ പങ്കാളികളായി.
|
മോസ്റ്റ് ഫേവേർഡ് നേഷൻ: ഇന്ത്യയെ ഒഴിവാക്കി സ്വിറ്റ്സർലൻഡ്
ന്യൂഡൽഹി: ഇരട്ട നികുതി ഒഴിവാക്കാൻ വ്യവസ്ഥ ചെയ്യുന്ന അധിക സൗഹൃദ പദവിയിൽ (മോസ്റ്റ് ഫേവേർഡ് നേഷൻ) സ്വിറ്റ്സർലൻഡ് ഇന്ത്യയെ ഒഴിവാക്കി.
അധിക സൗഹൃദ പദവിയിൽനിന്ന് ഒഴിവാക്കിയതു സ്വിറ്റ്സർലൻഡിന്റെ ഇന്ത്യയിലേക്കുള്ള നിക്ഷേപത്തെ ബാധിക്കും. യൂറോപ്യൻ യൂണിയനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കന്പനികൾക്ക് അധിക നികുതി വരുകയും ചെയ്യും.
ഏതെങ്കിലും രാജ്യവുമായി ഇന്ത്യ വാണിജ്യക്കരാർ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ സാന്പത്തിക സഹകരണ സംഘടനയിൽ ചേർന്നതുകൊണ്ടുമാത്രം അധിക സൗഹൃദരാജ്യ പദവി ലഭിക്കില്ലെന്നു സുപ്രീംകോടതി അടുത്ത നാളിൽ വിധിച്ചിരുന്നു.
ഈ വിധിയുടെ അടിസ്ഥാനത്തിലാണു തീരുമാനമെടുത്തതെന്നു സ്വിസ് ധനകാര്യ വകുപ്പ് കഴിഞ്ഞ 11ന് വ്യക്തമാക്കി.
|
ഗുരുതരാവസ്ഥയിലായിരുന്ന എറണാകുളം സ്വദേശി നാടണഞ്ഞു; കെെത്താങ്ങായി അലിക് ഇറ്റലി
റോം: ഇറ്റലിയിലെ മലയാളി സംഘടനയായ അലിക് ഇറ്റലിയുടെ നേതൃത്വത്തിൽ റോമിലെ മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെ ആറു മാസം മുൻപ് നാപോളിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മസ്തിഷ്ക ആഘാതം വന്ന് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന എറണാകുളം കാഞ്ഞൂർ സ്വദേശി സുബിൻ പുത്തൻപുരക്കലിനെ ഡോക്ടർമാരുടേയും വിദഗ്ധരുടേയും നിർദേശപ്രകാരം നാട്ടിലെത്തിച്ചു.
വിമാനത്തിൽ പ്രത്യേക രീതിയിൽ കിടത്തി കൊണ്ടുപോകുന്നതിന് സീറ്റുകൾ ക്രമീകരിച്ചാണ് നാട്ടിൽ എത്തിച്ചത്. വിമാനത്തിൽ രോഗിയെ കൊണ്ടുപോകുന്നതിന് വിദഗ്ധനായ ഇറ്റാലിയൻ ഡോക്ടർ, മലയാളി നഴ്സ് ജെറ്റി, സുബിന്റെ ഭാര്യ സബിത എന്നിവരുടെ പരിചരണം ഉണ്ടായിരുന്നു.
നാപോളിയിൽ നിന്നു അംബുലൻസിൽ റോമിലെ ഫുമിച്ചിനോ എയർപോർട്ടിലെത്തിയ സുബിനെ വിമാനത്തിൽ കൊണ്ടു പോകാൻ വേണ്ട സഹായങ്ങൾക്ക് അലിക് കമ്മിറ്റിയുടെ ഭാരവാഹികളായ പ്രസിഡന്റ് ഷൈൻ റോബോർട്ട് ലോപ്പസും സെക്രട്ടറി തോമസ് ഇരുമ്പനു, ഭാരവാഹികളായ ജിൻസൺ പലാട്ടി, നിശാന്ത് ശശീന്ദ്രൻ, ജെജി മാന്നാർ, സുനിൽ, ഓഡിറ്റർമാരായ ജോസ് മോൻ കമ്മിട്ടിൽ, ഹാമിൽട്ടൺ മറ്റ് കൂട്ടായ്മകളുടെ ഭാരവാഹികളായ ജീസ് മോൻ എന്നിവരും മലയാളികളും ഉണ്ടായിരുന്നു.
റോമിലെ ഇന്ത്യൻ എംബസി അധികൃതർ ഇറ്റാലിയൻ ഡോക്ടർമാർക്ക് വേണ്ട ഇന്ത്യൻ വീസ വേഗത്തിൽ ലഭിക്കാൻ സഹായിച്ചു. കൊച്ചിയിൽ അലിക് ഇറ്റലിയുടെ ട്രഷറർ ഗോപകുമാർ എല്ലാ സഹായങ്ങൾക്കും ഉണ്ടായിരുന്നു.
സുബിനെ അവിടെ നിന്നും ആയൂർവേദ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. ഈ ലക്ഷ്യം സഫലികരിക്കാൻ സഹായിച്ച റോമിലുള്ള എല്ലാ അസോസിയേഷൻ ഭാരവാഹികളെയും വാട്സ്ആപ് കൂട്ടായ്മകളെയും അലിക് ഇറ്റലിയുടെ ഭാരവാഹികളെയും മലയാളികളെയും പ്രസിഡന്റ് ഷൈൻ റോബോർട്ട് ലോപ്പസ് കമ്മിറ്റിക്ക് വേണ്ടി നന്ദി അറിയിച്ചു.
|
കൈരളി യുകെ ആരവം: ഹംദാൻ റസൂൽ റെഫിന് റുബികിസ് ക്യൂബ് ചാമ്പ്യൻ
ലണ്ടൻ: കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് സംഘടിപ്പിച്ച ആരവം 2024 പരിപാടിയുടെ ഭാഗമായി ആറുമുതൽ പതിനാറു വയസുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച റുബികിസ് ക്യൂബ് മത്സരം പരിപാടിയെ ആവേശത്തിന്റെ പുതിയ ഉയരങ്ങളിലേക്കെത്തിച്ചു.
ആവേശകരമായ മത്സരം പരിപാടിയുടെ മുഖ്യ ആകർഷണമായി മാറി. കാണികളിൽ ആകാംക്ഷ നിറച്ച, മില്ലിസെക്കൻഡുകളുടെ വ്യത്യാസത്തിൽ മാത്രം വിജയിയെ തെരഞ്ഞെടുത്ത ഫൈനൽ മത്സരത്തിൽ സ്പാൽഡിംഗ് ഗ്രാമർ സ്കൂളിലെ ഇയർ എട്ട് വിദ്യാർഥിയായ ഹംദാൻ റസൂൽ റെഫിന് 21.055 സെക്കൻഡിൽ ക്യൂബ് സോൾവ് ചെയ്തു ഒന്നാം സ്ഥാനവും.
22.00 സെക്കൻഡിൽ ക്യൂബ് സോൾവ് ചെയ്ത ചെറിഹിന്റൺ ചർച്ച് ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്കൂളിലെ ഇയർ ആറ് വിദ്യാർഥിയായ നേഥൻ സുസുക്കി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കുറഞ്ഞ സമയത്തിൽ റുബിക് ക്യൂബ് സോൾവ് ചെയ്തു കൈരളി ക്യൂബ് ചാമ്പ്യൻ 2024 കരസ്ഥമാക്കിയ ഹംദാന്‍ ലോയൽറ്റി ഫൈനാൻഷ്യൽ സൊല്യൂഷൻസ് സിഇഒ സോണി ജോർജ് സമ്മാനദാനം നിർവഹിച്ചു.
ആരവം 2024 ഭാഗമായി റുബികിസ് ക്യൂബ് മത്സരത്തിന് പുറമെ പ്രായ ഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുന്ന ചെസ്, കാരംസ്, ചിത്രരചന, കുട്ടികൾക്കായി സംഘടിപ്പിച്ച സയൻസ് ക്വിസ്, ഇതിനു പുറമെ കൈരളി സയൻസ് ആൻഡ് സൊസൈറ്റിയുടെ ഭാഗമായി കുട്ടികൾക്കുവേണ്ടി നടത്തുന്ന കോഡിംഗ് ക്ലബിന്റെ പദ്ധതികൾ വിശദീകരിക്കാനായി പ്രത്യേക സ്റ്റാളും പ്രവർത്തിച്ചു.
കോഡിംഗ് ക്ലബ് പ്രവർത്തകരായ യൂസഫ് സൈത്, രഞ്ജിനി ചെല്ലപ്പൻ എന്നിവർ കുട്ടികളെ പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഗെയിം ഡെവലൊപ്മെന്റ് എന്നീ മേഖലകളുടെ സാധ്യതകളെ കുറിച്ചും കൈരളി കേംബ്രിഡ്ജ് യൂണിറ്റിന്റെ വരാനിരിക്കുന്ന കോഡിംഗ് ക്ലബ് പരിപാടികളെക്കുറിച്ചും അവബോധരാക്കി.
കുട്ടികൾക്ക് സ്റ്റാളിൽ വരുവാനും സ്വന്തമായി കോഡുകൾ എഴുതുവാനും അവ പ്രവർത്തിപ്പിച്ചു നോക്കുവാനുമുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നത് കുട്ടികളെയും മാതാപിതാക്കളെയും ഒരുപേലെ സ്റ്റാളിലേക്കു ആകർഷിച്ചു.
കുട്ടികളോടൊപ്പം കോഡുകൾ എഴുതി വളരെ കൗതുകത്തോടെ റോബോട്ടുകളെ ചലിപ്പിച്ച മാതാപിതാക്കൾ കുട്ടികളോടൊപ്പം തന്നെ ആവേശത്തോടെ കോഡ് ക്ലബിന്റെ ഭാഗമായി.
കുട്ടികൾക്ക് വേണ്ടി നടത്തിയ സയൻസ് ക്വിസ് വിജയികളായ അഥർവ്, ഈഥൻ എന്നിവർക്ക് കൈരളി സയൻസ് ആൻഡ് സൊസൈറ്റി ഭാരവാഹിയായ രഞ്ജിനി ചെല്ലപ്പൻ ഉപഹാരങ്ങൾ നൽകി.
കൈരളി യുകെയുടെ വിശപ്പുരഹിത ക്രിസ്മസ് എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഭ കേശവൻ മെമ്മോറിയൽ ഫുഡ് ബാങ്കിലേക്ക് അവശ്യ ഭക്ഷണ സാമഗ്രികളുടെ ശേഖരണവും ആരവം 2024 ഭാഗമായി നടന്നു.
എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള രസകരമായ തംബോലയും കരോക്കെ മ്യൂസിക് സ്റ്റേഷനും ചായസത്കാരവും പരിപാടിയെ കൂടുതൽ ഹൃദ്യമാക്കി. ഇതോടൊപ്പം തന്നെ നടത്തിയ നറുക്കെടുപ്പിൽ ഭാഗ്യശാലികളായവർക്കു കൈരളി കേംബ്രിഡ്ജ് ഭാരവാഹികളായ വിജയ് ബോസ്കോ ജോൺ, ജെറി വല്യാറ എന്നിവർ സമ്മങ്ങൾ കൈമാറി.
യൂണിറ്റ് ട്രെഷറർ ബിജോ ലൂക്കോസ് , സാബു പൗലോസ് എന്നിവരുടെ മേൽനോട്ടത്തിൽ ഔപചാരികതകൾ ഒന്നും കൂടാതെ നടത്തിയ ആരവം 2024 പങ്കെടുത്ത എല്ലാവർക്കും വേറിട്ടൊരു അനുഭവമായി മാറി.
|
ദണ്ഡിയാത്രയിൽ മഹാത്മാഗാന്ധി ധരിച്ച പൂമാല ലേലത്തിന്
ലണ്ടൻ: 1930ലെ ദണ്ഡിയാത്രയിൽ മഹാത്മാഗാന്ധി ധരിച്ചിരുന്ന പൂമാല ലണ്ടനിൽ ലേലത്തിനുവച്ചു. യുകെയിൽ നടന്ന ലേലത്തിൽ നിശ്ചയിച്ച 2030,000 പൗണ്ട് നേടാൻ കഴിയാതിരുന്നതിനെത്തുടർന്നാണ് തുറന്ന ലേലത്തിനു വച്ചിട്ടുള്ളത്.
അഹമ്മദാബാദിനു സമീപത്തുകൂടെ നടന്ന ഉപ്പുസത്യഗ്രഹ മാർച്ചിൽവച്ച് ഗാന്ധിജിയുടെ കുടുംബഡോക്ടറായിരുന്ന ഡോ. ബൽവന്ത് റായി എൻ. കനുഗയാണ് മാല സമ്മാനിച്ചത്. ഡോക്ടറുടെ ഭാര്യ നന്ദുബെൻ കനുഗയാണ് ഗാന്ധിജിക്കു മാല ചാർത്തിയത്.
ലണ്ടനിൽ ഇസ്ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് വില്പനയിൽ ലയോൺ ആൻഡ് ടേൺബുള്ളാണ് മാല വില്പനയ്ക്കു വച്ചത്.
|
തിരുപ്പിറവിരംഗവും ക്രിസ്മസ് ട്രീയും വത്തിക്കാനില്‍ അനാവരണം ചെയ്തു
വത്തിക്കാന്‍ സിറ്റി: ക്രിസ്മസിനോടനുബന്ധിച്ചുള്ള തിരുപ്പിറവി രംഗവും ക്രിസ്മസ് ട്രീയും വത്തിക്കാനില്‍ അനാവരണം ചെയ്തു. തടാകത്തിന് നടുവില്‍ മുക്കുവരുടെ ചെറുകുടിലില്‍ ഉണ്ണിയേശുവും മാതാവും യൗസേപ്പിതാവും അടങ്ങുന്ന തിരുക്കുടുംബത്തിന് വാസസ്ഥലം ഒരുക്കിയും വള്ളത്തില്‍ ഉണ്ണിയേശുവിനെ സന്ദര്‍ശിക്കാന്‍ വരുന്ന പൂജരാക്കന്മാരെയും അവതരിപ്പിച്ചാണ് ഇത്തവണ തിരുപ്പിറവിരംഗം കമനീയമാക്കിയത്.
അഡ്രിയാറ്റിക്ക് കടലില്‍ വെനീസിനും ട്രിയസ്റ്റെക്കും ഇടയിലുള്ള തടാകക്കരയിലെ ഗ്രാഡോ നഗര നിവാസികളാണ് ദൃശ്യാവിഷ്ക്കാരത്തിന്റെ നിര്‍മിതിക്ക് സഹായിച്ചത്. ഇവിടെ ഏകദേശം 8,000 ആളുകളാണ് വസിക്കുന്നത്. ആന്‍ഡ്രിയ ഡി വാള്ഡര്സ്റ്റെെന് ആണ് തിരുപ്പിറവി രംഗത്തിന്റെ ഡിസൈനറും കണ്‍സ്ട്രക്ഷന്‍ മാനേജരും.
ദൈവരാജ്യം സ്ഥാപിക്കാനായി ദൈവം ഭൂമിയില്‍ ജനിച്ച ക്രിസ്മസിന്റെ മനോഹാരിത അടയാളപ്പെടുത്തുന്നതാണ് ദൃശ്യാവിഷ്ക്കാരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അതേസമയം വത്തിക്കാന്‍ ചത്വരത്തില്‍ സ്ഥാപിച്ച 29 മീറ്റര്‍ ഉയരമുള്ള ഫിര്‍ ക്രിസ്മസ് ട്രീ യേശു കേന്ദ്രസ്ഥാനത്തുള്ള സഭയുടെ പ്രതീകമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ക്രിസ്മസിനെ മോടിയാക്കാന്‍ വത്തിക്കാന്റെ വിവിധയിടങ്ങളില്‍ പലസ്തീനിലെ കലാകാരന്മാര് നിര്‍മ്മിച്ച പുല്‍ക്കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.
|
ജോയ് ടു ദ വേൾഡ് കരോൾ ഗാനമത്സരം: കിരീടം ചൂടിയത് ബിർമിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോമലബാർ മിഷൻ
കവൻട്രി: കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം ടിവിയും ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദ വേൾഡ് എക്യൂമെനിക്കൽ കരോൾ ഗാന മത്സരത്തിന്റെ ഏഴാം പതിപ്പിൽ നിറഞ്ഞു നിന്നത് സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ക്രിസ്മസ് കിരണങ്ങൾ.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ പള്ളികളെയും സംഘടനകളെയും ക്വയർ ഗ്രൂപ്പുകളെയും പ്രതിനിധീകരിച്ചു എത്തിയ ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ കിരീടം ചൂടിയത് ബിർമിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോമലബാർ മിഷൻ.
ഹെർമോൻ മാർത്തോമ്മാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും കവൻട്രി സെന്റ് ജോസഫ് സീറോമലബാർ മിഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനായ് മാർത്തോമാ ചർച്ച് ലണ്ടൻ നാലാം സ്ഥാനവും സഹൃദയ ടൺബ്രിഡ്ജ് വെൽസ് അഞ്ചാം സ്ഥാനവും നേടി.
ഏറ്റവും നല്ല അവതരണത്തിനുള്ള "ബെസ്റ്റ് അപ്പിയറൻസ്’ അവാർഡിന് ലെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് അർഹരായി. ഒന്നാം സ്ഥാനം നേടിയ ടീമിന് ആയിരം പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനം നേടിയ ടീമിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം നേടിയ ടീമിന് ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും നാലും അഞ്ചും സ്ഥാനത്തെത്തിയവർക്ക് ട്രോഫികളും സമ്മാനിച്ചു.
കവൻട്രി സെന്റ് ജോൺ വിയാനി കാത്തലിക് ചർച്ച് വികാരി റവ. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ ’ജോയ് ടു ദി വേൾഡ് ഏഴ്’ന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. ഈ വർഷത്തെ പ്രോഗ്രാമിന്റെ വിശിഷ്ടാതിഥിയായി പങ്കെടുത്തു ആശംസകൾ അർപ്പിച്ചത് യുകെ മലയാളികളുടെ അഭിമാനമായി മാറിയ റോയൽ കോളേജ് ഓഫ് നഴ്സിംഗിന്റെ (ആർസിഎൻ) പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ ആയിരുന്നു.
സ്റ്റോക്ക്ഓൺട്രെന്റ് സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. ടോം ജേക്കബ് ക്രിസ്മസ് സന്ദേശം നൽകി. കരോൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി.
മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് റവ. ഫാ. ടോം ജേക്കബ്, ശ്രീ ബിജോയ് സെബാസ്റ്റ്യൻ, അഡ്വ. ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ, ദീപേഷ് സ്കറിയ, മനോജ് തോമസ്, ജോമോൻ കുന്നേൽ, ബിനു ജോർജ്, സുനീഷ് ജോർജ്, ജോയ് തോമസ്, ജോഷി സിറിയക്, സുമി സണ്ണി, പ്രവീൺ ശേഖർ, ടെസ്സ ജോൺ, ജെയ്സ് ജോസഫ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ജോയ് ടു ദ വേൾഡിന്റെ എട്ടാം സീസൺ 2025 ഡിസംബർ ആറിനു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
|
ജർമനിയിൽ സ്വർണത്തിൽ പൊതിഞ്ഞ് ക്രിസ്മസ് ട്രീ; ഭാരം 60 കിലോഗ്രാം
മ്യൂണിച്ച്: ക്രിസ്മസ് കാലം ആഘോഷമാക്കാൻ ജർമനിയിലെ മ്യൂണിച്ച് നഗരത്തിൽ തയാറാക്കിയ ക്രിസ്മസ് ട്രീ ലോകശ്രദ്ധ നേടി. മ്യൂണിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോ ഓറം എന്ന സ്വർണക്കമ്പനിയാണ് ട്രീ തയാറാക്കിയിരിക്കുന്നത്.
60 കിലോഗ്രാം ഭാരവും പത്തടിയോളം ഉയരമുള്ള ക്രിസ്മസ് ട്രീ സ്വര്‍ണം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ട്രീക്ക് മുകളില്‍ സ്റ്റാറിന് പകരമായി സ്വര്‍ണനാണയമാണ് ഉപയോഗിച്ചിരിക്കുന്നത്.
കന്പനിയുടെ മുപ്പത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഏകദേശം 46 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ഉപയോഗിച്ചുള്ള ട്രീ നിർമിച്ചതെന്നു മാനേജ്മെന്റ് പറഞ്ഞു. സ്വർണത്തിൽതീർത്ത 2,024 ഫിൽഹാർമോണിക് നാണയങ്ങൾ ട്രീ ഉണ്ടാക്കാൻ ഉപയോഗിച്ചു.
എന്നാൽ, ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ ഇതല്ല. 2010ൽ അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലിൽ 11 മില്യൺ ഡോളർ ചെലവഴിച്ചു നിർമിച്ച ക്രിസ്മസ് ട്രീക്കാണ് അതിന്റെ ക്രെഡിറ്റ്.
വജ്രങ്ങളും മുത്തുകളും രത്നങ്ങളും ഉപയോഗിച്ച് തയാറാക്കിയ ഈ ക്രിസ്മസ് ട്രീ ഗിന്നസ് വേള്‍ഡ് റിക്കാർഡും സ്വന്തമാക്കിയിട്ടുണ്ട്.
|
മാർപാപ്പയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി കൊടിക്കുന്നിൽ സുരേഷ്
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിലെ സെന്റ്പീറ്റേഴ്സ് ബസലിക്കയിൽ സന്ദർശിച്ച് അനുഗ്രഹം ഏറ്റുവാങ്ങി കൊടിക്കുന്നിൽ സുരേഷ് എംപി.
കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ അഭിഷേകവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ വീക്ഷിക്കുവാനും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുന്നതിനുമായി ഭാരത് സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘാംഗം ആയിട്ടാണ് കൊടിക്കുന്നിൽ സുരേഷ് വത്തിക്കാനിൽ എത്തിയത്.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കുന്നതിനുള്ള ക്ഷണം അറിയിച്ച കൊടിക്കുന്നിൽ കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ ആശംസയും അറിയിച്ചു. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച അങ്ങേയറ്റം ഹൃദ്യവും അവിസ്മരണീയവും ആയിരുന്നു എന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പിതാവും കൊടിക്കുന്നിലിനൊപ്പം ഉണ്ടായിരുന്നു.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപത ആധ്യാത്മിക വർഷാചരണം: മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായുള്ള മൂന്നാം വർഷമായ ആധ്യാത്മിക വർഷാചരണം ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു.
ഡിസംബർ ഒന്ന് മുതൽ 2025 നവംബർ 29 വരെ ആചരിക്കുന്ന ആധ്യാത്മിക വർഷാചരണത്തിൽ നടപ്പിലാക്കേണ്ട കർമ പദ്ധതികളെക്കുറിച്ച് രൂപത അംഗങ്ങൾക്കായി മാർ ജോസഫ് സ്രാമ്പിക്കൽ പ്രത്യേക സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.
പൗരസ്ത്യ സുറിയാനി ആധ്യാത്മിക സമ്പത്തിന്റെ അവകാശികൾ എന്ന നിലയിൽ ദൈവത്തിന് നന്ദി പറയുവാനും തനതായ ആധ്യാത്മിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തുവാനും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ഈ കാലയളവിൽ ഈ മാസം 18 മുതൽ 2025 നവംബർ 29 വരെയുള്ള കാലയളവിൽ അഖണ്ഡ ബൈബിൾ പാരായണം, എല്ലാ ദിവസവും രൂപത ഒന്നാകെ പങ്കുചേരാവുന്ന തരത്തിൽ സൂം പ്ലാറ്റഫോമിൽ ക്രമീകരിച്ചിട്ടുള്ള യാമ പ്രാർഥനകളിലുള്ള പങ്കുചേരൽ, കൂദാശകളിലൂടെയുള്ള കൃപാവരം സ്വീകരിക്കൽ, തപസ് ചൈതന്യമുള്ള ആത്മീയ ജീവിതം ശീലിക്കുക,
പൗരസ്ത്യ ആധ്യാത്മികത പഠിക്കുവാനും അറിയുവാനും സഹായിക്കുവാൻ മുൻ വർഷങ്ങളിലേത് പോലെ തന്നെ ഉർഹ ഫാമിലി ക്വിസ് 2025 എന്നിങ്ങനെയുള്ള വിവിധ കർമ പദ്ധതികൾ ആണ് ആധ്യാത്മിക വർഷത്തോട് അനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നത്.
ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിൽ നടന്ന ആധ്യാത്മിക വർഷത്തിന്റെ ഉദ്ഘാടനത്തിൽ രൂപത പാസ്റ്ററൽ കോഓർഡിനേറ്റർ റവ.ഡോ. ടോം ഓലിക്കരോട്ട്, വികാരി റവ. ഫാ. ജെയിംസ് കോഴിമല എന്നിവർ പ്രസംഗിച്ചു.
|
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രവാസികളുടെ സ്നേഹോപഹാരം; ഏലയ്ക്കാ മാല സമ്മാനിച്ചു
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് സ്നേഹോപഹാരം സമർപ്പിച്ച് പ്രവാസികൾ. ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം, മുൻ അതിരൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരക്കൽ എന്നിവർ ചേർന്ന് പ്രവാസികളുടെ സ്നേഹോപഹാരമായി ഏലയ്ക്കാ മാല മാർപ്പാപ്പയെ അണിയിച്ചു.
കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട മാർ ജോർജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനാണ് ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ ഭാഗമായി പ്രതിനിധി സംഘം വത്തിക്കാനിലെത്തിയത്.
നാട്ടിൽ നിന്നുള്ള 31 പേരുൾപ്പടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് 62 പേരാണ് പ്രവാസി അപ്പോസ്തലേറ്റിന്റെ സംഘത്തിലുണ്ടായിരുന്നത്. മടക്കയാത്രയ്ക്ക് മുൻപ് ഈ ലോക ജീവിതത്തിൽ ലഭിച്ച ഏറ്റവും അസുലഭ സൗഭാഗ്യമാണ് മാർപാപ്പയെ നേരിട്ട് അടുത്ത് കാണാനും ഹാരാർപ്പണം നടത്താനും സാധിച്ചതെന്ന് ഫാ. റ്റെജി പുതുവീട്ടിൽക്കളം അറിയിച്ചു.
മാർ ജോർജ് കൂവക്കാട്ടിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പരിശുദ്ധ പിതാവ് വ്യക്തിപരമായി ആശീർവാദം നൽകി. ദീർഘനാൾ പ്രവാസിയായി ജീവിച്ച് പ്രവാസ ജീവിതത്തിന്റെ എല്ലാ വിഷമങ്ങളും അനുഭവിച്ച് എന്നും പ്രവാസികളുടെ കാര്യങ്ങളിൽ ശ്രദ്ധാലുവായിരുന്ന കർദിനാൾ കൂവക്കാട്ട്, ആഗോള സഭയുടെ രാജകുമാരനായി ഉയർത്തപ്പെടുന്ന ചടങ്ങ് വളരെ ആവേശത്തോടും ഭക്തിയോടും കൂടിയാണ് ലോകം മുഴുവനുമുള്ള പ്രവാസികൾ വീക്ഷിച്ചത്.
ചടങ്ങുകൾ മുഴുവൻ തത്സമയം കണ്ടും സാമൂഹിക മാധ്യമങ്ങളിൽ ആശംസ അറിയിച്ചും അവർ തങ്ങളുടെ സ്നേഹവും സന്തോഷവും പങ്കുവച്ചു.
|
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ 14ന്
ബർമിംഗ്ഹാം: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച മലയാളം ബൈബിൾ കൺവൻഷൻ 14ന് ബർമിംഗ്ഹാമിലെ ബെഥേൽ സെന്ററിൽ നടക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും.
പ്രമുഖ വചന പ്രഘോഷകൻ ഫാ. ബിനോയ് കരിമരുതുങ്കൽ, ഫാ. ഷൈജു നടുവത്താനിയിൽ എന്നിവർ കൺവൻഷൻ നയിക്കും. അഞ്ച് വയസുമുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലിഷിലോ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യം എന്നിവയും കൺവൻഷന്റെ ഭാഗമായി ഉണ്ടായിരിക്കും.
ശുശ്രൂഷകൾ രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം നാലിന് സമാപിക്കും. കൺവൻഷനിൽ കുട്ടികൾക്കും കൗമാരപ്രായക്കാർക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിംഗ്ഡം, ടീൻസ് ഫോർ കിംഗ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും ഉണ്ടായിരിക്കും.
ഇംഗ്ലീഷ്, മലയാളം ബൈബിൾ, മറ്റ് പ്രാർഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എൽഷദായ് ബുക്ക് മിനിസ്ട്രിയും കൺവൻഷനിൽ പ്രവർത്തിക്കും. ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി ജോർജ് 07878 149670, ജോൺസൺ 44 7506 810177, അനീഷ് 07760 254700, ബിജുമോൻ മാത്യു 07515 368239.
വാഹനയാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: ജോസ് കുര്യാക്കോസ് 07414 747573, ബിജുമോൻ മാത്യു 07515 368239.
|
കരോൾ ഗാനമത്സരം: ഒന്നാം സ്ഥാനം ഓക്സ്ഫോർഡ് കർദിനാൾ ന്യൂമാൻ മിഷന്
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കമ്മീഷൻ ഫോർ ചർച്ച് ക്വയറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് കരോൾ ഗാനമത്സരത്തിൽ "കൻദിഷ്' ഒന്നാം സ്ഥാനം ഓക്സ്ഫോർഡ് കർദിനാൾ ന്യൂമാൻ മിഷൻ കരസ്ഥമാക്കി.
രണ്ടാം സ്ഥാനം മാൻസ് ഫീൽഡ് ആൻഡ് സട്ടൻ മാർ യൗസേഫ് കമ്മ്യൂണിറ്റിയും മൂന്നാം സ്ഥാനം ലിവർപൂൾ മാർ സ്ലീവാ മിഷനും കരസ്ഥമാക്കി. ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി ഹാളിൽ നടന്ന കരോൾ ഗാന മത്സരത്തിൽ രൂപതയുടെ വിവിധ ഇടവക മിഷനുകളെ പ്രതിനിധീകരിച്ച് പതിനാല് ടീമുകൾ ആണ് പങ്കെടുത്തത്.
വിജയികൾക്ക് രൂപത ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട് കാഷ് പ്രൈസും സമ്മാനങ്ങളും വിതരണം ചെയ്തു. കമ്മീഷൻ ഫോർ ചർച്ച് ക്വയർ ചെയർമാൻ റവ. ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ, ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വികാരി റവ. ഫാ. ഹാൻസ് പുതിയകുളങ്ങര, കോഓർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ, കമ്മീഷൻ ഫോർ ക്വയർ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വിമൻസ് ഫോറം അംഗങ്ങൾ, പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവരും പരിപാടിയുടെ സുഗമമായ നടത്തിപ്പിന് സഹായകമായി.
|
യുകെയിൽ നഴ്സ് (സൈക്യാട്രി) ഒഴിവുകൾ
തിരുവനന്തപുരം: യുകെ മെന്റൽ ഹെൽത്ത് സ്പെഷാലിറ്റിയിൽ നഴ്സ് (സൈക്യാട്രി) തസ്തികയിലേക്കുളള ഒഴിവുകളിലേക്കു നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബിഎസ്സി നഴ്സിംഗ് / ജിഎൻഎം വിദ്യാഭ്യാസയോഗ്യതയും ഐഇഎൽടിഎസ്/ ഒഇടി യുകെ സ്കോറും മെന്റൽ ഹെൽത്തിൽ സിബിടി യോഗ്യതയും നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
സൈക്യാട്രി സ്പെഷാലിറ്റിയിൽ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തിപരിചയവും വേണം. uknhs.norka @kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, ഒഇടി/ ഐഇഎൽടിഎസ് സ്കോർ കാർഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം 20 നകം അപേക്ഷ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് 04712770536, 539, 540, 577 എന്നീ നന്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.
|
ബ്ലാക്റോക്കിൽ ക്രിസ്മസ് ആഘോഷം 28ന്
ഡബ്ലിൻ: ബ്ലാക്റോക്കിൽ ഈ മാസം 28ന് ക്രിസ്മസ് ന്യൂഇയർ ആഘോഷപരിപാടി നടക്കും. സെന്റ് ജോസഫ്സ് കുർബാന സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞു മൂന്ന് മുതൽ രാത്രി ഒന്‍പത് വരെ ബ്ലാക്റോക്ക് സെന്റ് ആൻഡ്രൂസ് പ്രെസ്ബറ്റെറിയൻ ദേവാലയത്തിലാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
കരോൾ സിംഗിംഗ്, സിനിമാറ്റിക് ഡാൻസ്, കോമഡി സ്കിറ്റ്, ക്രിസ്മസ് സ്കിറ്റ്, ക്ലാസിക്കൽ ആൻഡ് ഫുഷൻ ഡാൻസ്, മറ്റു വിവിധ കലാപരിപാടികൾ, ക്രിസ്മസ് ഡിന്നർ തുടങ്ങിയവ നടക്കും.
|
ഒഡെപെക് ജര്‍മന്‍ ഭാഷാ പരീക്ഷാകേന്ദ്രം അങ്കമാലിയില്‍
കൊച്ചി: സംസ്ഥാന തൊഴില്‍വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രമോഷന് കണ്‍സള്‍ട്ടന്റിന്റെ (ഒഡെപെക്) നേതൃത്വത്തില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അധീനതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജര്‍മന്‍ ഭാഷാ പരീക്ഷാകേന്ദ്രം അങ്കമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
അങ്കമാലി സൗത്ത് ഇന്‍കെല്‍ ബിസിനസ് പാര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ അഹിം ബുഹാട്ട് ഉദ്ഘാടനം ചെയ്തു. ഒഡെപെക് ചെയര്മാന് അഡ്വ. കെ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജര്‍മന്‍ ഗവൺമെന്റ് ഏജന്‍സി ഡീഫേ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോസ്റ്റന്‍ കീഫെര്‍, ഒഡെപെക് എംഡി കെ.എ. അനൂപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരളത്തില്‍നിന്നു ജര്‍മനിയില്‍ ജോലി തേടിപ്പോകുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും അങ്കമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ച പരീക്ഷാകേന്ദ്രം. ഇവിടെ പ്രവേശനം ലഭിക്കുന്നവര്‍ക്ക് പഠനം, പരീക്ഷാഫീസ്, വീസ, വിമാന യാത്രാച്ചെലവ് എന്നിവ സര്‍ക്കാര്‍ വഹിക്കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.
|
നോർക്ക റൂട്സ് വഴി 65000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റാലിയൻ അംബാസഡർ
ന്യൂഡൽഹി: നോർക്ക റൂട്സ് വഴി 65000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റാലിയൻ അംബാസഡർ എച്ച്.ഇ. അന്റോണിയോ ബാർട്ടോളി. കേരളത്തിൽനിന്നുള്ള നഴ്സുമാർക്ക് ഇറ്റലിയിൽ വലിയ സ്വീകാര്യതയാണെന്നും ഇംഗ്ലീഷ് ഭാഷയ്ക്കൊപ്പം ഇറ്റാലിയൻ ഭാഷ കൂടി നഴ്സുമാർ പഠിക്കണമെന്നും കേരളസർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രഫ.കെ.വി. തോമസുമായി നടത്തിയ കൂടിക്കാഴ്ചയിൽ അംബാസഡർ വ്യക്തമാക്കി.
ഇറ്റലിയും കേരളവും തമ്മിലുള്ള സാംസ്കാരിക ഇടപെടലുകളും സഹകരണങ്ങളും കൂടുതൽ മെച്ചപ്പെടുത്താനുള്ള സാധ്യതകളും ചർച്ചയുടെ ഭാഗമായി. ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ ഇറ്റാലിയൻ അംബാസഡറും ഇറ്റാലിയൻ സ്ഥാപനങ്ങളും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി കെ.വി. തോമസ് പറഞ്ഞു.
|
നോത്ര്ദാം പള്ളി കൂദാശ ചെയ്തു
പാരീസ്: 2019 ഏപ്രിൽ 15നുണ്ടായ അഗ്നിബാധയ്ക്കുശേഷം കമനീയമായി പുനരുദ്ധരിച്ച പാരീസിലെ നോത്ര്ദാം കത്തീഡ്രൽ പള്ളി പാരീസ് ആർച്ച്ബിഷപ് ലോറെന്റ് ഉൾറിച്ച് കൂദാശ ചെയ്തു. വിവിധ രാജ്യക്കാരായ 170 മെത്രാന്മാർ സഹകാർമികരായി.
അന്‍പതോളം രാഷ്ട്രത്തലവന്മാരോടൊപ്പം 2500 ക്ഷണിതാക്കളും പള്ളിക്കുള്ളിലെ ചടങ്ങിൽ പങ്കെടുത്തു. കൂദാശാകർമത്തിനുശേഷം നടന്ന വിശുദ്ധ കുർബാനയർപ്പണത്തിലും ആർച്ച്ബിഷപ് ഉൾറിച്ച് കാർമികനായിരുന്നു.
രണ്ടര മണിക്കൂർ നീണ്ട കൂദാശാകർമം ആരംഭിച്ചത് ആർച്ച്ബിഷപ് നോത്ര്ദാമിലെ വിശ്വവിശ്രുതമായ പൈപ്പ് ഓർഗനു നൽകിയ ആഹ്വാനത്തോടെയാണ്. “വിശുദ്ധമായ സംഗീതോപകരണമേ ഉണരൂ. ദൈവസ്തുതികൾ ആലപിക്കൂ.’’
8000 പൈപ്പുകളുള്ള ഓർഗൻ ഉണർന്നു. സംഗീതധാര പ്രവഹിച്ചു. ഇത്തരത്തിലുള്ള എട്ട് ആഹ്വാനങ്ങളും പ്രാർഥനകളും ധൂപാർച്ചനയ്ക്കും അൾത്താരയുടെ തൈലാഭിഷേകവും കഴിഞ്ഞ് പാരീസിനോടു ബന്ധപ്പെട്ട വിശുദ്ധരുടെ തിരുശേഷിപ്പു പ്രതിഷ്ഠയ്ക്കും ശേഷം വിശുദ്ധ കുർബാന നടന്നു.
കുർബാനയ്ക്കിടെ വായിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശത്തിൽ, പള്ളിയുടെ പുനഃപ്രതിഷ്ഠ പ്രവാചകതുല്യമായ ഒരടയാളമാണെന്നു ചൂണ്ടിക്കാട്ടി. ഈ പള്ളിയിൽ പ്രവേശിച്ചു പ്രാർഥിക്കുന്നവർ ഫ്രാൻസിന്റെ ധന്യമായ വിശ്വാസപൈതൃകത്തിൽനിന്നു ശക്തിനേടി, നവപ്രേഷിതരായി രൂപാന്തരപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പള്ളിയിലെ രണ്ടാമത്തെ കുർബാന ചൊവ്വാഴ്ച വൈകുന്നേരം 6.30ന് നടന്നു. ഇന്നു മുതൽ പതിവായി വിശുദ്ധ കുർബാനയുണ്ടാകും. പൊതുജനങ്ങൾക്കും സൗജന്യമായി പള്ളി സന്ദർശിക്കാം.
പള്ളിയുടെ കൂദാശാകർമം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ട്രംപും യുക്രേനിയൻ പ്രസിഡന്റ് സെലൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും വേദിയാക്കി ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ നയതന്ത്ര വിജയം നേടുകയും ചെയ്തു.
|
ക്രിസ്മസ് ആല്‍ബം "അതിപൂജിതമാം ക്രിസ്മസ്' റിലീസ് ഞായറാഴ്ച
ലണ്ടൻ: കഴിഞ്ഞ 36 വർഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള് ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്മസ് കരോള്‍ ഗാനവുമായി എത്തുന്നു.
1999, 2003, 2015, 2019, 2020, 2022, 2023 എന്നീ വര്‍ഷങ്ങളിലെ ക്രിസ്മസ് ആല്‍ബങ്ങള്‍ക്കു ശേഷം 2024ല്‍ കുമ്പിള് ക്രിയേഷന്‍ഷന്‍സ് യൂറോപ്പിലെ പ്രവാസിഓണ്‍ലൈന്റെ സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന കരോള്‍ ഗീതം "അതിപൂജിതമാം ക്രിസ്മസ്' ഡിസംബര്‍ എട്ടിന് റിലീസ് ചെയ്യും.
ഫാ. വിപിന്‍ കുരിശുതറ സിഎംഐ, സി.സിജിന ജോര്‍ജ് എംഎല്‍എഫ് എന്നിവരുടെ ആലാപനത്തില്‍ ഷാന്റി ആന്റണി അങ്കമാലിയുടെ സംഗീതത്തില്‍ യൂറോപ്പിലെ മാധ്യമ പ്രവര്ത്തകന് ജോസ് കുമ്പിളുവേലിയുടെ രചനയില്‍ തയാറാക്കിയ "അതിപൂജിതമാം ക്രിസ്മസ്' എന്ന ക്രിസ്മസ് ആല്‍ബം കന്യകാ മറിയത്തിന്റെ അമലോത്ഭവ ദിനമായ ഞായറാഴ്ച കുമ്പിള് ക്രിയേഷന്‍സ് യുട്യൂബിലൂടെയാണ് റിലീസ് ചെയ്യുന്നത്.
|
ജോസ് കുമ്പിളുവേലിയെ കുളത്തൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഇടവക ആദരിച്ചു
കോട്ടയം: യൂറോപ്പിലെ മാധ്യമ പ്രവര്‍ത്തകനും ലോക കേരളസഭയില്‍ ജര്‍മനിയില്‍ നിന്നുള്ള അംഗവും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിയെ ചങ്ങനാശേരി അതിരൂപതയിലെ കുളത്തൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഇടവക കുടുംബം ആദരിച്ചു.
കറുകച്ചാല്‍ മൈലാടിയിലെ ഐരാസ് സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന തിരുവിതാംകൂര്‍ ഹാസ്യകലയുടെ ഡ്രീം ബിഗ് മെഗോഷോ പരിപാടിയില്‍ കുളത്തൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഇടവക വികാരി ഫാ.ജേക്കബ് നടുവിലേക്കളം, പ്രശസ്ത സിനിമ താരവും മിമിക്രി, കോമഡി താരവുമായ സുധീര്‍ പറവൂര്‍ എന്നിവർ ചേർന്ന് ജോസ് കുമ്പിളുവേലിന് മൊമന്റോ സമ്മാനിച്ചു.
ഫ്ലവേഴ്സ് ടോപ് സിംഗർ താരങ്ങളായ കേദാര്‍നാഥ്, കാത്തുക്കുട്ടി എന്നിവർ പങ്കെടുത്തു. ക്രിസ്തീയ ഭക്തിഗാനരംഗത്ത് അതുല്യ സംഭാവനകള്‍ നല്കിയതു പരിഗണിച്ച് കഴിഞ്ഞ വർഷം ജോസ് കുമ്പിളുവേലിനെ കുളത്തൂർ ലിറ്റിൽ ഫ്ലവർ ഇടവക ആദരിച്ചിരുന്നു.
ഇടവകയുടെ കലാസന്ധ്യ വികാരി ഫാ.ജേക്കബ് നടുവിലേക്കളം, നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജോണ്‍, ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ജേതാവ് മജീഷ്യന്‍ വില്സന് ചമ്പക്കുളം, വൈദികർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഗായകരായ സുമേഷ് അയിരൂര്‍, സ്നേഹ (പാലാ), സുധീര്‍ പറവൂര്‍, കേദാര്‍നാഥ്, കാത്തുക്കുട്ടി, പ്രശസ്ത ഓടക്കുഴല്‍ വിദ്വാൻ ജോസി ആലപ്പുഴ, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ കോന്നി സ്വദേശിയും മിമിക്രി കലാകാരനുമായ അജിത് ചെങ്ങറ, സിനിമാ സീരിയല്‍ മിമിക്രി താരം സോളമന് ചങ്ങനാശേരി, അഖില്‍, മിമിക്രി കലാകാരൻ നിഷാദ് പൂച്ചാക്കല്‍, സിനിമാ നടനും സ്പോട്ട് ഡബ്ബിംഗ് താരവുമായ ഖില്സ് പറവൂര്‍ എന്നിവരുടെ കലാപ്രകടനങ്ങള്‍ക്കു പുറമെ മനോഹരമായ സംഘനൃത്തങ്ങളും മെഗാഷോയ്ക്ക് മാറ്റേകി.
റേഡിയോ ജോക്കി അല്‍ഫോന്‍സ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ഏതാണ്ട് 1500 ലധികം ആളുകള്‍ പരിപാടികള്‍ ആസ്വദിക്കാന്‍ എത്തിയിരുന്നു. കുളത്തൂര്‍ സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് തുക കണ്ടെത്തുന്നതിനാണ് മെഗാഷോ സംഘടിപ്പിച്ചത്.
ക്രിസ്തീയ ഭക്തിഗാനരംഗത്ത് അതുല്യ സംഭാവനകള്‍ നല്കിയതു പരിഗണിച്ച് പോയ വര്‍ഷം ലിറ്റില്‍ ഫ്ലവര്‍ ഇടവക ദിനത്തോട് അനുബന്ധിച്ച് ദേവാലയ ഹാളില്‍ നടത്തിയ പരിപാടിയിലും ഇടവക കുടുംബത്തിന്റെ സ്ഹോദരവ് ലഭിച്ചിരുന്നു. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ റവ.ഡോ. ജെയിംസ് പാലയ്ക്കല്‍ ആണ് മെമന്റോ നല്‍കിയത്.
കുളത്തൂര്‍ ഇടവക മധ്യസ്ഥയായ കൊച്ചുത്രേസ്യായുടെ നാമത്തില്‍ ഗാനം രചിച്ച് ഇടവകയുടെ മധ്യസ്ഥഗാനമായി സമര്‍പ്പിച്ചത് ജോസ് കുമ്പിളുവേലിയാണ്. ഗാനത്തിന് സംഗീതം നല്‍കിയത് ബിജു കാഞ്ഞിരപ്പള്ളിയും ഓര്ക്കസ്ട്രേഷന് നിര്‍വഹിച്ചത് ബിനു മാതിരംപുഴയുമാണ്.
"സ്വര്‍ഗീയമധ്യസ്ഥയായി വാഴും കുളത്തൂരിന് മകുടമാം ചെറുപുഷ്പമേ, ഈശോതന്‍ സ്നേഹിതേ കൊച്ചുത്രേസ്യ ആത്മീയദീപം തെളിച്ചിടൂ നീ' എന്ന ഗാനം യുട്യൂബില്‍ ലഭ്യമാണ്.
ഗാനത്തിന്റെ ലിങ്ക്: https://youtu.be/kvw4AfcKe54
|
ബൈബിൾ സിനിമയുടെ പോസ്റ്റർ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു
റോം: ലോകസിനിമ ചരിത്രത്തിലെ ആദ്യമായി ത്രി ഡിയിൽ ഒരുങ്ങുന്ന ബൈബിൾ സിനിമയുടെ ത്രി ഡി ടൈറ്റിൽ പോസ്റ്റർ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു. ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ബൈബിള്‍ സിനിമ ‘ജീസസ് ആൻഡ് മദർ മേരി’യുടെ ടൈറ്റിൽ പോസ്റ്ററാണ് വത്തിക്കാനിൽ പുറത്തുവിട്ടത്.
ഹോളിവുഡിലും യുഎയിലും ആസ്ഥാനങ്ങളുള്ള റാഫേൽ ഫിലിം നിർമാണ കമ്പനിയാണ് ഈ സിനിമ ഇംഗ്ലീഷ് ഭാഷയിലും മറ്റു ഭാഷകളിലേക്കും നിർമിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിപേർ പങ്കെടുത്ത ചടങ്ങിൽ സിനിമയുടെ നിർമാതാവായ റാഫേൽ പോഴോലിപറമ്പിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് മാർപാപ്പയുടെ തന്നെ മനോഹരമായ ത്രി ഡി ഫോട്ടോ സമ്മാനിച്ചിരുന്നു.
സംവിധാനം തോമസ് ബെഞ്ചമിനും ജീമോന്‍ പുല്ലേലി പ്രോജക്ട് ഡിസൈനിംഗും ടെക്നിക്കൽ ഡയറക്ഷനും നിർവഹിക്കുന്നു. റാഫേൽ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ സിനിമയിൽ സഹനിർമാണത്തിലേക്ക് ഖത്തർ വ്യവസായിയായ ഡേവിസ് ഇടകളത്തുരും ഇന്ത്യയിൽ നിന്നും ദുബായിയിൽ നിന്നുമായി ലൂയിസ് കുര്യക്കോസ്, ജോസ് പീറ്റർ, അയിഷ, വിനസെന്റ് കുലാ സെ അങ്ങനെ പത്തോളം പേരും ഈ സിനിമയുടെ നിർമാണത്തിൽ പങ്കാളികളാകുന്നുണ്ട്.
അവതാറിലൂടെ ലോകസിനിമയെ വിസ്മയിപ്പിച്ച ചക്ക് കോമിസ്കി ചിത്രത്തിന്റെ ത്രി ഡി കൈകാര്യം ചെയ്യുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. യുകെയിലും ഇറ്റലിയിലും ആസ്ഥാനങ്ങളുള്ള മേക്കപ്പ് സ്പെഷ്യലിസ്റ്റ് കമ്പനിയായ മക്കിനാരിയം പ്രോസ്തെറ്റിക്കാണ് മേക്കപ്പ്.
ഹോംഗ്കോംഗ് ആസ്ഥാനമായ ക്യമാക്സ് ആർട്ട് അലങ്കാരം നിർവഹിക്കുന്നു. ത്രി ഡി സ്റ്റീരിയോയോസ്കോപിക് പ്രൊഡക്ഷന്‍ ദുബായി ഇന്ത്യൻ ആസ്ഥാനമായ എക്സ്ആർഎഫ്എക്സ് കൈകാര്യം ചെയ്യുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ചുമതല ഇന്ത്യൻ കമ്പനിയായ സിജി പാർക്കിന്റേതാണ്.
ത്രി ഡി സിനിമാ സാങ്കേതികവിദ്യയുടെ പുതുസാധ്യതകളെ ഉപയോഗിച്ചുകൊണ്ട് സിനിമാ പ്രേമികൾക്ക് പുതുദൃശ്യവിസ്മയം തീർക്കുമെന്ന് റാഫേൽ നിർമാണ കമ്പനിയുടെ പ്രതിനിധി പറഞ്ഞു. വത്തിക്കാനിൽ സിനിമയ്ക്ക് ലഭിച്ച സ്വീകരണം ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സിനിമയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് നിർമാതാക്കൾ വിലയിരുത്തുന്നത്.
|
നോത്ര്ദാം കത്തീഡ്രൽ ഇന്നു തുറക്കും
പാരീസ്: തീപിടിത്തത്തെ തുടർന്നു പുനർനിർമിച്ച പാരീസിലെ നോത്ര്ദാം കത്തീഡ്രൽ ഇന്നും നാളെയും നടക്കുന്ന ചടങ്ങുകളിൽ വിശ്വാസികൾക്കും സന്ദർശകർക്കുമായി തുറന്നുകൊടുക്കും. ഇന്ന് ഉച്ചകഴിഞ്ഞ് പാരീസ് ആർച്ച്ബിഷപ് ലോറന്റ് ഉൾറിച്ച് ദണ്ഡ് ഉപയോഗിച്ച് മുട്ടുന്നതോടെ കത്തീഡ്രലിന്റെ വാതിൽ തുറക്കും.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, യുഎസിലെ നിയുക്ത പ്രതിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. എട്ടര നൂറ്റാണ്ടു പഴക്കമുള്ള പള്ളിയിൽ 2019 ഏപ്രിൽ 15നാണു വൻ തീപിടിത്തമുണ്ടായത്.
മേൽക്കൂരയും സ്തൂപികയും നശിക്കുകയും കലാവസ്തുക്കൾക്കും തിരുശേഷിപ്പുകൾക്കും കേടുപാട് ഉണ്ടാകുകയും ചെയ്തു. അഞ്ചു വർഷത്തിനകം പുനർനിർമാണം പൂർത്തിയാക്കുമെന്ന പ്രസിഡന്റ് മക്രോണിന്റെ വാഗ്ദാനം പൂർത്തിയാക്കിക്കൊണ്ടാണു കത്തീഡ്രൽ വീണ്ടും തുറക്കുന്നത്.
150 രാജ്യങ്ങളിൽനിന്നായി ലഭിച്ച 90 കോടിക്കടുത്ത് ഡോളർ സംഭാവന ഉപയോഗിച്ചായിരുന്നു പുനർനിർമാണം. കത്തീഡ്രലിന്റെ കൂദാശകർമം നിർവഹിച്ചുകൊണ്ടുള്ള വിശുദ്ധകുർബാനയർപ്പണം ഞായറാഴ്ച രാവിലെയാണ്.
പാരീസ് ആർച്ച്ബിഷപ് മുഖ്യകാർമികത്വം വഹിക്കും. ഫ്രാൻസിലെയും മറ്റു രാജ്യങ്ങളിലെയും 170 ബിഷപ്പുമാരും പാരീസ് രൂപതയിലെ 106 ഇടവകകളിലെ വൈദികരും പങ്കെടുക്കും.
|
ഭാരതസഭയ്ക്കാകെ അഭിമാന നിമിഷം: മാർ തോമസ് തറയിൽ
വത്തിക്കാൻ സിറ്റി: മാർ ജോർജ് കൂവക്കാട്ടിന്റെ കർദിനാൾ സ്ഥാനലബ്ധി ഭാരതസഭയ്ക്കും പ്രത്യേകിച്ച് സീറോമലബാർ സഭയ്ക്കും അഭിമാനകരമായ നിമിഷങ്ങളാണെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. വളരെ ഹൃദ്യമായ ഒരന്തരീക്ഷത്തിലാണ് എല്ലാവരുമെന്നും മാർ ജോർജ് കൂവക്കാട്ട് കർദിനാളായി ഉയർത്തപ്പെടുന്ന കൺസിസ്റ്ററിയിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയ മാർ തോമസ് തറയിൽ ദീപികയോടു പറഞ്ഞു.
ഭാരതസഭയ്ക്കു മുഴുവൻ ഉത്സവത്തിന്റെ അന്തരീക്ഷമാണ്. ഭാരതസഭയോടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക പരിഗണനയാണ് മാർ ജോർജ് കൂവക്കാട്ടിന്റെ കർദിനാൾ സ്ഥാനം.
ഭരാതത്തിൽനിന്നുള്ള ഒരാൾ വേണമെന്ന് ചിന്തിച്ചപ്പോൾ ആദ്യം വന്നപേര് മാർ കൂവക്കാട്ടിന്റേതായിരിക്കും. അദ്ദേഹത്തന്റെ എളിമയും ദൗത്യനിർവഹണത്തിലെ ആത്മാർഥതയും സഭയ്ക്കു നൽകിയ സംഭാവനകളും ദീർഘവീക്ഷണവുമെല്ലാം മാർപാപ്പയെ സ്വാധീനിച്ചിട്ടുണ്ടാകാം.
പുതിയ കർദിനാൾ നിയമനത്തിൽ വ്യത്യസ്തമായ തെരഞ്ഞെടുപ്പാണ് ഇക്കുറി മാർപാപ്പ സ്വീകരിച്ചിരിക്കുന്നത്. ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് പ്രത്യേക പ്രാതിനിധ്യം നൽകിക്കൊണ്ടാണ് . മാർപാപ്പ ഇത്തവണത്തെ കർദിനാൾ സംഘത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.
കേരളസഭയിലെ കർദിനാൾമാരിൽ മൂന്നുപേർ ചങ്ങനാശേരിയിൽനിന്നാണ് എന്നത് അതിരൂപതയ്ക്ക് വലിയ സന്തോഷം നൽകുന്നു. എക്കാലവും സാർവത്രികസഭയോടു ചേർന്നുള്ള നിലാപാടാണ് അതിരൂപത എടുത്തിട്ടുള്ളത്.
സഭയോടും മാർപാപ്പയോടുമുള്ള വിധേയത്വം എന്നും ചങ്ങനാശേരി അതിരൂപതയുടെ മുഖമുദ്രയാണ്. അതിനുള്ള ദൈവാനുഗ്രഹമായാണ് ഈ കർദിനാൾ പദവിയെയും കാണുന്നത്.
മാർ കൂവക്കാട്ടിനെ കർദിനാളായി ഉയർത്തുന്ന ചടങ്ങിനു സാക്ഷ്യംവഹിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പ്രതിനിധി സംഘത്തെ അയച്ചതിൽ അതിയായ സന്തോഷമുണ്ട്.
കേന്ദ്രസഹമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘം വത്തിക്കാനിലെത്തിയത് അഭിമാനകരമാണെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
മാർ കൂവക്കാട്ടിന്റെ ശ്ലൈഹിക മുദ്രയുടെ അർഥതലങ്ങൾ
മുദ്രയുടെ കേന്ദ്രസ്ഥാനം അലങ്കരിക്കുന്നത്, പുഷ്പിത അഗ്രങ്ങളോടുകൂടിയ മാർത്തോമ്മാസ്ലീവായുടെ പ്രധാന ഭാഗമാണ്. സ്ലീവായിൽ പതിച്ചിരിക്കുന്ന അഞ്ചു ചുവന്ന രത്നങ്ങൾ തന്റെ പീഡാസഹനവും മരണവും ഉത്ഥാനവും വഴി നമ്മെ രക്ഷിച്ച മിശിഹായുടെ സ്നേഹത്തിന്റെ പ്രകാശനമായി നിലകൊള്ളുന്ന അവന്റെ അഞ്ചു തിരുമുറിവുകളെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നു.
ചുവന്ന പശ്ചാത്തലത്തിൽ ചിറകുകൾ വിരിച്ച രീതിയിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പ്രാവ് പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്. ചുവപ്പുനിറം സുവിശേഷത്തിന്റെ യഥാർഥ നായകനും സഭയുടെ ഭൗമിക തീർഥാടനത്തിന്റെ ചുക്കാൻപിടിക്കുന്നവനും ലോകം മുഴുവനിലും ദൈവസ്നേഹം വ്യാപിപ്പിക്കുന്നവനുമായ റൂഹായുടെ ദാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
റൂഹായുടെ പ്രതീകമായ പ്രാവ് ഇന്ത്യയുടെ ദേശീയപുഷ്പമായ താമരയെ പ്രകാശിപ്പിക്കുന്നു. താമരയുടെ ദളങ്ങൾ ഇന്ത്യൻ ദേശീയപതാകയുടെ നിറങ്ങളായ കുങ്കുമം, വെള്ള, പച്ച എന്നിവയെ സന്നിഹിതമാക്കുന്നു.
ഫ്രാഗ്രാൻസിയാം ക്രിസ്റ്റി കാരിത്താസിന് എഫുൻദരെ (മിശിഹായുടെ സ്നേഹത്തിന്റെ പരിമളം പരത്തുക) എന്ന ആപ്തവാക്യം പ്രതിഫലിപ്പിക്കുന്നത്, താമരപ്പൂവ് തീവ്രവും മധുരമുള്ളതുമായ സുഗന്ധം പുറപ്പെടുവിക്കുന്നതുപോലെ ഈ ലോകത്തിൽ മിശിഹായുടെ സ്നേഹത്തിന്റെ പരിമളമാകാൻ നാമും വിളിക്കപ്പെട്ടിരിക്കുന്നു (2 കോറി. 2:15) എന്ന സത്യമാണ്.
ഈശോ മിശിഹായുടെ സന്ദേശം എന്ന ഗ്രന്ഥത്തിൽ മഹാത്മാഗാന്ധി ഇപ്രകാരം നിരീക്ഷിച്ചു: “ഒരു റോസപ്പൂവിനു പ്രസംഗിക്കേണ്ട ആവശ്യമില്ല, അത് അതിന്റെ പരിമളം പരത്തുന്നു. ആ സുഗന്ധം അതിന്റെ സ്വന്തം പ്രഭാഷണമാണ്”.
താമരപ്പൂവിന്റെ ഇടത്തുവശത്ത് നീല പശ്ചാത്തലത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന അഷ്ടഭുജങ്ങളുള്ള സുവർണതാരകം, സമുദ്രതാരകവും മിശിഹായുടെയും സഭയുടെയും മാതാവുമായ കന്യകാമറിയത്തിന്റെ പ്രതീകമാണ്. ഒപ്പം ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനികമുദ്രയിൽനിന്നു കടംകൊണ്ട ഈ നക്ഷത്രം അദ്ദേഹത്തോടുള്ള ആദരവിന്റെ പ്രകാശനമായും വർത്തിക്കുന്നു.
ശ്ലൈഹികമുദ്ര പൗരസ്ത്യ മെത്രാന്മാരുടെ സുറിയാനി ശൈലിയിലുള്ള തലപ്പാവിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇരുവശത്തും പത്തുവീതം ഇരുപത് പച്ച തൂവാലകളാണ് ആർച്ച്ബിഷപ്പിന്റെ മുദ്രയിൽ കാണുന്നത്.
ഇന്ത്യയിൽനിന്നുള്ള കർദിനാൾമാർ
കർദിനാൾ പദവിയിലെത്തിയ വർഷം ബ്രാക്കറ്റിൽ
ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് (2007)
മാർ ജോർജ് ആലഞ്ചേരി (2012)
മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ (2012)
ഡോ. ഫിലിപ്പ് നേരി ഫെറാവോ (2022)
ഡോ. ആന്റണി പൂല (2022)
മാർ ജോർജ് ജേക്കബ് കൂവക്കാട്ട് (2024)
ദിവംഗതരായവർ:
ഡോ. ടെലസ്ഫോർ പ്ലാസിഡസ് ടോപ്പോ (2003)
ഡോ. ഐവാൻ ഡയസ് (2001)
മാർ വർക്കി വിതയത്തിൽ (2001)
മാർ ആന്റണി പടിയറ (1988)
ഡോ.സൈമൺ ഇഗ്നേഷ്യസ് പിമെന്റ (1988)
ഡോ. ദുരൈസ്വാമി സൈമൺ ലൂർദ്ദ്സ്വാമി (1985)
ഡോ. ലോറൻസ് ട്രെവർ പിക്കാച്ചി (1976)
ഡോ. ജോസഫ് മേരി ആന്റണി കോർഡെറോ (1973)
മാർ ജോസഫ് പാറേക്കാട്ടിൽ (1969)
ഡോ.ജോസ് ദ കോസ്റ്റ ന്യൂൻസ് (1962)
ഡോ. വലേറിയൻ ഗ്രേഷ്യസ് (1953)
ഡോ. ലൂയിസ് ഫ്രാങ്കോയിസ് ദി ബൗസെറ്റ് (1817പുതുച്ചേരിയിൽ ജനിച്ച ഫ്രഞ്ചുകാരൻ)
|
കൃതജ്ഞതാനിറവിൽ വത്തിക്കാൻ; മലയാളികളടക്കം ആയിരങ്ങളെത്തി
വത്തിക്കാനിൽനിന്ന് ഷൈമോൻ തോട്ടുങ്കൽ
ചങ്ങനാശേരി അതിരൂപതാംഗം ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ട് ഉൾപ്പെടെ 21 കർദിനാൾമാരുടെ സ്ഥാനാരോഹണത്തിനായി വത്തിക്കാനിൽ ഒരുക്കങ്ങൾ പൂർത്തിയായി.
സെന്റ് പീറ്റേഴ്സ് ബസിലിക്കയും വത്തിക്കാൻ ചത്വരവും മലയാളികൾ ഉൾപ്പെടെ വിവധ രാജ്യങ്ങളിൽനിന്നുള്ളവരാൽ നിറഞ്ഞു. വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും രൂപതകളെയും പ്രതിനിധാനം ചെയ്ത് ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.
സീറോമലബാർ സഭയ്ക്ക് അത്യപൂർവമായി മാത്രം കരഗതമാക്കുന്ന ഈ ദൈവിക നിയോഗത്തിന് ആവേശപൂർവം സാക്ഷികളാകുന്നതിനും നവ കർദിനാളിന് ആശംസകൾ അർപ്പിക്കുന്നതിനുമായി നിരവധി മലയാളികൾ വത്തിക്കാനിലെത്തിക്കഴിഞ്ഞു.
മാർ കൂവക്കാട്ടിന്റെ മാതൃരൂപതയിൽനിന്നും ജന്മനാട്ടിൽനിന്നും നൂറു കണക്കിനു പേർ ഇവിടെയെത്തിയിട്ടുണ്ട്. മാർ കൂവക്കാട്ടിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും വത്തിക്കാനിൽ എത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘവും എംഎൽഎമാരായ സജീവ് ജോസഫ്, ചാണ്ടി ഉമ്മൻ എന്നിവരും വത്തിക്കാനിൽ എത്തിയിട്ടുണ്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ചങ്ങനാശേരി അതിരൂപതാംഗങ്ങളായ നിരവധി വൈദികരും എത്തിയിട്ടുണ്ട് .
വത്തിക്കാൻ സമയം വൈകുന്നേരം നാലിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ എല്ലാ കർദിനാൾമാരുടെയും സാന്നിധ്യത്തിലാകും തിരുക്കർമങ്ങൾ.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെ ആർച്ച്ബിഷപ്പുമാരുടെയും ബിഷപ്പുമാരുടെയും ഒരു നീണ്ട നിര തിരുക്കർമങ്ങളിൽ സവിശേഷ സാന്നിധ്യമാകും.
കൺസിസ്റ്ററി തിരുക്കർമങ്ങൾക്കുശേഷം നവ കർദിനാൾമാർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച രാവിലെ വത്തിക്കാൻ സമയം 9.30ന് മാതാവിന്റെ അമലോത്ഭവതിരുനാളിന്റെ ഭാഗമായ ദിവ്യബലിക്ക് മാർപാപ്പയോടൊപ്പം നവ കർദിനാൾമാരും സീറോമലബാർ സഭയിൽനിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹകാർമികരാകും.
വൈകുന്നേരം സാന്ത അനസ് താസിയ സീറോമലബാർ ബസിലിക്കയിൽ മാർ ജോർജ് കൂവക്കാട്ടിന്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണവും തുടർന്ന് സ്വീകരണ സമ്മേളനവും നടക്കും.
|
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇലക്ട്രിക് പോപ്പ് മൊബീൽ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പൊതുസന്ദർശന വേളയിലെ ഉപയോഗത്തിനായി പുതിയ ഇലക്ട്രിക് പോപ്പ് മൊബീൽ സൗജന്യമായി നിർമിച്ചുനൽകി ജർമൻ ആഡംബര വാഹന നിർമാണ കന്പനിയായ മെഴ്സിഡസ് ബെൻസ്.
2030ഓടെ വായുമലിനീകരണമില്ലാത്ത വാഹനങ്ങൾ മാത്രം ഉപയോഗിക്കാനുള്ള തീരുമാനമെടുത്തിട്ടുള്ള വത്തിക്കാനിൽ മാർപാപ്പയുടെ ആവശ്യത്തിനായി ഇലക്ട്രിക് ജിക്ലാസ് അടിസ്ഥാനമാക്കി പ്രത്യേകമായി നിർമിച്ചതാണ് ഈ വാഹനം.
മാർപാപ്പയുടെ ആഗ്രഹപ്രകാരം കന്പനി സിഇഒ ഓല കല്ലേനിയൂസ് ഉൾപ്പെടെ, വാഹനനിർമാണത്തിൽ ഏർപ്പെട്ട എല്ലാ തൊഴിലാളികളും വാഹനം കൈമാറിയ ചടങ്ങിൽ പങ്കെടുത്തു. ജൂബിലിവർഷത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ പോപ്പ് മൊബീൽ നിർമിച്ചുനൽകാൻ കന്പനി തീരുമാനിച്ചത്.
മാർപാപ്പയ്ക്കായി ഇത്തരമൊരു സേവനം ചെയ്യാൻ സാധിച്ചത് വലിയൊരു ബഹുമതിയായാണു തങ്ങൾ കാണുന്നതെന്ന് മെഴ്സിഡസ് ബെൻസ് സിഇഒ ഓല കല്ലേനിയൂസ് പറഞ്ഞു. 1930 മുതൽ കഴിഞ്ഞ ഏതാണ്ട് നൂറു വർഷത്തോളമായി മാർപാപ്പമാരുടെ യാത്രകൾക്കുപയോഗിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് തങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
1930ൽ പതിനൊന്നാം പിയൂസ് മാർപാപ്പയ്ക്കാണ് മെഴ്സിഡസ് ആദ്യമായി പോപ്പ് മൊബീൽ നൽകിയത്. നിലവിൽ പ്രത്യേകം തയാറാക്കിയ ജിക്ലാസ് വാഹനമാണു മാർപാപ്പ പൊതുസന്ദർഷന വേളകളിൽ ഉപയോഗിക്കുന്നത്. എന്നാൽ അതിൽ പെട്രോളാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേകമായ ആവശ്യങ്ങൾ കൂടി പരിഗണിച്ച്, കന്പനിയുടെ വിവിധ പ്ലാന്റുകളിൽനിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന സംഘം കഴിഞ്ഞ ഒരു വർഷത്തെ പരിശ്രമത്തിനൊടുവിലാണ് പുതിയ പോപ്പ് മൊബീൽ നിർമിച്ചത്.
മാർപാപ്പയുടെ യാത്ര ആയാസരഹിതമാക്കുക എന്ന ഉദ്ദേശ്യത്തോടെ എളുപ്പത്തിൽ വട്ടം കറങ്ങാൻ സാധിക്കുന്ന സീറ്റാണ് ഇതിലുള്ളത്. കുറഞ്ഞ വേഗതയിൽ സഞ്ചരിക്കാനായി പ്രത്യേകമായി ഒരുക്കിയതാണ് SCV1 (വത്തിക്കാൻ സിറ്റി സ്റ്റേറ്റ് 1) എന്ന നമ്പറോടുകൂടിയ ഈ വെള്ളനിറത്തിലുള്ള വാഹനം.
|
അയർലൻഡിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന ഏകദിന ധ്യാനം 21ന്
ഡബ്ലിൻ: ക്രിസ്മസിനു ഒരുക്കമായി അയർലൻഡ് സീറോമലബാർ സഭയുടെ ഗാൽവേ റീജിയൺ സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടക്കും.
ഈ മാസം 21ന് നോക്ക് സെന്റ് ജോൺസ് ഹാളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ധ്യാനം. പ്രശസ്ത ധ്യാനഗുരുവും സീറോമലബാര്‍ യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും മ്യൂസിഷ്യനും ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്ടാവുമായ ഫാ. ബിനോജ് മുളവരിക്കലാണ് ധ്യാനം നയിക്കുന്നത്.
പ്രവേശനം ആദ്യം ബുക്ക് ചെയ്യുന്ന 350 ആളുകൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ മാസം 15 വരെ ധ്യാനം ബുക്ക് ചെയ്യാം. കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.
ക്രിസ്മസിന് ആത്മീയമായി ഒരുങ്ങാൻ ഈ ധ്യാനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും അലൻ: 08922 85585, മാനോജ്: 0892619625, തോമസ്: 08946 18813 , ബിജോയ്: 08925 20105.
|
അവിശ്വാസം പാസായി; ബാർണിയെ കാവൽ പ്രധാനമന്ത്രിയായി തുടരും
പാരീസ്: ഫ്രഞ്ച് സർക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. പ്രധാനമന്ത്രി മിഷേൽ ബാർണിയെ രാജിവച്ചു. എന്നാൽ, അദ്ദേഹത്തോട് കാവൽ പ്രധാനമന്ത്രിയായി തുടരാൻ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നിർദേശിച്ചു.
1962നു ശേഷം ആദ്യമായിട്ടാണു ഫ്രഞ്ച് സർക്കാർ അവിശ്വാസത്തിൽ വീഴുന്നത്. 90 ദിവസം മാത്രം ഭരിച്ച ബാർണിയെയ്ക്ക് ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായിരുന്നതിന്റെ റിക്കാർഡും ലഭിച്ചു.
പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത ബാർണിയേ സർക്കാർ പൊതുബജറ്റ് വോട്ടിനിടാതെ, പ്രത്യേക അധികാരങ്ങളുപയോഗിച്ചു പാസാക്കാൻ നടത്തിയ നീക്കങ്ങളാണ് അവിശ്വാസപ്രമേയത്തിലേക്കു വഴിവച്ചത്.
സർക്കാരിന്റെ പതനം പ്രസിഡന്റ് മക്രോണിനെ കൂടുതൽ ദുർബലനാക്കും. ജൂൺ, ജൂലൈ മാസങ്ങളിലെ ഇടക്കാല തെരഞ്ഞെടുപ്പു മുതൽ അദ്ദേഹം തൊടുന്നതെല്ലാം പിഴയ്ക്കുകയാണ്. യൂറോപ്യൻ യൂണിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷം മുന്നിലെത്തിയതുകൊണ്ടാണ് മക്രോൺ ഫ്രാൻസിൽ ഇടക്കാല തെരഞ്ഞെടുപ്പു നടത്തിയത്.
തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ റിനൈസെൻസ് പാർട്ടി പിന്നിലാവുകയും ഇടതുപക്ഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു. പക്ഷേ, വലതുപക്ഷ നേതാവും യൂറോപ്യൻ യൂണിയന്റെ മുൻ ബ്രെക്സിറ്റ് ചർച്ചാ മേധാവിയുമായ മിഷേൽ ബാർണിയേയെ പ്രധാനമന്ത്രിയാക്കാനാണു മക്രോൺ തീരുമാനിച്ചത്.
യൂറോപ്പിലെ രണ്ടാമത്തെ സാന്പത്തികശക്തിയായ ഫ്രാൻസിൽ മാസങ്ങളായി തുടരുന്ന രാഷ്ട്രീയാസ്ഥിരത യൂറോപ്യൻ യൂണിയനെ പ്രതിസന്ധിയിലാക്കുന്നു. ഒന്നാമത്തെ സാന്പത്തികശക്തിയായ ജർമനി കൂട്ടുകക്ഷി ഭരണം തകർന്ന് തെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്രിസ്മസ് കരോൾ ഗാനമത്സരം "കൻദിഷ്' ശനിയാഴ്ച ലെസ്റ്ററിൽ
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കമ്മീഷൻ ഫോർ ചർച്ച് ക്വയറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്മസ് കരോൾ ഗാന മത്സരം "കൻദിഷ്' ശനിയാഴ്ച ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയ പാരിഷ് ഹാളിൽ നടക്കും .
രൂപതയിലെ വിവിധ ഇടവക, മിഷൻ, പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള ഗായക സംഘങ്ങൾക്കായി നടക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാനായി നിരവധി ചർച്ച് ഗായകസംഘങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മുൻ വർഷങ്ങളിലേതു പോലെ തന്നെ കാഷ് പ്രൈസ് ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് ലഭിക്കും. രാവിലെ 11ന് ആരംഭിക്കുന്ന മത്സരങ്ങൾ വൈകുന്നേരം ആറിന് തീരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വിജയികളാകുന്നവർക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്യും. കരോൾ മത്സരത്തിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കായി എത്തുന്നവർക്കും ഉൾപ്പടെ എല്ലവർക്കും ഭക്ഷണ സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്.
മത്സരത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി കമ്മീഷൻ ഫോർ ചർച്ച് ക്വയർ ചെയർമാൻ ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ, കോഓഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ എന്നിവർ അറിയിച്ചു .
|
മാർ ജോർജ് കൂവക്കാട്ട് കർദിനാൾ പദവിയിലേക്ക് ശനിയാഴ്ച ഉയർത്തപ്പെടും; ഒരുക്കങ്ങൾ വത്തിക്കാനിൽ പൂർത്തിയായി
വത്തിക്കാൻ: വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്കുയർത്തപ്പെട്ട് ചരിത്രത്തിൽ ഇടപിടിച്ച് സഭാ നിരയിൽ നക്ഷത്ര ശോഭയോടെ തിളങ്ങുന്ന ചങ്ങനാശേരി അതിരൂപതയുടെ അഭിമാന പുത്രന്റെ കർദിനാൾ സ്ഥാനലബ്ദിക്കുള്ള ഒരുക്കങ്ങൾ വത്തിക്കാനിൽ പൂർത്തിയായി വരുന്നു.
ഞായറാഴ്ച ചങ്ങനാശേരി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് , മെത്രാപ്പോലീത്തയായി അഭിഷിക്തനായ മാർ ജോർജ് കൂവക്കാട്ടിനെ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഈ ശനിയാഴ്ച വൈകുന്നേരം വത്തിക്കാൻ സമയം നാലിനാണ് കർദിനാൾ പദവിയിലേക്കുയർത്തുക.
ഈ അവിസ്മരണീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുവാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മെത്രാന്മാരും , വൈദികരും ഉൾപ്പടെ വത്തിക്കാനിലേക്കു എത്തിച്ചേരുവാൻ തുടങ്ങി. ശനിയാഴ്ച നാലിന് പേപ്പൽ ബസിലിക്കയിൽ വച്ച് ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ എല്ലാ കർദിനാൾമാരുടെയും സാന്നിധ്യത്തിലാവും തിരുക്കർമ്മങ്ങൾ നടക്കുക.
സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരിൽ . ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം . മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പടെ സഭാ മേലധ്യക്ഷൻമാരുടെ ഒരു നീണ്ട നിര തിരുക്കർമ്മങ്ങളിൽ സവിശേഷ സാന്നിധ്യമാവും .
കൺസിസ്റ്ററി തിരുക്കർമങ്ങൾക്ക് ശേഷം പുതുതായി ഉയർത്തപ്പെട്ട കർദിനാളുമാർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും . ഞായറാഴ്ച രാവിലെ വത്തിക്കാൻ സമയം ഒൻപത് മുപ്പതിന് മാതാവിന്റെ അമലോത്ഭവ തിരുനാളിന്റെ ഭാഗമായ ദിവ്യബലിക്ക് മാർപാപ്പയോടൊപ്പം നവ കർദിനാൾമാരും സീറോ മലബാർ സഭയിൽ നിന്നും പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹകാർമ്മികരാകും.
ഞായറാഴ്ച വൈകുന്നേരം സാന്ത അന താസിയ സീറോ മലബാർ ബസിലിക്കയിൽ കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞത ബലിയർപ്പണവും സ്വീകരണ സമ്മേളനവും നടത്തപ്പെടും.
തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനായി നിയുക്ത കർദിനാളിന്റെ മാതാപിതാക്കളും, കുടുംബാംഗങ്ങളും അതിരൂപതയിൽ നിന്നുള്ള വൈദികരും വിശ്വാസികൾ ഉൾപ്പെടുന്ന പ്രതിനിധികളും അടങ്ങുന്ന സംഘം വെള്ളിയാഴ്ച റോമിൽ എത്തിച്ചേരും.
മാർ കൂവക്കാട്ടിന്റെ സഹപാഠികളും നാട്ടുകാരും ഉൾപ്പടെ യുറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മലയാളികൾ റോമിൽ എത്തിച്ചേരുന്നുണ്ട് .
|
കരോൾ ഗാനസന്ധ്യ "ജോയ് ടു ദ വേൾഡ്' ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
കവൻട്രി: യുകെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും സംയുക്തമായി നടത്തിവരുന്ന ഓൾ യുകെ എക്ക്യൂമെനിക്കൽ ക്രിസ്മസ് കരോൾ മത്സരത്തിന്റെ ഏഴാം സീസൺ ശനിയാഴ്ച കവൻട്രിയിൽ നടക്കും.
കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബിൽ വച്ച് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാനസന്ധ്യയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഗായകസംഘങ്ങൾ മത്സരിക്കും.
കരോൾ ഗാനമത്സരങ്ങൾക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.
കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ കാഷ് അവാർഡുകളും ട്രോഫികളുമാണ്.
ഒന്നാം സമ്മാനമായി 1000 പൗണ്ടും രണ്ടാം സമ്മാനമായി 500 പൗണ്ടും മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. കൂടാതെ സ്പെഷ്യൽ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ജോയ് ടു ദ വേൾഡിന്റെ ആറാം പതിപ്പിൽ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനൊന്നു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് കവൻട്രി വർഷിപ്പ് സെന്റർ ഗായകസംഘമായിരുന്നു.
ഹെർമോൻ മാർത്തോമ്മാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും ഹാർമണി ഇൻ ക്രൈസ്റ്റ് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെന്റ ജെയിംസ് മാർത്തോമ്മാ ചർച്ച് ലണ്ടൻ നാലാം സ്ഥാനവും സഹൃദയ ടൺബ്രിഡ്ജ് വെൽസ് അഞ്ചാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള "ബെസ്റ്റ് അപ്പിയറൻസ്' അവാർഡിന് ബിർമിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ അർഹരായി.
ജോയ് ടു ദി വേൾഡ് സീസൺ ഏഴ് അരങ്ങേറുന്ന കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബിലെ വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും മികച്ച പാർക്കിംഗ് സൗകര്യങ്ങളും ഈ സംഗീതസായാഹ്നത്തെ മികവുറ്റതാക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഉച്ചമുതൽ തുറന്നു പ്രവർത്തിക്കുന്ന രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന വിവിധ പള്ളികളുടെയും സംഘടനകളുടെയും ഗായകസംഘങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന ഈ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജോയ് ടു ദ വേൾഡ് പ്രോഗ്രാം കോഓർഡിനേറ്റർ ജോഷി സിറിയക് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07958236786, 07720260194. പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്: Willenhall Social Club, Robin Hood Rd, Coventry CV3 3BB.
|
ഒഐസിസി യുകെ സംഘടിപ്പിച്ച സിമ്പോസിയം ശ്രദ്ധേയമായി
ലണ്ടൻ: ഒഐസിസി യുകെയുടെ ആഭിമുഖ്യത്തിൽ "മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിമ്പോസിയം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ, എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ എന്നിവരാണ് ഓൺലൈനായി നടത്തപ്പെട്ട ചർച്ചയിൽ മുഖ്യപ്രഭാഷകരായി എത്തിയത്.
ഏകദേശം രണ്ടു മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ യുകെയിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി നിരവധി പേർ പങ്കെടുത്തു. ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് സ്വാഗതം ആശംസിച്ചു. ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആമുഖവും ജനറൽ സെക്രട്ടറി തോമസ് ഫിലിപ്പ് നന്ദിയും അറിയിച്ചു.
ഭരണകൂട ഭീകരതയോടൊപ്പം മാധ്യമങ്ങളിൽ നിന്നുമുള്ള കടുത്ത വിവേചനമാണ് കോൺഗ്രസ് ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്നും മാധ്യമങ്ങളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും അവരെ ഉപയോഗിച്ച് സർക്കാർ കടുത്ത പ്രതിരോധമാണ് സൃഷ്ടിക്കുന്നതെന്നും ഉദാഹരണം സഹിതം മുഖ്യപ്രഭാഷകനായ ജ്യോതികുമാർ ചാമക്കാല പറഞ്ഞു.
രാഷ്ട്രപുരോഗതിയേയും സമൂഹ നന്മയെയും മുൻനിർത്തിയായിരുന്നു മുൻകാലങ്ങളിലെ പത്രപ്രവർത്തനമെന്നും എന്നാൽ അതിന് കടക വിരുദ്ധമായ പ്രവണതകളും ഭരിക്കുന്ന സർക്കാരിന്റെ കൊടിയുടെ നിറം നോക്കിയുള്ള പത്രപ്രവർത്തനവുമാണ് ഇന്ന് നടക്കുന്നതെന്നും ഷീബ രാമചന്ദ്രൻ പറഞ്ഞു.
മാധ്യമ പ്രവർത്തകർ വാർത്താ റിപ്പോർട്ടിംഗിൽ രാഷ്ട്രീയം വളർത്തുന്നത് നീതികരിക്കാനാവാത്ത തെറ്റാണെന്നും അത് അപകടത്തിലേക്ക് നയിക്കുമെന്നും തുടർന്ന് സംസാരിച്ച രാജു പി. നായർ പറഞ്ഞു. ശരിയായ മാധ്യമ ധർമം അറിയാത്ത മാധ്യമ പ്രവർത്തകരാണ് ഇന്നത്തെ മൂല്യച്യൂതിക്ക് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തിക്കൊണ്ടും മുഖ്യധാര മാധ്യമങ്ങളടക്കം നടത്തുന്ന പൊള്ളത്തരങ്ങൾക്ക് എതിരെ ഒഐസിസി യുകെയുടെ ശക്തമായ പ്രതിഷേധവും പ്രതികരണവുമാണ് ഈ ചർച്ചയുടെ പ്രധാന ലക്ഷ്യമെന്ന് നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.
ചർച്ചകൾക്ക് ശേഷം നടന്ന ചോദ്യോത്തര വേളയിൽ തോമസ് ഫിലിപ്പ്, വിജി പൈലി, ഷോബിൻ സാം എന്നിവർ പങ്കാളികളായി. സംഘടനയുടെ വർക്കിംഗ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോർജ്, ഡോ. ജോഷി ജോസഫ്, അപ്പ ഗഫൂർ, മണികണ്ഠൻ ഐക്കാട്,
വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ഫിലിപ്പ് കെ. ജോൺ, ലിലിയ പോൾ, ജനറൽ സെക്രട്ടറിമാരായ തോമസ് ഫിലിപ്പ്, അഷറഫ് അബ്ദുള്ള, അജിത് വെണ്മണി, മറ്റു നാഷണൽ റീജിയൺ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയർ പരിപാടിയുടെ ഭാഗമായി.
|
യുകെ നഴ്സുമാർക്കുള്ള ഒന്നാം നമ്പർ ഇംഗ്ലീഷ് ടെസ്റ്റ് പ്രൊവൈഡറായി ഒഇടി
കൊച്ചി: യുകെയിൽ ജോലി നേടുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടുന്നതിന് വിദേശ നഴ്സുമാർ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്നത് ഒഇടി ടെസ്റ്റ്.
2022 23ൽ യുകെയിൽ നഴ്സായി രജിസ്റ്റർ ചെയ്യാൻ ഏകദേശം 14,000 അന്തർദേശീയ ഉദ്യോഗാർഥികൾ അവരുടെ ഒഇടി ടെസ്റ്റ് ഫലങ്ങൾ ഉപയോഗിച്ചതോടെ ഐഇഎൽടിഎസ് ടെസ്റ്റിനെ മറികടന്ന് ഒഇടി ഒന്നാമതെത്തി.
2013ൽ സ്ഥാപിതമായ ഒഇടി, കേംബ്രിഡ്ജ് ഇംഗ്ലീഷിന്റെയും ബോക്സ് ഹിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്ത ഉടമസ്ഥതയിലാണ്. ഓസ്ട്രേലിയ, യുകെ, കാനഡ, ന്യൂസിലൻഡ്, യുഎസ് എന്നിവിടങ്ങളിലെ എല്ലാ പ്രധാന ഹെൽത്ത് കെയർ റെഗുലേറ്റർമാരും ഒഇടി ടെസ്റ്റ് അംഗീകരിച്ചിട്ടുണ്ട്.
ഒരു ദശാബ്ദത്തിലേറെയായി, 100 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് നഴ്സുമാരെയും ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും അവരുടെ ഇംഗ്ലീഷ് കഴിവുകൾ മെച്ചപ്പെടുത്താൻ ഒഇടി സഹായിക്കുന്നുണ്ട്.
|
അവിശ്വാസത്തിൽ തട്ടി ഫ്രഞ്ച് സർക്കാർ വീണു
പാരീസ്: അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വീണു. പ്രധാനമന്ത്രി മിഷേൽ ബാർണിയെയ്ക്കെതിരേ പ്രതിപക്ഷം നല്കിയ അവിശ്വാസപ്രമേയം പാസായി. ബജറ്റിനെച്ചൊല്ലിയുള്ള തർക്കമാണ് ഫ്രഞ്ച് സർക്കാരിനെ വീഴിച്ചത്.
ഇടത് എന്‍എഫ്പി മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 331 എംപിമാരാണ് പിന്തുണച്ചത്. 288 വോട്ടുകളാണ് സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ വേണ്ടിയിരുന്നത്. ബജറ്റിന്റെ ഭാഗമായുള്ള സാമൂഹ്യസുരക്ഷാ പരിഷ്കരണ ബിൽ പ്രത്യേക അധികാരങ്ങളുപയോഗിച്ചു പാസാക്കുമെന്നു ബാർണിയെ തിങ്കളാഴ്ച പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
ബില്ലിനു പാർലമെന്റിൽ പിന്തുണ ലഭിച്ചിരുന്നില്ല. ബജറ്റിൽ ചർച്ചയ്ക്കു തയാറാണെന്നു ബാർണിയെ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. 60 വർഷത്തിനിടെ ആദ്യമായിട്ടാണ് ഫ്രഞ്ച് സർക്കാർ അവിശ്വാസത്തിൽ നിലംപതിക്കുന്നത്. ഇതോടെ ഏറ്റവും കുറഞ്ഞകാലം പ്രധാനമന്ത്രിയായതിന്റെ റിക്കാർഡ് ബാർണിയെയ്ക്കായി.
ബാർണിയെയോടു കാവൽ പ്രധാനമന്ത്രിയായി തുടരാൻ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആവശ്യപ്പെടുമെന്നാണു സൂചന. ജൂൺ, ജൂലൈ മാസങ്ങളിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമാണ് മുന്നിലെത്തിയതെങ്കിലും സ്ഥിരതയുള്ള ഭരണം ലക്ഷ്യമിട്ടാണ് വലതുപക്ഷക്കാരനായ ബാർണിയെയെ പ്രധാനമന്ത്രിയാക്കാൻ പ്രസിഡന്റ് മക്രോൺ തീരുമാനിച്ചത്.
|
ഫ്രാങ്ക്ഫര്‍ട്ടില്‍ എക്യുമെനിക്കല്‍ കരോള്‍ ശനിയാഴ്ച
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ സഭകളുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് എക്കെന്‍ഹൈമിലെ ഹെര്‍സ് യേശു പള്ളിയില്‍ എക്യുമെനിക്കല്‍ കരോള്‍ സംഘടിപ്പിക്കുന്നു.
ഇന്ത്യയിലെ വിവിധ സഭകളുടെ എക്യുമെനിക്കല്‍ കൂട്ടായ്മയ്ക്ക് സീറോമലങ്കര സഭയിലെ ഫാ. സന്തോഷ് തോമസ് ചീഫ് കോഓര്‍ഡിനേറ്ററും യാക്കോബായ സഭയിലെ ഡിപിന് പോള്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്ററുമായി സീറോ മലബാര്‍, സീറോമലങ്കര, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭകള്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വികാരിമാരും പ്രതിനിധികളും ചേര്‍ന്ന കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.
ആഘോഷത്തില്‍ ലിംബുര്‍ഗ് രൂപതയിലെ ഇതരഭാഷാ കത്തോലിക്കാ സഭകളുടെ കണ്‍സള്‍ട്ടന്റ് അലക്സാന്ദ്ര ഷുമാന്, ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ഫ്രാന്‍സിസ്കൂസ് പള്ളി വികാരി ഫാ. ഹാന്‍സ് മയര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
2022 മുതല്‍ തുടര്‍ച്ചയായി നടത്തിവരുന്ന ഈ ആത്മീയ സംഗീതസന്ധ്യയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അതത് സഭകളിലെ കമ്മിറ്റിയെ അറിയിക്കുന്നത് സൗകര്യപ്രദമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: Fr. Santhosh Thomas: +49 17680383083, Fr. Joby Kunnathu: +49 15735461964, Fr. Paul P George: +43 677 62788456, Fr. Eljo Avarachan: +49 155 10632709, Fr. Thomas Joseph: + 49 15161662778, Fr. Rohith Skariah Georgy: +49 17661997521..
|
ജര്‍മനിയെ ഞെട്ടിച്ച ട്രക്ക് അപകടം: പോളിഷ് ഡ്രൈവർ അറസ്റ്റിൽ
ബര്‍ലിന്‍: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലായിരുന്ന പോളിഷ് ട്രക്ക് ഡ്രൈവർ ശനിയാഴ്ച പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് രണ്ട് ഹൈവേകളില്‍ വലിയ അപകടമുണ്ടാക്കിയതില്‍ 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ എട്ട് പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. അതേസമയം 30 കാരനായ ട്രക്കറും ചോദ്യം ചെയ്യപ്പെടുന്നതിന് മുമ്പ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ മറ്റ് നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നൊയസ് നഗരത്തിന് സമീപമുള്ള എ 46 ഓട്ടോബാനില്‍ ഒരു ട്രക്ക് തെറ്റായി ഓടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.
ഹൈവേ പോലീസ് പുറപ്പെടുവിച്ച സ്റേറാപ്പ് ഉത്തരവുകള്‍ ഡ്രൈവർ അവഗണിച്ചു, കൂടാതെ ട്രക്ക് വുപ്പര്‍ട്ടാല്‍ മേഖലയില്‍ സിഗ്സാഗ് ലൈനുകള്‍ തുടര്‍ന്നു, ആ പ്രദേശത്തെ മറ്റ് ഡ്രൈവർമാരോട് കഴിയുന്നത്ര വേഗത്തില്‍ ഹൈവേകള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ട്രക്ക് എ1 ഓട്ടോബാനിലേക്ക് ഓടിക്കയറുകയും സൈഡ് പ്രൊട്ടക്ടറില്‍ നിരവധിതവണ ഇടിച്ചു കേറുകയും എതിരെ വന്നിരുന്ന ട്രാഫിക്കില്‍ കുടുങ്ങിയതായും പോലീസ് പറഞ്ഞു. പിന്നീട് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് ട്രക്ക് തരിപ്പണമായി.
തുടര്ന്ന്ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മൊത്തത്തില്‍, ലഹരിയടിച്ചുള്ള സവാരി ഏകദേശം 60 കിലോമീറ്റര്‍ പിന്നിട്ടതായി പോലീസ് പറഞ്ഞു. സംഭവം വന്‍ ഗതാഗതക്കുരുക്കിന് കാരണമായി.
സംഭവത്തെത്തുടര്‍ന്ന് എ1ന്റെ പല ഭാഗങ്ങളും പോലീസ് അടച്ചു, ഞായറാഴ്ചയും അടച്ചുപൂട്ടല്‍ തുടര്‍ന്നു. എ 46 താത്കാലികമായി ഗതാഗതം നിരോധിച്ചു.
ഡ്രൈവറെ പിടികൂടിയതിന് ശേഷം നടത്തിയ പരിശോധനയില്‍ മദ്യവും മയക്കുമരുന്നും കഴിച്ചതായി സൂചന ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന്റെ ദൃക്സാക്ഷികള്ക്കായി തിരച്ചില്‍ നടത്തിവരികയാണ്.
|
നവംബറില്‍ യൂറോസോണ്‍ പണപ്പെരുപ്പം 2.3 ശതമാനമായി ഉയര്‍ന്നു
ബ്രസല്‍സ്: യൂറോപ്യൻ യൂണിയിനിലെ 20 രാജ്യങ്ങളുടെ കൂട്ടായ്മായ യൂറോ സോണിലെ വിലക്കയറ്റം സെപ്റ്റംബറില്‍ 1.7 ശതമാനമായി കുറഞ്ഞതിനുശേഷം തുടര്‍ച്ചയായി രണ്ട് മാസത്തേക്ക് വീണ്ടും ഉയര്‍ന്നു.
യൂറോസോണിലെ ഉപഭോക്തൃ വില നവംബറില്‍ 2.3 ശതമാനമായി ഉയര്‍ന്നതായി യൂറോപ്യൻ യൂണിയൻ സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സി യൂറോസ്റ്റാറ്റ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇത് ഒക്ടോബറിലെ രണ്ടു ശതമാനത്തിൽ നിന്ന് ഉയര്‍ന്നതാണ്, അതായത് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ആഗ്രഹിക്കുന്ന രണ്ടു ശതമാനം ലക്ഷ്യത്തിനും മുകളിലാണ്.
അതേസമയം യൂറോസോണിന്റെ സാമ്പത്തിക ഉല്‍പ്പാദനം ഈ വര്‍ഷം മുഴുവനും 0.8 ശതമാനം അടുത്ത വര്‍ഷം 1.3 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നതായി യൂറോപ്യന്‍ കമ്മീഷന് അറിയിച്ചു. എന്നാല്‍ ഇസിബി നിരക്ക് കുറയ്ക്കുന്നത് തടയാന്‍ സാധ്യതയില്ല.
2022ലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് പണപ്പെരുപ്പം കുറയുന്നു
ഊര്‍ജ്ജ വില ഒരു വര്‍ഷം മുമ്പത്തേതിനേക്കാള്‍ 1.9 ശതമാനം കുറഞ്ഞു, എന്നാല്‍ സേവന മേഖലയില്‍ 3.9 ശതമാനം വില വര്‍ധനയാണ് അത് നികത്തിയത്.
അടിസ്ഥാന പണപ്പെരുപ്പം ~ അസ്ഥിരമായ ഊര്‍ജ്ജം, ഭക്ഷണം, മദ്യം, പുകയില എന്നിവയുടെ വിലകള്‍ ഒഴികെ നവംബറില്‍ തുടര്‍ച്ചയായ മൂന്നാം മാസവും 2.7 ശതമാനത്തില്‍ സ്ഥിരത പുലര്‍ത്തി.
|
ഫ്രാൻസിസ് മാർപാപ്പയുടെ മുമ്പിൽ ഗാനമാലപിച്ച് റോമിലെ മലയാളി കുട്ടികൾ
വത്തിക്കാൻ സിറ്റി: ലോക സർവമതസമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുമ്പിൽ ഗാനമാലപിച്ച് റോമിലെ മലയാളി കുട്ടികൾ. ശിവഗിരി മഠത്തിലെ സന്യസ്തരും വിവിധ മതങ്ങളിലെ പ്രതിനിധികളും പങ്കെടുത്ത ഫ്രാൻസിസ് മാർപാപ്പയുമായിട്ടുള്ള പ്രത്യേക കൂടിക്കാഴ്ചയിലാണ് കുട്ടികൾ മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ഗാനം ആലപിച്ചത്.
ശ്രീനാരായണ ഗുരുവിന്റെ അദ്വൈത ദർശനത്തിൽ അധിഷ്ഠിതമായി എഴുതിയ ഗാനം ഏറെ സന്തോഷത്തോടുകൂടിയാണ് മാർപാപ്പ ശ്രവിച്ചത്. ഗാനത്തിന്റെ ഇറ്റാലിയൻ പരിഭാഷ മാർപാപ്പയ്ക്ക് നൽകിയിരുന്നു.
ഇന്ത്യയുടെ ആത്മീയതയുടെയും വിശ്വ സംസ്കാരത്തിന്റെയും ചൈതന്യം പേറുന്ന സന്ദേശം കുട്ടികൾ നന്നായി ആലപിച്ചുവെന്ന് മാർപാപ്പ അവരെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. കുട്ടികൾക് മാർപാപ്പ ജപമാല നൽകുകയും ആശീർവദിക്കുകയും ചെയ്തു.
ജോഷ്ന, ജോയൽ, സിൻഡ്രല്ല, കമീല, എമിലിയ,ബിൽഗീസ്, ബെൽഗ്രേൻ സ്,ഡിവിന, കാതറിൻ എന്നിവരാണ് പാട്ടുകൾ പാടിയത്. വരികൾ രചിച്ചത് ലത്തീൻ കത്തോലിക്കാ മലയാളികളുടെ നാഷണൽ കോഓർഡിനേറ്ററായ ഫാ. പോൾ സണ്ണിയും സംഗീതം നൽകിയത് അലക്സ് ആന്റണിയുമാണ്.
ശ്രീനാരായണ ഗുരുദേവൻ മതസൗഹാർദ സമ്മേളനം നടത്തിയതിന്റെ നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വത്തിക്കാനിൽ വച്ച് മാർപാപ്പയുടെ ആശിർവാദത്തിൽ നടത്തുകയുണ്ടായി.
|
പി. ശ്രീകുമാറിന് നമസ്തേ ഇറ്റാലിയ റോമിൽ സ്വീകരണം നല്കി
വത്തിക്കാന്‍ സിറ്റി: ലോകമതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് എത്തിയ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പി. ശ്രീകുമാറിന് മലയാളികളുടെ സാംസ്കാരിക സംഘടന നമസ്തേ ഇറ്റാലിയ സ്വീകരണം നല്കി.
വസിക്കുന്ന രാജ്യത്തിന്റെ നിയമവും സമ്പ്രദായങ്ങളും പൂർണമായി പാലിച്ച് പ്രവര്‍ത്തിച്ചാല്‍ പ്രവാസി സംഘടനകള്‍ക്ക് വളരെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ഉണ്ടെന്നു രജിസ്ട്രര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെ പലതരത്തില്‍ സഹായിക്കാന്‍ എംബസിക്ക് സാധിക്കുമെന്ന് പി. ശ്രീകുമാര്‍ പറഞ്ഞു.
ഒന്നിലധികം പ്രവാസിസംഘടനകള്‍ ഉള്ളത് കുഴപ്പമുള്ള കാര്യമല്ലന്നും പരസ്പരം പോരടിക്കുന്നതിനു പകരം സഹകരിച്ചു പോകണം എന്നതു മാത്രമേ ഉള്ളൂവെന്ന് മറുപടി പ്രസംഗത്തില്‍ അദ്ദേഹം കൂട്ടിച്ചേർത്തു.
ബിനോയി സണ്ണി, കണ്ണന്, രാജേശ്വരി, ബാബു, വിനീഷ്, സജീവ്, പ്രശാന്ത് ശ്രീകുമാർ, നിശാന്ത് ശശീന്ദ്രൻ, സാബു ബാലൻ, മോബിന് വർഗീസ് എന്നിവര്‍ പങ്കെടുത്തു.
|
നോത്ര്ദാം കത്തീഡ്രൽ ഫ്രഞ്ച് പ്രസിഡന്റ് സന്ദര്‍ശിച്ചു
പാരീസ്: പാരീസിലെ നവീകരിച്ച നോത്ര്ദാം കത്തീഡ്രൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സന്ദർശിച്ചു. പ്രസിഡന്റിന്റെ സന്ദർശനം തത്സമയം ടെലിവിഷനിൽ സംപ്രേഷണം ചെയ്തിരുന്നു.
കത്തീഡ്രലിന്റെ പുനര്‍നിര്‍മാണ പ്രക്രിയ വിജയകരമാക്കിയതിലും പുരാതന ഗോത്തിക് വാസ്തുവിദ്യയുടെ തനിമ അതേപടി നിലനിർത്തികൊണ്ടുളള ഇന്റീരിയറുകളിലും പ്രസിഡന്റ് സന്തോഷം പ്രകടിപ്പിച്ചു.
പുനർനിർമാണത്തിന് ശേഷം ടെലിവിഷനിലൂടെയാണെങ്കിലും ഇതാദ്യമായാണ് കത്തീഡ്രലിലെ കാഴ്ചകൾ പുറം ലോകം കാണുന്നത്. ഭാര്യ ബ്രിജിറ്റ്, പാരീസ് ആര്‍ച്ച്ബിഷപ് ലോറന്റ് ഉള്‍റിഷ് എന്നിവരും പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു.
ഡിസംബർ ഏഴിന് നടക്കുന്ന പുനർക്കൂദാശാകർമത്തിലും തൊട്ടടുത്ത ദിവസം പുതിയ അൾത്താരയിൽ നടക്കുന്ന കുർബാനയിലും പ്രസിഡന്റ് പങ്കെടുക്കും. ഡിസംബർ എട്ട് മുതൽ കത്തീഡ്രലിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകും. പ്രതിവര്‍ഷം ഏകദേശം 15 ദശലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
തീപിടിത്തത്തിൽ കത്തീഡ്രലിന്റെ ഉൾഭാഗം നേരത്തെ നശിച്ചിരുന്നു. ഏകദേശം ആയിരം വർഷം പഴക്കമുള്ള കത്തീഡ്രൽ പുനർനിർമിക്കാൻ അഞ്ചു വർഷത്തോളം വേണ്ടിവന്നു. 700 ദശലക്ഷം ഡോളർ ചെലവിട്ടാണ് കത്തീഡ്രൽ പുനർനിർമിച്ചത്. 2019 ഏപ്രിലിലാണ് കത്തീഡ്രലിൽ തീപിടിത്തമുണ്ടായത്.
|
പി. ശ്രീകുമാറിന് ഹിന്ദു കള്‍ച്ചറല്‍ അസോസിയേഷന് റോമിൽ സ്വീകരണം നൽകി
വത്തിക്കാന്‍ സിറ്റി: ലോകമതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ മാധ്യമപ്രവർത്തകൻ പി. ശ്രീകുമാറിന് ഹിന്ദു കള്‍ച്ചറല്‍ അസോസിയേഷന് ഇറ്റലി റോമിൽ സ്വീകരണം നല്കി.
പ്രസിഡന്റ് ശിവദാസ് തച്ചപ്പുള്ളി പൊന്നാട അണിയിച്ചു. സെക്രട്ടറി വിനോദ് കുമാര്‍ നെരോത്ത് പൊന്നാട അണിയിച്ചു.
വൈസ് പ്രസിഡന്റ് ബൈജു നാരായണന്, ജോ. സെക്രട്ടറി സിജു സുകുമാരന്‍, ഖജാൻജി പ്രവീണ്‍ ചന്ദ്രന്, എക്സിക്യുട്ടീവ് അംഗങ്ങളായ ദിലീപ് കുമാര്‍, സിന്ധു ജി. നായര്‍, അനു പ്രവീണ്‍, മിനി സിജു, ഷീന ശിവദാസ്, അനു പ്രവീണ്‍ മഞ്ജിത്ത് അംഗങ്ങളായ സന്ധ്യ, പാര്‍വതി എന്നിവര്‍ പങ്കെടുത്തു.
|
ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയൺ കോൺഗ്രസ് ജന്മദിനവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിക്കുന്നു
ഇപ്സ്വിച്ച്: ഒഐസിസി യുകെയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോൺഗ്രസ് പാർട്ടി ജന്മദിനവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും ജനുവരി നാലിന് നടത്തപ്പെടും. വൈകുന്നേരം നാലു മുതൽ രാത്രി 10 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് മുഖ്യാതിഥിയായി പങ്കെടുക്കും. "ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ ചരിത്രം' എന്ന വിഷയത്തിൽ കേംബ്രിഡ്ജ് മേയറും യുകെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല മുഖ്യപ്രഭാഷണം നടത്തും.
കലാവിരുന്നുകൾ സംഗമിക്കുന്ന വേദിയിൽ യുകെയിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ "കേരള ബീറ്റ്സ് യുകെ' അനുഗ്രഹീത കാലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനമേളയും ചടുല താളങ്ങൾ കൊണ്ട് പ്രശസ്തിയിലേക്കുയർന്ന ഫ്ലൈട്ടോസ് ഡാൻസ് കമ്പനിയുടെ ഡാൻസ് ഷോയും മിഴിവേകും.
ഇപ്സ്വിച്ച് റീജിയൺ അംഗങ്ങൾ ഒരുക്കുന്ന രുചിയേറിയ മൂന്ന് കോഴ്സ് ഡിന്നറാണ് ആഘോഷത്തിലെ മറ്റൊരു ആകർഷണം. സംഗീത നൃത്ത സമന്വയം ഒരുക്കുന്ന ആഘോഷ സന്ധ്യയിലേക്കും സ്നേഹവിരുന്നിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയൺ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബാബു മാങ്കുഴിയിൽ (പ്രസിഡന്റ്): 077931 22621, അഡ്വ. സി.പി. സൈജേഷ് (ജനറൽ സെക്രട്ടറി): 075701 66789, ജിൻസ് വർഗീസ് (ട്രഷറർ): 078806 89630.
വേദിയുടെ വിലാസം: St. Mary Magdelen Catholic Church 468 Norwich Rd, Ipswich IP1 6JS.
|
വത്തിക്കാനില്‍ നടന്ന സർവമത സമ്മേളനത്തിൽ കുമരകം സ്വദേശിയും
കുമരകം: ശ്രീനാരായണ ഗുരു സ്മരണയില്‍ വത്തിക്കാനില്‍ നടന്ന സർവമത സമ്മേളനത്തിൽ പങ്കെടുത്തവരിൽ കുമരകം സ്വദേശിയും. സ്വാമി അസംഗാനന്ദഗിരിയാണ് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ റോമിലെത്തിയ സന്യാസ സംഘത്തിലെ കുമരകം സ്വദേശി.
ശിവഗിരി മഠത്തിൽ ചേർന്ന് സന്യാസം സ്വീകരിക്കുന്നതിന് മുന്‍പ് അജിത്ത് കെ. കൈലാസൻ എന്നായിരുന്നു സ്വാമി അസംഗാനന്ദഗിരി പേര്. നിലവിൽ ശിവഗിരി മഠം ഗുരുധർമ പ്രചരണ സഭ സെക്രട്ടറിയായി ചുമതല വഹിക്കുന്ന സ്വാമി അസംഗാനന്ദഗിരി കുമരകം ശ്രീ കുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ 20032004 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥിയായിരുന്നു.
ചീപ്പുങ്കൽ (മഞ്ചാടിക്കരി) കിഴക്കേഅടിയാട്ട് വീട്ടിൽ കൈലാസൻനിർമ്മല ദമ്പതികളുടെ മകനാണ്.
|
സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന് സമാപനം
ബിർമിംഗ്ഹാം: ബിർമിംഗ്ഹാമിനെ ആവേശംകൊള്ളിച്ച് സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്താണ് പ്രതിനിധി സമ്മേളനത്തിന് തിരശീല വീണത്.
രാജി ഷാജിയാണ് സമീക്ഷയുടെ പുതിയ നാഷണല്‍ പ്രസിഡന്റ്. നാഷണല്‍ സെക്രട്ടറിയായി ജിജു സൈമണെയും തെരഞ്ഞെടുത്തു. അഡ്വ. ദിലീപ് കുമാറാണ് പുതിയ ട്രഷറർ.
പ്രവീൺ രാമചന്ദ്രൻ വൈസ് പ്രസിഡന്റും ഉണ്ണികൃഷ്ണൻ ബാലൻ ജോയിന്റ് സെക്രട്ടറിയുമാകും. ഇവർക്ക് പുറമെ ശ്രീകാന്ത് കൃഷ്ണൻ, അരവിന്ദ് സതീഷ്, ബൈജു നാരായണൻ, ബാലചന്ദ്രൻ ചിയിമടത്തിൽ എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായി ഉൾപ്പെടുത്തി.
21 അംഗ നാഷണൽ കമ്മിറ്റിയിലേക്ക് ഗ്ലീറ്റർ കോട്ട്പോൾ, പി.കെ. ബൈജു, ആതിര രാമചന്ദ്രൻ, ദീപ്തി ലൈജു സ്കറിയ, എബിൻ സാബു, സ്വരൂപ് കൃഷ്ണൻ, .കെ. ജോബി, ഫിതിൽ മുത്തുക്കോയ, ആന്റണി ജോസഫ്, സാം കൊക്കുംപറമ്പിൽ, അജീഷ് ഗണപതിയാടൻ, ബിനു കോശി എന്നിവരെയും തെരഞ്ഞെടുത്തു.
ഏരിയ, യൂണിറ്റ് കമ്മിറ്റികള്‍ പോലെ ദേശീയ നേതൃത്വത്തില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. സീതാറാം യെച്ചൂരി നഗറില്‍ (നേം പാരീഷ് സെന്റർ ഹാള്‍) നടന്ന സമ്മേളനത്തില്‍ 33 യൂണിറ്റുകളില്‍ നിന്നായി145 പ്രതിനിധികള്‍ പങ്കെടുത്തു. പ്രവർത്തന റിപ്പോർട്ട് മുൻ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അവതരിപ്പിച്ചു.
റിപ്പോർട്ടിനെ അധികരിച്ച് നടന്ന ചർച്ചയില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നിർദേശങ്ങള്‍ ഉയർന്നുവന്നു. നയരൂപീകരണത്തിനൊപ്പം അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന പരിപാടികളും സമ്മേളനം ആസൂത്രണം ചെയ്തു. ഭാസ്കരൻ പുരയില്‍ അനുശോചന പ്രമേയം വായിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ കെ.കെ. ഷെെലജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജൂലൈ അവസാനം നോർത്താംപ്റ്റണില്‍ ആയിരുന്നു സമീക്ഷയുടെ ആദ്യ യൂണിറ്റ് സമ്മേളനം.
ദേശീയ സമ്മേളനത്തോടെ നാല് മാസം നീണ്ടുനിന്ന സമ്മേളനകാലത്തിന് അവസാനമാകുകയാണ്. പുതിയ കാലത്തിനൊത്ത് പുതിയ ശൈലിയുമായി സമീക്ഷയുടെ പുതിയ നേതൃത്വം യുകെയിലെ മലയാളികള്‍ക്കൊപ്പം ഇനിയും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
|
ചെന്നായ്ക്കളെ കൊല്ലാൻ യൂറോപ്പിൽ നിയമനിർമാണം
സ്ട്രാസ്ബുർഗ്: മനുഷ്യാവകാശങ്ങളും ബേൺ കൺവൻഷൻ തീരുമാനങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള യൂറോപ്യൻ കൗൺസിലിന്റെ കമ്മിറ്റി യൂറോപ്പിലെ ചെന്നായ്ക്കളെ കൊല്ലുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കാൻ ശിപാർശ ചെയ്തു. ‘അതീവസംരക്ഷണം അർഹിക്കുന്ന’ എന്ന നിലയിൽനിന്ന് ‘സംരക്ഷണം അർഹിക്കുന്ന’ എന്നാക്കി മാറ്റി.
കഴിഞ്ഞ പത്തു വർഷംകൊണ്ട് ചെന്നായ്ക്കളുടെ എണ്ണം ഇരട്ടിച്ചതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. അതിലുപരിയായി കാർഷികവിളകൾക്കും വളർത്തുമൃഗങ്ങൾക്കും ഇവ വൻ ഭീഷണിയാണ് ഉയർത്തുന്നത്. പ്രതിവർഷം 65,000 ചെമ്മരിയാടുകളെയും ആടുകളെയും യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങളിലായി ചെന്നായ്ക്കൾ കൊല്ലുന്നുണ്ടെന്നാണ് കണക്ക്.
യൂറോപ്യൻ കൗൺസിലിന്റെ ഈ നിർദേശങ്ങൾ നിയമമാക്കുന്നതിന് യൂറോപ്യൻ യൂണിയൻ നിയമങ്ങൾ മാറ്റേണ്ടതുണ്ട്. നിർദേശങ്ങൾ സ്വീകരിച്ചതിനുശേഷം എതിർക്കുന്നവരുടെ എണ്ണം മൂന്നിലൊന്നിൽ കൂടാൻ പാടില്ല. തുടർന്ന് യൂറോപ്യൻ യൂണിയനിലും പാർലമെന്റിലും കേവല ഭൂരിപക്ഷത്തോടെ പാസാകണം.
|
നോത്ര്ദാം കത്തീഡ്രൽ കൂദാശാകർമത്തിൽ ട്രംപ് പങ്കെടുക്കും
പാരീസ്: ഡിസംബർ ഏഴിന് നടക്കുന്ന പാരീസിലെ നവീകരിച്ച നോത്ര്ദാം കത്തീഡ്രലിന്റെ പുനർക്കൂദാശാകർമത്തിൽ പങ്കെടുക്കാൻ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റ് മക്രോണിന്റെ ക്ഷണം സ്വീകരിക്കുന്നതായി അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ട്രംപിന്റെ ആദ്യത്തെ വിദേശയാത്ര പാരീസിലേക്കായത് മക്രോണിന്റെ നയതന്ത്രവിജയമായാണ് കരുതപ്പെടുന്നത്. അന്‍പതോളം രാഷ്ട്രത്തലവന്മാർ പള്ളിയുടെ പുനർസമർപ്പണച്ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്.
കൂദാശാകർമം നടക്കുന്ന ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് (ഈസ്റ്റേൺ ടൈം) അമേരിക്കയിലെ പള്ളികളിൽ മണികളെല്ലാം മുഴക്കണമെന്ന് അമേരിക്കൻ മെത്രാൻസമിതി നിർദേശിച്ചു. സഭയുടെ മൂത്ത പുത്രിയായ ഫ്രഞ്ച് സഭയോടുള്ള കൂട്ടായ്മ ഇങ്ങനെ പ്രകടിപ്പിക്കുന്നത് ഉചിതമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
പള്ളിയുടെ കൂദാശാകർമം പ്രമാണിച്ച് പാരീസിൽ ഇന്നുമുതൽ ഒൻപതു വരെ ട്രാഫിക് നിയന്ത്രണങ്ങളുണ്ടാകും. പള്ളി സ്ഥിതി ചെയ്യുന്ന സേൻ നദിയിലെ ദ്വീപിലേക്ക് പ്രത്യേക ക്ഷണിതാക്കൾക്കും സ്ഥിരം താമസക്കാർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. കർശനമായ പരിശോധനയ്ക്കു ശേഷമായിരിക്കും പ്രവേശനം.
റെയിൽ, റോഡ്, മെട്രോ ഗതാഗതങ്ങൾക്കെല്ലാം നിയന്ത്രണമുണ്ട്. നദിയുടെ വലത്തേ കരയിൽ സ്ഥാപിച്ചിരിക്കുന്ന വലിയ സ്ക്രീനുകളിൽ പരിപാടികൾ വീക്ഷിക്കാൻ അര ലക്ഷത്തോളം പേർക്കു സൗകര്യമുണ്ടാകും.
|
മാർപാപ്പയെ ക്ഷണിച്ച് കേരള എംഎൽഎ മാരുടെ പ്രതിനിധിസംഘം വത്തിക്കാനിൽ
റോം: വത്തിക്കാനിൽ ശിവഗിരിമഠം സംഘടിപ്പിച്ച സർവമത സമ്മേളനത്തിൽ അനുഗ്രഹ പ്രഭാക്ഷണം ചെയ്ത ഫ്രാൻസിസ് മാർപാപ്പയെ കേരളത്തിൽ നിന്നുള്ള പ്രതിനിധിസംഘം ഇന്ത്യയിലേക്കു ക്ഷണിച്ചു. ക്ഷണം സന്തോഷത്തോടെ സ്വീകരിച്ച മാർപാപ്പ അടുത്തവർഷം ഇന്ത്യ സന്ദർശിക്കുമെന്ന് സമ്മേളനത്തിൽ പറഞ്ഞു.
പ്രതിനിധിസംഘത്തിൽ സർവമത സമ്മേളനത്തിന്റെ ജനറൽ കൺവീനർ ചാണ്ടി ഉമ്മൻ എംഎൽ എ , സജീവ് ജോസഫ് എംഎൽഎ, സനീഷ്കുമാർ ജോസഫ് എംഎൽഎ, ശ്രീനിജൻ എംഎൽഎ
ഫാ. ഡേവിസ് ചിറമേൽ, ഫാ. കോശി ജോർജ് വരിഞ്ഞവിള, കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, രവി ജോസ് താണിക്കൽ, കെപിസിസി മെമ്പർ അഡ്വ. ജെ.എസ്. അഖിൽ,
വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ, വേൾഡ് മലയാളി കൗൺസിൽ മുൻ പ്രസിഡന്റ് എവിഎ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എ.വി. അനൂപ്, മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.പി. നന്ദകുമാർ, ഗോപു നന്തിലത്ത്, ചന്ദ്രിക ഡയറക്ടർ ഡോ.രവി, അഡ്വ. ആൻസിൽ കോമാട്ട് മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി, കൂഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ, ചാലക്കുടി നഗരസഭ കൗൺസിലർ വി.ജെ.ജോജി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
|
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കേരളപ്പിറവി ആഘോഷിച്ചു
ലണ്ടൻ: ആഗോളതലത്തിൽ പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തിയ കലാസാംസ്കാരിക വേദിയുടെ 18ാം സമ്മേളനം വെർച്വലായി കേരളപിറവി ആഘോഷിച്ചു. പ്രഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തി.
കേരളത്തിൽ നിന്നും കൂടുതൽ ചെറുപ്പക്കാർ വിദേശങ്ങളിലേക്ക് ചേക്കേറുന്നതിനാൽ പത്തുവർഷത്തിനകം കേരളം വൃദ്ധന്മാരുടെയും അന്യദേശക്കാരുടേയും നാടായി മാറുമെന്നും അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ പ്രവാസി മലയാളികളുടെ ജാഗ്രത പിറന്ന മണ്ണിനോടുണ്ടാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സോബിച്ചൻ ചേന്നങ്കരയുടെ ഈശ്വര പ്രാർഥനയോടെയാണ് ആഘോഷത്തിന് തുടക്കമായത്. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ആശംസിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റോഫ് വർഗീസ്, യൂറോപ്യൻ ചെയർമാൻ ജോളി തടത്തിൽ എന്നിവർ കേരള പിറവി ആശംസകൾ നേർന്നു. അന്ന് ജന്മദിനമായിരുന്ന ജോളി തടത്തിലിന് എല്ലാവരും ജന്മദിനാശംസകൾ നേർന്നു.
ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഹെൽത്ത് ആന്റ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയ്ലൻ, ഗ്ലോബൽ വുമൻസ് ഫോറം പ്രസിഡന്റ് പ്രഫസർ ഡോ. ലളിത മാത്യു, അമേരിക്കൻ റീജിയൺ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ, ഇന്ത്യാ റീജിയൺ പ്രസിഡന്റ് ഡോ. പി. എം. നായർ ഐപിഎസ്,
യൂറോപ്പ് റീജിയൺ വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട്, സെക്രട്ടറി ബാബു തോട്ടപ്പിള്ളി, യുകെ പ്രൊവിൻസ് പ്രസിഡന്റ് സൈബിൻ പാലാട്ടി, യുകെ നോർത്ത് വെസ്റ്റ് പ്രൊവിൻസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ജർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ, ജർമൻ പ്രൊവിൻസ് ചെയർമാൻ ബാബു ചെമ്പകത്തിനാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഡോ. അജി അബ്ദുള്ള ടെക്സസ് പ്രൊവിൻസ് പ്രസിഡന്റ്, ആൻസി തലശല്ലൂർ, സാഹിത്യകാരൻ കാരൂർ സോമൻ, എഴുത്തുകാരനായ ഡോ. ജോർജ് കാളിയാടൻ, ജോഹാന സുനിൽ, ശശി നായർ, ഡോ. സേതുമാധവൻ തുടങ്ങിയവരുടെ സജീവ സാന്നിദ്ധ്യം വേദിയിലുണ്ടായിരുന്നു.
അമേരിക്കൻ റീജിയണിലെ പ്രമുഖ ഗായകരായ ജോൺസൻ, ആൻസി തലശല്ലൂർ, യൂറോപ്പിലെ പ്രമുഖ ഗായകരായ ജോസ് കവലച്ചിറ, സോബിച്ചൻ ചേന്നങ്കര, എബി കുരിയാക്കോസ്, ശ്രീജ ഷിൽഡ്കാംമ്പ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
അമേരിക്കൻ റീജിയണിൽ നിന്നുള്ള നർത്തകിമാരായ അമ്പിളി ടോം, ജോസ്ലിൻ സെബാസ്റ്റ്യൻ, ജൂലിയറ്റ് ജോസഫ്, രോഹിണി നായർ, അയർലൻഡിൽ നിന്നുള്ള ടീന വിമൽ, മൻജു റിന്റോ, ജിൻസി മനു, ലിൻജു അരുൺ, സുജി ഷെറോയി, നീതു ജോയി, രേവതി രൻജു, ഫിജിൻ സാവിയോ എന്നിവരുടെ നൃത്തവും യൂറോപ്പിൽ നിന്നുള്ള ജിബിയ ബേബി, ജോർളി ചിറ്റിലപ്പിള്ളി, ഗ്രീഷ്മ കൊച്ചേട്ടു, ഇഷാനി ചിറയത്ത്, സോൺജ മേമ്പൂർ, സൗമ്യ ജോസി എന്നിവരുടെ തിരുവാതിരയും അപൂർവ്വ മനോഹരമായി.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിലും നർത്തകി അന്ന ടോമും ചേർന്നാണ് ഈ കലാ സാംസ്കാരിക വേദി മോഡറേഷൻ ചെയ്തത്. കംപ്യൂട്ടർ എൻജിനീയറായ നിതീഷ് ഡേവീസ് ആണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ട്രഷറർ ഷൈബു ജോസഫ് കൃതജ്ഞത പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്കായി എല്ലാ മാസത്തിന്റെയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കുന്ന ഈ കലാ സാംസ്കാരിക വേദിയുടെ അടുത്ത സമ്മേളനം മാർച്ച് 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് (യുകെ സമയം) വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതാണ്.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപത ഫാമിലി ദൈവശാസ്ത്ര ക്വിസ് ശ്രദ്ധേയമായി
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും സീറോമലബാർ സഭയുടെ ദൈവശാസ്ത്രം കൂടുതൽ ആഴത്തിൽ പഠിപ്പിക്കുവാനും സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൾ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി നടത്തിയ ദൈവശാസ്ത്ര ക്വിസ് മത്സരം "ഉർഹാ 2024' ശ്രദ്ധേയമായി.
മത്സരത്തിൽ ഒന്നാം സമ്മാനമായ 3000 പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റും ഹേവാർഡ്സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷൻ അംഗങ്ങളായ ജോമോൻ ജോൺ, ബിബിത കെ. ബേബി ദമ്പതികളുടെ നൂറൊക്കരി കുടുംബ ടീം കരസ്ഥമാക്കി.
കഴിഞ്ഞ വർഷം നടന്ന ആരാധന ക്രമ വർഷ ക്വിസ് മത്സരത്തിലും ഒന്നാം സമ്മാനം കരസ്ഥമാക്കിയത് ഇവരാണ്. രണ്ടാം സമ്മാനമായ 2000 പൗണ്ടും ട്രോഫിയും മാഞ്ചസ്റ്റർ ഹോളി ഫാമിൽ മിഷൻ അംഗങ്ങളായ എബിൻ ടി.ജെ, അനീറ്റ ജോസഫ് എന്നീ ദമ്പതികളുടെ തൊമ്മിതാഴെ കുടുംബ ടീം കരസ്ഥമാക്കി.
മൂന്നാം സമ്മാനമായ 1000 പൗണ്ടും ട്രോഫിയും എഡിൻബറോ സെന്റ് അൽഫോൻസാ ആൻഡ് സെന്റ് ആന്റണി മിഷൻ അംഗങ്ങളായ സാബു ജോസഫ്, ഷിനി സാബു, റോൺ മാത്യു സാബു എന്നിവരുൾപ്പെടുന്ന പുളിക്കക്കുന്നേൽ കുടുംബ ടീമും കരസ്ഥമാക്കി.
ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ വിവിധ തലങ്ങളിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കൊടുവിൽ 40 കുടുംബങ്ങൾ ആണ് ദേശീയ തലത്തിലുള്ള ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
ഇതിൽ നിന്നും യോഗ്യത നേടിയ ആറ് കുടുംബങ്ങൾ ആണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത്. റവ. ഫാ. നിഥിൻ ഇലഞ്ഞിമറ്റം ആയിരുന്നു ക്വിസ് മാസ്റ്റർ ആയി മത്സരം നിയന്ത്രിച്ചത്.
മത്സര വിജയികൾക്കുള്ള കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റുകളും ഫൈനൽ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കേറ്റുകളും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്തു.
രൂപത പാസ്റ്ററൽ കോഓർഡിനേറ്റർ റവ.ഡോ. ടോം ഓലിക്കരോട്ട്, ക്വിസ് പ്രോഗ്രാം കോഓർഡിനേറ്റർ റവ.ഡോ. ബാബു പുത്തൻപുരക്കൽ, റവ. ഫാ. ജെയിംസ് കോഴിമല, റവ. ഫാ. ജിനു മുണ്ടുനടക്കൽ,
പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു മുരിങ്ങമറ്റത്തിൽ, ഇയർ ഓഫ് തിയോളജി കമ്മിറ്റി അംഗങ്ങൾ ആയ ഡീക്കൻ ജോയ്സ് പള്ളിക്യാമാലിൽ, ഡോ. മാർട്ടിൻ തോമസ് ആന്റണി, ജൈസമ്മ ബിജോ എന്നിവരും സന്നിഹിതരായിരുന്നു.
|
അയർലൻഡിൽ കൂട്ടുമന്ത്രിസഭയ്ക്കായുള്ള ചർച്ചകളാരംഭിച്ചു
ഡബ്ലിൻ: ഐറിഷ് പാർലമെന്റിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കൂട്ടുമന്ത്രിസഭയ്ക്കായുള്ള ചർച്ചകളാരംഭിച്ചു.
തിങ്കളാഴ്ച രാത്രിയോടെയാണ് വോട്ടെണ്ണൽ പൂർത്തിയായത്. നിലവിലെ ഭരണ പക്ഷത്തെ പ്രമുഖ പാർട്ടികളായ ഫിനാഫാളും ഫിനെഗിലും ചേർന്ന് മന്ത്രിസഭ രൂപീകരിക്കാനുള്ള ചർച്ചകളാണ് പ്രധാനമായും പുരോഗമിക്കുന്നത്.
ഇതിനിടെ ഇടതു കക്ഷികൾ തമ്മിലുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ബുധനാഴ്ച ഫിനഫാൾ, ഫിനഗേൽ സിൻഫെയ്ൻ തുടങ്ങിയവരുടെ പാർലമെന്ററി പാർട്ടി യോഗം ചേരും.
മൊത്തം 174 അംഗ സഭയിൽ ഫിനാഫാൾ 48 ഫിനഗേൽ 38 സിൻഫെയ്ൻ 39 എന്നിങ്ങനെയാണ് പ്രധാന പാർട്ടികൾ നേടിയ സീറ്റുകൾ. നിലവിൽ കൂട്ടുഭരണത്തിലുണ്ടായിരുന്ന ഗ്രീൻ പാർട്ടിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ.
തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയും സോഷ്യൽ ഡെമോക്രാറ്റും 11 വീതം സീറ്റുകൾ നേടി. 16 സ്വതന്ത്രരും വിജയിച്ചു. 88 സീറ്റുകളാണ് ഭരണത്തിലേറാൻ വേണ്ടത്.
ഫിനഫോളും ഫിനഗേലും ചെറുപാർട്ടികളുടെയോ സ്വതന്ത്രരുടെയോ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.
ഫിനാഫാൾ പാർട്ടി ടിക്കറ്റിൽ മത്സരിച്ച മലയാളി മഞ്ജു ദേവിക്ക് വിജയിക്കാനായില്ല.
|
യുകെയിലെ വാതപ്പള്ളിൽ കുടുംബാംഗങ്ങളുടെ സംഗമം വിജയകരമായി
ലണ്ടൻ: യുണൈറ്റഡ് കിംഗ്ഡത്തിലുള്ള വാതപ്പള്ളിൽ കുടുംബാംഗങ്ങൾ ഹിയർഫോർഡഷിരെ ഡോൺഫീൽഡ് ഹൗസിൽ മൂന്നു ദിവസത്തെ പരിപാടികളിൽ ഒത്തുചേരുകയും കുടുംബഐക്യം പ്രഖ്യാപിക്കുകയും ചെയ്തു.
ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജിൻസ് ജോയ് വാതപ്പള്ളി, സജി ഫിലിപ്പ് വാതപ്പള്ളി, വിമോ ഷിന്റോ തുടങ്ങിയവർ പ്രഭാഷണം നടത്തി.
യോഗത്തിൽ ജോബി വിൻസെന്റ് വാതപ്പള്ളി സ്വാഗതം ചെയ്തു. ജിനോ ജോയ് വാതപ്പള്ളി നന്ദി രേഖപ്പെടുത്തി. കുട്ടികൾക്കായുള്ള കലാമത്സരങ്ങൾ, കുട്ടികളുടെയും മുതിർന്നവരുടെ വടംവലി മുതലായ മത്സരങ്ങളും വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.
എല്ലാവർക്കും ആവേശകരമായ ഒരു അനുഭവമായിരുന്നു. മത്സരവിജയികൾക്ക് സമ്മാനദാനം നൽകുകയുണ്ടായി. കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുവാൻ ഈ സംഗമം ഉപകരിച്ചു.
സുഹൃദ്ബന്ധങ്ങൾ ശക്തിപ്പെടുത്താനും കുടുംബ ഐക്യം ഉയർത്തിക്കൊണ്ടുവരാനുമുള്ള ഈ ശ്രമം പങ്കെടുക്കുന്നവർക്കെല്ലാം മനോഹര ഓർമകൾ സമ്മാനിച്ചു. സംഗമത്തിന് അരുൺ ജോർജ് വാതപ്പള്ളി പ്രോഗ്രാം കോഓർഡിനേറ്ററായി പ്രവർത്തിച്ചു.
മൂന്നു ദിവസത്തെ വാതപ്പള്ളിൽ കുടുംബയോഗ സംഗമം ഒരു മനോഹര ഓർമയായി പങ്കെടുത്ത ഓരോരുത്തർക്കും അനുഭവപ്പെട്ടുവെന്നത് യോഗം വിജയമായിരുന്നുവെന്നതിന് തെളിവാണ്.
|
മാര്‍പാപ്പയ്ക്ക് സ്നേഹോപഹാരം സമ്മാനിച്ച് സാദിഖലി തങ്ങള്‍
വത്തിക്കാന്‍ സിറ്റി: ശ്രീനാരായണ ഗുരു സംഘടിപ്പിച്ച പ്രഥമ സര്‍വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നടന്ന സര്‍വമത സമ്മേളനത്തിനെത്തിയ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി ചെയര്മാന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.
കുശലാന്വേഷണങ്ങള്‍ക്കു ശേഷം സ്നേഹോപഹാരമായി മാര്‍പാപ്പയ്ക്ക് പുസ്തകവും സമ്മാനിച്ചു. മതങ്ങളുടെയെല്ലാം അന്തഃസത്ത മൈത്രിയാണെന്നും വൈവിധ്യങ്ങളെ സഹിഷ്ണുതയോടെ സമീപിച്ച് മാനവ സ്നേഹം ഉയര്‍ത്തിപ്പിടിക്കണമെന്നും സര്‍വമത സമ്മേളനത്തിന്റെ ഭാഗമായി അഗസ്റ്റീനിയാനു സർവകലാശാല ഹാളിൽ നടന്ന സെമിനാറില്‍ സാദിഖലി തങ്ങള്‍ പറഞ്ഞു.
എല്ലാ മനുഷ്യരും അവരുടെ വംശീയതയോ മതപരവും സാംസ്കാരികവുമായ പാരമ്പര്യമോ നോക്കാതെ, ഒരൊറ്റ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന വ്യക്തമായ സന്ദേശത്തിലൂടെ സാമൂഹികവും മതപരവുമായ ഉണര്‍വ് പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീനാരായണ ഗുരു തന്റെ ജീവിതം സമര്‍പ്പിച്ചു എന്ന മാര്‍പാപ്പയുടെ നിരീക്ഷണം എല്ലാവരും ഹൃദയത്തിലേറ്റണം.
നാനാത്വത്തിൽ ഏകത്വമെന്ന മാനവ മൈത്രിയിലധിഷ്ഠിതമായ ബഹുസ്വരതയെ സ്വാംശീകരിക്കാനും പ്രചരിപ്പിക്കാനും എല്ലാവരും മുന്നോട്ടു വരണമെന്നും സാദിഖലി തങ്ങള്‍ ഓര്‍മിപ്പിച്ചു.
അഡ്വ. ഹാരിസ് ബീരാന് എംപി, എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, സജീവ് ജോസഫ്, സനീഷ് കുമാര്‍ ജോസഫ്, പി.വി. ശ്രീനിജന്, മാര്‍ത്തോമാ സഭ അല്മായ ട്രസ്റ്റി അഡ്വ. ആന്‍സില്‍ കോമാട്ട് തുടങ്ങി ഇരുനൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. സ്വാമി ഋതംഭരാനന്ദ സര്‍വമത പ്രാര്‍ഥന നടത്തി.
|
ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം ലെസ്റ്ററിൽ സമാപിച്ചു
ലെസ്റ്റർ: യുകെയിലെ കുടിയേറ്റ തൊഴിലാളികളുടെ സംഘടനയായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (ഐഡബ്ല്യുഎ) ദേശീയ സമ്മേളനം ലെസ്റ്ററിൽ സമാപിച്ചു.
സീതാറാം യച്ചൂരിയുടെ പേര് നൽകിയ ഭഗത്സിംഗ് വെൽഫെയർ സെന്ററിലായിരുന്നു സമ്മേളനം. 1938ൽ കൊളോണിയൽ ഭരണത്തിനും സാമ്രാജ്യത്വത്തിനുമെതിരേ പോരാടാനായി രൂപം കൊണ്ട സംഘടനയുടെ പ്രവർത്തനങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ദയാൽ ബാഗ്രി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് ജനറൽ സെക്രട്ടറി ഹർസെവ് ബൈൻസ്, എസ്എഫ്ഐ യുകെ പ്രതിനിധി നൂപുർ പലിവാൽ, മലയാളികളുടെ പുരോഗമന സാംസ്കാരിക സംഘടന പ്രതിനിധി ജോസെൻ ജോസ് തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
പാക്കിസ്ഥാനിലെ അവാമി വർക്കേഴ്സ് പാർട്ടി അധ്യക്ഷൻ പർവേസ് ഫതഹ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. യുകെയിലെ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ജിഎഫ്ടിയുവിന്റെ ജനറൽ സെക്രട്ടറി ഗവെയ്ൻ ലിറ്റിൽ വിഡിയോ സന്ദേശത്തിലൂടെ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
സെക്രട്ടറി ലിയോസ് പോൾ സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന്, ആരോഗ്യപ്രശ്നങ്ങൾ മൂലം സ്ഥാനമൊഴിയുന്ന ദയാൽ ബാഗ്രിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹർസെവ് ബൈൻസ് പ്രസിഡന്റായും ലിയോസ് പോൾ ജനറൽ സെക്രട്ടറിയായും തുടരും.
ശ്രീകുമാർ, അശ്വതി റെബേക്ക അശോക് എന്നിവർ വൈസ് പ്രസിഡന്റുമാരായും പ്രിയ രാജൻ അസിസ്റ്റന്റ് സെക്രട്ടറിയായും അവതാർ സിംഗ് ട്രഷററായും പ്രീത് ബൈൻസ് വിമൻസ് കോഓർഡിനേറ്ററായും വിശാൽ ഉദയകുമാർ മെമ്പർഷിപ്പ് മീഡിയ കോഓർഡിനേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.
രജീന്ദർ ബൈൻസ്, ബൽക്കാർ ധാംറൈറ്റ്, സുനിൽ മലയിൽ, ജോസൻ ജോസ്, സജീർ നൂഹ് മുഹമ്മദ്, ആഷിക് മുഹമ്മദ് നാസ്സർ, ഹർജിൻഡർ ഡോസാൻജ്, ലിനു വർഗീസ്, പി.സി. ജോസ്, ജയപ്രകാശ് മറയൂർ, ജോസഫ് ടി. ജോസഫ് എന്നിവരടങ്ങുന്ന 11 അംഗ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
|
യൂറോപ്യന്‍ പാര്‍ലമെന്റ് പുതിയ ഇയു കമ്മീഷനെ തെരഞ്ഞെടുത്തു
ബെർലിൻ: യൂറോപ്യൻ പാർലമെന്റ് വോട്ടെടുപ്പിലൂടെ ഉർസുല വോൺ ഡെർ ലെയന്റെ നേതൃത്വത്തിലുള്ള പുതിയ യൂറോപ്യൻ കമ്മീഷനെ തെരഞ്ഞെടുത്തു. പാർലമെന്റിലെ ഭൂരിപക്ഷം വോൺ ഡെർ ലെയന്റെ ടീമിന് പിന്തുണ നൽകിയതോടെയാണ് ഈ തീരുമാനം.
എന്നാൽ, ഇറ്റാലിയൻ വലതുപക്ഷ നേതാവ് റാഫേൽ ഫിറ്റോയെ കമ്മീഷനിൽ ഉൾപ്പെടുത്തിയതിനെ മധ്യഇടത് ക്യാമ്പ് രൂക്ഷമായി വിമർശിച്ചു. ഫിറ്റോ പ്രാദേശിക ഫണ്ടിംഗിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റായിരിക്കും.
യൂറോപ്പിന്റെ ദുർബലമായ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് പുതിയ കമ്മീഷൻ പ്രഖ്യാപിച്ചത്. യുഎസ്, ചൈന എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക മത്സരം കണക്കിലെടുത്ത് ഡിജിറ്റൽ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വോൺ ഡെർ ലെയ്ൻ പറഞ്ഞു.
യൂറോപ്പിന്റെ വാഹന വ്യവസായത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ വോൺ ഡെർ ലെയ്ൻ, ഈ മേഖലയിലെ ജോലികൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
റഷ്യയുടെ യുക്രയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള ആവശ്യകത വോൺ ഡെർ ലെയ്ൻ ചൂണ്ടിക്കാട്ടി.
ലിത്വാനിയൻ മുൻ പ്രധാനമന്ത്രി ആൻഡ്രിയസ് കുബിലിയസിനെ ആദ്യത്തെ പ്രതിരോധ കമ്മീഷണറായി നിയമിച്ചു.
പാൻഡെമിക് കാലത്തെപ്പോലെ പുതിയ കമ്യൂണിറ്റി കടങ്ങൾ സ്വീകരിക്കാൻ ജർമനി വിമുഖത കാണിക്കുന്നത് ധനകാര്യ മേഖലയിൽ ചർച്ചകൾക്ക് വഴിതെളിക്കുന്നു.
|
ജര്‍മനിയില്‍ മെന്റലിസ്റ്റ് ആദിയുടെ ഷോ ഡിസംബർ 13ന്
ബെര്‍ലിന്‍: മെന്റലിസ്റ്റ് ആദിയുടെ ഷോ ഡിസംബർ 13ന് ജര്‍മനിയില്‍ നടക്കും. 35 രാജ്യങ്ങളില്‍ ഇതിനോടകം പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ആദി ഹൈഡല്ബെര്ഗിലാണ് എത്തുന്നത്.
സൈക്കോളജി, സജഷന്‍, മാജിക്, മിസ്ഡയറക്ഷന്‍, ഷോമാന്‍ഷിപ്പ് തുടങ്ങിയവ കോര്‍ത്തിണക്കി ലോകമെമ്പാടുമുള്ള വേദികളെ പുളകം കൊള്ളിച്ച ആദി ഹൈഡല്‍ബര്‍ഗിലെ വേദിയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അത്യാധുനിക സൗകര്യങ്ങളുള്ള ലക്സർ തിയേറ്റർ ഹൈഡൽബെർഗിലാണ് പരിപാടി അരങ്ങേറുന്നത്. ഡെയ്ൻ ഇവന്റ്സ് എന്ന ഇവന്റ് മാനെജ്മെന്റ് ഗ്രൂപ്പിന്റെ ഭാഗമായി ലവിൻ പൊറ്റെക്കാട്ട്, ശ്രീകുമാർ കോമത്ത്, അജിത് പത്രോസ്, ജൂഫിത ജോൺ, വർഷ ലവിൻ, ബിനീത വല്ലപ്പ് എന്നിവ റാൻ ഹൈഡൽ ബെർഗിൽ ഇൻസോംനിയ ഷോ ഒരുക്കുന്നത്.
ഫ്രണ്ട്സ് ഓഫ് ആദി (ഇൻസോമ്നിയ യൂറോപ്പ് ടൂർ ഓർഗനൈസർ), കൈരളി വെറൈൻ ഇ.വി ഹൈഡൽബെർഗ്, കാൾസ്രൂഹെ മലയാളികൾ, ഫ്രാങ്ക്ഫർട്ടിലും മാൻഹെയിമിലും ഉള്ള മലയാളികളുടെ സഹായവും ഇതിനു പിന്നിലുണ്ട്.
ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം: https://t.ly/Jkhg7
ടിക്കറ്റ് നേരിട്ട് ബുക്ക് ചെയ്യുവാന്‍: +49 157 387 54711, +49 151 636 46490.
VENUE: LUXORFilmpalast Heidelberg, Eppelheimer Str. 6, 69115, Heidelberg.
Friday 13TH DECEMBER 2024, Checkin time:19:30, Door close time: 20:00, Duration: 2 Hours.
|
പ്രവർത്തനങ്ങൾ വിപുലമാക്കാൻ ഐജെഎസ് യുകെ; പരിപാടികളുടെ സമയക്രമം പ്രഖ്യാപിച്ചു
ലണ്ടൻ: യുകെയിലെ സംഗമങ്ങളുടെ സംഗമമായ ഇടുക്കി ജില്ല സംഗമത്തെ(ഐജെഎസ്) കൂടുതൽ ജനകീയവും ശക്തവും സംഘടിതവുമായ കൂട്ടായ്മയായി മാറ്റുവാൻ ഐജെഎസ് ഭരണ സമിതി തീരുമാനമെടുത്തു.
ഐജെഎസ് ഭാരവാഹികളുടെ റെഡിംഗിൽ ചേർന്ന യോഗത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുകെയിൽ എത്തി ചേർന്ന എല്ലാ ഇടുക്കികാരെയും സംഗമത്തിൽ അംഗങ്ങളാക്കുവാനുള്ള ശ്രമത്തിലാണ്.
ജനപങ്കാളിത്വവും അംഗങ്ങളുടെ ആത്മാർഥ സഹകരണവും വൈവധ്യപൂർണമായ കലാ സംസ്കാരിക പരിപാടി കൊണ്ടും ബ്രിട്ടനിലെ ഏറ്റവും പ്രധാന സംഗമങ്ങളിലൊന്നാണ് ഇടുക്കി ജില്ലാ സംഗമം എങ്കിലും കൂട്ടായ്മയെ കൂടുതൽ ശക്തവും ജനകീയവുമാക്കി തീർക്കുവാനുള്ള ശ്രമത്തിലാണ് കമ്മിറ്റി.
മുൻ വർഷങ്ങളിലേതുപോലെ തന്നെ സംഗമവുമായി ബന്ധപ്പെട്ടു നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, സംസ്കാരിക കൂട്ടായ്മ തുടങ്ങിയവയെക്കുറിച്ച് ചർച്ചകൾ നടത്തുകയും അവ കൂടുതൽ ജനപങ്കാളിത്വത്തോടെ കൂടുതൽ വിപുലമായി സംഘടിപ്പിക്കുവാനും കമ്മിറ്റി തീരുമാനിച്ചു.
ഇത്തവണത്തെ ഇടുക്കി ജില്ലാ സംഗമ കുടംബ കൂട്ടായ്മ ഇംഗ്ലണ്ടിലെ തെക്ക് കിഴക്കൻ നഗരമായ ബാസിൽഡണിൽ മേയ് 24ന് നടത്തും. സംഗമത്തിൽ എത്തുന്നവർ കുടുംബാംഗങ്ങളുമായി എത്തണമെന്നും പരിപാടി വിജയകരമായി തീർക്കുവാൻ ഓരോ അംഗങ്ങളും മുന്നോട്ടു വരണമെന്നും ഐജെഎസ് ഭരണസമിതി അഭ്യർഥിച്ചു.
മുൻ വർഷങ്ങളിൽ ഇടുക്കി ജില്ല സംഗമം അഭിമാനകരമായി സംഘടിപ്പിച്ച വടംവലി മത്സരത്തിനു നേതൃത്വം കൊടുത്ത ഇടുക്കി ജില്ല സംഗമം മുൻ കൺവീനർ ബാബു തോമസിന്റെയും സാൻറ്റോ ജേക്കബിന്റെയും നേതൃത്വത്തിൽ തന്നെ മേയ് നാലിന് നോർത്താംപ്ടണിൽ വച്ച് ഓൾ യുകെ വടംവലി മത്സരം സംഘടിപ്പിക്കുന്നതാണ്.
ബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് അവസാനത്തിൽ ഐജെഎസ് മുൻ കൺവീനർ ജെസ്റ്റ്യൻ എബ്രാഹമിന്റെ നേതൃത്വത്തിൽ നോട്ടിംഗ്ഹാമിൽ വച്ച് നടത്തുന്നതായിരിക്കും.
പ്രസിഡന്റ് സിബി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ഭരണ സമിതി യോഗത്തിൽ സെക്രട്ടറി ജോമോൻ ചെറിയാൻ സ്വാഗതവും ട്രഷറർ റോയ് ജോസഫ് നന്ദിയും പറഞ്ഞു.
ദ്വദിന മീറ്റിംഗിൽ മുൻ കൺവീനറമാരായ ജിമ്മി ജേക്കബ്, ബാബു തോമസ്, പിആർഒ വിൽസൺ പുന്നോലിൽ, സാജു ജോർജ്, ജോഷി ജോസഫ്, ബാബു മക്കുഴിയിൽ, ജിനേഷ് ലൂക്ക എന്നിവർ പങ്കെടുത്തു.
ഇടുക്കി ജില്ല സംഗമ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് സംഗമത്തിന്റെ വാട്സ്അപ് ഗ്രൂപ്പിൽ ചേരണമെന്ന് സംഘാടകർ അറിയിച്ചു.
Follow this link to join my WhatsApp group: https://chat.whatsapp.com/8vrUQ4rG4OSGhjNk4EZvvZ
|
മലയാളി യുവാവിനെ ഹംഗറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
ബുഡാപെസ്റ്റ്: മലയാളി യുവാവിനെ ഹംഗറിയിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കുമളി അമരാവതി പാറതൊട്ടിയിൽ വീട്ടിൽ സനൽ കുമാറിനെ(47) ആണ് ഹംഗറിയിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് നാട്ടിലെ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ ലഭിക്കാത്തതിനെത്തുടർന്ന് ഹംഗറിയിലുള്ള സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവർ നടത്തിയ അന്വേഷണത്തിൽ സനലിനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
ഹംഗറി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യ: റാണി. മക്കൾ: പി.എസ്. ആര്യ (മെഡിക്കൽ വിദ്യാർഥിനി, തിരുവനന്തപുരം മെഡിക്കൽ കോളജ്), പി.എസ്. അശ്വൻ (എൻജിനിയറിംഗ് വിദ്യാർഥി, കോതമംഗലം).
|
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനമായ ഡിലക്സിറ്റ് നോസ്ന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു. പട്ടം തിരുസന്നിധിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പ്രകാശനം നിര്‍വഹിച്ചത്.
‘അവിടുന്ന് നമ്മെ സ്നേഹിച്ചു’ എന്നര്‍ഥം വരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനത്തിന്റെ മലയാള പരിഭാഷയാണ് ഇന്നലെ പ്രകാശനം ചെയ്തത്. കാര്‍മല്‍ പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ഫാ. ജയിംസ് ആലക്കുഴിയില്‍ ഒസിഡി ആണ് പരിഭാഷകന്.
ഹൃദയം നഷ്ടപ്പെടുന്ന ലോകത്തിനു ഹൃദയമാകാന്‍ മനുഷ്യരെ ഉദ്ബോധിപ്പിക്കുകയാണ് ചാക്രിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധങ്ങളും സാമൂഹികസാമ്പത്തിക അസമത്വങ്ങളും സാങ്കേതികവിദ്യയുടെ ഭീഷണിപ്പെടുത്തുന്ന വളര്‍ച്ചയുമെല്ലാം ഇന്നത്തെ ലോകത്തിനു ഹൃദയം നഷ്ടമാകാന്‍ കാരണമാകുന്നു.
ക്രിസ്തുവിന്റെ ദൈവികവും മാനുഷികവുമായ സ്നേഹം വീണ്ടെടുക്കുന്നതിലൂടെ ഇത് പരിഹരിക്കാന്‍ സാധിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ലേഖനത്തിലൂടെ ഓര്‍മിപ്പിക്കുന്നു. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ക്കിടയില്‍ തിരുഹൃദയ ഭക്തി പുനരുജ്ജീവിപ്പിക്കുന്നതിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ബോധിപ്പിക്കുന്നത്.
ഹൃദയമില്ലാത്തവര്ക്കു തിരുഹൃദയത്തിന്റെ സ്നേഹവും ആര്‍ദ്രതയും വെളിച്ചം പകരണം. വിശുദ്ധ ഗ്രന്ഥം, ദൈവശാസ്ത്ര പഠനങ്ങള്‍, സഭാ പാരമ്പര്യം തുടങ്ങിയ വിഷയങ്ങള്‍ വിശുദ്ധരുടെ ജീവിത സാക്ഷ്യങ്ങളിലൂടെ വരച്ചുകാട്ടുകയാണ് മാര്‍പാപ്പ തന്റെ പുതിയ ചാക്രിക ലേഖനത്തിലൂടെ. ഈ ലോകത്തില്‍ ഹൃദയമാകാനും മറ്റുള്ളവര്‍ക്കു ഹൃദയമേകാനും ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിലൂടെ ഉദ്ബോധിപ്പിക്കുകയും നമ്മെ ഓരോരുത്തരെയും ക്ഷണിക്കുകയും ചെയ്യുന്നു.
വിശ്വാസത്തിന്റെ വെളിച്ചം (2013), അങ്ങേയ്ക്ക് സ്തുതി (2015), നാം സോദരര്‍ (2020) എന്നിവയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇതര ചാക്രിക ലേഖനങ്ങള്‍. ചടങ്ങില്‍ ഒസിഡി മലബാര്‍ പ്രോവിന്‍സ് പ്രൊവിന്‍ഷല്‍ ഫാ. പീറ്റര്‍ ചക്യത്ത് ഒസിഡി, പരിഭാഷകനും കാര്‍മല്‍ പബ്ലിഷിംഗ് ഹൗസ് ഡയറക്ടറുമായ ഫാ. ജെയിംസ് ആലക്കുഴിയില്‍ ഒസിഡി, ഫാ. തോമസ് കുരിശിങ്കല്‍ ഒസിഡി എന്നിവര്‍ പങ്കെടുത്തു.
|
ശിവഗിരിയിൽ സർവമത ആരാധനാ കേന്ദ്രം: രൂപരേഖ മാർപാപ്പ പ്രകാശനം ചെയ്തു
വത്തിക്കാൻ സിറ്റി: വർക്കല ശിവഗിരിയിൽ പുതുതായി നിർമിക്കുന്ന സർവമത ആരാധനാ കേന്ദ്രത്തിന്റെ രൂപരേഖ, വത്തിക്കാനിൽ നടന്ന ലോക സർവമത സമ്മേളനത്തിൽ, ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു.
ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം ആരാധനാലയങ്ങളും ധ്യാനകേന്ദ്രവും ഉൾപ്പെടുന്നതാണ് സർവമത ആരാധനാ കേന്ദ്രം. വത്തിക്കാൻ സർവമത സമ്മേളനത്തിന്റെ സ്മാരകമെന്നോണമാണ് ആരാധനാകേന്ദ്രം സ്ഥാപിക്കുന്നതെന്ന് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശിവഗിരി മഠമാണ് ആരാധനാ കേന്ദ്രത്തിന്റെ രൂപരേഖ തയാറാക്കിയത്.
|
ലോകത്തെ ഭരിക്കേണ്ടത് സമാധാനമെന്ന് സർവമത സമ്മേളനം
വത്തിക്കാൻ സിറ്റി: ലോകത്തെ ഭരിക്കേണ്ടത് സമാധാനമാണെന്നും അതിനായി പ്രയത്നിക്കണമെന്നും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവമത സമ്മേളനം ആഹ്വാനം ചെയ്തു.
‘നല്ല മനുഷ്യത്വത്തിനായി മതങ്ങൾ ഒരുമിച്ച്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ വൈദികർക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് ഉദ്ഘാടനം ചെയ്തു.
അഗസ്റ്റീനിയാനും സർവകലാശാല ഹാളിൽ നടന്ന സെമിനാറിൽ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായിരുന്നു. ലോകസമാധാനത്തിനാവശ്യം മാനവികതയുടെ ഏകത്വവും സാഹോദര്യവുമാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മതം, രാഷ്ട്രം, ഭാഷ മുതലായ അതിർവരമ്പുകളില്ലാത്ത മാനവികതയുടെ ഏകത്വമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെമിനാറിൽ നിയുക്ത കർദിനാൾ ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ട്, ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കർണാടക സ്പീക്കർ യു.ടി. ഖാദർ ഫരീദ്, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സംഘാടക സമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, സമിതി ജനറൽ കൺവീനർ ചാണ്ടി ഉമ്മൻ എംഎൽഎ, ശിവഗിരി തീർഥാടനം ചെയർമാൻ കെ. മുരളി,
സഞ്ജീവനി വെൽനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രഘുനാഥൻ നായർ, കെ.ജി.ബാബുരാജൻ, ഗ്യാനി രഞ്ജിത് സിംഗ്, ഫാ. ഡേവിസ് ചിറമ്മൽ, സ്വാമി ശുദ്ധാനന്ദഗിരി, ഫാ. മിഥുൻ ജെ. ഫ്രാൻസിസ്, റവ. ഡോ. ജോർജ് മൂത്തോലിൽ, കുണ്ഡേലിംഗ് തത്സക് റിമ്പോച്ചെ, സ്വാമിനി സുധാനന്ദഗിരി, ഡോ. ലോറന്റ് ബാസനീസ്, ആന്റണി ബ്രൗൺ, ഫാ. ബെൻ ബോസ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.
എംഎൽഎമാരായ സജീവ് ജോസഫ്, സനീഷ് കുമാർ ജോസഫ്, പി.വി. ശ്രീനിജൻ, മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അഡ്വ. ആൻസിൽ കോമാട്ട് തുടങ്ങി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുത്തു. ദൈവദശകം ഇറ്റാലിയൻ ഭാഷയിൽ ആലപിച്ചാരംഭിച്ച സെമിനാർ സ്വാമി ഋതംഭരാനന്ദയുടെ സർവമത പ്രാർഥനയോടെയാണ് സമാപിച്ചത്.
|
ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തം: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളെന്ന സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവമതസമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചുവരുന്ന കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ സ്നേഹസംഗമത്തോടെയാണ് സമ്മേളനത്തിനു തുടക്കമായത്. സമ്മേളനവേദിയിൽ ഇറ്റലിയിലെ ജനപ്രതിനിധികളും സമ്മേളന പ്രതിനിധികളും ഒത്തുചേരുന്ന മതപാർലമെന്റും നടക്കും.
|
അയർലൻഡിൽ മലയാളി ഷാലറ്റ് ബേബി അന്തരിച്ചു
ഡബ്ലിൻ: ഫിംഗ്ലസിൽ മലയാളിയായ ഷാലറ്റ് ബേബി(50) അന്തരിച്ചു. കാൻസർ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. കോതമംഗലം കുറുപ്പുംപടി സ്വദേശിയാണ്.
സംസ്കാരം പിന്നീട്. ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ദേവാലയ ഇടവകാംഗമായിരുന്നു.
ഭാര്യ സീമ ഷാലറ്റ് (നഴ്സ്), മക്കൾ: സാന്ദ്ര ഷാലറ്റ്, ഡേവിഡ് ഷാലറ്റ്.
|
കാസര്‍ഗോട്ടുനിന്നു ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക്
കാസര്‍ഗോഡ്: ഇന്ത്യക്ക് അഭിമാനമായി ബ്രിട്ടീഷ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍ഗോട്ടുകാരി. ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായാണ് മുന ഷംസുദ്ദീന് നിയമിതയായത്.
ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ ഇവര്‍ ലണ്ടനിലെ ഫോറിന്, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസില്‍ ജോലി ചെയ്യുമ്പോഴാണു കഴിഞ്ഞവര്‍ഷം ചാള്‍സ് രാജാവിന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്.
ബ്രിട്ടനിലെ നോട്ടിംഗ്ഹാം സര്‍വകലാശാലയില്‍നിന്നു മാത്തമാറ്റിക്സ് ആന്‍ഡ് എന്‍ജിനിയറിംഗില്‍ ബിരുദം നേടിയശേഷമാണ് മുന ബ്രിട്ടീഷ് വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നത്. ജറുസലെമില്‍ കോണ്‍സുലേറ്റ് ജനറലായും പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന് ആയും പ്രവര്‍ത്തിച്ചു.
യുഎന്‍ ഉദ്യോഗസ്ഥനായ ഡേവിഡ് ആണ് ഭര്‍ത്താവ്. ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികളുടെ ചുമതല മുന ഉള്‍പ്പെടെയുള്ളവര്‍ക്കാണ്. രാജാവിനൊപ്പം വിദേശയാത്രകളിലും മറ്റും അനുഗമിക്കുകയും ചെയ്യണം.
തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളാണ് മുന. കാസര്‍ഗോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. പി. അഹമ്മദിന്റെയും പരേതയായ സൈനബിയുടെയും മകനാണ് മുനയുടെ പിതാവായ ഡോ. ഷംസുദ്ദീന്.
യുഎസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും പ്രവര്‍ത്തിച്ചശേഷം തിരികെ ബ്രിട്ടനിലെത്തി കുടുംബസമ്മേതം ബര്‍മിംഗ്ഹാമിലായിരുന്നു താമസം. പത്തുവര്‍ഷം മുമ്പാണ് മുന കാസര്‍ഗോട്ട് എത്തിയത്.
|
വത്തിക്കാനിലെ സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്യും
വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്യും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മാർപാപ്പയുടെ അഭിസംബോധന.
ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിലാണ് സർവമത സമ്മേളനം വത്തിക്കാനിൽ സംഘടിപ്പിക്കുന്നത്. വൈദികർക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും.
കർണാടക സ്പീക്കർ യു.ടി. ഖാദർ ഫരീദ്, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, ചാണ്ടി ഉമ്മൻ എംഎൽഎ, ശിവഗിരി തീർഥാടനം ചെയർമാൻ കെ. മുരളി, സഞ്ജീവനി വെൽനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രഘുനാഥൻ നായർ, സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവർ പ്രസംഗിക്കും.
കെ.ജി. ബാബുരാജൻ, സാദിഖ് അലി ശിഹാബ് തങ്ങൾ, ഗ്യാനി രഞ്ജിത് സിംഗ്, ഫാ. ഡേവിസ് ചിറമ്മൽ, സ്വാമി ശുദ്ധാനന്ദഗിരി, ഫാ. മിഥുൻ ജെ. ഫ്രാൻസിസ്, സ്വാമി ശുഭാംഗാനന്ദ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുക്കും.
സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നെത്തിയ പ്രതിനിധിസംഘത്തെ വിമാനത്താവളത്തിൽ സംഘാടകസമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, ഇറ്റലിയിലെ മലയാളി സംഘടനാ പ്രസിഡന്റ് ഷൈൻ കൊല്ലം, സെക്രട്ടറി തോമസ് ഇരുമ്പൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
|
വിദേശയാത്ര നടത്തുന്നവർ ട്രാവൽ ഇൻഷ്വറൻസ് എടുക്കണം
തിരുവനന്തപുരം: വിദേശ യാത്ര നടത്തുന്നവർ അപ്രതീക്ഷിത കഷ്ടനഷ്ടങ്ങൾ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവൽ ഇൻഷ്വറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോർക്കയുടെ ജാഗ്രതാ നിർദേശം.
വിസിറ്റ് വീസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷൻ വെഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് വിദേശത്തേക്ക് ഹ്രസ്വസന്ദർശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവൽ ഇൻഷ്വറൻസ്.
പരിരക്ഷ
ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയയ്ക്കുക, ഫ്ളൈറ്റ് റദ്ദാകുക, യാത്രയിൽ കാലതാമസം ഉണ്ടാകുക, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സാഹചര്യത്തിൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
പാസ്പോർട്ട് നഷ്ടമാകുന്ന സാഹചര്യത്തിൽ പരാതി നൽകുന്നതു മുതൽ പുതിയതിന് അപേക്ഷിക്കുന്നതു വരെ നിരവധി സാഹചര്യങ്ങളെ നേരിടുന്നതിന് ഇൻഷ്വറൻസ് കവറേജ് സഹായകമാകും.
അപ്രതീക്ഷിത ചികിത്സാ ചെലവ്
വിദേശയാത്രയിൽ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം നിലയിൽ കണ്ടെത്തുക പ്രയാസകരമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഇൻഷ്വറൻസ് കവറേജിലൂടെ സഹായിക്കും.
പോളിസി നിബന്ധനകൾ മനസിലാക്കണം
വയസ്, യാത്രയുടെ കാലയളവ്, ഏതു രാജ്യത്തേക്കാണ് യാത്ര എന്നിവയെ അടിസ്ഥാനപ്പെടുത്തി പോളിസിയുടെ പ്രീമിയം വ്യത്യസ്തമായിരിക്കും. ഇൻഷ്വറൻസ് പോളിസി എന്തെല്ലാം പരിരക്ഷ നൽകുന്നുണ്ടെന്നു വ്യക്തമായി മനസിലാക്കിയ ശേഷമാവണം എടുക്കേണ്ടത്.
നഷ്ടപരിഹാരത്തിനായി ഇൻഷ്വറൻസ് കമ്പനിയുടെ ഹോട്ട്ലൈനിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കണം. ഇതിനു പുറമേ, തദ്ദേശീയ പോലീസ്, എംബസി, ട്രാൻസ്പോർട്ടേഷൻ കമ്പനി തുടങ്ങിയവരെയും വിവരം അറിയിക്കണം.
|
വത്തിക്കാനിൽ സർവമത സമ്മേളനം ആരംഭിച്ചു
വത്തിക്കാൻ സിറ്റി: ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിലുള്ള സർവമത സമ്മേളനം വത്തിക്കാനിൽ ആരംഭിച്ചു. ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30ന് ഫ്രാൻസിസ് മാർപാപ്പ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
വൈദികർക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും.
കർണാടക സ്പീക്കർ യു.ടി. ഖാദർ ഫരീദ്, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, ചാണ്ടി ഉമ്മൻ എംഎൽഎ, ശിവഗിരി തീർഥാടനം ചെയർമാൻ കെ. മുരളി, സഞ്ജീവനി വെൽനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രഘുനാഥൻ നായർ, സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവർ പ്രസംഗിക്കും.
കെ.ജി. ബാബുരാജൻ, സാദിഖ് അലി ശിഹാബ് തങ്ങൾ, ഗ്യാനി രഞ്ജിത് സിംഗ്, ഫാ. ഡേവിസ് ചിറമ്മൽ, സ്വാമി ശുദ്ധാനന്ദഗിരി, ഫാ. മിഥുൻ ജെ. ഫ്രാൻസിസ്, സ്വാമി ശുഭാംഗാനന്ദ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുക്കും.
സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നെത്തിയ പ്രതിനിധിസംഘത്തെ വിമാനത്താവളത്തിൽ സംഘാടകസമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, ഇറ്റലിയിലെ മലയാളി സംഘടനാ പ്രസിഡന്റ് ഷൈൻ കൊല്ലം, സെക്രട്ടറി തോമസ് ഇരുമ്പൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
|
ദൈവശാസ്ത്ര ക്വിസ് മത്സരം: ഫൈനൽ ഇന്ന് ലിവർപൂളിൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ദൈവശാസ്ത്ര ക്വിസ് മത്സരങ്ങളുടെ ഫൈനൽ ഇന്ന് നടക്കും.
രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയിൽ ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തിൽ രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും സീറോമലബാർ സഭയുടെ ദൈവശാസ്ത്രം കൂടുതൽ ആഴത്തിൽ പഠിപ്പിക്കുവാനും സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൽ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ ഫൈനൽ ദൈവശാസ്ത്ര വർഷത്തിന്റെ സമാപനം കുറിക്കുന്ന ഇന്ന് ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച് നടക്കും.
രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും നൽകും.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്കും ഫൈനലിസ്റ്റുകൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും ഉൾപ്പെടുത്തി നടക്കുന്ന പ്രാഥമിക എഴുത്തു മത്സരത്തിൽ വിജയികളാകുന്ന ആറ് ടീമുകളാണ് ലൈവ് ആയി നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്.
മത്സത്തിന്റെ ലൈവ് സംപ്രേക്ഷണം രൂപതയുടെ ഔദ്യോഗിക യുട്യൂബ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടിയും സംപ്രേക്ഷണം ചെയ്യും. 30ന് നടക്കുന്ന ക്വിസ് മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാതായി പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു അറിയിച്ചു.
ക്വിസ് മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് താഴെ കാണുന്ന രൂപതയുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ കൂടി സംപ്രേഷണം ചെയ്യും.
|
സമ്മേളനനഗരി ഒരുങ്ങി; സമീക്ഷ യുകെ ദേശീയ സമ്മേളനം ശനിയാഴ്ച
ബിർമിംഗ്ഹാം: യുകെയിലെ ഇടത് പുരോഗമന സംഘടനയായ സമീക്ഷ യുകെയുടെ ഏഴാം ദേശീയ സമ്മേളനം ശനിയാഴ്ച നടക്കും. ബിർമിംഗ്ഹാമിലെ നേം പാരിഷ് സെന്ററിലെ സിതാറാം യെച്ചൂരി നഗറാണ് സമ്മേളനവേദി.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ കെ.കെ. ശൈലജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമീക്ഷയുടെ 33 യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ എം.ബി. രാജേഷ് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ജൂലൈ അവസാന വാരം തുടങ്ങിയ യൂണിറ്റ് ഏരിയ സമ്മേളനങ്ങള്‍ പൂർത്തിയാക്കിയാണ് സമീക്ഷ ദേശീയ സമ്മേളനത്തിലേക്ക് കടക്കുന്നത്.
അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികള്‍ക്ക് ദേശീയ സമ്മേളനം രൂപം നല്‍കും. പുതിയ കാലത്തിനൊത്ത് നയപരിപാടികള്‍ ആവിഷ്കരിക്കും. കഴിഞ്ഞകാല പ്രവർത്തനങ്ങളിലെ പോരായ്മകള്‍ ഉള്‍ക്കൊണ്ട് ആവശ്യമായ തിരുത്തലുകള്‍ വരുത്തും.
അടുത്ത വർഷങ്ങളില്‍ സമീക്ഷയെ നയിക്കാൻ പുതിയ നാഷണല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുക്കും. പ്രതിനിധി സമ്മേളനത്തിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ എല്ലാ മതേതരജനാതിപത്യവിശ്വാസികള്ക്കും പങ്കെടുക്കാം.
ദേശീയ സമ്മേളനത്തിനായി സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട വിപുലമായതയാറെടുപ്പുകളാണ് നടന്നുവരുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആതിഥേയരായ ബിർമിംഗ്ഹാം യൂണിറ്റ് കമ്മിറ്റി അറിയിച്ചു.
ഇതിനിടെ ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സ്റ്റോക്ക്പോർട്ടില്‍ നിന്നുള്ള കൃഷ്ണദാസ് രാമാനുജം ഒന്നാംസ്ഥാനവും നോർത്താംപ്റ്റണില്‍ നിന്നുള്ള അജയ് ദാസ് രണ്ടാംസ്ഥാനവും നേടി.
ദിപിൻ മോഹനാണ് ലോഗോ മത്സരത്തിലെ വിജയി. ദേശീയ സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ ആയി ഇത് തെരഞ്ഞെടുത്തു. മത്സരവിജയകള്‍ക്കുള്ള സമ്മാനം പൊതുസമ്മേളനത്തില്‍ വിതരണം ചെയ്യും.
|
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ അന്തരിച്ചു
ലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായ ഓൻ ടിന്നിസ്വുഡ് (112) അന്തരിച്ചു. ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിലെ കെയർ ഹോമിലായിരുന്നു അന്ത്യം.
1912 ല്‍ ടൈറ്റാനിക് മുങ്ങിയ അതേ വര്‍ഷം ലിവര്‍പൂളില്‍ ജനിച്ച ജോൺ ടിന്നിസ് വുഡ് രണ്ട് ലോക മഹായുദ്ധങ്ങളെയും രണ്ട് ആഗോള മഹാമാരികളെയും അതിജീവിച്ചാണ് കടന്നുപോയത്.
രണ്ടാം ലോക മഹായുദ്ധത്തില്‍ റോയല്‍ ആര്‍മി പേ കോര്‍പ്സില്‍ സേവനമനുഷ്ഠിച്ചിരുന്നു. 1942
ലാണ് ബ്ലഡ്വെനെ വിവാഹം കഴിക്കുന്നത്. ഒരു മകളും നാല് കൊച്ചുമക്കളും മൂന്ന് പേരക്കുട്ടികളും ഉണ്ട്.
എണ്ണ വ്യവസായ കേന്ദ്രത്തിൽ അക്കൗണ്ടന്റായി ഏറെനാൾ ജോലി ചെയ്തു. 1986ല്‍ ഭാര്യ മരിച്ചു.
|
11,000 ജീവനക്കാരെ തൈസെന്‍ക്രുപ്പ് പിരിച്ചുവിടും
ബെര്‍ലിന്‍: ജര്‍മനിയിലെ ഉരുക്ക് നിര്‍മാതാക്കളായ തൈസെന്‍ക്രുപ്പ് സ്റ്റീല്‍ ഡിവിഷനില്‍ 11,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു.
അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ട് കമ്പനി സ്റ്റീൽ ഡിവിഷനില്‍ ജോലികളുടെ എണ്ണം നിലവിലെ 27,000ല്‍ നിന്ന് 16,000 ആയി കുറയ്ക്കാനാണ് പദ്ധതി.
കമ്പനിയുടെ ഡൂയിസ്ബുര്‍ഗ് ശാഖയില്‍ നിന്ന് 2030 അവസാനത്തോടെ 5,000 ജോലികള്‍ വെട്ടിക്കുറയ്ക്കാനാണ് പദ്ധതി. മൊത്തം 11,000 തൊഴിലളികളെയാണ് ഇത് ബാധിക്കുക. ലോകമെമ്പാടും സ്റ്റീലിന് ഡിമാന്‍ഡ് കുറയുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം.
ഭാവിയില്‍ 11.5 ദശലക്ഷം ടണ്ണിനുപകരം പ്രതിവര്‍ഷം 8.7 മുതല്‍ 9.0 ദശലക്ഷം ടണ്‍ സ്റ്റീലാണ് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഷിപ്പിംഗ് വോളിയം അടിസ്ഥാനമാക്കിയാണ് ഈ സംഖ്യ.
|
മെര്‍ക്കലിന്റെ ആത്മകഥ "ഫ്രീഡം' പ്രസിദ്ധീകരിച്ചു
ബെര്‍ലിന്‍: ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കൽ തന്റെ ആത്മകഥ പുറത്തിറക്കി. 30 ഭാഷകളിലാണ് ഫ്രൈഹൈറ്റ് (ഫ്രീഡം) എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ തയാറാക്കിയിരിക്കുന്നത്.
ബാല്യകാല സ്മരണകള്‍ മുതല്‍ ജര്‍മനിയിലെ അഭയാര്‍ഥി പ്രതിസന്ധിയും റഷ്യന്‍ ബന്ധവും ഡോണള്‍ഡ് ട്രംപും വ്ലാഡിമിർ പുട്ടിനും അടക്കം ലോക നേതാക്കളുമായുള്ള ബന്ധവും ആത്മകഥയിൽ പറയുന്നുണ്ട്.
പശ്ചിമ ജര്‍മനിയില്‍ ജനിച്ച് പൂര്‍വ ജര്‍മനിയില്‍ വളര്‍ന്ന ഏകീകൃത ജര്‍മനിയുടെ ചാന്‍സലറായി ഏറ്റവുമധികം കാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് മെര്‍ക്കല്‍. ജര്‍മനിയുടെ ആദ്യ വനിതാ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചുള്ള വിശദാംശങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
70കാരിയായ മെര്‍ക്കല്‍, ദീര്‍ഘകാല ഉപദേഷ്ടാവായിരുന്ന ബീറ്റ് ബൗമാനുമായി ചേര്‍ന്നാണ് 736 പേജുള്ള ആത്മകഥ എഴുതിയിരിക്കുന്നത്. 42 യൂറോയാണ് പുസ്തകത്തിന്റെ വില.
|
ലോകമത പാര്‍ലമെന്റിന് ഇന്നു വത്തിക്കാനിൽ തുടക്കമാകും
വത്തിക്കാൻ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന ലോകമത പാര്‍ലമെന്റിന് ഇന്നു തുടക്കമാകും. ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ് വത്തിക്കാനിൽ ലോകമത പാര്‍ലമെന്റ് നടത്തുന്നത്.
ഡിസംബർ ഒന്നുവരെയാണ് സമ്മേളനം. മതങ്ങളുടെ ഏകതയും സൗഹാര്‍ദവും സമത്വവും പ്രചരിപ്പിക്കുക എന്നതാകും ലോകമത പാര്‍ലമെന്റിന്റെ മുഖ്യലക്ഷ്യം. സമ്മേളനത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിക്കും.
ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. പാണക്കാട് സാദിഖ് അലി തങ്ങള്‍, കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, ഫാ. ഡേവിസ് ചിറമ്മല്‍, രഞ്ജിത് സിംഗ് (പഞ്ചാബ്), ഡോ. എ.വി. അനൂപ്, കെ. മുരളീധരന് (മുരള്യ), ഡോ. സി.കെ. രവി (ചെന്നൈ), ഗോപു നന്ദിലത്ത്, മണപ്പുറം നന്ദകുമാര്‍, ഫൈസല്‍ ഖാന് തുടങ്ങിയവര്‍ പ്രസംഗിക്കും.
30ന് നടക്കുന്ന സമ്മേളനത്തിലാകും ഫ്രാൻസിസ് മാര്‍പാപ്പയുടെ ആശീര്‍വാദ പ്രഭാഷണം. ഈ സമ്മേളനത്തില്‍ വത്തിക്കാനിലെ വിവിധ മതപ്രതിനിധികള്‍ സംബന്ധിക്കും. ഡിസംബര്‍ ഒന്നിനുള്ള സമ്മേളനത്തില്‍ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും.
നിയുക്ത കർദിനാൾ ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ട്, ചാണ്ടി ഉമ്മൻ എംഎൽഎ, കെ.ജി. ബാബുരാജന്, സ്വാമി വീരേശ്വരാനന്ദ എന്നിവരുള്‍പ്പെട്ടവരാണ് സമ്മേളനത്തിനു നേതൃത്വം നല്‍കുന്നത്.
|
വത്തിക്കാന്റെ ഔദ്യോഗിക സംഘം ഗോവയിലെ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് സന്ദർശിച്ചു
റോം: പത്ത് വർഷത്തിൽ ഒരിക്കൽ മാത്രം പ്രദർശിപ്പിക്കുന്ന ഗോവയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ വിശുദ്ധ തിരുശേഷിപ്പ് വണങ്ങി വത്തിക്കാൻ പ്രതിനിധി സംഘം. ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് പഴയ ഗോവയിലെ ബോം ജീസസ് ബസിലിക്കയിലെ ഒരു വെള്ളി പേടകത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
അതോടൊപ്പം മലയാളിയായ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള വത്തിക്കാൻ സംഘത്തിന് രാജ്ഭവനിൽ സ്നേഹഷ്ളമായ സ്വീകരണം നൽകി. വത്തിക്കാനിൽ നിന്നും ഇത്തരമൊരു ഔദ്യോഗിക സംഘം ഗോവ രാജ്ഭവനിലെത്തിയത് ആദ്യമായാണ്.
മലയാളിയ നിയുക്ത കർദ്ദിനാൾ ജോർജ് ജേക്കബ് കൂവ്വക്കാട് (വത്തിക്കാൻ), വത്തിക്കാൻ ഡപ്യൂട്ടി സെക്രട്ടറിയും കത്തോലിക്കാ സഭയുടെ മൂന്നാം സ്ഥാനീയനുമായ ആർച്ചുബിഷപ് മോസ്റ്റ് റവ. എഡ്ഗാർ പേഞ്ഞ പാറ (സബ്റ്റിറ്റ്യൂട്ട് ഓഫ് ദ സെക്രട്ടറിയേറ്റ് ഓഫ് ദ സ്റ്റേറ്റ്, വത്തിക്കാൻ),
നിയുക്തകർദിനാൾ മോൺ റോളണ്ടസ് മക്കരിക്കസ് (കോഅഡ്ജുത്തോർ ആർച്ചുപ്രീസ്റ്റ്, മരിയ മജോറെ ബസിലിക്ക വത്തിക്കാൻ), മോൺ. ഫ്ലാവിയാനോ റമി അല്കമലൻ (അപ്പസ്തോലിക് വിസിറ്റർ ഫോർ ദ കാത്തലിക് ഫെയ്ത്ത്ഫുൾ റിസൈഡിംഗ് ഇൻ യൂറോപ്പ് & പ്രൊക്യുറേറ്റർ ഓഫ് ദ സിറിയൻ കാത്തലിക് ചർച്ച് ഇൻ റോം),
മോൺ യാവിയർ ഡൊമിംഗോ ഫെർണാണ്ടസ് ഗോൺസാലസ് (ചീഫ് ഓഫ് പ്രോട്ടോക്കോൾ), അപ്പസ്തോലികയാത്രകളുടെ അസിസ്റ്റന്റുമാരായ ഡോ. മെലാനിയ ഇയർമിയേരി, ഡോ. അലസാൻട്രോ ഗാല്ലോ, ഡോ. ദനിയേലെ നാർദിസ്, സ്റ്റെഫാനിയ കപ്പൂസ്വോ എന്നിവരാണു സന്ദർശനസംഘത്തിലുണ്ടായിരുന്നത്.
രാജ്ഭവനിൽ എത്തിയ വത്തിക്കാൻ സംഘത്തിന് മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദൻ, ബാലഗംഗാധര തിലകൻ, ചിന്മയാനന്ദ സ്വാമി, ആനി ബസന്റ് തുടങ്ങിയവരുടെ ഭഗവത് ഗീതാഭാഷ്യങ്ങളും ഗോവൻ സംസ്കാരത്തിന്റെ പ്രതീകമായ സമയ് നിലവിളക്കും നൽകി ഗോവ ഗവർണർ സ്വീകരിച്ചത്.
ഫ്രാൻസിസ് മാർപാപ്പ പ്രത്യേകമായി കൊടുത്ത് അയച്ച ലോക സമാധാനത്തിന് വേണ്ടിയുള്ള സെന്റ് ഫ്രാൻസിസ് അസീസിയുടെ ക്രൂശിതരൂപവും പരിശുദ്ധ കന്യാമറിയത്തിന്റെ ശില്പവും രണ്ട് കൊന്തയും വത്തിക്കാൻ സംഘം ഗവർണർക്ക് സമ്മാനിച്ചു.
തുടർന്ന് രാജ്ഭവനിലെ ഔവർ ലേഡി ഓഫ് കേപ് ഓഫ് ബോൺ വോയേജ് ചർച്ചും സന്ദർശിച്ചു സംഘം മടങ്ങി.
|
വാട്ടർഫോർഡിൽ ഡാൻസ് ക്ലാസ് ഡിസംബർ ഏഴ് മുതൽ; രജിസ്ട്രേഷൻ ആരംഭിച്ചു
ഡബ്ലിൻ: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡാൻസ് ക്ലാസ് ആരംഭിക്കുന്നു. അഞ്ച് വയസുമുതൽ 18 വയസുവരെയുള്ളവർക്കാണ് ഡാൻസ് ക്ലാസ്.
സെമി ക്ലാസിക്കൽ, ഫ്രീസ്റ്റൈൽ, റീൽ ഡാൻസ് തുടങ്ങിയ വിഭാഗങ്ങളിലാണ് ക്ലാസ് നടക്കുക. ഡിസംബർ ഏഴ് മുതൽ ക്ലാസുകൾ ആരംഭിക്കും.
ഡാൻസ് ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്നവർ കോഓർഡിനേറ്റർമാരുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അനൂപ് (0872658072), രാഹുൽ (0892740770), നീതു (0894348305).
|
അയർലൻഡിൽ അന്തരിച്ച വർക്കി ദേവസിയുടെ പൊതുദർശനം ശനിയാഴ്ച
ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച കോഴിക്കോടൻ വർക്കി ദേവസിയുടെ(70) പൊതുദർശനം ദ്രോഹഡട്ടുള്ളിയാലൻ പാരിഷ് സെന്ററിൽ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയാണ് പൊതുദർശനം.
ദ്രോഹഡ ബെറ്റെസ്ടൗണിൽ താമസിച്ചുവന്ന വർക്കി ദേവസി നെടുമ്പാശേരി കാഞ്ഞൂർ സ്വദേശിയാണ്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.
ഭാര്യ മേരി ദേവസി. മക്കൾ: നീന ലിബിൻ, ആൽബിനസ് ദേവസി.
|
ജര്‍മന്‍ സമ്പദ് വ്യവസ്ഥ വീണ്ടും മന്ദഗതിയില്‍
ബെര്‍ലിന്‍: വർഷത്തിന്റെ മൂന്നാം പാദത്തിലും ജർമനിയുടെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണെന്ന് കണക്കുകൾ. ജർമൻ ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് റിപ്പോർട്ട് പുറത്തുവിട്ടത്. രണ്ടാം പാദത്തെ അപേക്ഷിച്ച് 0.1 ശതമാനം മാത്രമാണ് വളർച്ച.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ജര്‍മന്‍കാര്‍ കൂടുതല്‍ ചെലവഴിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ജര്‍മനിയുടെ സമ്പദ് വ്യവസ്ഥയിലെ പ്രധാന ഘടകമായ ചരക്കുകളുടെ കയറ്റുമതിയിൽ ഏകദേശം 2.4 ശതമാനമാണ് കുറവാണ് ഉണ്ടായിരിക്കുന്നത്.
കോവിഡ് പകര്‍ച്ചവ്യാധിയും യുക്രെയ്ൻ റഷ്യ യുദ്ധത്തിന്റെ ആഘാതവും വ്യാവസായിക ഓര്‍ഡറുകളില്‍ ഇടിവിന് കാരണമായിട്ടുണ്ട്. പണപ്പെരുപ്പം ഉയരുന്നുണ്ടെങ്കിലും സമ്പദ് വ്യവസ്ഥയുടെ തകർച്ചയെ മറികടക്കാൻ അധികൃതർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.
വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഉപഭോക്തൃ ചെലവുകള്‍ വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. സാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളിലൊന്നാണ് ജര്‍മന്‍ അഭിവൃദ്ധിയുടെ പര്യായമായ ഫോക്സ് വാഗണ്‍ എന്ന കമ്പനിയുടെ പ്രതിസന്ധി, ബജറ്റിൽ ഗണ്യമായ വെട്ടികുറയ്ക്കലിനും രാജ്യത്തുടനീളമുള്ള നിരവധി ഫാക്ടറികള്‍ അടച്ചുപൂട്ടാനുമുള്ള ശ്രമത്തിലാണ് കമ്പനി.
|
ഒഐസിസി യുകെ സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ച ശനിയാഴ്ച
ലണ്ടൻ: "മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ?' എന്ന വിഷയത്തിൽ യുകെയിൽ ചർച്ച സംഘടിപ്പിക്കുന്നു. കോൺഗ്രസ് പാർട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തിക്കൊണ്ടും മുഖ്യധാര മാധ്യമങ്ങൾ അടക്കം നടത്തുന്ന മാധ്യമ പൊള്ളത്തരം തുറന്നു കാട്ടുക, മാധ്യമധർമം എടുത്തു കാട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഒഐസിസി യുകെ ചർച്ചയ്ക്ക് കളമൊരുക്കുന്നത്.
പ്രമുഖ കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് ഓൺലൈനായി(സൂം) ആണ് ചർച്ച സംഘടിപ്പിക്കുന്നത്. ശനിയാഴ്ച യുകെ സമയം വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെയാണ് ചർച്ച നടക്കുക. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 10.30 വരെയും മിഡിൽ ഈസ്റ്റ് സമയം രാത്രി ഏഴ് മുതൽ ഒന്‍പത് വരെയായിരിക്കും ചർച്ചയുടെ സമയ ക്രമം.
കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ, എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ, എഴുത്തുകാരിയും മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സോയ ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
മറ്റൊരു പരിപാടിയമായി ബന്ധപ്പെട്ടു വിദേശത്തെങ്കിലും അഖിലേന്ത്യാ പ്രഫഷണൽ കോൺഗ്രസ് (എഐപിസി) സംസ്ഥാന പ്രസിഡന്റും രാജ്യാന്തര ആരോഗ്യ വിദഗ്ധനുമായ ഡോ. എസ്.എസ്. ലാലും ചർച്ചയുടെ ഭാഗമാകും.
താത്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാവുന്ന സൂം മീറ്റിംഗിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.
ലിങ്ക്: https://us06web.zoom.us/j/89097477985?pwd=NMiwWiXchOFn3V3H3a9UGxdwhqLQR6.1
മീറ്റിംഗ് ഐഡി: 890 9747 7985, പാസ്കോഡ്: 505009
തീയതി: ശനിയാഴ്ച (നവംബർ 30). സമയം: വെെകുന്നേരം3.00 5.00 (യുകെ സമയം), രാത്രി 8.30 10.30 (ഇന്ത്യൻ സമയം), രാത്രി 7.00 9.00 (മിഡിൽ ഈസ്റ്റ് സമയം).
|
"പൊരുൾ' ഹ്രസ്വചിത്രം ചിത്രീകരണം ആരംഭിച്ചു
റോം: ഇൻഡോ ഇറ്റാലിയൻ കൾച്ചറൽ അസോസിയേഷന്റെ ബാനറിൽ കോൺഎയർ ബാക്സ്റ്റേജുമായി സഹകരിച്ച് പ്രവാസികളായ കലാകാരൻമാർ അഭിനയിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം റോമിൽ ആരംഭിച്ചിരിക്കുന്നു.
തീയാത്രോ ഇൻഡ്യാനോ റോമാ, റോമിൽ അവതരിപ്പിച്ച "ആ മനുഷ്യൻ നീ തന്നെ' എന്ന ചരിത്ര നാടകത്തിന്റെ സമഗ്രമായ വിജയത്തിന് ശേഷം, ഈ ഗ്രൂപ്പ് വിഷ്വൽ മീഡിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിന്റെ പുതിയ തുടക്കം കൂടിയാണ് ഈ ഈ ഷോർട്ട് ഫിലിം ചിത്രീകരണം.
ഒരേ സമയം രണ്ടു ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം ആണ് നടക്കുന്നത് എന്നത് ഈ പ്രവാസ കലാകാരന്മാരുടെ ജീവിതത്തിൽ പ്രത്യേകം എടുത്ത് പറയത്തക്കനേട്ടമാണ്.
സംഘർഷം നിറഞ്ഞ പ്രവാസജീവിതത്തിൽ കലയെയും ഭാഷയെയും അഭിനയ ശേഷിയെയും വളർത്തുവാനും പുതിയ പ്രതിഭകളെ കണ്ടെത്തുവാനും വേണ്ടിയുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമാണ് ഈ ഷോർട്ട് ഫിലിം ചിത്രീകരണം.
"പൊരുൾ' എന്ന് പേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിം ഏതാണ്ട് പൂർത്തിയായി വരുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള പ്രായഭേദമെന്യേ കലാപ്രതിഭകൾ ഇതിൽ അഭിനയിക്കുന്നു.
നമുക്ക് ചുറ്റും നടക്കുന്ന പല സംഭവങ്ങളും വളരെ നിസാരമായി പരിഹരിക്കാവുന്നവയാണ് എങ്കിലും പരസ്പരം കുറ്റപ്പെടുത്തുകയും മോശമായി വ്യക്തികളെ കുറ്റവാളികളായി കാണുകയും ചെയ്യുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിന് ഒരു വ്യാഖ്യാനം നൽകുകയാണ് ഈ ചെറിയ ഷോർട്ട് ഫിലിമിലൂടെ ഉദ്ദേശിക്കുന്നത്.
പ്രവാസലോകത്തിലെ കലാകാരൻമാരെ വളർത്തിയെടുക്കുവാനും അവർക്ക് ക്രിയാത്മകമായ കാര്യങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുവാനും ഇതിലൂടെ തീയാത്രോ ഇൻഡ്യാനോ റോമ ലക്ഷ്യം വയ്ക്കുന്നു. 2025ൽ ഈ ഗ്രൂപ്പിന്റെ പുതിയ രംഗാഅവതരണം റോമിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
|
ലോക നാച്ചുറൽ ബോഡി ബിൽഡിംഗ് മത്സരം: റോഷൻ വാവള്ളിൽ കുര്യാക്കോസിന് വെങ്കലം
ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിലുള്ള മലയാളിയായ റോഷൻ വാവള്ളിൽ കുര്യാക്കോസ് അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന ലോക നാച്ചുറൽ ബോഡി ബിൽഡിംഗ് മത്സരത്തിൽ വെങ്കല മെഡൽ നേടി.
40നും 50നും ഇടയിൽ പ്രായമുള്ളവർക്കായുള്ള മാസ്റ്റേഴ്സ് വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്. മെഡൽ നേട്ടം കൈവരിച്ച റോഷൻ അയർലൻഡിലെ മലയാളികൾക്കാകെ അഭിമാനമായി മാറി.
രണ്ടു മാസം മുൻപ് വെക്സ്ഫോർഡ് ന്യൂറോസിൽ നടന്ന ഓൾ അയർലൻഡ് മത്സരത്തിൽ റോഷൻ വെള്ളി മെഡൽ നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോസ്റ്റണിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത ലഭിച്ചത്.
വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ആദ്യകാല അംഗമായ റോഷൻ അയർലൻഡിൽ നടന്ന ബോഡി ബിൽഡിംഗ് മത്സരങ്ങളിൽ ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട്.
അയർലൻഡിൽ കഴിഞ്ഞവർഷം നടന്ന ബോഡി ബിൽഡിംഗ് മത്സരത്തിലെ ഗോൾഡ് മെഡൽ ജേതാവാണ് റോഷൻ. കേരളത്തിൽ പഠനകാലത്തും റോഷൻ ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട്.
1999, 2002 എന്നീ വർഷങ്ങളിൽ ഇദ്ദേഹം കോട്ടയം ബസേലിയോസ് കോളജ് ചാമ്പ്യനായിരുന്നു. 15 വർഷമായി അയർലൻഡിലുള്ള റോഷൻ വാട്ടർഫോർഡ് കിലുർബ്രിഡ്ജ് നഴ്സിംഗ് ഹോം ക്ലിനിക്കൽ നഴ്സിംഗ് മാനേജരാണ്.
കോട്ടയം പുതുപ്പള്ളി ഇരവിനല്ലൂർ പരേതനായ വാവള്ളിൽ കരോട്ട് കെ.കെ. കുര്യക്കോസിന്റെയും (അച്ചൻകുഞ്ഞു) ചിന്നമ്മ കുര്യക്കോസിന്റെയും മകനാണ്. ഭാര്യ ജോബി സ്കറിയ. മക്കൾ: ജൊഹാൻ റോഷൻ, റിയാനാ റോഷൻ.
|
അയർലൻഡ് കൊച്ചി നേരിട്ടുള്ള വിമാനസർവീസിന് കളമൊരുങ്ങുന്നു
ഡബ്ലിൻ: അയർലൻഡിൽനിന്നു കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനസർവീസിന് കളമൊരുങ്ങുന്നു. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽനിന്നു നെടുമ്പാശേരിയിലേക്ക് നേരിട്ടുള്ള പുതിയ സർവീസിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
അയർലൻഡിലെ ആദ്യ മലയാളി മേയർ ബേബി പെരേപ്പാടനാണ് ഈ നീക്കത്തിനു പിന്നിൽ. അയർലൻഡിലെ അരലക്ഷത്തിലേറെ മലയാളികളുടെ ചിരകാലസ്വപ്നമാണ് നേരിട്ടുള്ള വിമാനസർവീസെന്ന് ഭരണകക്ഷിയായ ഫിനഗേൽ പാർട്ടി നേതാവുകൂടിയായ മേയർ ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച് ബേബി പെരേപ്പാടൻ സിയാൽ എംഡി എസ്. സുഹാസുമായും അയർലൻഡ് എയർപോർട്ട് അഥോറിറ്റി ഏവിയേഷൻ ബിസിനസ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് ഓവിൻ മിക്ഗ്ലോക്ലിനുമായും ചർച്ചകൾ നടത്തി.
എയർ ഇന്ത്യ, ഐറിഷ് വിമാന കമ്പനിയായ എയർലിംഗസ് എന്നിവരുമായും ചർച്ചകൾ നടത്തിവരികയാണെന്ന് ബേബി പെരേപ്പാടൻ പറഞ്ഞു. ഇന്ത്യയിലെ ഐറിഷ് അംബാസഡർ കെവിൻ കെല്ലി നേരിട്ടുള്ള വിമാന സർവീസുമായി ബന്ധപ്പെട്ട ശിപാർശ ഡബ്ലിൻ എയർപോർട്ട് അഥോറിറ്റിക്കു കൈമാറിയിട്ടുണ്ട്.
കൊച്ചിയിൽനിന്നു മാത്രം ശരാശരി പ്രതിദിനം 118 പേർ ഡബ്ലിനിലേക്ക് യാത്ര ചെയ്യുന്നുണ്ട്. അയർലൻഡിൽനിന്നു നിത്യേന ശരാശരി 250ലേറെപ്പേരാണ് കേരളത്തിലെത്താൻ വിവിധ വിമാനത്താവളങ്ങൾ വഴി ഭീമമായ നിരക്ക് നൽകി യാത്ര ചെയ്യുന്നത്.
14 മുതൽ 18 മണിക്കൂർ വരെയാണ് ഇപ്പോൾ യാത്രാസമയം. നേരിട്ടുള്ള സർവീസ് വന്നാൽ ഒമ്പതു മുതൽ 10 മണിക്കൂർകൊണ്ട് കേരളത്തിലെത്താനാവും. നിരക്കിലും കുറവുണ്ടാകും.തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസ് എന്ന നിർദേശമാണ് മുന്നോട്ടു വച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഐറിഷ് അംബാസിഡർ കെവിൻ കെല്ലി നേരിട്ടുള്ള വിമാന സർവീസുമായി ബന്ധപ്പെട്ട ശുപാർശ ഡബ്ലിൻ എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യയിലേക്ക് ഡബ്ലിനിൽ നിന്നും കൊച്ചിക്കാണ് ഏറ്റവുമധികം പേർ യാത്ര ചെയ്യുന്നത്.
ഡൽഹി, മുംബൈ എയർപോർട്ടുകളാണ് തൊട്ട് പിന്നിൽ. കൊച്ചിക്കൊപ്പം ഡബ്ലിൻ ഡൽഹി സർവീസും പരിഗണയിലുണ്ട്.
|
വത്തിക്കാൻ പ്രതിനിധിസംഘത്തിന് ഗോവ രാജ്ഭവനിൽ സ്വീകരണം
ഡോണാപോള (ഗോവ): വത്തിക്കാന്‍ ഇന്ത്യക്കു നല്കിയ പുതുവര്‍ഷസമ്മാനമാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ പദവിയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. വത്തിക്കാനില്‍നിന്നുള്ള ഒമ്പതംഗ പ്രതിനിധിസംഘത്തിന് ഗോവ രാജ്ഭവനില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ആദ്യകാല ക്രിസ്ത്യന്‍ സന്ദേശം എത്തിച്ചേര്‍ന്ന ഇടങ്ങളാണു കേരളവും ഗോവയും. അതുകൊണ്ടുതന്നെ മലയാളിയെന്ന നിലയിലും ഗോവ ഗവര്‍ണര്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയില്‍ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇന്ത്യ ലോകത്തിനു നല്കിയ ആത്മീയ സമ്മാനമാണ് നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടെന്നു വത്തിക്കാന്‍ സെക്രട്ടേറിയറ്റിന്റെ പ്രതിനിധിയായെത്തിയ ആർച്ച്ബിഷപ് ഡോ. എഡ്ഗാർ പേഞ്ഞ പാർറ പറഞ്ഞു.
ഗോവ ആര്‍ച്ച്ബിഷപ് കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ, സഹായമെത്രാൻ ഡോ. സിമിയാവോ, മറ്റൊരു നിയുക്ത കർദിനാളായ റൊളാന്തസ് മാക്റിക്കസ് തുടങ്ങിയവരും സംസാരിച്ചു. പരിസ്ഥിതി വകുപ്പ് മന്ത്രി അലക്സ് സെക്വറിയയും സന്നിഹിതനായിരുന്നു.
മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്, ബാലഗംഗാധര തിലകന്, ചിന്മയാനന്ദ സ്വാമി, ആനി ബസന്റ് എന്നിവരുടെ ഭഗവത്ഗീത വ്യാഖ്യാനങ്ങളും വിശുദ്ധ കുരിശും നിലവിളക്കും നല്‍കിയാണ് ഗവര്‍ണര്‍ അതിഥികളെ സ്വീകരിച്ചത്.
പ്രതിനിധിസംഘം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി പ്രാര്‍ഥിച്ചു കൊടുത്തയച്ച സമ്മാനങ്ങള്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. ക്രൂശിതരൂപവും പരിശുദ്ധ കന്യാമറിയത്തിന്റെ ശില്പവും രണ്ടു കൊന്തയുമാണ് മാര്‍പാപ്പ കൊടുത്തയച്ച സമ്മാനങ്ങൾ.
വത്തിക്കാന്‍ സംഘം ഗവര്‍ണറോടൊപ്പം രാജ്ഭവനിലെ ഔവര്‍ ലേഡി ഓഫ് കേപ് ഓഫ് ബോണ്‍ വോയേജ് പള്ളി സന്ദര്‍ശിച്ചാണു മടങ്ങിയത്.
|
നൈറ്റ്സ് മാഞ്ചസ്റ്റർ ക്ലബിന്റെ വാർഷികവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു
മാഞ്ചസ്റ്റർ സിറ്റി: മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൽ 2025 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഓർഡിനേറ്റർ ശ്രീരാഗിന്റെ നേതൃത്വത്തിൽ ക്ലബ് മാനേജർ ജീൻസ് അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ക്ലബ് ക്യാപ്റ്റൻ സുജേഷ് സ്വാഗതവും ട്രെഷറർ പ്രിൻസ് വാർഷിക കണക്കും സെക്രട്ടറി സിറിൽ വിവിധ കർമപദ്ധതികളുടെ കരട് രൂപ രേഖകൾ അവതരിപ്പിച്ചു.
അടുത്ത വർഷം കൂടുതൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു. പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ ജീൻസ് മാത്യു, സെക്രട്ടറി പ്രശാന്ത്, ക്ലബ് ക്യാപ്റ്റൻ സുജേഷ്, ട്രഷറർ പ്രിൻസ് തോമസ്, കമ്മിറ്റി അംഗങ്ങളിയി ശ്രീരാഗ്, രാഹുൽ, വിജയ്, ജിനീഷ്, മനു & തോമസ് എന്നിവരെ തെരഞ്ഞെടുത്തു.
2024 സീസൺ മികച്ച താരമായി ശരത്തും കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ വിജീഷ്, അശ്വിൻ, അജ്മൽ, രാഹുൽ എന്നിവരെയും ക്ലബ് ആദരിച്ചു.
|
കോർക്കിൽ മലയാളി സ്ഥാപനത്തിനു നേരെ സാമൂഹ്യ വിരുദ്ധ ആക്രമണം
ഡബ്ലിൻ: കോർക്കിൽ മലയാളി സ്ഥാപനത്തിനു നേരേ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധ ആക്രമണം. ടൈൽസ് വിപണന കേന്ദ്രമായ ടൈലക്സ് എന്ന സ്ഥാപനത്തിന്റെ മുൻഭാഗത്തെ ചില്ലുകളാണ് അടിച്ചു തകർത്തത്.
ഗാർഡ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനീഷ് ജോർജ്, ജോസ്ലിൻ, എബി ഫ്രാൻസിസ് എന്നിവരുടെ ഉടമസ്ഥയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
|
റോമിലെ ഇന്ത്യൻ എംബസിയുടെ പുതിയ ആസ്ഥാന മന്ദിരം ജയ്ശങ്കർ ഉദ്ഘാടനം ചെയ്തു
റോം: റോമിലെ ഇന്ത്യൻ എംബസിയുടെ പുതിയ ആസ്ഥാന മന്ദിരം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. ജയ്ശങ്കർ ഉദ്ഘാടനം ചെയ്തു. ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവു, ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി ജനറൽ അംബാസഡർ റിക്കാർഡോ ഗ്വാറിലിയും ചടങ്ങിൽ മുഖ്യ അതിഥികളായിരുന്നു.
സമീപ വർഷങ്ങളിൽ ഇന്ത്യ ഇറ്റലി പങ്കാളിത്തത്തിന്റെ തുടർച്ചയായ വിപുലീകരണത്തിന്റെ ഭാഗമായി ഇതിനെ കാണാം. ഇറ്റലിയിലെ ഇന്ത്യൻ സമൂഹത്തെ മികച്ച രീതിയിൽ സേവിക്കുകയാണ് ലക്ഷ്യം.
ഇന്ത്യൻ സമൂഹവും പ്രത്യേകിച്ച് കേരള കമ്യൂണിറ്റിയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. റബിലെ ബിഷപും ഹംഗേറിയൻ ഹിസ്റ്റോറിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനുമായ ഹംഗേറിയൻ മോൺസിഞ്ഞോർ വിൽമോസ് ഫ്രാങ്ക്നോയിക്ക് വേണ്ടി 1895ൽ നിർമിച്ചതാണ് ഈ കോട്ടേജ്.
നവോത്ഥാന ശൈലിയിൽ വാസ്തുശില്പിയായ കാർലോ പിഞ്ചർലെ 1900കളുടെ തുടക്കത്തിൽ നിർമിച്ച ഈ കെട്ടിട്ടം 1950കളിൽ അർനോൾഡോ മൊണ്ടഡോറിയുടെ വസതിയായി മാറി, തുടർന്ന് 2015 വരെ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണശാലയുടെ ആസ്ഥാനമായിരുന്നു.
|
ലണ്ടനിൽ ഇവഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന കൺവൻഷൻ ജനുവരി നാലിന്
റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ പ്രതിമാസ "ആദ്യ ശനിയാഴ്ച’ കൺവൻഷനുകൾ ആരംഭിക്കുന്നു. ആദ്യ ശനിയാഴ്ച കൺവൻഷനുകളുടെ പ്രഥമ ശുശ്രൂഷ ലണ്ടനിൽ റൈൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ ജനുവരി നാലിന് നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രന്റ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജനൽ ഇവാഞ്ചലിസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും കൺവൻഷൻ നയിക്കുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സണും കൗൺസിലറും പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ വചന സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും, സ്പിരിച്ച്വൽ ഷെയറിംഗിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.
പ്രശസ്ത ധ്യാന ഗുരുവും ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി മിഷനുകളിൽ അജപാലന ശുശ്രൂഷ നയിക്കുകയും ചെയ്യുന്ന ഫാ. ഷിനോജ് കളരിക്കൽ വിശുദ്ധ കുർബാനയ്ക്ക് സഹകാർമികത്വം വഹിക്കുകയും ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്.
ജനുവരി നാലിന് രാവിലെ എട്ടിന് ജപമാലയോടെ കൺവൻഷൻ ആരംഭിക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ ഒരുക്കുന്നുണ്ട്. കൺവൻഷനിൽ പങ്കുചേരുന്നവരുടെ സൗകര്യാർഥം ഇംഗ്ലീഷ് ഭാഷയിലും ശുശ്രൂഷകൾ ക്രമീകരിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് തയ്യിൽ 07848 808550, മാത്തച്ചൻ വിളങ്ങാടൻ 07915 602258.
|
പുടിന്, ട്രംപ് സ്മരണകളുമായി മെര്‍ക്കലിന്റെ ആത്മകഥ
ബര്‍ലിന്‍: ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ആത്മകഥ പൂര്‍ത്തിയായി. ഉടന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ അവരുടെ ബാല്യകാല സ്മരണകള്‍ മുതല്‍, ഡോണള്‍ഡ് ട്രംപും വ്ളാദിമിര്‍ പുടിനും അടക്കം ലോക നേതാക്കളുമായുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.
പശ്ചിമ ജര്‍മനിയില്‍ ജനിച്ച്, പൂര്‍വ ജര്‍മനിയില്‍ വളര്‍ന്ന ഏകീകൃത ജര്‍മനിയുടെ ചാന്‍സലറായി ഏറ്റവുമധികം കാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് മെര്‍ക്കല്‍. ജര്‍മനിയുടെ ആദ്യ വനിതാ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചുള്ള വിശദാംശങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
നായകളെ പേടിയുള്ള മെര്‍ക്കലിനെ കാണാന്‍ പുടിന് വലിയൊരു നായയുമായി വന്ന കഥയും വിവരിക്കുന്നു. മെര്‍ക്കലിന് ഹസ്തദാനം നല്കാന് ട്രംപ് വിസമ്മതിച്ചതാണ് മറ്റൊരു കഥ.
കൗതുകങ്ങള്‍ക്കപ്പുറം, പൂര്‍വ ജര്‍മന്‍ ഏകാധിപത്യത്തില്‍ വളര്‍ന്ന ബാല്യകൗമാരങ്ങള്‍ ഗൗരവമായാണ് പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. നാറ്റോ സഖ്യത്തില്‍ ചേരാനുള്ള യുക്രെയ്ന്റെ ശ്രമങ്ങളോട് തനിക്കുണ്ടായിരുന്ന എതിര്‍പ്പും അവര്‍ പരസ്യമാക്കുന്നു. റഷ്യ ~ യുക്രെയ്ന് പ്രശ്നത്തിന് അടിസ്ഥാന കാരണം തന്നെ നാറ്റോയില്‍ ചേരാനുള്ള യുക്രെയ്ന്റെ ശ്രമങ്ങളായിരുന്നു.
സ്വാതന്ത്ര്യം എന്ന തലക്കെട്ടില്‍ ആംഗല മെര്‍ക്കലിന്റെ രാഷ്ട്രീയ ഓര്‍മ്മക്കുറിപ്പുകള്‍ നവംബര്‍ 26ന് പ്രസിദ്ധീകരിക്കും.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകള്‍ പ്രസാധകരായ കീപെന്ഹ്യൂറും വിറ്റ്ഷും ചേര്‍ന്നാണ് പ്രസിദ്ധീകരിക്കുക. മെമ്മറീസ് 1954 ~ 2021ന്ധ ലോകമെമ്പാടുമുള്ള 30~ലധികം രാജ്യങ്ങളിലാവും ഒരേസമയം പ്രസിദ്ധീകരിക്കുക. 700 പേജുകളുണ്ട്. 42 യൂറോയാണ് വില.
|
ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായി ഒലാഫ് ഷോള്‍സ് വീണ്ടും മത്സര രംഗത്ത്
ബര്‍ലിന്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ജർമൻ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വീണ്ടും എസ്പിഡി പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയാകും. എസ്പിഡി പാര്‍ട്ടിയംഗവും നിലവിലെ പ്രതിരോധമന്ത്രിയുമായ ബോറിസ് പിസ്റ്റോറിയസ് സ്ഥാനാര്‍ത്വത്തില്‍ നിന്നും പിന്മാറിയതായി നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെയാണ് ഷോള്‍സിനെ വീണ്ടും നാമനിര്‍ദ്ദേശം ചെയ്തത്.
എസ്പിഡിയിലെ പ്രധാന എതിരാളിയായ ബോറിസ് പിസ്റേറാറിയസ് മത്സരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും ചെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒലാഫ് ഷോള്‍സിന് അനുമതി ലഭിക്കുന്നത്. സമീപകാല സര്‍വേകള്‍ അനുസരിച്ച് ജനപ്രീതി എസ്പിഡിയ്ക്ക് വെറും 1416 ശതമാനമാണ്.
യാഥാസ്ഥിതിക ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ക്കും (CDU) അവരുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി ഫ്രെഡറിക് മെര്‍സിനും 32 24 ശതമാനവും തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(AfD) 1819 ശതമാനമാണ്. 2025 ഫെബ്രുവരി 23നാണ് തെരഞ്ഞെടുപ്പ്.
|
ജര്‍മനി കഴിഞ്ഞ വര്‍ഷം വിസ നല്‍കിയത് മൊത്തം 2,00,000 പേര്‍ക്ക്
ബെര്‍ലിന്‍: തൊഴിലാളികളുടെ വരവ് പ്രോത്സാഹിപ്പിക്കാന്‍ ട്രാഫിക് ലൈറ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ഒരു വര്‍ഷത്തിനുശേഷം ജര്‍മനി വിദഗ്ധ തൊഴിലാളികള്‍ക്ക് കൂടുതല്‍ വിസ അനുവദിച്ചു. 2023 നവംബര്‍ 18നാണ് നൈപുണ്യ കുടിയേറ്റ നിയമത്തിന്റെ ആദ്യ ഘട്ടം നിലവില്‍ വന്നത്.
ജനസംഖ്യാപരമായ സംഭവവികാസങ്ങള്‍ കാരണം ജര്‍മ്മനി ആശ്രയിക്കുന്ന യൂറോപ്യന്‍ യൂണിയന് ഇതര രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കാനാണ് ഇത് ലക്ഷ്യമിട്ടത്.
ഇതനുസരിച്ച്, തൊഴില്‍ ആവശ്യങ്ങള്‍ക്കായി പത്ത് ശതമാനത്തിലധികം വിസകള്‍ കൂടുതല്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1,77,600 ല്‍ നിന്ന് മൊത്തം 2,00,000 ആയി വര്‍ധിച്ചതായി ആഭ്യന്തര, തൊഴില്‍, വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ജര്‍മ്മനി വിദേശത്ത് നിന്ന് ഉയര്‍ന്ന യോഗ്യതയുള്ള സ്പെഷ്യലിസ്ററുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും തടസങ്ങള്‍ ഉയര്‍ന്നതാണ്. വിദേശത്ത് വിസകള്‍ നല്‍കുന്നതും കണ്‍സള്‍ട്ടേഷനുകളും റിക്കാര്‍ഡ് തലത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഫെഡറല്‍ ലേബര്‍ മന്ത്രി ഹ്യൂബര്‍ട്ടസ് ഹെയ്ല്‍ പറഞ്ഞു.
വിദഗ്ധരായ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ജര്‍മ്മനിയില്‍ കൂടുതല്‍ വേഗത്തില്‍ വന്ന് ജോലി ആരംഭിക്കാന്‍ കഴിയും. ഇപ്പോഴും രാജ്യത്ത് 4,00,000 വിദഗ്ധരുടെ കുറവുണ്ടെന്ന് വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത് രാജ്യത്തെ എല്ലാ മേഖലകളേയും സ്മാര്‍ട്ട് ക്കാന്‍ വേണ്ടിയാണ്.
ഫെഡറല്‍ ഓഫീസ് ഓഫ് ഫോറിന് അഫയേഴ്സ് ഏറ്റവും വലിയ ജര്‍മ്മന്‍ വിസ ഓഫീസിലെ വിദഗ്ധ തൊഴിലാളികള്‍ക്കുള്ള അപേക്ഷകളും വൈദഗ്ധ്യവും പ്രോസസ്സ് ചെയ്യുന്നതും വേഗത്തിലാണ്.
കൂടാതെ ഡിജിറ്റലൈസേഷനും കൂടുതല്‍ പുരോഗതി കൈവരിക്കുകയാണ്. ഇത് സാങ്കേതികമായി ഒരു ബ്യൂറോക്രാറ്റിക് വിപ്ളവത്തിന് തുല്യമാണ്. കുടിയേറാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നുള്ള അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുമ്പോള്‍ കൂടുതല്‍ ഫലപ്രദമായ പ്രക്രിയകള്‍ക്കായി കാത്തിരിയ്ക്കുന്നവരുമുണ്ട്.
യോഗ്യതയുള്ള കുടിയേറ്റത്തിനുള്ള തടസങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും ട്രെയിനികള്‍ക്കും ഇടയില്‍ കൂടുതല്‍ ബാധിച്ചവര്‍ ഇപ്പോഴും പരാതിപ്പെടുന്നുണ്ട്. ജര്‍മ്മനിയില്‍ പഠിക്കുന്നവരും തൊഴില്‍ പരിശീലനം നടത്തുന്നവരും അല്ലെങ്കില്‍ നേടിയ യോഗ്യതയും ഉള്ളവര്‍.
മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം 20 ശതമാനത്തിലധികം വര്‍ദ്ധിച്ചു. ട്രെയിനികളുടെ എണ്ണത്തില്‍ പോലും മൂന്നില്‍ രണ്ട് വര്‍ധനവുണ്ടായിട്ടുണ്ട്.
|
ആന്റണി പുത്തന്‍പുരയ്ക്കലിന്റെ പുസ്തകം പ്രകാശനത്തിന്
വിയന്ന: ആന്റണി പുത്തന്‍പുരയ്ക്കല്‍ എഴുതിയ ആന്തരിക മൗനം: നമ്മുടെ അസ്തിത്വ സാരാംശം എന്ന പുസ്തകം പ്രകാശനത്തിന് തയാറായി. ആലപ്പുഴയിലുള്ള സ്കൂള്‍ ഓഫ് ലൈഫ് സ്കില്‍ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
അവതാരിക എഴുതിയിരിക്കുന്നത് സുപ്രസിദ്ധ സെന്‍ ഗുരു അമാ സ്വാമിയാണ്. ലോകത്തിലെ ആദ്യത്തെ സപ്തഭാഷ നിഘണ്ടു ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഋതുമന്ത്രണങ്ങള് എന്ന പുസ്തകവും ആന്റണി പുത്തന്പുരയ്ക്കലിന്റേതായി ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.
മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ദിവസേനയെന്നോണം പുതിയ കണ്ടുപിടുത്തങ്ങളും സാധ്യതകളും ആധികാരികവും അല്ലാത്തതുമായ വിവരങ്ങളുടെ ആധിക്യം ഓരോരുത്തരെയും കൈയടക്കുകയും നിയന്ത്രണമില്ലാത്ത ചിന്തകള്‍ മനുഷ്യന്റെ ശാരീരികവും മാനസികവും വൈകാരികവുമായ സുസ്ഥിതിയെ ബാധിക്കുന്ന സാഹചര്യത്തില്‍
ആന്തരിക നിശ്ചലത, അല്ലെങ്കില്‍ ആന്തരിക മൗനത്തിനു വ്യക്തി ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് മനശാസ്ത്ര പഠനങ്ങളുടെയും സിരാവിജ്ഞാനീയ പ്രബോധങ്ങളുടെയും വെളിച്ചത്തില്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ പുസ്തകം.
കാലാന്തരങ്ങളില്‍ മനുഷ്യര്‍ക്ക് നഷ്ടമായ ഉള്‍ബോധത്തെ എങ്ങനെ ഒരാള്‍ക്ക് വീണ്ടെടുക്കുവാന്‍ കഴിയുമെന്ന ചോദ്യത്തിനുള്ള എല്ലാ ഉത്തരങ്ങളും ഈ പുസ്തകത്തിലൂടെ ആന്റണി പുത്തന്‍പുരയ്ക്കല്‍ നല്‍കുന്നുണ്ട്. കൂടുതല്‍ സംതൃപ്തവും സന്തുലിതവുമായ ഒരു ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ആശയങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ രത്നചുരുക്കം.
|
ഫ്രാൻസിസ് മാർപാപ്പ സംസ്കൃതത്തിലുള്ള അന്തർദേശീയ പ്രാർഥനാഗാനം പ്രകാശനം ചെയ്തു
റോം: ഫ്രാൻസിസ് മാർപാപ്പ "കർത്താവിന്റെ പ്രാർഥന' ( Our Father in Heaven) എന്ന അന്തർദേശീയ ആത്മീയ ഗാനം ഇറ്റലിയിലെ റോമിൽ വച്ച് പ്രകാശനം ചെയ്തു. "സർവേശ' എന്ന പേരിൽ സംസ്കൃതത്തിലുള്ള ഈ ഗാനത്തിന്റെ വരികൾ ‘ക്രിസ്തുഭാഗവതം’ എന്ന ക്ലാസിക് കാവ്യത്തിന്റെ രചയിതാവായ മഹാകവി പി.സി. ദേവസ്യയുടേതാണ്.
സംഗീതം ഒരുക്കിയത് ഫാ. ഡോ. പോൾ പൂവത്തിങ്കൽ സിഎംഐയും മനോജ് ജോർജും ആണ്. പാശ്ചാത്യ ക്ലാസിക്കൽ ശൈലിയിൽ കർണാടക രാഗമായ "നടഭൈരവി'യുടെ മനോഹരമായ മിശ്രിതമാണിത്. പാടിയത് പത്മവിഭൂഷൺ ഡോ.കെ.ജെ.യേശുദാസും ഫാ. പോൾ പൂവത്തിങ്കലും ഒപ്പം 100 വൈദികരും 100 കന്യാസ്ത്രീകളും സംഗീത കോറസ് അംഗങ്ങളും ആണ്.
ലോസ് ആഞ്ചൽസ് ചേംബർ ഓർക്കസ്ട്ര ഹോളിവുഡ് യുഎസ്എ, മനോജ് ജോർജ് & രാകേഷ് ചൗരസ്യ (മുംബൈ) എന്നിവർ ഓർക്കസ്ട്ര ചെയ്തു. മാറ്റ് ബ്രൗൺലി (ഹോളിവുഡ്), ലൂക്ക് ബൗലോക്ക് (ഫ്ലോറിഡ), സജി ആർ. നായർ & അഫ്താബ് ഖാൻ (മുംബൈ) എന്നീ വിദഗ്ദ്ധർ റിക്കോഡിംഗ് നിർവഹിച്ചു.
മൂന്നു തവണ ഗ്രാമി അവാഡ് ജേതാവായ പ്രശസ്ത സംഗീത സംവിധായകൻ റിക്കി കെജ് ആണ് സർവേശ ആൽബത്തിന്റെ സഹനിർമാതാവ്. ജെയ്സൺ ജോസ് (ബോസ്റ്റൺ യുഎസ്എ), അഭിലാഷ് വളാച്ചേരി, മെൻഡസ് ആന്റണി എന്നിവർ ഛായാഗ്രഹണം ഭംഗിയാക്കി.
ഒട്ടിസം, സെറിബ്രൽ പാൾസി, മാനസ്സിക വിഭിന്നശേഷി എന്നീ അവസ്ഥകളുള്ള കുട്ടികളുടെ മസ്തിഷ്ക വളർച്ചയെ സഹായിക്കുന്നതിനുള്ള ന്യൂറോളകജിക് മ്യൂസിക് തെറപ്പിയുടെ ഭാഗമായി തൃശൂർ ചേതന ഗാനാശ്രമം നിർമിച്ചതാണ് ഈ ഗാനോപഹാരം.
|
റോമിലെത്തിയ ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദയ്ക്ക് സ്വീകരണം നൽകി
റോം: വത്തിക്കാനിൽ നടക്കുന്ന സർവമത സമ്മേളനത്തിന്റെ സെക്രട്ടറി ശിവഗിരി മഠത്തിലെ വീരേശ്വരാനന്ദ സ്വാമിയെ റോമിലെ എയർപോർട്ടിൽ അലിക് ഇറ്റലിയുടെ പ്രസിഡന്റ് ഷൈൻ റോബോർട്ട് ലോപ്പസ് സ്വീകരണം നൽകി.
ചരിത്രപ്രസിദ്ധമായ ആലുവ സർവമത സമ്മേളനത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിയാണ് വത്തിക്കാനിൽ ഈ മാസം 29, 30 തീയതികളിൽ സർവമത സമ്മേളനം നടക്കുന്നത്.
|
വീണ്ടും ഒരു മലയാളി വിജയഗാഥ; ബോക്സിംഗിൽ നാഷണൽ ചാമ്പ്യനായി ആൽവിൻ
ന്യൂകാസിൽ: സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് കുടിയേറിയ മലയാളി കുടിയേറ്റക്കാർ എംപിയായും മേയറായും കൗൺസിലറായും രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ പുതുചരിതം രചിക്കുമ്പോൾ രണ്ടാം തലമുറയിൽ ഈ നാട്ടിൽ ജനിച്ചു വളർന്ന പുതുതലമുറയും ഈ നാടിന്റെ ഭാഗമായി തദ്ദേശീയരോട് മത്സരിച്ച് വിവിധ മേഖലകളിൽ തിളങ്ങുകയാണ്.
ന്യൂകാസിലിൽ നിന്നാണ് വീണ്ടും ഒരു മലയാളി വിജയഗാഥ പിറന്നിരിക്കുന്നത്. പുതുതലമുറയിലെ മാധവപ്പള്ളിൽ ആൽവിൻ ജിജോ 46 കിലോ ബോക്സിംഗ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായി മാറി.
യുകെയിൽ എത്തിയ കാലം മുതൽ സാമുദായിക, സാംസ്കാരിക മേഖലകളിലും ബ്രിട്ടനിൽ നിന്നും തദ്ദേശീയരായ നിരവധി സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുകയും ചെയ്യുകയും യുകെയിലെ ക്നാനായ കാത്തലിക് അസോസിയേഷൻ മുൻ വൈസ് പ്രെസിഡന്റും ഇപ്പോൾ ന്യൂകാസിൽ ക്നാനായ മിഷന്റെ കൈക്കാരന്മാരിൽ ഒരാളുമാണ് ഇന്റർനാഷണൽ ടൂർ ഓപ്പറേറ്ററുമായ ജിജോ മാധവപ്പള്ളിൽ സിസി ജിജോ ദമ്പന്തികളുടെ പുത്രനാണ് അടുപ്പമുള്ളവർ കുട്ടപ്പൻ എന്ന് വിളിക്കുന്ന ആൽവിൻ ജിജോ.
ചെറുപ്പം മുതൽ ബോക്സിംഗ് മത്സരങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ആൽവിനെ മാതാപിതാക്കൾ സർവ പ്രോത്സാഹനവും നൽകി കൂടെ നിന്നതാണ് നാഷണൽ അസോസിയേഷൻ ഫോർ ബോയ്സ് ആൻഡ് ഗേൾസ് നടത്തിയ ഈ മത്സരത്തിലെ വിജയിയാകാൻ ആൽവിനെ പ്രാപ്തനാക്കിയത്.
ബില്ലിംഗ്ഹാമിൽ ആണ് ഈ മത്സരത്തിന്റെ ആദ്യ മത്സരങ്ങൾ അരങ്ങേറിയത്. തുടർന്ന് ബ്ലാക്ബേണിൽ നടന്ന സെമി ഫൈനലിൽ നടന്ന ഇഞ്ചോടിഞ്ചു പോരാട്ടങ്ങൾ ആണ് കഴിഞ്ഞ ദിവസം ബ്രിഡ്ലിംഗ്ടണിൽ നടന്ന ഫൈനൽ മത്സരങ്ങളിലേക്ക് അൽവിന് വഴിയൊരുക്കിയത്.
ചെറുപ്പത്തിൽ തന്നെ ബോക്സിംഗ് മേഖലയിൽ മികച്ച നേട്ടം കൈവരിച്ച സഹോദരന് മാതാപിതാക്കളോടൊപ്പം സർവ പിന്തുണയും നൽകി സിനിമാ മോഡൽ രംഗത്തും നൃത്ത നൃത്യങ്ങൾ ഉൾപ്പടെയുള്ള മേഖലകളിൽ കഴിവ് തെളിയിച്ച ഡോ. ആർലിൻ ജിജോയും ആഷിൻ ജിജോയും ഉണ്ട്.
ന്യൂകാസിലിലെ മലയാളി അസോസിയേഷനുകളുടെയും ക്നാനായ സീറോമലബാർ അസോസിയേഷനുകളുടെയും എല്ലാ പരിപാടികളിലും സജീവ സാനിധ്യവും പ്രചോദനവും ആണ് ജിജോയും സിസിയും ഡോ ആർലിനിനും അഷിനിനും ആൽവിനും ഉൾപ്പെടുന്ന മാധവപ്പള്ളിൽ കുടുംബം.
|
ഒഐസിസി യുകെ സറെ റീജിയണിന് നവനേതൃത്വം
ക്രോയ്ഡൺ: ഒഐസിസി യുകെ സറെ റീജിയൺ പുനസംഘടിപ്പിച്ചു. റീജിയൺ ഭാരവാഹികളിൽ ഏതാനും പേർ സംഘടനയുടെ പുതുതായി രൂപീകൃത്യമായ നാഷണൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ വന്ന ഒഴിവുകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് റീജിയൺ പുനസംഘടിപ്പിച്ചത്.
റീജിയൺ പ്രസിഡന്റ് വിൽസൻ ജോർജിന്റെ അധ്യക്ഷതയിൽ ക്രോയ്ഡനിൽ വച്ച് കൂടിയ ജനറൽ ബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലായിരുന്ന നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈൻ ആയി പങ്കെടുത്തു ആശംസകൾ അറിയിച്ചു.
നിലവിലെ റീജിയൻ സെക്രട്ടറി സാബു ജോർജ് റിപ്പോർട്ട് അവതരിപ്പിക്കുകയും റീജിയണിന്റെ പ്രവർത്തനങ്ങളുമായി ഇതുവരെ സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. നാഷണൽ വർക്കിംഗ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, വൈസ് പ്രസിഡന്റ് ജോർജ് ജോസഫ്, ജനറൽ സെക്രട്ടറിമാരായ അഷറഫ് അബ്ദുള്ള, തോമസ് ഫിലിപ്പ് (ജോജി), ട്രഷറർ ബിജു വർഗീസ് എന്നിവർ പുതിയ കമ്മിറ്റിക്ക് അനുമോദനങ്ങൾ നേർന്നുകൊണ്ട് സംസാരിച്ചു.
നേരത്തെ, ഒഐസിസി യുകെയുടെ പ്രവർത്തനം യുകെയിലുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ റീജിയണുകൾ/യൂണിറ്റുകൾ രൂപീകരിക്കുന്നതിനും നിലവിലുള്ളവ പുനസംഘടിപ്പിക്കുന്നതിനുമുള്ള നിർദേശം കെപിസിസിയിൽ നൽകിയിരുന്നു.
അതിന്റെ പശ്ചാത്തലത്തിൽ റീജിയൺ/യൂണിറ്റുകളുടെ പുനരുദ്ധരണത്തിനും ഏകോപനത്തിനുമായി നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ വർക്കിംഗ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, ജനറൽ സെക്രട്ടറി അഷറഫ് അബ്ദുള്ള എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി കവട്രിയിൽ നടന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ വച്ച് രൂപീകരിച്ചിരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഒഐസിസി യുകെ സറെ റീജിയൺ ഭാരവാഹികൾ:
പ്രസിഡന്റ്: വിൽസൻ ജോർജ്, വൈസ് പ്രസിഡന്റുമാർ: ജെറിൻ ജേക്കബ്, നന്ദിത നന്ദൻ, ജനറൽ സെക്രട്ടറി: ഗ്ലോബിറ്റ് ഒലിവർ, ജോയിന്റ് സെക്രട്ടറി: സനൽ ജേക്കബ്, ട്രഷറർ: അജി ജോർജ്,
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ബിജു ഉതുപ്പ്, സുമലാൽ മാധവൻ, അലീന ഒലിവർ, അസ്റുദ്ധീൻ അസീസ്, ലിജോ തോമസ്, അജീഷ് കെ എസ്, മുഹമ്മദ് നൂർ.
|
ജർമനിയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായി ഇന്ത്യ
ബെര്‍ലിന്‍: അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയും നവീകരണത്തിന്റെയും ഉത്പാദനത്തിന്റെയും കേന്ദ്രമായ ജർമനിയും തമ്മിലുള്ള ബന്ധം ബിസിനസിലും തന്ത്രതലത്തിലും വളരെ പ്രധാനമാണെന്ന് കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവും ജ്യോതിരാദിത്യ സിന്ധ്യയും പറഞ്ഞു.
ജർമനിയിലെ ബഡൻവ്യൂർട്ടംബർഗിൽ നടന്ന ന്യൂസ്9 ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. ഇന്ത്യൻ പ്രഫഷനലുകളും വിദ്യാർഥികളും ഉൾപ്പെടെ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രിമാർ ചൂണ്ടിക്കാട്ടി.
ഇന്ത്യയും ജർമനിയും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുന്നതും ലക്ഷ്യമാണ്. നിലവിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ഏകദേശം 26.5 ബില്യൺ ഡോളറാണ്.
|
യുകെയിൽ മലയാളി നഴ്സ് വീടിനുള്ളിൽ മരിച്ചനിലയിൽ
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. റെഡിംഗിൽ കുടുംബമായി താമസിക്കുന്ന കോട്ടയം സ്വദേശി സാബു മാത്യു(55) ആണ് മരിച്ചത്.
ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. നഴ്സായ ഭാര്യ ഷാന്റി ജോൺ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് സാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
2003ലാണ് സാബു എന്‍എച്ച്എസ് നഴ്സായി ജോലിയില്‍ പ്രവേശിച്ചത്. സംസ്കാരം പിന്നീട്.
|
യുഡിഎഫ് വിജയം യുകെയിൽ ആഘോഷമാക്കി ഒഐസിസി യുകെ
ലണ്ടൻ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾ നേടിയ വിജയത്തിൽ ഒഐസിസി യുകെയുടെ ആഭിമുഖ്യത്തിൽ യുകെയിലെ വിവിധ സ്ഥലങ്ങളിൽ ആഹ്ലാദ പ്രകടനങ്ങളും മധുര വിതരണവും സംഘടിപ്പിച്ചു.
പലയിടങ്ങളിലും പ്രവർത്തകർ കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി ആഹ്ലാദപ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. യുകെയിലെ മാഞ്ചസ്റ്ററിലും ബാസിൽഡണിലും സംഘടിപ്പിച്ച വിജയാഘോഷ പരിപാടികൾ ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
മാഞ്ചസ്റ്റർ റീജിയണിന്റെ ആഭിമുഖ്യത്തിൽ ബോൾട്ടണിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ഒഐസിസി യുകെ ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് നേതൃത്വം നൽകി. നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, റീജിയൺ പ്രതിനിധികളായ ജിപ്സൺ ജോർജ് ഫിലിപ്സ്, സജി വർഗീസ് എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് നേടിയ ഗംഭീര വിജയം പ്രവർത്തകർ കേക്ക് മുറിച്ചും മധുരവിതരണം നടത്തിയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായാണ് ആഘോഷമാക്കിയത്. ഋഷിരാജ്, റോബിൻ, ബിന്ദു ഫിലിപ്പ്, ജിൽജോ, റിജോമോൻ റെജി, എൽദോ നെല്ലിക്കൽ ജോർജ്, ജേക്കബ് വർഗീസ്, അനുരാജ്, റീന റോമി, ഹെയ്സൽ മറിയം തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ഒഐസിസി യുകെ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ. ജോൺ നേതൃത്വം നൽകിയ ബാസിൽഡൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സംഘടനയുടെ നാഷണൽ റീജിയൺ ഭാരവാഹികളും മറ്റു പ്രവർത്തകരും പങ്കെടുത്തു.
വർഗീയതയ്ക്കും സ്വജനപക്ഷപാതത്തിനും എതിരേ ജനനങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകിയ ശക്തമായ താക്കീതാണ് യുഡിഎഫ് നേടിയ മിന്നും വിജയമെന്ന് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. വരും ദിവസങ്ങളിൽ യുകെയിലെ മറ്റു സ്ഥലങ്ങളിലും സമാനമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയിൽ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിൽ ഒഐസിസി യുകെയുടെ നേതൃത്വത്തിൽ രൂപീകരിച്ച 50 അംഗ കർമസേനയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.
നേരിട്ടുള്ള വോട്ടഭ്യർഥന, ഗൃഹ സന്ദർശനം, വാഹന പര്യടനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ശക്തമായ പ്രചരണമാണ് യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സംഘടന നടത്തിയത്.
പ്രചാരണ പ്രവർത്തനങ്ങൾക്ക് മാത്രമായി ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ് എന്നിവർ യുകെയിൽ നിന്നും കേരളത്തിൽ എത്തിയിരുന്നു. വയനാട് മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ. ജോണും സജീവ സാനിധ്യമായിരുന്നു.
|
ബോണില്‍ യുവജനസംഗമം അമിഗോസ് 30ന്
ബോണ്‍: സീറോമലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ യുവജനപ്രസ്ഥാനമായ എംസിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന യുവജനസംഗമം അമിഗോസ് ഈ മാസം 30ന് രാവിലെ 10 മുതല്‍ ബോണിലെഹെയ്ലിഗെ ഗെയ്സ്റ്റ് കിർഷേ, കിഫറൻ വെഗ് 22ല്‍ (ഹോളി സ്പിരിറ്റ് ചർച്ച്, കീഫെർൻവെഗ് 22) വച്ച് നടക്കും.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഓണ്‍ലൈന്‍ വഴിയായി നടത്തിവരുന്ന കരോള്‍ കോമ്പറ്റീഷന് ലൈവായി ഇത്തവണയും നടക്കും. ഒപ്പം ബൈബിള്‍ ക്വിസ് കോമ്പറ്റീഷനും ഉണ്ടാവും. തുടര്‍ന്ന് കോളോണിലെ പ്രസിദ്ധമായ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കും.
എംസിവൈഎം അംഗങ്ങളെ കൂടാതെ ജര്‍മനിയുടെ നാനാഭാഗങ്ങളില്‍ എത്തിച്ചേരുന്ന യുവജനങ്ങളുമായി കൂടിക്കാണാനും സൗകര്യം ഒരുക്കുന്ന അമിഗോസ് സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ഡോ. ജോസഫ് ചേലംപറമ്പത്ത്(എംസിവൈഎം ഡയറക്ടര്‍, ജര്‍മനി), മറ്റു ഭാരവാഹികള്‍ എന്നിവർ അറിയിച്ചു.
|
വാട്ടർഫോർഡിൽ എന്റെ മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു
ഡബ്ലിൻ: വാട്ടർഫോർഡ് മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എന്റെ മലയാളം പദ്ധതി ആരംഭിച്ചു. ഈ വർഷത്തെ പ്രവേശനോത്സവം നടത്തി. എന്റെ മലയാളം പുതിയ അധ്യായന വർഷം മലയാളം മിഷൻ കേരള സർക്കാർ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.
എന്റെ മലയാളം വാട്ടർഫോർഡ് കോഓർഡിനേറ്റർ ടോം നെല്ലുവേലി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജിബിൻ ഈ വർഷത്തെ മലയാളം ക്ലാസ് രൂപരേഖ അവതരിപ്പിച്ചു. തുടർന്ന് അസോസിയേഷൻ പ്രസിഡന്റ് അനൂപ് ജോൺ, എന്റെ മലയാളം കോഓർഡിനേറ്റർ ജയ പ്രിൻസ് എന്നിവർ പ്രസംഗിച്ചു.
പ്രവാസി മലയാളി കുഞ്ഞുങ്ങളിൽ മലയാള ഭാഷാ പ്രാധാന്യം വളർത്തുക, അവരെ കേരള സംസ്കാരത്തിൽ വളർത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജിബി, നീതു, അനിഷ തുടങ്ങിയവർ കുട്ടികളുടെ വിനോദ പരിപാടികൾക്ക് നേതൃത്വം നൽകി.
|
ഡബ്ല്യുഎംഎ വിന്റർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് 30ന്
ഡബ്ലിൻ: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമിഖ്യത്തിൽ വിന്റർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഈ മാസം 30ന് നടക്കും. അയർലൻഡിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.
ബാലിഗണ്ണർ ജിഎഎ ഇൻഡോർ സ്റ്റേഡിയത്തിൽ ശനിയാഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് മത്സരം.
|
ജർമനിയിൽ മലയാളി കുടുംബത്തിന്റെ വീട്ടിൽ കവർച്ച; 23 പവൻ സ്വർണം മോഷണം പോയി
ബെര്‍ലിന്‍: ജർമനിയിലെ കൊളോണിൽ താമസിക്കുന്ന അഞ്ചംഗ മലയാളി കുടുംബത്തിന്റെ വീട്ടിൽ കവർച്ച. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും അഞ്ചിനും ഇടയിൽ ഫ്ലാറ്റിന്റെ പിൻഭാഗത്തെ മതിൽ ചാടി കടന്ന് ജനൽ തുറന്നാണ് കള്ളന്മാർ വീടിനുള്ളിൽ കയറിയത്.
വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണം കള്ളന്മാർ കവർന്നു കൊണ്ടുപോയി. കുടുംബാംഗങ്ങളുടെ പാസ്പോർട്ടുകളും കള്ളന്മാർ എടുത്തെങ്കിലും പിന്നീട് അവിടെ തന്നെ ഉപേക്ഷിച്ചു.
പുറത്തുപോയി വന്ന മലയാളികുടുംബം തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാകുന്നത്. കുടുംബം വിവരം അറിയിച്ചതോടെ ജർമൻ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിക്കുന്നതിനായി എത്തിയിരുന്നു. സംഘടിതമായി മോഷണം നടത്തുന്ന സംഘങ്ങളെയാണ് പോലീസ് സംശയിക്കുന്നത്.
|
ഐറിഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മലയാളിയും
ഡബ്ലിൻ: അയർലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മലയാളിയും. ഡബ്ലിൻ മാറ്റർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സും പാലാ വിളക്കുമാടം സ്വദേശിനിയുമായ മഞ്ജു ദേവിയാണ് ഭരണകക്ഷിയായ ഫിനാഫോൾ പാർട്ടിയുടെ ടിക്കറ്റിൽ ഡബ്ലിൻ ഫിൻഗൽ ഈസ്റ്റ് മണ്ഡലത്തിൽനിന്നു ജനവിധി തേടുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളിക്ക് പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിക്കുന്നത്. ഈമാസം 29നാണ് പൊതുതെരഞ്ഞെടുപ്പ്.
കരസേനാംഗമായിരുന്ന സുബേദാർ മേജർ കെ.എം.ബി. ആചാരിയുടെയും രാധാമണിയുടെയും മകളാണ് മഞ്ജു. അയർലൻഡിലെ പ്രമുഖ ഫിംഗ്ലസ് ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകരിൽ ഒരാളായ തിരുവനന്തപുരം പൂജപ്പുര സ്വദേശി ശ്യാം മോഹനാണു ഭർത്താവ്. മക്കൾ: ദിയ, ശ്രയ.
കഴിഞ്ഞ 20 വർഷമായി അയർലൻഡിലുള്ള മഞ്ജു, മന്ത്രി ഡാറ ഒബ്രെയിനൊപ്പം ചേർന്നാണു ത്സരിക്കുന്നത്. ഡബ്ലിൻ ഫിൻഗൽ ഈസ്റ്റ് മണ്ഡലത്തിൽനിന്ന് മൂന്നുപേരെയാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുക.
മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന ഇവിടെ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് മഞ്ജു ദേവി. വിജയിച്ചാൽ ഐറിഷ് പാർലമെന്റിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം മഞ്ജു ദേവിക്ക് സ്വന്തമാകും.
അയർലൻഡിൽ കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ നിരവധി മലയാളികൾ വിജയിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിജയിച്ച ഫിനഗേൽ പാർട്ടി നേതാവ് ബേബി പെരേപ്പാടൻ നിലവിൽ സൗത്ത് കൗണ്ടി കൗൺസിലിൽ ആദ്യ മലയാളി മേയറാണ്.
|
പഴയസാധനം വിൽക്കുന്ന ജർമനിയിലെ മാർക്കറ്റിൽ പുരാതന ഇന്ത്യൻ പഞ്ചാംഗം!
ഫ്രാങ്ക്ഫർട്ട്: ഉത്തർപ്രദേശിലെ വാരണാസിയിൽ 180ലേറെ വർഷം മുൻപ് അച്ചടിച്ച പഞ്ചാംഗം ജർമനിയിലെ ഹാംബർഗിൽ പഴയ സാധനങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ കണ്ടെത്തി. ദേവനാഗരി ലിപിയിൽ തയാറാക്കിയതാണ് ഈ പഞ്ചാംഗം.
അപൂർവലിപിയിൽ തയാറാക്കിയ ഈ പുസ്തകം കണ്ട ആരോ "ഇത് എന്താണെന്നു പറയാമോ?' എന്നു ചോദിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു. നിമിഷനേരംകൊണ്ട് പ്രതികരണങ്ങൾ എത്തി.
ഉത്തർപ്രദേശിലെ വാരണാസിയിൽ ഭാർഗവ പ്രസ് ആണ് ഈ പഞ്ചാംഗം അച്ചടിച്ചു വിപണിയിലെത്തിച്ചതെന്നും അക്കാലത്തെ ഏറ്റവും വലിയ പ്രസാധകരിൽ ഒരാളായിരുന്ന പണ്ഡിറ്റ് നവൽ കിഷോർ ഭാർഗവയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഭാർഗവ പ്രസ് എന്നും വിശദീകരണങ്ങൾ വന്നു.
ഭാർഗവ ഞങ്ങളുടെ പൂർവികനാണെന്നും അദ്ദേഹത്തിന്റെ പിൻഗാമികൾ ഇപ്പോഴും ലക്നൗവിൽ താമസിക്കുന്നുണ്ടെന്നും അവർ ഇപ്പോൾ പ്രസ് നടത്തുന്നില്ലെന്നും ഭാർഗവയുടെ താവഴിയിൽപ്പെട്ട ഒരാൾ കുറിച്ചു.
|
"മിസ് ആന്‍ഡ് മിസിസ് മലയാളി യുകെ’ മത്സരം ശനിയാഴ്ച
ലണ്ടൻ: മിസ് ആൻഡ് മിസസ് മലയാളി യുകെ ബ്യൂട്ടി പേജന്റ് ശനിയാഴ്ച. ഹാരോയിലെ പ്രശസ്തമായ ഗ്രേറ്റ് ഹാളിലാണ് മിസ് ആൻഡ് മിസിസ് മലയാളി യുകെ ബ്യൂട്ടി പേജന്റ് അരങ്ങേറുന്നത്. പ്രശസ്ത ഫാഷന്‍ ഡിസൈനറും സൗസിക ബ്രാന്‍ഡിന്റെ സ്ഥാപകനുമായ കമല്‍രാജ് മണിക്കത്താണ് സൗന്ദര്യമത്സരത്തിന് നേതൃത്വം നൽകുന്നത്
പ്രമുഖ ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ വൈബ്രന്റ്സ് ലണ്ടന്‍ കമ്പനിയാണ് എൽഇഡി സ്ക്രീൻ, പിഎ സിസ്റ്റം, ലൈറ്റിംഗ് തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നത്.
എബി ജോസ്, വി.ജെ. ബോണിസൺ, ദീപ നായര്‍, സ്മൃതി രാജ്, പാര്‍വതി പിള്ള, ഏഞ്ജല്‍ റോസ്, ജിജോ ജോ, അശ്വതി അനീഷ്, ഷാരോണ്‍ സജി, ചാൾസ് എഡ്, അനിൽ ലോനപ്പൻ, പ്രിയ രഞ്ജിത് എന്നിവര്‍ ഉള്‍പ്പെടുന്ന ഈ മേഖലയിലെ പരിചയസമ്പന്നരാണ് കമൽരാജിനൊപ്പം പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രിന്‍സ് സേവ്യര്‍, നിവേദ്യ നിജീഷ്, സുപ്രഭാ എന്നിവരാണ് അവതാരകരായെത്തുന്നത്.
|
സുരേഷ് ഗോപിക്ക് ഇറ്റലിയിൽ സ്വീകരണമൊരുക്കി ഡബ്ല്യുഎംഎഫും ഇന്ത്യൻ എംബസിയും
റോം: ജി7 കേന്ദ്രഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിൽ എത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് വേൾഡ് മലയാളി ഫെഡറേഷനും ഇറ്റലിയിലെ ഇന്ത്യൻ എംബസിയും ചേർന്ന് സംയുക്ത സ്വീകരണം നൽകി.
ഡബ്ല്യുഎംഎഫ് ഇറ്റലി നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട "മീറ്റ് & ഗ്രീറ്റ്' സംഗമത്തിൽ ഏറെ നേരം മലയാളി സമൂഹവുമായി സംവദിച്ച സുരേഷ് ഗോപി തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി അറിയിച്ചു.
ഇന്ത്യൻ അംബാസഡർ വാണി റാവു, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എംബസി ഓഫ് ഇന്ത്യ ഇൻ റോം അമരറാം ഗുർജർ, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മിനിസ്ട്രി ഓഫ് ടൂറിസം ഇന്ത്യ ഉത്തങ്ക് ജോഷി, സ്കാൻഡിച്ചി സിറ്റി മേയർ ക്ലോഡിയ സെറിനി, ഡെപ്യൂട്ടി മേയർ യൂന കാശി സാദേഹ്, ഡബ്ല്യുഎംഎഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് സിറോഷ് ജോർജ്, സിറ്റി പോലീസ് കമ്മീഷണർമാർ, ഡബ്ല്യുഎംഎഫ് ജിഇസി അംഗം ലിജോ ജോസഫ്,
ഡബ്ല്യുഎംഎഫ് യൂറോപ്പ് റീജിയൻ ബിസിനസ് ഫോറം കോഓർഡിനേറ്റർ ബിജു തോമസ്, ഇറ്റലി നാഷണൽ കോർഡിനേറ്റർ ആനി അൽഫോൻസ്, ഇറ്റലി നാഷണൽ പ്രസിഡന്റ് ജോമോൻ തോമസ്, ഇറ്റലി നാഷണൽ സെക്രട്ടറി അജിത് മോഹനൻ, ഇറ്റലി നാഷണൽ വൈസ് പ്രസിഡന്റ് മിനി പുളിക്കൽ, ഇറ്റലി നാഷണൽ ജോയിന്റ് സെക്രട്ടറി ജിങ്കിൾ ജോസ്, നാഷണൽ മീഡിയ കോഓർഡിനേറ്റർ നിഖിൽ ജോസ്, നാഷണൽ വുമൺസ് കോഓർഡിനേറ്റർ ലാലി ജോയി,
ഫ്ലോറെൻസ് പ്രസിഡന്റ് കാതറിൻ വർഗീസ്, ഫ്ലോറൻസ് സെക്രട്ടറി ബിജു തോമസ് കച്ചപ്പള്ളി, ഫ്ലോറൻസ് യൂണിറ്റ് ട്രഷറർ ലിയ അനീഷ്, വൈസ് പ്രസിഡന്റ് ഫ്രാൻസിസ് അച്ചാണ്ടി, ജോയിന്റ് സെക്രട്ടറി ടെസി ടെറൻസ്, മീഡിയ കോഓർഡിനേറ്റർ ഹെൽവിൻ ജോയ്,
പിസ യൂണിറ്റ് പ്രസിഡന്റ് ലുലു, പിസ യൂണിറ്റ് സെക്രട്ടറി ജയ്മോൾ മാത്യു, റോം യൂണിറ്റ് പ്രസിഡന്റ് ബാബു കോഴികാടൻ, പട്രോൺ വിൻസെന്റ് തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
ഫ്ലോറൻസ് മലയാളം ചാപ്റ്റർ ടീച്ചർമാരായ ലിജി ജോയ്, സോളി സിബി, എമിലിൻ കുട്ടികളും ചേർന്ന് മന്ത്രിക്ക് ഉപഹാരം നൽകി. സുരേഷ് ഗോപി തൃശൂരിൽ നിന്നും കൊണ്ടുവന്ന അച്ചപ്പവും കുഴലപ്പവും ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്തു.
ഇറ്റലിയിലുള്ള ഇന്ത്യക്കാരുടെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഇറ്റാലിയൻ ഡ്രൈവിംഗ് ലൈസൻസ് ആയി കൺവേർട്ട് ചെയ്യുന്നതിനുള്ള പ്രയോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ ലിജോ ജോസഫ് കേന്ദ്രമന്ത്രിയോട് അഭ്യർഥിച്ചു.
|
ഡബ്ല്യുഎംസി അയര്‍ലൻഡ് വനിതാ ഫോറം വാര്‍ഷികവും കേരള പിറവി ആഘോഷവും ഗംഭീരമായി
ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ ഫോറം വാര്‍ഷികവും കേരള പിറവി ആഘോഷവും പ്രൗഡഗംഭീരമായി. പാമേഴ്സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്കൂള്‍ ഹാളില്‍ നടന്ന ഗ്രേസ് മരിയ ബെന്നിയുടെ ഈശ്വരപ്രാര്‍ഥനാ ഗാനത്തോടെ ആഘോഷം ആരംഭിച്ചു. ഫോറം ചെയര്‍പേഴ്സണ്‍ ജീജ വര്‍ഗീസ് ജോയി സ്വാഗതം ആശംസിച്ചു.
പ്രശസ്ത സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകയും അയര്‍ലൻഡിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്രയുടെ ഭാര്യയുമായ റീതി മിശ്ര ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും മിശ്ര വാഗ്ദാനം ചെയ്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ ഫോറം ഗ്ലോബല്‍ സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൺ ട്രഷറര്‍ ഷൈബു ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി രഞ്ജന മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ജൂഡി ബിനു നന്ദി രേഖപ്പെടുത്തി.
കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ആകര്‍ഷകമായ നിരവധി കലാപരിപാടികള്‍ അരങ്ങേറി. തിരുവാതിര, ഭരതനാട്യം, കേരള നടനം, കൈകൊട്ടിക്കളി, നാടന്‍പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള ഡാന്‍സ്, കവിത, ഗാനങ്ങള്‍, നൃത്തനൃത്യങ്ങള്‍ എന്നിവ ആഘോഷത്തിന് ചാരുതയേകി.
പത്തോളം വനിതകള്‍ അണിചേര്‍ന്ന് അവതരിപ്പിച്ച ചെമ്മീനിലെ പെണ്ണാളേ.. പെണ്ണാളേ.. എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഏറെ ഗൃഹാതുരത്വമുണര്ത്തുന്നതും കാണികളെ രസിപ്പിക്കുന്നതുമായിരുന്നു.
കാഷ്മീര്‍ മുതല്‍ തമിഴ്നാട് വരെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ ചരിത്ര, സാംസ്കാരിക പശ്ചാത്തലവും പ്രാധാന്യവും ഫിജി സാവിയോ വിവരിച്ചു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ വേഷ വിതാനങ്ങളില്‍ അണിഞ്ഞൊരുങ്ങിയ ഇരുപത്തഞ്ചോളം വനിതകള്‍ സ്റ്റേജിലും ഹാളിലുമായി അവതരിപ്പിച്ച "സാംസ്കാരിക ഫാഷന്‍ ഷോ' അരങ്ങേറി.
മഞ്ജു റിന്‍ഡോ, ഫിജി സാവിയോ,ഡെല്‍ന എബി എന്നിവരായിരുന്നു പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി ഷീന അജു, ശാലിനി വര്‍ഗീസ്, ബിനില ജിജോ, ഓമന വിന്‍സെന്റ്, ലിന്‍സി സുരേഷ്, രവിത ഷെല്ബിന്, ഏലിയാമ്മ ജോസഫ് എന്നിവരും ട്രസ്റ്റിമാരായ റൂബി സെബാസ്റ്റ്യന്‍, വിന്‍സി ബെന്നി എന്നിവരും പ്രവര്‍ത്തിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൺ വൈസ് പ്രസിഡന്റ് ബിജു വൈക്കം, പ്രൊവിന്‍സ് സെക്രട്ടറി റോയി പേരയില്‍, ട്രഷറര്‍ മാത്യു കുര്യാക്കോസ് തുടങ്ങിവരുള്‍പ്പെടെ നൂറിലധികം പേര് പങ്കെടുത്തു. വനിതാ ഫോറം യൂറോപ്പ് റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ രാജി ഡൊമിനിക് അവതാരകയായി.
ഡെയിലി ഡിലൈറ്റ്, ടൈലക്സ്, സ്പൈസ് വില്ലേജ്, റിയാല്‍ട്ടോ, ഉര്‍വി ഫാഷന്‍സ്, ഷീല പാലസ്, എക്സ്പ്രസ് ഹെല്‍ത്ത്, ഒലിവ്സ് റസ്റ്റോറന്റ്, ലെ ദിവാനോ സോഫാസ്, ആവണി എന്നിവരായിരുന്നു സ്പോണ്‍സര്‍മാര്‍. ജോസഫ് കളപ്പുരക്കല്‍ ഗിഫ്റ്റ് ഹാമ്പര്‍ സ്പോണ്സര് ചെയ്തു.
|
മാര്‍പാപ്പമാരുടെ സംസ്കാര ചടങ്ങുകൾക്കായുള്ള നവീകരിച്ച പുസ്തകം പ്രസിദ്ധീകരിച്ചു
വത്തിക്കാൻ സിറ്റി: മാര്‍പാപ്പമാരുടെ സംസ്കാര ചടങ്ങുകൾക്കായുള്ള നവീകരിച്ച പുസ്തകം ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ ആരാധനാക്രമ ചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫിസ് പ്രസിദ്ധീകരിച്ചു.
1998ൽ അന്നത്തെ മാര്‍പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമന്റെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച മാര്‍പാപ്പമാരുടെ സംസ്കാര ചടങ്ങുകൾക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പെന്ന രീതിയിലാണ് പുതിയ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
2005ൽ ജോൺ പോൾ രണ്ടാമൻ മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകൾക്ക് 1998ലെ പുസ്തകമനുസരിച്ചുള്ള ക്രമങ്ങളാണ് സ്വീകരിച്ചിരുന്നത്. ഇവയിൽ ചില മാറ്റങ്ങൾ വരുത്തിയാണ്, 2023ൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സംസ്കാരച്ചടങ്ങുകൾ നടന്നത്.
പുതുക്കിയ ക്രമമനുസരിച്ച്, മാര്‍പാപ്പയുടെ മുറിയിലല്ല, സ്വകാര്യ ചാപ്പലിൽവച്ചായിരിക്കും മരണം സ്ഥിരീകരിക്കുക. വിശ്വാസികൾക്കായി തുറന്ന പെട്ടിയിൽത്തന്നെ ഭൗതികശരീരം പ്രദർശിപ്പിക്കുക, മുൻപുണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി, സൈപ്രസിന്റെയും ഈയത്തിന്റെയും ഓക്കുമരത്തിന്റെതുമായ മൂന്ന് പെട്ടികളിൽ അടയ്ക്കുന്നത് നിറുത്തലാക്കുക തുടങ്ങിയ മാറ്റങ്ങളാണ് പുസ്തകത്തിൽ നിർദേശിച്ചിരിക്കുന്നത്.
പുതിയ ക്രമമനുസരിച്ച്, നാകപ്പെട്ടിക്കുള്ളിലുള്ള തടിപ്പെട്ടിയിലായിരിക്കും ഭൗതികശരീരം സൂക്ഷിക്കുക. മാര്‍പാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾ കൂടുതൽ ലളിതമാക്കുകയും വിശ്വാസത്തെ കൂടുതല്‍ പ്രഘോഷിക്കുന്നതിനായുമാണ് പുസ്തകം നവീകരിച്ചതെന്ന് ആരാധനാക്രമ ചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫീസിന്റെ നേതൃത്വം വഹിക്കുന്ന ആർച്ച്ബിഷപ് ദിയേഗൊ റവേല്ലി പറഞ്ഞു.
2024 ഏപ്രിൽ 29ന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയതിനെത്തുടർന്ന്, പാപ്പമാരുടെ സംസ്കാര ചടങ്ങുകൾക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കിയത്. നവംബർ നാലിന് ഇതിന്റെ പ്രഥമ കോപ്പി ഫ്രാൻസിസ് മാർപാപ്പയ്ക്കു കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.
|
കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആഗോള പ്രമേഹ നിരക്ക് ഇരട്ടിയായി
ബര്‍ലിന്‍:ലോകമെമ്പാടുമുള്ള 800 ദശലക്ഷം മുതിര്‍ന്നവര്‍ക്ക് പ്രമേഹമുണ്ടെന്ന് ഒരു പുതിയ പഠനം പറയുന്നു. ശരിയായ പരിചരണം ലഭിക്കാന്‍ പ്രയാസമുള്ള വികസ്വര രാജ്യങ്ങളിലാണ് ഏറ്റവും വലിയ ഉയര്‍ച്ചയുണ്ടായിരിക്കുന്നത്.
വ്യാഴാഴ്ച ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, ആഗോളതലത്തില്‍ പ്രമേഹമുള്ളവരുടെ ശതമാനം കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇരട്ടിയായി. അതേസമയം പുതിയ സാങ്കേതികവിദ്യകള്‍ പ്രമേഹരോഗികള്‍ക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് എളുപ്പമാക്കി.
1990ല്‍, ലോകമെമ്പാടുമുള്ള മുതിര്‍ന്നവരില്‍ ഏഴ് ശതമാനം പേര് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാന്‍ ആവശ്യമായ ഇന്‍സുലിന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കാത്ത രോഗം ബാധിച്ചു. 2022 ആകുമ്പോഴേക്കും ഇത് 14 ശതമാനം ആയി ഉയര്‍ന്നതായി പഠനം കണ്ടെത്തി.
1990ല്‍ 200 ദശലക്ഷം പ്രമേഹരോഗികളായിരുന്നു, ഇന്നത്തെ 800 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍. ഈ സംഖ്യകളില്‍ സാധാരണയായി കുട്ടിക്കാലത്ത് ആരംഭിക്കുന്ന ടൈപ്പ്1 പ്രമേഹവും, പ്രായപൂര്‍ത്തിയായപ്പോള്‍ സംഭവിക്കുന്ന, അമിതവണ്ണവും മോശം ഭക്ഷണക്രമവും മൂലം ഉണ്ടാകുന്ന ടൈപ്പ്2 എന്നിവ ഉള്‍പ്പെടുന്നു.
വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള വിടവ് വര്‍ധനയാണ് ചികിത്സയിലെ അപകടസാധ്യത. ജപ്പാന്, കാനഡ, ഫ്രാന്‍സ്, ഡെന്മാര്ക്ക് തുടങ്ങിയ ചില രാജ്യങ്ങളില്‍ പ്രമേഹം കുറഞ്ഞിട്ടുണ്ടെങ്കിലും വികസ്വര രാജ്യങ്ങളില്‍ അത് ക്രമാനുഗതമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് കാണിച്ചു.പ്രമേഹത്തിന്റെയും ചികിത്സയില്ലാത്ത പ്രമേഹത്തിന്റെയും, താഴ്ന്ന വരുമാനക്കാരും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളും കൂടുതലായി വഹിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക്കിസ്ഥാനില്‍ 1990~ല്‍ പത്തിലൊന്ന് സ്ത്രീകള്‍ക്ക് പ്രമേഹമുണ്ടെന്ന് പഠനം കണ്ടെത്തി. ഇന്നത് ഏകദേശം മൂന്നിലൊന്നാണ്. ചികിത്സയ്ക്കുള്ള വിടവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രമേഹമുള്ള മുതിര്‍ന്നവരില്‍ അഞ്ചില്‍ മൂന്ന് പേര്, ഏകദേശം 445 ദശലക്ഷം ആളുകള്‍, 2022ല്‍ ഈ രോഗത്തിന് ചികിത്സ ലഭിച്ചിരുന്നില്ല. ഈ ഗ്രൂപ്പിന്റെ മൂന്നിലൊന്ന് ഇന്ത്യയില്‍ നിന്നാണ്. സബ്~സഹാറന്‍ ആഫ്രിക്കയില്‍, പ്രമേഹമുള്ള മുതിര്‍ന്നവരില്‍ 5 മുതല്‍ 10 ശതമാനം വരെ മാത്രമേ ചികിത്സ ലഭിച്ചിട്ടുള്ളൂ.
ചികിത്സിക്കാത്ത പ്രമേഹത്തില്‍ നിന്നുള്ള സങ്കീര്‍ണതകളില്‍ അഛേദം, ഹൃദ്രോഗം, വൃക്ക തകരാറ് അല്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടല്‍, അല്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍, അകാല മരണം എന്നിവ ഉള്‍പ്പെടുന്നു.
|
രണ്ടു വര്‍ഷത്തിനുശേഷം പുടിനുമായി ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സ് ഫോണില്‍ സംസാരിച്ചു
ബര്‍ലിന്‍: രണ്ടു വര്‍ഷത്തിന് ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ജര്‍മന്‍ ചാന്‍സലര്‍ ഫോണില്‍ സംസാരിച്ചു. ഒരുമണിക്കൂര്‍ നീണ്ടുനിന്ന ടെലഫോണ്‍ സംഭാഷണത്തില്‍ യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണ യുദ്ധത്തെ അപലപിക്കുകയും അത് അവസാനിപ്പിച്ച് സൈന്യത്തെ പിന്‍വലിക്കാന്‍ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെടുകയും ചെയ്തു.
നീതിയായതും ശാശ്വതവുമായ സമാധാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ യുക്രെയ്നുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത കാണിക്കാന്‍ റഷ്യയോട് ജര്‍മൻ ചാന്‍സലര്‍ അഭ്യര്‍ത്ഥിച്ചതായിട്ടാണ് വക്താവ് അറിയിച്ചത്.
ഷോള്‍സും പുടിനും തമ്മിലുള്ള കോള്‍ ക്രെംലിന് സ്ഥിരീകരിച്ചു, ഇത് ജര്‍മ്മന്‍ ഭാഗത്തിന്റെ ക്ഷണപ്രകാരമാണ് നടന്നതെന്നും പറഞ്ഞു. അതേസമയം, പുടിന്റെ കൈയിലെ പാവയാണ് ഷോള്‍സെന്ന് യുക്രെയ്നിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്കി ആരോപിച്ചു.
അടുത്ത വര്‍ഷം ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റാല്‍ തീരുന്നതിനേക്കാള്‍ വേഗത്തില്‍ തന്റെ രാജ്യത്തിനെതിരായ റഷ്യയുടെ യുദ്ധം അവസാനിക്കുമെന്ന് സെലെന്‍സ്കി പറഞ്ഞു.
ഇപ്പോള്‍ വൈറ്റ് ഹൗസിനെ നയിക്കുന്ന ടീമിന്റെ നയങ്ങളുമായി യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ഉറപ്പാണ്. ഇതാണ് അവരുടെ സമീപനം, അവരുടെ പൗരന്മാരോടുള്ള വാഗ്ദാനമാണ്, യുക്രേനിയന്‍ മാധ്യമമായ സസ്പില്നുമായുള്ള അഭിമുഖത്തില്‍ സെലെന്‍സ്കി പറഞ്ഞു.
എന്നാല്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൂര്‍ വ്യവസ്ഥയായി നാല് പ്രദേശങ്ങള്‍ കീഴടങ്ങണമെന്ന് റഷ്യ ഉൈ്രകനിനോട് ആവശ്യപ്പെട്ടിരുന്നത് സെലന്‍സ്കി നിരസിച്ചു. യുക്രെയ്നിനൊപ്പം, ഫ്രാന്‍സ്, യുണൈറ്റഡ് സ്റേററ്റ്സ്, ബ്രിട്ടന് എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളെയും ഷോള്‍സ് വിവരം അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും സംസാരിച്ചു.
|
ആന്‍ഡേഴ്സ് ബ്രെവിക്ക് ജയിലില്‍ മോചിതനാവാന്‍ അപേക്ഷ നല്കി
ഒസ്ലോ: നോര്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം നടത്തിയ കൂട്ടക്കൊലയാളി ആന്‍ഡേഴ്സ് ബ്രെവിക്ക് എത്രയും വേഗം ജയിലില്‍ മോചിതനാവാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.
ഓസ്ളോയിലും ഉട്ടോയ ദ്വീപിലും കുറ്റകൃത്യം നടന്ന് 13 വര്‍ഷത്തിനുശേഷം, കൂട്ടക്കൊലയാളി ആന്‍ഡേഴ്സ് ബ്രെവിക് വീണ്ടും ജയിലില്‍ നിന്ന് നേരത്തെ മോചിതനാകാന്‍ അപേക്ഷിച്ചിരിയ്ക്കയാണ്.
2011 ജൂലൈ 22ന് വലതുപക്ഷ തീവ്രവാദിയായ ആന്‍ഡേഴ്സ് ബെഹ്റിംഗ് ബ്രെവിക് 77 പേരെ തോക്കിനിരയാക്കിയ കൂട്ടക്കൊലയില്‍ ബ്രെവിക്കിന് ഇതുസംബന്ധിച്ച് യാതൊരുവിധ ഖേദവുമില്ലന്നും പറഞ്ഞു.
കൂട്ടക്കൊലയ്ക്ക് മുമ്പ് ബ്രെവിക് ഒരു കാര്‍ ബോംബ് സ്ഫോടനം നടത്തിയിരുന്നു. ആദ്യം, നിയോ~നാസിയായ ഇയാള്‍ 950 കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് ഓസ്ളോയില്‍ ബോംബ് സ്ഫോടനം നടത്തിയത്. എട്ടുപേരെ വെടിവെച്ചു കൊന്നു.
തുടര്‍ന്ന്, പോലീസ് യൂണിഫോം ധരിച്ച്, കനത്ത ആയുധധാരിയായി, സോഷ്യല്‍ ഡെമോക്രാറ്റിക് യൂത്ത് ഓര്ഗനൈസേഷന് നടത്തുന്ന ഒരു അവധിക്കാല ക്യാമ്പ് നടക്കുന്ന ഉട്ടോയ ദ്വീപിലേക്ക് അദ്ദേഹം കാറോടിച്ചുപോയി.
പോലീസ് യൂണിഫോമിലെത്തിയ ബ്രെവിക് 67 പേരെയാണ് ഭീകരര്‍ വെടിവച്ചത്. 14നും 51നും ഇടയില്‍ പ്രായമുള്ള 67 പേരെയാണ് ബ്രെവിക് വെടിവെച്ചത്. കൊലയാളിയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ മറ്റൊരാള്‍ മുങ്ങിമരിച്ചു, മറ്റൊരാള്‍ പാറക്കെട്ടില്‍ നിന്ന് വീണു മരിച്ചു.
കൊല്ലപ്പെട്ടവരില്‍ 32 പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. 75 മിനിറ്റിനുശേഷമാണ് വലതുപക്ഷ ഭീകരനെ പോലീസ് പിടികൂടിയത്. കുറ്റകൃത്യത്തിന് മുമ്പ്, ബ്രെവിക് ആയുധങ്ങളുമായി പോസ് ചെയ്യുകയും വംശീയ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുകയും ചെയ്തത് ലോകമനസാക്ഷിയെപ്പോലും ഞടുക്കിയിരുന്നു.
2012ല്‍, ഒസ്ലോ ഡിസ്ട്രിക്റ്റ് കോടതി ബ്രെവിക്കിന് നോര്‍വേയില്‍ സാധ്യമായ പരമാവധി ശിക്ഷ വിധിച്ചു. 21 വര്‍ഷം തടവും തുടര്‍ന്ന് പ്രതിരോധ തടങ്കലും വിധിച്ചു. പത്ത് വര്‍ഷത്തിന് ശേഷം ജയിലില്‍ നിന്ന് നേരത്തെ മോചിപ്പിക്കാനുള്ള സാധ്യത നോര്‍വേയിലെ നിയമം നല്കുന്നതിനാല്, ബ്രെവിക് 2022ല്‍ തന്നെ അനുബന്ധ അപേക്ഷ സമര്‍പ്പിച്ചു.
അക്രമം ഉപേക്ഷിച്ചതായി അദ്ദേഹം അവകാശപ്പെട്ടു, എന്നാല്‍ ഹിറ്റ്ലര്‍ക്ക് സല്യൂട്ട് നല്‍കുകയും ദേശീയ സോഷ്യലിസത്തെ പിന്തുണയ്ക്കുകയും ചെയ്തതോടെ അപേക്ഷ പരാജയപ്പെട്ടു.
ഇപ്പോള്‍ പുതിയ ശ്രമത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഓസ്ളോയുടെ പടിഞ്ഞാറ് റിംഗറിക്ക്, അസ്കര്‍, ബേറം ജില്ലാ കോടതിയില്‍ വിചാരണ ആരംഭിച്ചു. നടപടിക്രമങ്ങള്‍ക്കായി മൂന്ന് ദിവസം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്, വ്യാഴാഴ്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വലതുപക്ഷ തീവ്രവാദി ഇത്തവണ തന്റെ അഭ്യര്‍ഥനയെ ന്യായീകരിക്കാന്‍ എന്താണ് ഉപയോഗിച്ചതെന്ന് ഇതുവരെ അറിവായിട്ടില്ല.
|
യുകെ ക്നാനായ വുമൺസ് ഫോറം വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
റെഡിച്ച്: യുകെ ക്നാനായ വുമൺസ് ഫോറം റെഡിച്ച് ട്രിനിറ്റി ഹൈസ്കൂളിൽ വനിതാ ദിനാഘോഷവും ക്നാനായ മങ്ക മത്സരവും സംഘടിപ്പിച്ചു. കേംബ്രിജ് നഗരത്തിന്റെ ആദ്യ മലയാളി മേയറായ ബൈജു തിട്ടാലയുടെ ചടങ്ങിൽ സംബന്ധിച്ചു.
ഫാ.സുനി പടിഞ്ഞാറേക്കര, ഫാ.മാത്യുസ് വലിയപുത്തൻപുര, ഫാ. ഷൻജു കൊച്ചുപറമ്പിൽ, ഫാ.അജൂബ് തോട്ടനാനിയിൽ എന്നിവർ ചേർന്നർപ്പിച്ച വിശുദ്ധ കുർബാനയോടെ ആരംഭിച്ച ചടങ്ങിൽ വുമൺസ് ഫോറം പ്രസിഡന്റ് സെലീന സജീവ് അധ്യക്ഷത വഹിച്ചു.
വിശിഷ്ടാതിഥി അഡ്വ. ബൈജു തിട്ടാല, യുകെകെസിഎ പ്രസിഡന്റ് സിബി കണ്ടത്തിൽ, ഫാ.സുനി പടിഞ്ഞാറേക്കര, വുമൺസ് ഫോറം സെക്രട്ടറി പ്രീതി ജോമോൻ, മറ്റ് ഭാരവാഹികളായ ലയ്ബി ജയ്, ഉണ്ണി ജോമോൻ, ജയ്സി ജോസ്, യുകെകെസിവൈഎൽ പ്രസിഡന്റ് ജിയാ ജിജോ, സെലിബ്രിറ്റി ഗസ്റ്റ് മോഡലും നടിയും ലണ്ടൻ മലയാളം റേഡിയോ ജോക്കിയുമായ സിമി ജോസ്, ലൈഫ് ലൈൻ പ്രോട്ടക്ട് പ്രതിനിധി കിഷോർ ബേബി, ബർമിങ്ങാം യൂണിറ്റ് പ്രസിഡന്റ് ജോയി കൊച്ചു പുരക്കൽ, മേരി ചാണ്ടി കൊച്ചുപുരക്കൽ എന്നിവർ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു
യുകെകെസിഎ ട്രഷറർ റോബി മേക്കര,വൈസ് പ്രസിഡന്റ് ഫിലിപ്പ് പനത്താനത്ത്, ജോയന്റ് ട്രഷറർ റോബിൻസ് പഴുക്കായിൽ, യുകെകെസിവൈഎൽ സെക്രട്ടറി ജൂഡ് ലാലു എന്നിവർ പങ്കെടുത്തു. ഉണ്ണി ജോമോൻ എല്ലാവർക്കും നന്ദി പറഞ്ഞു.
ക്നാനായ മങ്ക മത്സരം ചടങ്ങിന് മറ്റൊരു ആകർഷണമായിരുന്നു. ലിവർപൂൾ യൂണിറ്റ് അംഗം എബിൻ ഫിലിപ്പ് വെള്ളക്കടയുടെ ഭാര്യ സ്വപ്ന സജി ഒന്നാം സ്ഥാനവും ബാസിൽഡൺ ആൻഡ് സൗത്തെൻഡ് യൂണിറ്റ് നിന്നുള്ള ജോബിൻ ഉതുപ്പ് പാനലിക്കലിന്റെ ഭാര്യ നാൻസി ജിമ്മി രണ്ടാം സ്ഥാനവും എഡിൻബർഗ യൂണിറ്റ് നിന്നുള്ള അനു റെജി നേരുവീട്ടിലിന്റെ ഭാര്യ സ്നേഹ സജി മൂന്നാം സ്ഥാനവും നേടി.
ക്നാനായ മങ്ക മത്സര വിജയികളെ സെലീന സജീവ്, പ്രീതി ജോമോൻ ആൻഡ് ലൈബി ജയ് കിരീടമണിയിച്ചു. ക്നാനായ മങ്ക ക്യാഷ് പ്രൈസുകൾ ട്രോഫികൾ തുടങ്ങി മറ്റു സമ്മാനങ്ങൾ സിബി കണ്ടത്തിൽ, ഷെറി ബേബി, പ്രീതി ജോമോൻ, റോബിൻസ് പഴുക്കായിൽ എന്നിവർ സമ്മാനിച്ചു.
സ്വപ്ന സാം ഈസ്റ്റ് ലണ്ടൻ, സ്മിതാ തോട്ടം ബർമിങ്ങാം, ദിവ്യ ജോബി ലിവർപൂൾ എന്നിവരുടെ വേറിട്ട അവതരണ ശൈലിയും, ബർമിങ്ങാം യൂണിറ്റംഗം ലിറ്റി ജിജോയുടെ ക്നാനായ മങ്ക ഗ്രൂമിംഗ്, കലാഭവൻ നൈസ്സിന്റെ വെൽക്കം ഡാൻസും മികച്ചതായിരുന്നു.
ക്നാനായമങ്കയോടെപ്പം
1. Swapna Saji Title Winner, 2. Nancy Jimmy First Runner Up, 3. Sneha Saji Second Runner Up.
Sub title winner list
4. Mrs. Natural beauty Swapna Saji (Liverpool Unit), 5. Mrs.Best personality Nancy Jimmy(Basildon & Southend Unit), 6. Mrs. Most photogenic Anju M Tom(Manchester Unit), 7. Mrs. Beautiful Eyes Sneha Saji( Edinbourgh Unit), 8. Mrs. Beautiful hair Saloney Simon(Birminham Unit), 9. Mrs.Elegence Neena Mathew (Vigan Unit),10. Mrs.Most Stunning Mini Benny( Glucestor Unit).
|
വിയന്നയില്‍ മലയാളി വൈദിക ചിത്രപ്രദര്‍ശനം സമാപിച്ചു
വിയന്ന: ‘സ്ഥൂലം സൂക്ഷ്മം കാരണം’ എന്ന പേര് നല്കിയ ഫാ. ഷൈജു മാത്യുവിന്റെ ചിത്ര പ്രദർശനം സമാപിച്ചു. ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ ഇടവകയുടെ ഡയറക്ടര്‍ കൂടിയായ ഫാ. ഷൈജു മാത്യു മേപ്പുറത്ത് ഒഐസി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനം വിയന്ന അതിരുപതാ സഹായമെത്രന്‍ ഡോ. ഫ്രാന്‍സ് ഷാര്ലാണ് നിര്‍വഹിച്ചത്.
ഓസ്ട്രിയൻ സമൂഹത്തിൽ നിന്നുള്ള നിരവധി പേർ പ്രദർശനം കാണാൻ എത്തിയിരുന്നു. ചടങ്ങില്‍ ഡോ.ഗ്രേഗോര്‍ ജാന്സണ്, ചിത്രകാരന് ജോണ്സന് പള്ളിക്കുന്നേല്‍, റമ്പാന് ജോഷി വെട്ടികാട്ടില്‍, സി.ഡോറിസ് എസ്ആര്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തില്‍ സി. നോയേല്‍ മംഗലത്ത് എസ്ആര്‍എ ഭരതനാട്യം അവതരിപ്പിച്ചു. വിയന്നയില്‍ ആദ്യമായാണ് ഒരു മലയാളി വൈദികന്റെ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ആക്രിലിക്, അക്വറല് നിറങ്ങള്‍ ഉപയോഗിച്ച് വരച്ചിരിക്കുന്ന ചിത്രങ്ങളാണ് കൂടുതലും. ലബനനിലെ കവിയായ ഖലിൽ ജിബ്രന്റെ കവിതയെ ആസ്പദമാക്കി വരച്ച "മഹാ സമുദ്രംഎവിടെ ഞാൻ ഒളിക്കും', ഉംസുഗ്, നിറവ്, നസ്രത്തിലെ കുടുംബം, കാവാലയം, ഫ്ലൂയിട്, സാർട്ട്, എന്നീ ചിത്രങ്ങൾ ശ്രദ്ധനേടി.
വിയന്നയുടെ മനോഹരമായ ഭൂപ്രകൃതി, നഗരദൃശ്യങ്ങൾ അടങ്ങിയ ജലച്ചായ ചിത്രങ്ങൾ പ്രദർശനത്തെ വൈവിധ്യമാക്കി. സന്ദർശകർക്കും പ്രോത്സാഹനം നൽകിയവർക്കും ഫാ. ഷൈജു മാത്യു നന്ദി അറിയിച്ചു.
|
ലോക കേരള സഭാംഗം ഗിരികൃഷ്ണന്റെ പിതാവ് എം.ഗോപാലകൃഷ്ണന് അന്തരിച്ചു
തിരുവനന്തപുരം: ജര്‍മനിയിലെ ലോക കേരള സഭാംഗം ഗിരികൃഷ്ണന്റെ (മ്യൂണിക്) പിതാവ് അരുവിക്കര രോഹിണി വാര്യം വിളാകത്തില്‍ എം.ഗോപാലകൃഷ്ണന് (74) അന്തരിച്ചു. സംസ്കാരം നടത്തി,
കെഎസ്ഇബി മുൻ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. ദീര്‍ഘകാലം സിപിഐയുടെ അരുവിക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും അരുവിക്കര ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: രാധമ്മ .ജി, മറ്റുമക്കള്‍: രാജീവ് കൃഷ്ണന്, ലക്ഷ്മി. മരുമക്കള്‍: കീര്‍ത്തി കൃഷ്ണ(മ്യൂണിക്), സിജ ബി .ജി, സുജിത് കുമാര്‍.
|
കാർലോ അക്കുത്തിസ് വിശുദ്ധപദവിയിലേക്ക്
വത്തിക്കാൻ സിറ്റി: കംപ്യൂട്ടർ വൈദഗ്ധ്യം വിശ്വാസപ്രഘോഷണത്തിന് ഉപയോഗിച്ച ഇറ്റാലിയൻ ബാലൻ കാർലോ അക്കുത്തിസിനെ (15) വിശുദ്ധനായി പ്രഖ്യാപിക്കാൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചു.
അടുത്തവർഷം ഏപ്രിൽ 25നും 27നും ഇടയിലായിരിക്കും നാമകരണച്ചടങ്ങുകളെന്ന് ഫ്രാൻസിസ് മാർപാപ്പ ബുധനാഴ്ച പ്രതിവാര പൊതുദർശന പരിപാടിക്കിടെ അറിയിച്ചു.
പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ 24ാം വയസിൽ പോളിയോ ബാധിച്ചു മരിച്ച ഇറ്റാലിയൻ യുവാവ് പിയർജോർജോ ഫ്രസാത്തിയെ (19011925) ജൂലൈ 28നും ഓഗസ്റ്റിനു മൂന്നിനും ഇടയിൽ വിശുദ്ധനായി നാമകരണം ചെയ്യും.
മില്ലേനിയൽ തലമുറയിൽനിന്നു വിശുദ്ധപദവിയിലേക്ക് ഉയരുന്ന ആദ്യയാളാണ് കാർലോ അക്കുത്തിസ്. 1991 മേയ് മൂന്നിന് സന്പന്ന ഇറ്റാലിയൻ ദന്പതികളുടെ മകനായി ലണ്ടനിൽ ജനിച്ച കാർലോ 2006 ഒക്ടോബർ 12ന് ഇറ്റലിയിലെ മോൻസയിൽ രക്താർബുദം ബാധിച്ചു മരിക്കുകയായിരുന്നു.
കംപ്യൂട്ടർ പ്രോഗ്രാമിംഗും വീഡിയോ ഗെയിമിംഗും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാലൻ ദിവ്യകാരുണ്യത്തെ സ്വർഗത്തിലേക്കുള്ള പാതയായി കരുതി.
പതിനാലാം വയസിൽ ദിവ്യകാരുണ്യ അദ്ഭുതങ്ങളും പരിശുദ്ധ കന്യാമാതാവിന്റെ പ്രത്യക്ഷപ്പെടലുകളും ഉൾക്കൊള്ളുന്ന വെബ്സൈറ്റ് തയാറാക്കി. 2020ൽ ഫ്രാൻസിസ് മാർപാപ്പ കാർലോയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയിരുന്നു.
|
ഫെബ്രുവരി മൂന്നിന് ബാലാവകാശ സമ്മേളനം വിളിക്കുമെന്ന് മാർപാപ്പ
വത്തിക്കാന്‍: 2025 ഫെബ്രുവരി മൂന്നിന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള ലോക സമ്മേളനം വിളിച്ചുചേർക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. ബുധനാഴ്ച നടന്ന പൊതുസന്പർക്ക പരിപാടിക്കിടെയായിരുന്നു മാർപാപ്പയുടെ പ്രഖ്യാപനം.
"സ്നേഹിക്കുക, സംരക്ഷിക്കുക’എന്നതായിരിക്കും സമ്മേളനത്തിന്റെ വിഷയം. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതു സംബന്ധിച്ച് സമ്മേളനം ചർച്ച ചെയ്യുമെന്ന് മാർപാപ്പ പറഞ്ഞു.
കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള അന്ത്രാഷ്ട്ര ദിനമായിരുന്നു ബുധനാഴ്ച. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നവംബർ 20 അന്താരാഷ്ട്രദിനമായി ആചരിക്കുന്നത്.
സെന്റ് എജീഡിയോയിൽനിന്നുള്ള 100 കുട്ടികളുമായി മാർപാപ്പ വത്തിക്കാൻ ചത്വരത്തിൽ നടന്ന പൊതുസന്പർക്ക പരിപാടിക്കിടയിൽ കൂടിക്കാഴ്ച നടത്തി. ബാലാവകാശ ലോകസമ്മളനം വിളിച്ചുചേർക്കുമെന്ന പ്രഖ്യാപനം മാർപാപ്പ നടത്തിയയുടന്‍ കുട്ടികൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു.
യുക്രെയ്ന് വിദ്യാർഥിയുടെ കത്തു വായിച്ച് മാർപാപ്പ
വത്തിക്കാൻ: റഷ്യയുക്രെയ്ന്‍ യുദ്ധം ആയിരം ദിവസം പിന്നിട്ടതിനെ അനുസ്മരിച്ച് യുക്രെയ്നിൽനിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർഥിയുടെ കത്തു വായിച്ച് ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച നടന്ന പൊതുസന്പർക്ക പരിപാടിയുടെ അവസാനമാണ് മാർപാപ്പ കത്തു വായിച്ചത്.
"സഹനത്തിന്റെ ആയിരം ദിനങ്ങളെക്കുറിച്ച് പറയുന്പോൾ ഞങ്ങളുടെ സ്നേഹത്തിന്റെ ആയിരം ദിനങ്ങളെക്കുറിച്ചുകൂടി' അങ്ങു പറയുമോ എന്ന് വിദ്യാർഥി കത്തിലൂടെ മാർപാപ്പയോട് ആവശ്യപ്പെട്ടു.
യുദ്ധം തുടങ്ങിയതിന്റെ ആയിരം ദിനത്തിന് രണ്ടു ദിവസം മുന്‍പ് യുക്രെയ്നിൽനിന്ന് ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിയുടെ കത്ത് ലഭിച്ചുവെന്നു പറഞ്ഞാണ് മാർപാപ്പ വായിച്ചത്.
യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ഭാര്യ ഒലിന സെലന്‍സ്കിയും പൊതുസന്പർക്ക പരിപാടിയിൽ പങ്കെടുത്തു.""മാനവികയ്ക്കെതിരേയുള്ള നാണംകെട്ട ദുരന്തം'' എന്നാണ് മാർപാപ്പ യുക്രെയ്ന് യുദ്ധത്തെ വിശേഷിപ്പിച്ചത്.
|
യുവത്വവും വനിതാ പ്രാതിനിധ്യവും ഉറപ്പാക്കി സമീക്ഷ ഏരിയ കമ്മിറ്റികൾ; ദേശീയ സമ്മേളനം 30ന്
ബിർമിംഗ്ഹാം: സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായ ഏരിയ സമ്മേളനങ്ങൾ
പൂർത്തിയായി. വെയിൽസ്, ബിർമിംഗ്ഹാം ഏരിയ സമ്മേളനങ്ങളാണ് ഏറ്റവും ഒടുവിൽ സമാപിച്ചത്.
ഈ മാസം പത്തിന് മാഞ്ചസ്റ്ററിലായിരുന്നു ആദ്യ ഏരിയ സമ്മേളനം. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങൾ സമ്മേളനങ്ങൾ വിലയിരുത്തി. യൂണിറ്റ് സമ്മേളനങ്ങളിൽ നിന്നും ലഭിച്ച ക്രിയാത്മക നിർദേശങ്ങൾ ചർച്ച ചെയ്തു.
പുതിയ കാലത്തിനൊത്ത് ഭാവി പരിപാടികൾ രൂപപ്പെടുത്തി. പങ്കാളിത്തത്തിൽ മുൻ സമ്മേളനങ്ങളെ കവച്ചുവയ്ക്കുന്നതായിരുന്നു ഇത്തവണത്തേത്. ഓരോ ഏരിയ കമ്മിറ്റികൾക്കും പുതിയ നേതൃത്വം നിലവിൽ വന്നു.
അനുഭവ സമ്പത്തും യുവത്വവും ചേർന്ന കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യവും ഉറപ്പാക്കി. പ്രവർത്തന സൗകര്യത്തിനായി നോർത്തേൺ അയർലൻഡിൽ പുതിയ ഏരിയ കമ്മറ്റി രൂപീകരിച്ചു. ഇതോടെ നാഷണൽ കമ്മിറ്റിക്ക് കീഴിലുള്ള ഏരിയ കമ്മിറ്റികളുടെ എണ്ണം അഞ്ചായി.
മാഞ്ചസ്റ്റർ ഏരിയ സെക്രട്ടറിയായി ഷിബിൻ കാച്ചപ്പള്ളിയേയും ജോയിന്റ് സെക്രട്ടറിയായി സ്വരൂപ് കൃഷ്ണനെയും തെരഞ്ഞെടുത്തു. ആതിര രാമകൃഷ്ണനാണ് നോർത്തേൺ അയർലൻഡ് ഏരിയ സെക്രട്ടറി. രഞ്ജു രാജുവാണ് ജോയിന്റ് സെക്രട്ടറി.
ലണ്ടൻ ഏരിയ സെക്രട്ടറിയായി അൽമിഹറാജും ജോയിന്റ് സെക്രട്ടറിയായി അജീഷ് ഗണപതിയാടനും ലണ്ടൻ ഏരിയ കമ്മിറ്റിയെ നയിക്കും. വെയിൽസ് കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി അഖിൽ ശശിയും ജോയിന്റ് സെക്രട്ടറിയായി ഐശ്വര്യ നിഖിലും ചുമതലയേറ്റു.
മണികണ്ഠൻ കുമാരനും ഏരിയ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിയായി ബിപിൻ ഫിലിപ്പുമാണ് ന കമ്മിറ്റിയുടെ പുതിയ നേതൃത്വം. ഈ മാസം 30ന് ബിർമിംഗ്ഹാമിലെ ഹോളി നെയിം പാരിഷ് സെന്റർ ഹാളിലാണ് ഏഴാമത് സമീക്ഷ യുകെ ദേശീയ സമ്മേളനം.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമീക്ഷയുടെ 33 യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ എംബി രാജേഷ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
|
ലണ്ടൻ റീജിയണൽ ബൈബിൾ കൺവൻഷൻ ഡിസംബർ 21ന്
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ലണ്ടൻ റീജിയണൽ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഡിസംബർ 21ന് ബൈബിൾ കൺവൻഷൻ സംഘടിപ്പിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകുന്നതും എപ്പാർക്കി പാസ്റ്ററൽ കോഓർഡിനേറ്റർ റവ.ഡോ. ടോം ഓലിക്കരോട്ട് ബൈബിൾ കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രന്റ് കമ്മീഷൻ ഡയറക്ടറും ലണ്ടൻ റീജിയണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് തിരുവചന സന്ദേശം പങ്കുവയ്ക്കുകയും സഹകാർമികത്വം വഹിക്കുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും കൗൺസിലറും പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച് വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും സ്പിരിച്ച്വൽ ഷെയറിംഗിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.
ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്ക് മുന്നൊരുക്കമായി നടത്തപ്പെടുന്ന അനുഗ്രഹദായകമായ തിരുക്കർമങ്ങളിലും തിരുവചന ശുശ്രുഷയിലും ആരാധനയിലും പങ്കുചേർന്ന് ദൈവീക കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും ക്ഷണിക്കുന്നതായി ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ രൂപതാ കോഓർഡിനേറ്റർ മനോജ് തയ്യിൽ, ലണ്ടൻ റീജിയണൽ കോഓർഡിനേറ്റർ മാത്തച്ചൻ വിളങ്ങാടൻ എന്നിവർ അറിയിച്ചു.
ബൈബിൾ കൺവൻഷനിൽ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിംഗിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് തയ്യിൽ 07848 808550, മാത്തച്ചൻ വിളങ്ങാടൻ 07915 602258.
December 21st Saturday 9:00 16:00 PM. Venue: SIR WALTER RAYLEIGH DRIVE, RAYLEIGH, SS6 9BZ.
|
രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ പൊതുസമ്മേളനം റോമിൽ നടന്നു
റോം: രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ അഞ്ചാമത് പൊതുസമ്മേളനം ജാനറ്റ് നഗർ വിയ ഔറേലിയയിൽ വച്ചു നടത്തി. ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവായ എഡ്ഗർ ഗലിയാനോ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പൊതുസമ്മേളനത്തിൽ ചെയർമാൻ സാബു സക്കറിയ അധ്യക്ഷനായിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി സി.ഐ. നിയാസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയർമാൻ പതാക ഉയർത്തി കഴിഞ്ഞ് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു.
പ്രതിനിധി സമ്മേളനം സീനിയർ നേതാവും കോഓർഡിനേറ്ററുമായ കലേഷ് കുമുള്ളി ഉദ്ഘാടനം ചെയ്തു. തുടർന്ന് കഴിഞ്ഞവർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറിയും സാമ്പത്തിക റിപ്പോർട്ട് ഖജാൻജിയും അവതരിപ്പിച്ചു.
തുടർന്ന് വൈസ് ചെയർമാൻ സന്തോഷ് കൂമുള്ളി രക്തസാക്ഷി പ്രമേയവും സെക്രട്ടറി ബിന്ദു വയനാട് അനുശോചനപ്രമേയവും അവതരിച്ചു. പുതിയ വർഷത്തിലേക്കുള്ള ഭാരവാഹികളെ പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു.
25 അംഗ സെന്റർ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായി ബിന്ദു വയനാടിനെയും ചെയർമാനായി ടി.പി. സുരേഷിനെയും ഖജാൻജിയായി ശരത് ഇരിഞ്ഞാലക്കുടയും തെരഞ്ഞെടുത്തു. യുദ്ധങ്ങൾക്കെതിരേയും വർഗീയതയ്ക്കെതിരേയും പ്രവാസികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയും പ്രമേയങ്ങൾ അവതരിപ്പിച്ചു.
സംഘാടകസമിതി ചെയർമാൻ നൈനാൻ ചെറിയാൻ സ്വാഗതം പറയുകയും കൺവീനർ ജീമോൻ അമ്പഴക്കാട് നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ എംവെെഎഫ്ഐ സെക്രട്ടറി സുനിൽ വയനാട്, വോയിസ് ഓഫ് വുമൺ പ്രസിഡന്റ് അനിത ബോണി, നാടൻ പാട്ട് സംഘത്തിന്റെ കോഓർഡിനേറ്റർ സന്തോഷ് കുമ്മുള്ളി കോഓർഡിനേറ്റർ ജോസ് പൂന്തുറ എന്നിവർ ആശംസകൾ അർപ്പിച്ചു.
|
മൂന്നാം ലോകമഹായുദ്ധം അടുത്തെത്തി! മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ
ലണ്ടൻ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യതയും ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ.
സ്വീഡൻ, നോർവെ, ഡെൻമാർക്ക്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ജനങ്ങൾക്കു മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ആഗോളതലത്തിൽ യുദ്ധഭീഷണി നിലനിൽക്കവേ രാജ്യത്തെ ജനങ്ങളോട് സുരക്ഷിതമായ ഇടം കണ്ടെത്തണമെന്നു ലഘുലേഖകളിലൂടെ സ്വീഡൻ അറിയിച്ചു.
യുദ്ധം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി ഒരാഴ്ചത്തേക്ക് ആവശ്യമായ സാധനങ്ങൾ കരുതണമെന്നാണ് നോർവെ അറിയിച്ചിരിക്കുന്നത്. ഡെൻമാർക്ക് ഇതിനോടകംതന്നെ പൗരന്മാർക്ക് റേഷൻ, വെള്ളം, മരുന്നുകൾ എന്നിവ സംഭരിക്കാൻ ഇമെയിലുകൾ അയച്ചിട്ടുണ്ട്.
പ്രതിസന്ധികളെ നേരിടാൻ തയാറെടുക്കണമെന്നാണു ഫിൻലൻഡിന്റെ മുന്നറിയിപ്പ്. പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധത്തിന് തയാറാകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
|
‘സർവേശ’ അന്തർദേശീയ ആത്മീയ സംഗീത ആൽബം മാർപാപ്പ പ്രകാശനം ചെയ്തു
വത്തിക്കാന്‍ സിറ്റി: തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറിൽ പാടും പാതിരി റവ. ഡോ. പോൾ പൂവത്തിങ്കലും മൂന്നു തവണ ഗ്രാമി അവാർഡിൽ പങ്കാളിയായ വയലിൻ വാദകൻ മനോജ് ജോർജും ചേർന്ന് സംഗീതം നൽകി കെ.ജെ. യേശുദാസും ഫാ. പോളും 100 വൈദികരും 100 കന്യാസ്ത്രീകളും ചേർന്ന് ആലപിച്ച ആത്മീയ സംഗീത ആല്‍ബം ‘സര്‍വേശ’ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു.
വത്തിക്കാനിലെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംഗീത സംവിധായകരായ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്നു സമര്‍പ്പിച്ച ഫലകത്തില്‍ ഒപ്പുവച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശന കര്‍മം നിര്‍വഹിച്ചത്. ആദ്യമായാണ് ഇന്ത്യന്‍ സംഗീത ആല്‍ബം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്യുന്നത്.
മണ്മറഞ്ഞ സംസ്കൃത പണ്ഡിതന് പ്രഫ. പി.സി. ദേവസ്യ രചിച്ച ക്രിസ്തു ഭാഗവതം എന്ന ഗ്രന്ഥത്തിലെ ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന സംസ്കൃത ഗീതമാണ് ആല്‍ബമാക്കിയത്.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്രിസ്മസ് കരോൾ ഗാന മത്സരം "കൻദിഷ്' ഡിസംബർ ഏഴിന് ലെസ്റ്ററിൽ
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കമ്മീഷൻ ഫോർ ചർച്ച് ക്വയറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്മസ് കരോൾ ഗാന മത്സരം "കൻദിഷ്' ഡിസംബർ ഏഴിന് ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയ പാരിഷ് ഹാളിൽ നടക്കും.
രൂപതയിലെ വിവിധ ഇടവക/ മിഷൻ/ പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള ഗായക സംഘങ്ങൾക്കായി നടക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ഈ മാസം 30നാണ് .
മുൻ വർഷങ്ങളിലേതു പോലെ തന്നെ കാഷ് പ്രൈസ് ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് ലഭിക്കും. രാവിലെ 11ന് ആരംഭിക്കുന്ന മത്സരങ്ങൾ വൈകുന്നേരം ആറിന് തീരുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.
വിജയികളാകുന്നവർക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: കമ്മീഷൻ ഫോർ ചർച്ച് ക്വയർ ചെയർമാൻ റവ. ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ 074241 65013, ജോമോൻ മാമ്മൂട്ടിൽ 079304 31445.
|
ഡബ്ല്യുഎംഎ റമ്മി ടൂർണമെന്റ്: ജിസൻ ദേവസി ഒന്നാമത്
ഡബ്ലിൻ: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ആദ്യ ഓൾ അയർലൻഡ് റമ്മി ടൂർണമെന്റിൽ ജിസൻ ദേവസി (കോർക്ക്) ഒന്നാമതായി.
വാട്ടർഫോർഡിൽ നടന്ന ടൂർണമെന്റിൽ രണ്ടാം സമ്മാനം അനൂപ് ജോൺ (വാട്ടർഫോർഡ്), മൂന്നാം സമ്മാനം ബൈജു റോക്കി (ഡബ്ലിൻ) എന്നിവരും നേടി.
മികച്ച പ്രകടനത്തിനും മത്സര മനോഭാവത്തിനും ചാമ്പ്യൻമാർക്കും മത്സരാർഥികൾക്കും ഹൃദയം നിറഞ്ഞ നന്ദി നേരുന്നതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
|
പാവങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: പാവപ്പെട്ടവരുടെ ലോക ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പാവങ്ങൾക്കൊപ്പം ഫ്രാൻസിസ് മാർപാപ്പ ഉച്ചഭക്ഷണം കഴിച്ചു. ഭിക്ഷാടകരുൾപ്പെടെ 1300ഓളം പാവപ്പെട്ടവരായ ആളുകളാണ് വത്തിക്കാനിൽ ഒരുമിച്ചുകൂടിയത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇവർക്കായി മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കുകയും തുടർന്ന് പോൾ ആറാമൻ ഹാളിൽ എല്ലാവർക്കുമായി ഇറ്റലിയിലെ റെഡ് ക്രോസ് അംഗങ്ങൾ ഒരുക്കിയ ഉച്ചഭക്ഷണത്തിൽ പങ്കെടുക്കുകയും ചെയ്തു.
പങ്കെടുത്തവരോട് മാർപാപ്പ കുശലാന്വേഷണം നടത്തി. സിനഡൽ അസംബ്ലിയെ അനുസ്മരിപ്പിക്കുന്ന വൃത്താകൃതിയിലുള്ള മേശകൾക്ക് ചുറ്റുമുള്ള കസേരകളിലാണ് ക്ഷണിക്കപ്പെട്ട 1300 പേർ ഇരുന്നത്.
ഇവരുടെ മധ്യത്തിൽ ഇരുന്ന മാർപാപ്പ ഭക്ഷണം ആശീർവദിച്ചതോടെ വിരുന്നിനു തുടക്കമായി. വിരുന്നിനിടെ റെഡ് ക്രോസ് അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.
മാർപാപ്പയുടെ ഉപവിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദിനാൾ ക്രാജേവ്സ്കിയും ഭക്ഷണം വിളമ്പാൻ സന്നദ്ധപ്രവർത്തകരോടൊപ്പം ഉണ്ടായിരുന്നു.
വിൻസെന്റ് ഡി പോൾ സമൂഹം നൽകിയ ഭക്ഷണവും വ്യക്തിഗത ശുചിത്വ സാമഗ്രികളും അടങ്ങിയ സമ്മാനങ്ങൾ പങ്കെടുത്തവർക്ക് നൽകി.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവം: ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന് ഓവറോൾ കിരീടം
സ്കന്തോർപ്പ്: ദൈവവചനത്തെ ആഘോഷിക്കാനും പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സ്കന്തോർപ്പിൽ ഒരുമിച്ച് കൂടിയത് ദൈവകരുണയുടെ വലിയ സാക്ഷ്യമാണെന്നും സജീവമായ ഒരു ക്രൈസ്തവ സംസ്കാരം രൂപപ്പെടുത്തുന്നതിനും സഹായകമാക്കുന്നുവെന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ.
രൂപതയുടെ ഏഴാമത് ബൈബിൾ കലോത്സവം ഇംഗ്ലണ്ടിലെ സ്കൻതോർപ്പ് ഫ്രഡറിക് ഗോവ് സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതയുടെ പന്ത്രണ്ടു റീജണുകളിലായി നടന്ന കലോത്സവങ്ങളിൽ വിജയികളായ രണ്ടായിരത്തോളം പ്രതിഭകളാണ് ഫ്രെഡറിക് സ്കൂളിലെ പന്ത്രണ്ട് വേദികളായി നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത്.
രാവിലെ മുതൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ കരസ്ഥമാക്കി. രണ്ടാം സ്ഥാനം കേംബ്രിഡ്ജ് റീജിയണിനും മൂന്നാം സ്ഥാനം ബിർമിംഗ് ഹാം കാന്റർബറി റീജിയണും കരസ്ഥമാക്കി കലോത്സവത്തിൽ മുൻ നിരയിലെത്തി.
യൂറോപ്പിലെ ഏറ്റവും വലിയ കലോത്സവമായി വിലയിരുത്തപ്പെടുന്ന രൂപത ബൈബിൾ കലോത്സവത്തിന് മത്സരാർഥികൾക്ക് പിന്തുണ നൽകാനായി അവരുടെ കുടുംബാംഗങ്ങളും ഏതാണ്ട് അയ്യായിരത്തോളം പേർ ഒന്ന് ചേർന്നതോടെ മത്സര നഗരി രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായായി.
രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്, പാസ്റ്ററൽ കോഓർഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, ഫിനാൻസ് ഓഫീസർ ഫാ. ജോ മൂലച്ചേരി വിസി, ഫാ. ഫാൻസ്വാ പത്തിൽ, ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറ, ഫാ. ജോജോ പ്ലാപ്പള്ളിൽ സിഎംഐ,
ഫാ. ജോസഫ് പിണക്കാട്, ബൈബിൾ കലോത്സവം കോഓർഡിനേറ്റർ ആന്റമി മാത്യു, ജോയിന്റ് കോഓർഡിനേറ്റേഴ്സുമാരായ ജോൺ കുര്യൻ, മർഫി തോമസ്, ബൈബിൾ കലോത്സവം ജോയിന്റ് കോഓർഡിനേറ്റർ ജിമ്മിച്ചൻ ജോർജ്, ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ പ്രതിനിധികൾ, രൂപതയിലെ വിവിധ റീജണുകളിൽ നിന്നുള്ള വൈദികർ, അൽമായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി.
|
ക്രിസ്മസ് രാവുകളെ വരവേല്‍ക്കാൻ കോര്‍ക്കില്‍ മെലോഡിയ 2024
കോര്‍ക്ക്: ക്രിസ്മസ് രാവുകളേ വരവേല്‍ക്കാനായി അയര്‍ലൻഡിലെ കോര്‍ക്കില്‍ മെലോഡിയ 2024 നടത്തപ്പെടുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കോര്‍ക്ക് ഹോളിട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന എക്യുമെനിക്കല്‍ കരോള്‍ സന്ധ്യ മെലോഡിയ ഈ പ്രാവശ്യവും വിപുലമായ പ്രോഗ്രാമുകളോട് കൂടി നവംബര്‍ 24ന് ഞായറാഴ്ച നടത്തപ്പെടുന്നു.
നവംബര്‍ 24 ഞായര്‍ ഉച്ചകഴിഞ്ഞ് 3.30 മുതല്‍ കോര്‍ക്കിലെ ടോഗര്‍ ഫിന്‍ബാര്‍സ് ജി എ എ ക്ലബില്‍ നടത്തുന്ന പരിപാടിയില്‍ അയര്‍ലൻഡിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും ഇതര സംഘടനകളില്‍ നിന്നുള്ള 12 ടീമുകള്‍ പങ്കെടുക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ പരിപാടി വളരെ വിജയകരമായി നടത്തിയതുപോലെ ഈ വര്‍ഷവും ഏവരുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
|
നെഹ്റുവിയൻ ചിന്തകൾ ആസ്പദമാക്കി ഒഐസിസി യുകെ ചർച്ച സംഘടിപ്പിച്ചു
കവൻട്രി: "ഇന്നത്തെ ഇന്ത്യയിൽ നെഹ്റുവിയൻ ചിന്തകളുടെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി ഒഐസിസി യുകെ സംഘടിപ്പിച്ച ചർച്ചാക്ലാസ് വിഷയത്തിന്റെ വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. എ. ജയശങ്കർ, കേംബ്രിഡ്ജ് മേയറും യുകെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവരാണ് കവൻട്രിയിലെ ടിഫിൻബോക്സ് റസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ച ചർച്ചാ ക്ലാസുകൾ നയിച്ചത്.
ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആയിരുന്നു പരിപാടിയുടെ മോഡറേറ്റർ. വർക്കിംഗ് പ്രഡിഡന്റുമാരായ ബേബിക്കുട്ടി ജോർജ് സ്വാഗതവും മണികണ്ഠൻ ഐക്കാട് നന്ദിയും അർപ്പിച്ചു.
വളരെ ഗൗരവമേറിയ വിഷയമെങ്കിലും സരസവും ലളിതവുമായ അവതരണവും ശൈലിയും കൊണ്ട് പങ്കെടുത്തവരുടെ പ്രശംസ പിടിച്ചു പറ്റിയ ചർച്ചയിൽ, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ പങ്കാളികളായി.
ഇരുപ്രഭാഷകരുടേയും 30 മിനിറ്റ് വീതമുള്ള ക്ലാസുകൾക്ക് ശേഷം നടന്ന ചോദ്യോത്തര വേളയും ശ്രോതാക്കളുടെ പങ്കാളിത്തം കൊണ്ട് സജീവമായി.
ജവഹർലാൽ നെഹ്റു അവതരിപ്പിച്ച രാഷ്ട്രനിർമാണത്തിന്റെ അടിസ്ഥാന ആശയങ്ങളും ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മതേതരത്വം, സമാധാനം, ദാർശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകളുമാണ് ഇന്നത്തെ ഇന്ത്യയുടെ ആധാരം എന്നും ജയശങ്കര്‍ അടിവരയിട്ടു.
ഇംഗ്ലണ്ടിലെ പഠനം വഴി നെഹ്റു ആര്‍ജ്ജിച്ച പൊതുബോധവും ബ്രിട്ടന് മുറുകെപിടിക്കുന്ന മതേതര മൂല്യവും ആഴത്തിൽ മനസിലാക്കിയ വ്യക്തിത്വം എന്ന നിലയിലാണ് മഹാത്മാ ഗാന്ധി അദ്ദേഹത്തെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പദത്തിലേക്ക് നിർദേശിച്ചത് എന്ന വസ്തുതയും അദ്ദേഹം ഉയർത്തിക്കാട്ടി.
നെഹ്റുവിന്റെ ആശയങ്ങളും ചിന്തകളും ഇന്നും കാലികപ്രസക്തമാണെന്നും ഇന്നത്തെ ഇന്ത്യയിൽ ഈ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതും അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും ചർച്ചയിൽ പങ്കെടുത്ത ബൈജു തിട്ടാല പറഞ്ഞു. വഖഫ് വിഷയത്തിൽ ആശങ്കയറിയിച്ച ശ്രോതാക്കൾക്കുള്ള മറുപടിയും അദ്ദേഹം നൽകി.
പരിപാടിയിൽ പങ്കെടുത്തവർക്ക് ടിഫിൻബോക്സ് റസ്റ്റോറന്റ് സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ഇവന്റ്സ് മീഡിയ ചർച്ചയുടെ ലൈവ് സ്ട്രീമിംഗു പ്രക്ഷേപണം ചെയ്യുകയുണ്ടായി.
ഒഐസിസി യുകെ നാഷണൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഭാരവാഹികളായ അഷ്റഫ് അബ്ദുള്ള, ജോർജ് ജോസഫ്, വിജീ പൈലി, സാബു ജോർജ്, ജോർജ് ജേക്കബ്, അജിത്കുമാർ സി. നായർ, സി. നടരാജൻ, ബേബി ലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
|
സ്പെയിനിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം; പത്ത് മരണം
മാഡ്രിഡ്: വടക്കുകിഴക്കന്‍ സ്പാനീഷ് നഗരമായ സരഗോസയ്ക്ക് സമീപമുള്ള നഴ്സിംഗ് ഹോമില്‍ ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തില്‍ പത്ത് പേര് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഡിമെന്‍ഷ്യയും മറ്റ് മാനസിക പ്രശ്നങ്ങളും ഉള്ളവര്‍ക്കുള്ള നഴ്സിംഗ് ഹോമിലാണ് തീപിടിത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല. പുക ശ്വസിച്ചാണ് ആളുകൾ മരിച്ചതെന്നാണ് അധികാരികള്‍ പറയുന്നത്.
പുലര്‍ച്ചെ അഞ്ചിനാണ് ഒരു മുറിയിൽ തീപിടിത്തമുണ്ടായത്. പിന്നീട് നഴ്സിംഗ് ഹോം മുഴുവൻ പുക പടരുകയായിരുന്നു. തീപിടിത്ത സമയത്ത് 82 താമസക്കാരും രണ്ട് ജീവനക്കാരും കെട്ടിടത്തില്‍ ഉണ്ടായിരുന്നതായി അധികാരികള്‍ അറിയിച്ചു. ഇതില്‍ 25 വയസിന് താഴെയുള്ളവരുമുണ്ട്.
|
അയർലൻഡിൽ മലയാളി നഴ്സ് സീമ ജെയ്സൺ അന്തരിച്ചു
ഡബ്ലിൻ: കൗണ്ടി ടിപ്പററിയിലെ നീനായിൽ മലയാളി നഴ്സ് തൊടുപുഴ ചിലവു സ്വദേശി സീമ ജയ്സൺ(44) അന്തരിച്ചു. അർബുദബാധയെത്തുടർന്നു ചികിത്സയിലായിരുന്നു.
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് നീനാ സെന്റ് മേരീസ് റോസറി ദേവാലയത്തിൽ നടക്കും. അന്നേദിവസം രാവിലെ രാവിലെ 11 മുതൽ 1.30 വരെ നീനാ കേല്ലേഴ്സ് ഫ്യൂണറൽ ഹോമിൽ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്.
സീമ നീനാ സെന്റ് കോൺലോൻസ് കമ്യൂണിറ്റി നഴ്സിംഗ് യൂണിറ്റിൽ നഴ്സായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നീനാ കമ്യൂണിറ്റിയുടെ ഭാഗമായിരുന്ന ഇവർ മലയാളികൾക്ക് ഏറെ സുപരിചിതയായിരുന്നു.
കല്ലൂർക്കാട് വട്ടക്കുഴിയിൽ മാത്യുവിന്റെയും മേരിയുടെയും മകളാണ് പരേതയായ സീമ. ഭർത്താവ് ചിലവ് പുളിന്താനത്ത് ജെയ്സൺ ജോസ് (നീനാ ഹോസ്പിറ്റൽ), മക്കൾ ജെഫിൻ, ജ്യുവൽ, ജെറോം. സഹോദരങ്ങൾ ശ്രീജ, ശ്രീരാജ്.
|
ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങൾ ഇന്ന് അർമേനിയയിൽ വിതരണം ചെയ്യും
യെരേവാൻ: ഗർഷോം ഫൗണ്ടേഷന്റെ 2024ലെ ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അർമേനിയയൻ തലസ്ഥാനമായ യെരേവാനിലെ ബെസ്റ്റ് വെസ്റ്റേൺ പ്ലസ് കോൺഗ്രസ് ഹോട്ടലിൽ ഇന്ന് വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
2024ലെ ഗർഷോം പുരസ്കാരങ്ങൾക്ക് അർഹരായവർ:
സന്തോഷ് കുമാർ (യുഎഇ)
രവീന്ദ്ര നാഥ് (ഹരിയാന, ഇന്ത്യ)
ധനേഷ് നാരായണൻ (അർമേനിയ)
ഷൈനി ഫ്രാങ്ക് (കുവൈറ്റ്)
മികച്ച മലയാളി സംഘടനയ്ക്കുള്ള അവാർഡിന് ലണ്ടനിലെ ‘മലയാളി അസോസിയേഷൻ ഫോർ ദി യുകെ’(എംഎയുകെ) അർഹരായി.
അർമേനിയൻ പാർലമെന്റ് അംഗം ലിലിത്ത് സ്റ്റഫാനിയാൻ, ഇന്ത്യ പാർലമെന്റ് അംഗം സാഗർ ഖന്ധേര എന്നിവർ പുരസ്കാരദാന ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും മലയാളികളുടെ യശസ് ഉയര്‍ത്തുകയും ചെയ്ത മലയാളികളെ ആദരിക്കുവാന്‍ ബംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന് 2002 മുതലാണ് ഗര്‍ഷോം പുരസ്കാരങ്ങള്‍ ഏർപ്പെടുത്തിയത്.
ഇതുവരെ 94 പ്രവാസി മലയാളികളെയും 17 പ്രവാസി മലയാളി സംഘടനകളെയും ഗർഷോം പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിൽ ജപ്പാൻ, നോർവേ, മലേഷ്യ, ബഹറിൻ, കുവൈറ്റ്, യുഎഇ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം പുരസ്കാര ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.
|
സർഗം സ്റ്റീവനേജ് മ്യൂസിക് ആൻഡ് ഡിജെ നൈറ്റ് സംഘടിപ്പിച്ചു
സ്റ്റീവനേജ്: സർഗം സ്റ്റീവനേജ് മ്യൂസിക് ആൻഡ് ഡിജെ നൈറ്റ് സംഘടിപ്പിച്ചു. ഓവൽ കമ്യൂണിറ്റി സെന്ററിലാണ് പരിപാടി നടന്നത്. കാർത്തിക് ഗോപിനാഥ്, ആനി അലോഷ്യസ്, അൻവിൻ കെടാമംഗലം, രാജീവ് രാജശേഖരൻ, ഡോ. രാംകുമാർ ഉണ്ണികൃഷ്ണൻ, സജിത്ത് വർമ, നിധിൻ ശ്രീകുമാർ, ഡോ. ആശ നായർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സർഗം സ്റ്റീവനേജിലെ ഗായകരും യുകെയിൽ വിവിധ വേദികളിൽ ഗാനാലാപനത്തിലൂടെ ശ്രദ്ധേയരുമായ ജെസ്ലിൻ വിജോ, ബോബൻ സെബാസ്റ്റ്യൻ, ഹെൻട്രിൻ ജോസഫ്, ടാനിയ അനൂപ്, ഡോ. ആരോമൽ, നിസി ജിബി, ഡോ. അബ്രാഹം സിബി തുടങ്ങിയർ ശബ്ദ മാധുര്യം കൊണ്ടും ആലാപന മികവ് കൊണ്ടും സംഗീതനിശയിൽ വർണവിസ്മയം തീർക്കുകയായിരുന്നു.
സജീവ് ദിവാകരൻ ലൈറ്റ് & സൗണ്ടിനു നേതൃത്വം നൽകി. ടെസി ജെയിംസ് അവതാരകയായും തിളങ്ങി. ബ്രയാൻ ജെയിംസ് സംഗീതവേദിയെ കാമറയിൽ ഒപ്പിയെടുത്തു.
സർഗം കമ്മിറ്റി ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പൻ, അലക്സാണ്ടർ തോമസ്, നന്ദു കൃഷ്ണൻ, പ്രവീൺ തോട്ടത്തിൽ, ചിന്ദുആനന്ദൻ, വിൽസി പ്രിൻസൺ എന്നിവർ സർഗം സ്റ്റീവനേജ് ഒരുക്കിയ കോംപ്ലിമെന്ററി സംഗീത നിശയ്ക്ക് സംഘാടകത്വം വഹിച്ചു.
ഗായകർക്കുള്ള ഭക്ഷണവും മറ്റും കറി വില്ലേജ് ആണ് സ്പോൺസർ ചെയ്തത്. ബാനർ തയാറാക്കി എത്തിക്കുന്നതിൽ ജോണി കല്ലടാന്തി നേതൃത്വം നൽകി. സർഗം പ്രസിഡന്റ് അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതരാവിന് സമാപനമായി.
|
ജര്‍മനിയിലെ ജനന നിരക്കില്‍ റിക്കാർഡ് ഇടിവ്
ബെര്‍ലിന്‍: ജര്‍മനിയിലെ ജനന നിരക്ക് പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. സമൂഹത്തില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുന്ന പ്രവണതയാണിതെന്ന് ജനസംഖ്യാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
പിന്നീട് ജനന നിരക്ക് വര്‍ധിച്ചാല്‍ പോലും ഇപ്പോഴത്തെ നിരക്ക് ഇടിവിനെ മറികടക്കാന്‍ സാധിക്കില്ല. ജര്‍മന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് റിസര്‍ച്ചിന്റെ(ഇഫോ) കണക്ക് പ്രകാരം ഒരു സ്ത്രീക്ക് 1.35 കുട്ടികള്‍ എന്ന നിലയിലാണ് ഇപ്പോള്‍ രാജ്യത്തെ ജനന നിരക്ക്. 2021 ല്‍ ഇത് 1.58 ആയിരുന്നു.
ജര്‍മനിയിലെ പടിഞ്ഞാറന്‍ മേഖലകളെ അപേക്ഷിച്ച് കിഴക്കന്‍ മേഖലകളിലാണ് ജനന നിരക്ക് തീരെ കുറഞ്ഞിരിക്കുന്നത്. 2021 മുതല്‍ 2023 വരെ ജര്‍മനിയിലെ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 13 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കിഴക്കന്‍ ജര്‍മനിയെ മാത്രം കണക്കിലെടുത്താല്‍ 17.5 ശതമാനമാണ് കുറവ്.
2024 ജനുവരി മുതല്‍ ജൂലൈ വരെ 392,000 കുട്ടികളാണ് രാജ്യത്ത് ജനിച്ചത്. 2023ലെ ഇതേ കാലയളവില്‍ ജനിച്ച കുട്ടികളുടെ എണ്ണത്തെക്കാള്‍ മൂന്ന് ശതമാനം കുറവാണിത്.
|
ജർമനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ലമെന്റില്‍ തുടക്കമായി
ബെര്‍ലിന്‍: ജര്‍മനിയുടെ പാര്‍ലമെന്റിന്റെ അധോസഭയായ ബുണ്ടെസ്റ്റാഗിനെ ബുധനാഴ്ച അഭിസംബോധന ചെയ്തുകൊണ്ട് ഡിസംബര്‍ 16ന് വിശ്വാസവോട്ട് വിളിച്ച് പുതിയ തെരഞ്ഞെടുപ്പിന് വഴിയൊരുക്കുമെന്ന് ചാന്‍സലര്‍ ഷോള്‍സ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ജര്‍മന്‍ പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിടും. ഫെബ്രുവരി 23ന് തെരഞ്ഞെടുപ്പ് തീയതിയും നിശ്ചയിച്ചു.
അതേസമയം നികുതി ഇളവ്, സാമ്പത്തിക വികസനം, കുട്ടികളുടെ ആനുകൂല്യം വര്‍ധിപ്പിക്കല്‍, ഡോച്ച്ലാന്ഡ് ടിക്കറ്റ് പ്രതിമാസ പൊതുഗതാഗത പാസിന്റെ വിപുലീകരണം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞയാഴ്ച ഒലാഫ് ഷോള്‍സിന്റെ സഖ്യം തകര്‍ന്നതിന് ശേഷം പാര്‍ലമെന്റില്‍ കുടുങ്ങിയ 100 കരട് നിയമങ്ങളില്‍ നാലെണ്ണം മാത്രമാണ് പാസായത്.
ഫ്രീ ഡെമോക്രാറ്റുകള്‍ (എഫ്ഡിപി) സഖ്യം വിട്ടതിനുശേഷം സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കും(എസ്പിഡി) ഗ്രീന്‍സിനും പാര്‍ലമെന്ററി ഭൂരിപക്ഷമില്ലാത്തതിനാല്‍ ചാന്‍സലറുടെ സര്‍ക്കാര്‍ ഇപ്പോള്‍ ഊരാക്കുടുക്കിലാണ്.
ബുണ്ടെസ്റ്റാഗില്‍ സംസാരിച്ച ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഫെബ്രുവരി തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി നിയമനിര്‍മാണം നടത്താന്‍ പ്രതിപക്ഷത്തോട് സഹായം അഭ്യര്‍ഥിച്ചുവെങ്കിലും യാഥാസ്ഥിതിക സിഡിയു വിമുഖത കാണിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം ഉണ്ടായിരുന്നിട്ടും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബുണ്ടസ്റ്റാഗ് ആദ്യമായി യോഗം ചേരുന്നത് വരെ നിലവിലെ ബുണ്ടസ്റ്റാഗ് അടിസ്ഥാനപരമായി പ്രവര്‍ത്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനും പ്രാപ്തമായി തുടരും.
|
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബൈബിൾ കലോത്സവത്തിന് ശനിയാഴ്ച തിരിതെളിയും
സ്കന്തോർപ്പ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഏഴാമത് ബൈബിൾ കലോത്സവ മത്സരങ്ങൾ ശനിയാഴ്ച സ്കൻതോർപ്പിലെ ഫ്രഡറിക് ഗൗ സ്കൂളിൽ നടക്കും.
പന്ത്രണ്ട് സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള രണ്ടായിരത്തിലധികം മത്സരാർഥികൾ പങ്കെടുക്കുന്ന മത്സരങ്ങൾ രാവിലെ 8.15ന് രജിസ്ട്രേഷനോടെ ആരംഭിക്കുകയും ഒന്‍പതിന് നടക്കുന്ന ബൈബിൾ പ്രതിഷ്ഠയോടുകൂടി ഉദ്ഘാടന സമ്മേളനം ആരംഭിക്കും ചെയ്യും.
ബൈബിൾ പ്രതിഷ്ഠ പ്രദിക്ഷണത്തിൽ പിതാവിനോട് ചേർന്ന് മിഷൻ ലീഗ് കുട്ടികളും വോളന്റീഴ്സും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, വൈദീകർ എന്നിവരും അണിചേരും.
തുടർന്ന് അഭിവന്ദ്യ പിതാവും മുഖ്യ വികാരിജനറൽ അച്ചനും പാസ്റ്ററൽ കോഓർഡിനേറ്ററും വൈദികരും സിസ്റേഴ്സും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അൽമായ പ്രധിനിധികളും ചേർന്ന് തിരിതെളിക്കും.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പത്തു മുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. കൂടുതൽ കോച്ചുകൾ കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ എത്തുന്നതിനാൽ കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ തന്നെ പാർക്ക് ചെയ്യുവാനുള്ള ക്രമീകരങ്ങളാണ് പരമാവധി ചെയ്തിരിക്കുന്നത്.
20ൽ പരം കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരങ്ങൾ നടത്തിയിരിക്കുന്നത്. കാറുകളിൽ എത്തുന്നവർ ഗ്രാസ് ഏരിയയിലാണ് പാർക്ക് ചെയ്യേണ്ടത്. സുഗമമായ കാർ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി വോളന്റീഴ്സിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
പ്രധാന സ്റ്റേജുകളുടെ അടുത്ത് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. മത്സരാർഥികളുടെ ചെസ് നമ്പറുകൾ ഓരോ റീജിയണുകളിൽ നിന്നും നിർദേശിക്കപ്പെട്ടവർ ഡൈനിംഗ് ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ നിന്നും വാങ്ങേണ്ടതാണ്.
റീജിയണലിൽ നിന്നും നിർദേശിക്കപ്പെട്ടവർ രാവിലെ ഒന്‍പതിന് മുന്പതന്നെ മത്സരാർഥികളുടെ രജിസ്ട്രേഷൻ നമ്പർ കൈപ്പറ്റേണ്ടതാണ്. ഓരോ റീജിയനും നൽകുന്ന കവറിൽ ഓരോ മിഷനിൽ നിന്നും പങ്കെടുക്കുന്നവരുടെ ചെസ് നമ്പറുകളും മത്സരാർഥികളോടൊപ്പം എത്തുന്ന മുൻകൂർ രജിസ്റ്റർ ചെയ്തിരിക്കുന്നവർക്കുള്ള റിസ്റ്റ് ബാൻഡും മിഷൻ അടിസ്ഥാനത്തിൽ പ്രത്യകം തിരിച്ചായിരിക്കും വച്ചിരിക്കുക.
റിസ്റ്റ്ബാൻഡിൽ കൊടുത്തിരിക്കുന്ന ക്യുആർ കോഡുവഴി മത്സരങ്ങളുടെ ഫലങ്ങൾ അറിയാൻ സാധിക്കും. രാവിലെ എട്ട് മുതൽ ചെയ്ഞ്ചിംഗ് റൂമുകൾ ഉപയോഗിക്കാവുന്നതാണ്.
രണ്ട് റീജിയണുകൾക്ക് ഒരു ഫിമെയിൽ ചെയ്ഞ്ചിംഗ് റൂം എന്ന രീതിയിൽ ആറ് ചെയ്ഞ്ചിംഗ് റൂമുകളും പുരുഷൻമാർക്കായി പൊതുവായി മൂന്ന് ചെയ്ഞ്ചിംഗ് റൂമുകളുമാണ് ഒരുക്കിയിരിക്കുന്നത്.
താത്കാലികമായി ക്രമീകരിച്ചിരിക്കുന്ന ചാപ്പലിൽ അന്നേദിവസം രാവിലെ ഏഴിന് വോളന്റീഴർസിനായിട്ടുള്ള വിശുദ്ധകുർബാനയും തുടർന്ന് 10നും 12നും ഉച്ചക്കുശേഷം രണ്ടിനും നാലിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. ഇടവിട്ട സമയങ്ങളിൽ പരിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
പതിനൊന്നു ശേഷം ആദ്യ മത്സരങ്ങളുടെ ഫലം പുറത്തുവരും. ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്സൈറ്റിൽ കൂടിയും ഡൈനിംഗ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന വലിയ ടെലിവിഷൻ സ്ക്രീനിലിലും ബൈബിൾ അപ്പസ്റ്റോലറ്റ് ജനറൽ ബോഡി ഗ്രൂപ്പിലും റിസ്റ്റ് ബാൻഡിലുള്ള ക്യുആർ കോഡിലും റിസൾട്ടുകൾ ലഭ്യമായിരിക്കും.
മത്സരത്തിൽ പങ്കെടുത്ത ഷോർട് ഫിലിമുകൾ കലോത്സവ വേദിയിൽ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്റ്റേജിൽ പ്രദർശിപ്പിക്കുന്നതാണ്. ഒന്നാം സ്ഥാനം നേടിയ ഷോർട്ട് ഫിലിം പ്രധാന വേദിയിൽ സമ്മാനദാനത്തിന് മുൻപ് പ്രദർശിപ്പിക്കും.
5.45 മുതൽ സമ്മാനദാന ചടങ്ങുകൾ ആരംഭിച്ച് എട്ടിന് സമ്മാനദാനങ്ങൾ പൂർത്തിയാക്കും. രൂപത ബൈബിൾ കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങൾ പൂർത്തിയായതായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു.
രാവിലെ എട്ടു മുതൽ ഡൈനിംഗ് ഹാളിൽ പ്രഭാതഭക്ഷണം തയാറായിരിക്കും. വൈകുന്നേരം കലോത്സവം കഴിയുന്നതുവരെ ഭക്ഷണം വാങ്ങുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രൂപത ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് അഭിവന്ദ്യ പിതാവിന്റെ അനുഗ്രഹത്തോടെ പെരിയ പ്രോട്ടോസിഞ്ചെല്ലൂസ് ആന്റണി ചുണ്ടെലിക്കാട്ട് അച്ചന്റെയും പാസ്റ്ററൽ കോഓർഡിനേറ്റർ ടോം ഓലിക്കരോട്ട് അച്ചന്റെയും നേതൃത്വത്തിൽ ജോർജ് എട്ടുപറയിൽ അച്ചൻ ചെയർമാനായിട്ടുള്ള 12 റീജിയണുകളിൽ നിന്നുമുള്ള 24 അംഗ കമ്മിഷൻ അംഗങ്ങളാണ്.
ജോൺ പുളിന്താനത് അച്ചനും ജോസഫ് പിണക്കാട്ട് അച്ചനും വർഗീസ് കൊച്ചുപുരക്കൽ അച്ചനും കലോത്സവ ജോയിന്റ് കോഓർഡിനേറ്റർസ് ആയി പ്രവർത്തിക്കുന്നു.
ബൈബിൾ കലോത്സവമത്സരങ്ങൾ രൂപത ഫേസ്ബുക്കിലൂടെയും യു ട്യൂബ് ചാനലിലും മാഗ്നവിഷൻ ചാനലിൽ കൂടിയും ലൈവ് പ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണ്.
രൂപത ബൈബിൾ അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ബൈബിൾ കലോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
|
കോടികളുടെ നിക്ഷേപം നേടി പോളണ്ടിലെ "മലയാളി' ബിയറിന് ആഗോള കുതിപ്പ്
വാർസോ: ചുരുങ്ങിയ സമയത്തിനുള്ളില്‍ യൂറോപ്പിയന്‍ മാര്‍ക്കറ്റില്‍ തരംഗമുണ്ടാക്കിയ "മലയാളി' ബിയര്‍ കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. മലയാളി എന്ന പേരിലുള്ള ബ്രാന്‍ഡിന്റെ ആഗോള വിപുലീകരണത്തിന്റെ ഭാഗമായി കോടികളുടെ നിക്ഷേപം നേടി ബിയര്‍ സ്റ്റാര്‍ട്ട്അപ്പ് മിഡില്‍ ഈസ്റ്റ് വിപണിയിലേക്കും കടന്നിരിക്കുകയാണ്.
യുഎഇ, ബഹറിന്‍ രാജ്യങ്ങളിലേക്കുള്ള വിതരണ കരാറുകള്‍ കൂടി ഒപ്പുവച്ചതോടെ ഈ മേഖലയില്‍ മലയാളി ബിയറിന് മികച്ച ബ്രാന്‍ഡായി സ്ഥാനമുറപ്പിക്കാനുകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ സ്ഥാപക ഡയറക്ടര്‍ ചന്ദ്രമോഹന് നല്ലൂര് പറഞ്ഞു.
യുഎഇ വിപണിക്കായി എഡിഎംഎംഐയുമായി മൂന്ന് വര്‍ഷത്തെ കരാറും ബഹറനിലെ ആഫ്രിക്കൻ & ഈസ്റ്റേൺ ഗ്രൂപ്പുമായി മറ്റൊരു കരാറും ഒപ്പുവച്ചതോടെ മലയാളി ബിയര്‍ പ്രദേശത്തെ പ്രാദേശിക വിപണിയിലെ ഉപഭോക്തൃവൃന്ദത്തെ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം യുകെയിലും മലയാളി ബിയര്‍ കച്ചവടം ആരംഭിച്ചിരുന്നു. യുകെയില്‍ വലിയ നിര ഉപഭോക്താക്കളെയും വിതരണക്കാരെയും നേടാനായത് മിഡില്‍ ഈസ്റ്റിലും വിപണി വിപുലമാക്കാന്‍ സഹായമായി. വിപണിയുടെ വിപുലീകരണം ഏകോപിപ്പിക്കാന്‍ ഒന്‍പത് കോടി രൂപയിലധികം വരുന്ന നിക്ഷേപവും ഈ കാലയളവില്‍ കന്പനി കരസ്ഥമാക്കി.
2025ല്‍ അമേരിക്ക, ഓഷ്യാനിയ, തെക്കുകിഴക്കന്‍ ഏഷ്യന്‍ ഭൂഖണ്ഡങ്ങളിലും വിപണി നേടാനുള്ള ശ്രമത്തിലാണ് മലയാളി ബിയര്‍ ഇപ്പോള്‍. ഇതിന്റെ ഭാഗമായി അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, മലേഷ്യ, സിംഗപ്പുര്‍, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലുള്ള വിതരണകാരുമായി മലയാളി ബിയര്‍ അവസാനഘട്ട ചര്‍ച്ചയിലാണ്.
യൂറോപ്യന്‍ ബ്രൂയിംഗ് സാങ്കേതിക വിദ്യയും ഇന്ത്യന്‍ പരമ്പരാഗത രുചിയും കോര്‍ത്തിണക്കിയ മലയാളി ബിയര്‍ മികച്ച ഉപഭോക്തൃ പിന്തുണ നേടി മുന്നോട്ടു പോകുമ്പോള്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലും ലോഞ്ചിംഗിനായി ആലോചിക്കുന്നുണ്ട്.
അതേസമയം ശക്തമായ പ്രാദേശിക പങ്കാളിത്തങ്ങളിലൂടെയും വര്‍ധിക്കുന്ന വിപണി സാന്നിധ്യത്തിലൂടെയും ആഗോള ബിയര്‍ മേഖലയില്‍ വേറിട്ട ബ്രാന്‍ഡായി മാറാനാണ് മലയാളി ബിയര്‍ ലക്ഷ്യമിടുന്നത്.
പാലക്കാട് സ്വദേശിയും പോളണ്ടില്‍ സ്ഥിരതാമസവുമാക്കിയ ചന്ദ്രമോഹന് നല്ലൂരാണ് മലയാളി എന്ന പേരിൽ ബിയർ വിപണയിലെത്തിച്ചത്.
|
യൂറോപ്പിൽ തരംഗമാകാൻ ബാറ്ററി ട്രെയിനുകൾ
ലണ്ടൻ: ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ യൂറോപ്പിലെ റെയിൽ വ്യവസായത്തിൽ തരംഗമാകുന്നു. ബാറ്ററി, ഡീസൽ, വൈദ്യുതി എന്നിവയിലേക്ക് എളുപ്പത്തിൽ മാറുന്ന ’ട്രൈബ്രിഡ്’ മോഡൽ, യുകെയിൽ അടുത്തിടെ ആദ്യത്തെ ഇന്റർസിറ്റി ബാറ്ററി ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി.
ഇംഗ്ലണ്ടിലെ ഹിറ്റാച്ചിയുടെ ഫാക്റിയിൽ നിർമിച്ച ട്രെയിനിന്റെ പരീക്ഷണമാണ് നടത്തിയത്. ഇതിൽ ഒരു ഡീസൽ ജനറേറ്റർ മാറ്റി പകരം ലിഥിയം ബാറ്ററികളാണ് ഘടിപ്പിച്ചത്. ചെലവ് കുറഞ്ഞറെയിൽ യാത്രയ്ക്കുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ പരീക്ഷണം. വൈദ്യുതീകരിച്ച ലൈനുകൾ ഇല്ലാത്തയിടങ്ങളിലൂടെ പോകുന്പോൾ 50 ശതമാനത്തിൽ താഴെ ഇന്ധനം ഉപയോഗിച്ചാൽ മതിയാകും.
വേഗതമേറിയതും ചെലവ് കുറഞ്ഞതും നൂതനവും
പഴയ ഡീസൽ മോഡലുകളിൽനിന്നു വ്യത്യസ്തമായി, ഈ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾക്ക് സ്ഥിരമായി വൈദ്യുതീകരിച്ച ട്രാക്കുകളെ ആശ്രയിക്കേണ്ടതില്ല. പരീക്ഷണവേളയിൽ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിൻ ബാറ്ററിയിൽ മാത്രം 70 കിലോമീറ്റർ ഓടി, പിന്നീട് അത് ഡീസൽ എൻജിനിലേക്ക് മാറി.
പാലങ്ങൾ, ടണലുകൾ, സ്റ്റേഷൻ സ്റ്റോപ്പുകൾ എന്നിവയുള്ള മിക്ക ഇന്റർസിറ്റി റൂട്ടുകളും ഈ പരിധിയിൽ എളുപ്പത്തിൽ ഓടാൻ കഴിയുമെന്ന് എൻജിനിയർമാർ പറയുന്നു. മറ്റ് അതിവേഗ റെയിൽ ഓപ്ഷനുകൾക്കൊ പ്പം ഒരു 700 കിലോ വാട്ട് ബാറ്ററി ഉപയോഗിച്ച് മണിക്കൂറിൽ 120 കിലോമീറ്റർ വേഗത കൈവരിക്കാനാകും.
ഇന്ധനച്ചെലവ് 50 ശതമാനത്തിൽ താഴെ വരെ കുറയ്ക്കാനാകും. ചെലവുകൾ ലാഭിക്കുന്നതിനൊപ്പം ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ കുറവുമുണ്ടാകും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ വന്നാൽ വൈദ്യുതീകരിക്കാത്ത ട്രാക്കുകൾക്കു മുകളിലൂടെ കന്പികൾ വലിക്കുന്നതിനുള്ള ചെലവ് ഒഴിവാക്കാനും.
പാരിസ്ഥിതിക സൗഹൃദം
സീറോ എമിഷൻ മോഡിൽ സ്റ്റേഷനുകളിൽ പ്രവേശിക്കാനും പുറത്തു പോകാനും കഴിവുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ ഒരു പരിസ്ഥിതി സൗഹൃദ ബദൽ വാഗ്ദാനം ചെയ്യുന്നു. ഇത് ശബ്ദവും വായുമലിനീകരണവും കുറയ്ക്കുന്നു. റെയിൽവേ ലൈനുകൾക്കു സമീപം താമസിക്കുന്ന ആളുകൾക്ക് ഇത് ആശ്വാസമാണ്.
വൈദ്യുതീകരിച്ച കുറച്ച് ട്രാക്കുകൾ ഉപയോഗിക്കുന്നതിലൂടെ, യൂറോപ്പിന് റെയിൽ ഇൻഫ്രാസ്ട്രക്ചർ നവീകരണത്തിൽ കോടിക്കണക്കിന് ലാഭിക്കാൻ കഴിയും. ബാറ്ററി ട്രെയിനുകൾക്ക് യൂറോപ്പിന്റെ കാർബണ്‍ ഫൂട്ട്പ്രിന്റ് കുറയ്ക്കാനും കഴിയും. ഇത് നെറ്റ്സീറോയെന്ന ആഗോള മാറ്റത്തിനു പിന്തുണയുമാകും.
ഇറ്റലിയിലും ജർമനിയിലും ഓടിത്തുടങ്ങി
ബാറ്ററിയിൽ പ്രവർത്തിക്കുന്ന റെയിൽ സാങ്കേതികവിദ്യ യൂറോപ്പിൽ അതിവേഗം മുന്നേറുകയാണ്. എന്നാൽ, ഏഷ്യൻ രാജ്യമായ ജപ്പാനിൽ 2016 മുതൽ ബാറ്ററി ട്രെയിൻ ഓടുന്നുണ്ട്. ഇതിൽ ഡീസൽ എൻജിൻ മാറ്റി, പകരം വൈദ്യുതി, ബാറ്ററി യൂണിറ്റുകളാണുള്ളത്.
യൂറോപ്പിലെ ആദ്യത്തെ ട്രിബ്രിഡ് ട്രെയിൻ ഇറ്റലിയാണ് ഓടിച്ചത്. ഹിറ്റാച്ചി റെയിലിന്റെ മസാസിയോ ബാറ്ററി ട്രെയിൻ ഇതിനകം തന്നെ കാർബണ്‍ ഡൈ ഓക്സൈഡിന്റെ എമിഷൻ പകുതിയായി കുറച്ചു. ജർമനിയിലെ സീമെൻസ് മൊബിലിറ്റിയുടെ ബൈമോഡ് ട്രെയിനുകൾ ഓരോ വർഷവും ഏകദേശം രണ്ടു ദശലക്ഷം ലിറ്റർ ഡീസൽ ലാഭിക്കുന്നു.
ഫാസ്റ്റ് ചാർജിംഗിനായി വൈദ്യുതീകരിച്ച കുറച്ച് ട്രാക്കുകൾ മാത്രമേ ആവശ്യമുള്ളൂ. ബാറ്ററി ട്രെയിനിനായി യൂറോപ്പിലും യുകെയിലും ഉടനീളം വിപുലീകരണ പദ്ധതികൾ നടക്കുകയാണ്. വൃത്തിയുള്ളതും ശാന്തവും കൂടുതൽ കാര്യക്ഷമവുമായ റെയിൽ യാത്രയാണ് ഇതു വാഗ്ദാനം ചെയ്യുന്നത്.
ഡീസൽ ജനറേറ്ററുകൾ പൂർണമായും ഇല്ലാത്ത ബാറ്ററിയിൽ മാത്രം പ്രവർത്തിക്കുന്ന ട്രെയിനുകൾ വികസിപ്പിക്കാനുള്ള പരീക്ഷണവും നടക്കുന്നുണ്ട്.
പ്രവർത്തനരീതി
നിലവിൽ ട്രെയിനുകൾ ട്രാക്കുകൾക്കു മുകളിലൂടെയുള്ള വൈദ്യുതീകരിച്ച ലൈനുകളിൽനിന്നോ ഈ ലൈനുകൾ ഇല്ലാത്തിയിടങ്ങളിൽ ട്രെയിനിനുള്ളിലുള്ള ഡീസൽ ജനറേറ്ററുകളിൽനിന്നോ ആണ് ഓടാനുള്ള പവർ എടുക്കുന്നത്. പല ട്രെയിനുകൾക്കും രണ്ടു പവർ സ്രോതസുകളിലൂടെയും ഓടാനാകും.
ഹിറ്റാച്ചിയുടെ പുതിയ ട്രെയിനിൽ ഡീസൽ ജനറേറ്റുകൾ മാറ്റി പകരം 16 ബാറ്ററികൾ വച്ചിരിക്കുന്നത്. ട്രെയിനിന് ഓട്ടോമാറ്റിക്കായി ഏതു ഊർജസ്രോതസിലേക്കും മാറാനാകും.
വൈദ്യുതീകരിച്ച ട്രാക്കുകളിൽ ട്രെയിൻ സഞ്ചരിക്കുന്പോൾ അല്ലെങ്കിൽ നിശ്ചലമായിരിക്കുന്പോൾ 1015 മിനിറ്റിനുള്ളിൽ ഈ ബാറ്ററികൾക്ക് റീചാർജ് ചെയ്യാൻ കഴിയുമെന്ന് ഹിറ്റാച്ചി പറയുന്നു.
|
യുകെയില്‍ കെട്ടിടത്തില്‍നിന്നു വീണ് മലയാളി യുവാവ് മരിച്ചു
കടുത്തുരുത്തി: യുകെയില്‍ ജോലിക്കിടെ കെട്ടിടത്തില്‍നിന്നും താഴെവീണ് മലയാളി യുവാവ് മരിച്ചു. കടുത്തുരുത്തി വെട്ടുവഴിയില്‍ പരേതനായ മാത്യുവിന്റെ മകന് എബിന് മാത്യു (43) ആണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പ് ബ്ലാക്ബേണിലാണ് അപകടം. 2023 മാര്‍ച്ചിലാണ് എബിന് മക്കള്‍ക്കൊപ്പം യുകെയിലെത്തുന്നത്. ഭാര്യ ഡാനയ്ക്ക് നഴ്സിംഗ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നണ് എബിനും രണ്ട് മക്കളും യുകെയിലെത്തിയത്.
തുടര്‍ന്ന് ഡയാന ജോലി ചെയ്യുന്ന അതേ നഴ്സിംഗ് ഹോമില്‍ തന്നെ എബിനും ജോലിക്കു കയറി. സ്ഥാപനത്തിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന മെയിന്റനന്‍സ് ആന്‍ഡ് റിപ്പയറിംഗ് സൂപ്പര്‍വൈസറായിട്ടാണ് ജോലി ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസം നഴ്സിംഗ് ഹോമിലെ അറ്റകുറ്റപ്പണിക്കിടെ എബിന് ഉയരത്തില്‍നിന്നു താഴേക്കു വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപകടവിവരമറിഞ്ഞ് കാനഡയിലുള്ള സഹോദരന് ജസ്റ്റിന് യുകെയിലെത്തിയിട്ടുണ്ട്.
നടപടികള്‍ പൂര്‍ത്തിയായ ശേഷം സംസ്കാരം യുകെയില്‍ നടക്കും. മക്കള്‍: റയാന്, റിയ. മതാവ് പരേതയായ കുഞ്ഞമ്മ. ഷെറിന് ഏക സഹോദരിയാണ്.
|
രാഷ്ട്രീയം മിമിക്രിയായി മാറുന്നു: അഡ്വ. ജയശങ്കർ
ലണ്ടൻ: രാഷ്ട്രീയവും പൊതുപ്രവർത്തനവും ഇന്ന് വെറും മിമിക്രിയായി മാറിയെന്നും പൊതുപ്രവർത്തനം നേതാക്കന്മാർക്ക് പണം സമ്പാദനത്തിനുള്ള ഉപാധിയുമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ.
ഞായറാഴ്ച ലണ്ടനിലെ ഈസ്റ്റ് ഹാമിൽ നടന്ന സംവാദത്തിൽ രാഷ്ട്രീയ അഡ്വ. എ. ജയശങ്കറോടൊപ്പം കേംബ്രിജ് മേയറും അഭിഭാഷകനുമായ ബൈജു തിട്ടാലയും പങ്കെടുത്തു. സംവാദത്തിൽ പങ്കെടുത്തവരുടെ നിരവധി ചോദ്യങ്ങൾക്ക് അഡ്വ. ജയശങ്കറും ബൈജൂ തിട്ടാലയും ഉത്തരങ്ങൾ നൽകി.
ലോകത്താകമാനം ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സംവാദം സംഘടിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ നയിച്ച പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിനും ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി അംബേദ്കറിനും ഉണ്ടായിരുന്ന ഇച്ഛാശക്തിയും ദീർഘവീക്ഷണവും തുടർന്ന് ഇന്ത്യ ഭരിച്ച രാഷ്ട്രീയ നേതാക്കന്മാർക്ക് ഇല്ലാതെ വന്നതാണ് ഇന്ത്യക്ക് സംഭവിച്ച അപചയങ്ങൾക്കു മുഖ്യ കാരണം എന്ന് അദ്ദേഹം സൂചിപ്പിച്ചു.
രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ മൂല്യച്യുതി സാഹിത്യ രംഗത്തും മതസാംസ്കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നിയമ വ്യവഹാര രംഗങ്ങളിലേക്ക് പോലും പടർന്നിരിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
ഈസ്റ്റ് ഹാമിലെ ഗുരുമിഷൻ ഹാളിൽ നടന്ന സംവാദത്തിൽ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. അഡ്വ. ജയശങ്കർ നിയമ സഹായം നൽകി നിയമ കുരുക്കിൽ നിന്ന് ജീവിതം രക്ഷപ്പെടുത്തിയ റസാക്കും കുടുംബവും മാഞ്ചസ്റ്ററിൽ നിന്ന് അദ്ദേഹത്തെ കാണാൻ ലണ്ടനിൽ എത്തിയിരുന്നു.
ജയ്സൺ ജോർജ് ആയിരുന്നു മീഡിയേറ്റർ. ഗിരി മാധവൻ, ടോണി ചെറിയാൻ, അബ്രഹാം പൊന്നുംപുരയിടം, ഡോ. ജോഷി, നജീബ്, ഏബ്രഹാം വാഴൂർ, ഷീന ജയ്സൺ, ഡെൽബെർട്ട് മാണി, തോമസ് പുളിക്കൻ, ഷാജൻ ജോസഫ്, രാജേഷ് കരുണാകരൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലണ്ടൻ മലയാളി കമ്മ്യൂണിറ്റി ആണ് സംവാദം സംഘടിപ്പിച്ചത്.
|
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബൈബിൾ കലോത്സവം ശനിയാഴ്ച സ്കെന്തോർപ്പിൽ
ബിർമിംഗ്ഹാം: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കലാമാമാങ്കത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. പ്രാതിനിധ്യം കൊണ്ട് ബ്രിട്ടൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന സീറോമലബാർ സഭ അംഗങ്ങളുടെ പ്രതിഭകൾ മാറ്റുരക്കുന്ന ഏഴാമത് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബൈബിൾ കലോത്സവത്തിന് തിരിതെളിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്
ശനിയാഴ്ച (നവംബർ 16) ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടുന്ന കലോത്സവ മത്സരത്തിൽ രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാർഥികൾ പങ്കെടുക്കും. പന്ത്രണ്ട് സ്റ്റേജുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുക. വിവിധ സ്റ്റേജുകളിലായി നടത്തപ്പെടുന്ന മത്സരങ്ങളുടെ സമയക്രമം പ്രസിദ്ധികരിച്ചു.
രാവിലെ 8.15 ന് രജിസ്ട്രേഷൻ ആരംഭിക്കുകയും ഒന്‍പതിന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ബൈബിൾ കലോത്സവത്തിലെ ഏറ്റവും പ്രധാന ഭാഗമായ ആഘോഷമായ ബൈബിൾ പ്രതിഷ്ഠയും തുടർന്ന് ഉദ്ഘാടനവും നടക്കും.
കൃത്യം പത്തിന് തന്നെ മത്സരങ്ങൾ എല്ലാ സ്റ്റേജുകളിലും ആരംഭിക്കും. കലോത്സവ വേദിക്കരികിൽ വി കുർബാനയിലും ആരാധനയിലും പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഓരോ റീജിയണുകളിൽ നിന്നും മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് രൂപതതല മത്സരത്തിൽ യോഗ്യത നേടിയിരിക്കുന്നത്.
അഭിവന്ദ്യ പിതാവിന്റെയും ബഹുമാനപ്പെട്ട വൈദീകരുടെയും സിസ്റ്റേഴ്സിന്റെയും സാന്നിധ്യം കൊണ്ടും പ്രാർഥന കൊണ്ടും അനുഗ്രഹീതമായിരിക്കും കലോത്സവ വേദികൾ. കാറുകൾ പാർക്ക് ചെയ്യുവാനുള്ള വിശാലമായ കാർപാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കലോത്സത്തിൽ പങ്കെടുക്കുന്നവർക്ക് രുചികരമായ ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഡൈനിംഗ് ഏരിയയും കലോത്സവ വേദിയിൽ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം വാങ്ങുന്നതിനായി വിവിധ കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതിനോടൊപ്പം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി പ്രേത്യക കൗണ്ടറുകൾ ഒരുക്കുന്നുമുണ്ട്.
വൈകുന്നേരം 5.45ന് മത്സരങ്ങൾ സമാപിച്ച് എട്ടിന് സമ്മാനദാനങ്ങൾ പൂർത്തീകരിക്കത്ത രീതിയിലാണ് മത്സരങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ഒന്നിൽ കൂടുതൽ മത്സരങ്ങൾ ഒരേ മത്സരാർഥികൾക്ക് ഒരേ സമയം വരാതിരിക്കാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്.
ഏതെങ്കിലും മത്സരാർഥികൾക്ക് ഒരേസമയം ഒന്നിൽകൂടുതൽ മത്സരങ്ങൾ വന്നിട്ടുള്ളവർ റീജിയണൽ കോഓർഡിനേറ്റേഴ്സ് വഴി ബന്ധപ്പെടേണ്ടതാണ്. വിശ്വസ പ്രഘോഷണത്തിന്റെ വലിയ വേദിയാകുന്ന സ്കെന്തോർപ്പിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതമുഴുവനും എത്തുന്ന രൂപത കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ആണ്.
വിവിധ സ്റ്റേജുകളിൽ നടക്കുന്ന പ്രോഗ്രാമുകളുടെ സമയക്രമത്തെക്കുറിച്ച് അറിയുന്നതിനായി ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്സൈറ്റ് സന്ദർശിക്കുക. http://smegbbiblekalotsavam.com/?page_id=1600 .
|
സ്പെയിനിൽ വീണ്ടും പ്രളയഭീഷണി
മാഡ്രിഡ്: സ്പെയിനിന്റെ തെക്കൻ ഭാഗത്ത് കനത്ത മഴയ്ക്കും മിന്നൽപ്രളയത്തിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി. മലാഗ പ്രവിശ്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചുമാറ്റി.
വടക്കുകിഴക്ക് കാറ്റലോണിയ പ്രദേശത്തും കനത്ത മഴയ്ക്കു സധ്യതയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നല്കി. കഴിഞ്ഞമാസം അവസാനം മിന്നൽപ്രളയമുണ്ടായ വലൻസിയയിലും വരും ദിവസങ്ങൾ നല്ല മഴയ്ക്കു സാധ്യതയുണ്ട്.
|
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണിന്റെ കേരളപ്പിറവി ആഘോഷം 30ന്
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ എല്ലാ മാസവും നടത്തി കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 18ാം സമ്മേളനം കേരളപ്പിറവിയായി ആഘോഷിക്കും.
കേരള സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയുന്ന കേരളപ്പിറവി ആഘോഷത്തിൽ പ്രഫ. എം.കെ. സാനു മുഖ്യപ്രഭാഷകനായിരിക്കും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, റീജിയൺ, പ്രൊവിൻസ്, ഫോറംസ് നേതാക്കന്മാരെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കലാസാംസ്കാരിക നായകന്മാരും ഇതിൽ പങ്കെടുക്കും.
ഈ മാസം 30ന് വൈകുന്നേരം ഇന്ത്യൻ സമയം വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന കേരളപ്പിറവി ആഘോഷത്തിൽ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ അവതരിപ്പിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കുന്ന ഈ കലാസാംസ്കാരികവേദിയുടെ പതിനെട്ടാം സമ്മേളനമാണ് കേരളപ്പിറവിയായി ആഘോഷിക്കുന്നത്.
ഈ കലാസാംസ്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്നു കൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
|
യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എംപി നിർവഹിച്ചു
ലണ്ടൻ: 2025ലെ യുക്മ കലണ്ടറിന്റെ പ്രകാശന കർമം ആഷ്ഫോർഡ് എംപി സോജൻ ജോസഫ് യുക്മ ദേശീയ കലാമേള ഉദ്ഘാടന വേദിയിൽ വച്ച് നിർവഹിച്ചു. മുൻ വർഷങ്ങളിലേത് പോലെ വിവിധ കളറിൽ അതിമനോഹരമായാണ് ഇക്കുറിയും യുക്മ കലണ്ടർ തയാറാക്കിയിരിക്കുന്നത്.
കലണ്ടർ സൌജന്യമായി ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് തികച്ചും സൗജന്യമായി കലണ്ടർ ഭവനങ്ങളിൽ എത്തിച്ച് തരുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, ദ ടിഫിൻ ബോക്സ്, ഫസ്റ്റ് കോൾ നോട്ടിംഗ്ഹാം, ട്യൂട്ടർ വേവ്സ്, ലവ് ടു കെയർ, മുത്തൂറ്റ് ഗ്രൂപ്പ്, ഗ്ലോബൽ സ്റ്റഡി ലിങ്ക് എന്നീ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളാണ് യുക്മ കലണ്ടർ സ്പോൺസർ ചെയ്തിരിക്കുന്നത്.
കലണ്ടർ ലഭിക്കുന്നതിന് വേണ്ടിയുള്ള ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSfI9YQgxuOs6Fy1JU92BbJc0tRpCpgg4g8ihVDM6Ci8zdmYVg/viewform
|
മാർപാപ്പയുമായി മാർത്തോമ്മാ സിനഡ് പ്രതിനിധി സംഘം വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി
റോം: സഭൈക്യ ബന്ധത്തിൽ പരസ്പരം ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയും ആഗോള കത്തോലിക്കാ സഭയും. ഇരു സഭകളും തമ്മിൽ കഴിഞ്ഞ വർഷം ആരംഭിച്ച ഡയലോഗ് മീറ്റിംഗിന്റെ തുടർച്ചയായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളെ കൂടി കാഴ്ചയ്ക്കായി ഫ്രാൻസിസ് മാർപാപ്പ ക്ഷണിച്ചത് അനുസരിച്ചാണ് എപ്പിസ്കോപ്പൽ സിനഡ് പ്രതിനിധികളായി എട്ട് പിതാക്കന്മാർ റോമിൽ എത്തിച്ചേർന്നത്.
തിങ്കളാഴ്ച ഒരു മണിക്കുർ മീറ്റിംഗിൽ എപ്പിസ്കോപ്പൽ പ്രതിനിധി സംഘം മാർപാപ്പയുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തി. മലങ്കര മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ നിർദേശപ്രകാരം ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപോലീത്തയാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്.
തിരുവനന്തപുരം കൊല്ലം ഭദ്രാസന അധിപനും സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റുമായ ഡോ. ഐസക്ക് മാർ ഫീലക്സിനോസ്, നോർത്ത് അമേരിക്കൻ ഭദ്രാസന അധിപനും അഖില ലോക സഭാ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ ഡോ. ഏബ്രഹാം മാർ പൗലോസ്, കുന്നംകുളം മലബാർ ഭദ്രാസന അധിപനും സൺഡേസ്കൂൾ സമാജം പ്രസിഡന്റുമായ ഡോ. മാത്യൂസ് മാർ മക്കാറിയോസ്,
കൊട്ടാരക്കര പുനലൂർ ഭദ്രാസന അധിപനും സേവികാ സംലം പ്രസിഡന്റുമായ ഡോ. തോമസ് മാർ തിത്തോസ്, ഡൽഹി ഭദ്രാസന അധിപൻ സഖറിയാസ് മാർ അപ്രേം, യുകെ യൂറോപ്പ് ആഫ്രിക്ക മുബൈ ഭദ്രാസനങ്ങളുടെ അധിപൻ ഡോ. ജോസഫ് മാർ ഇവാനിയോസ്, അടൂർ ഭദ്രാസന അധിപനും സന്നദ്ധ സുവിശേഷക സംഘം പ്രസിഡന്റുമായ മാത്യൂസ് മാർ സെറാഫിം എന്നിവർ ഉൾപ്പെടുന്നതാണ് എട്ടംഗ എപ്പിസ്കോപ്പൽ പ്രതിനിധി സംഘം.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒപ്പം പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി, ഡിക്കാസ്റ്ററെ ഫോർ പ്രൊമോട്ടിംഗ് ക്രിസ്റ്റ്യൻ യൂണിറ്റി എന്നിവടങ്ങളിൽ നടത്തപ്പെടുന്ന പ്രത്യേക മീറ്റിംഗുകളിലും എപ്പിസ്കോപ്പൽ പ്രതിനിധി സംഘം സംബന്ധിക്കുന്നുണ്ട്.
|
സ്കോട്ലൻഡിൽ ബെന്യാമിനുമായി സംവാദസദസ് ഒരുക്കി കൈരളി
എഡിൻബറ: കഥാകൃത്ത് ബെന്യാമിൻ പങ്കെടുത്ത സംവാദസദസ് സ്കോട്ലൻഡ് തലസ്ഥാനമായ എഡിൻബറയിൽ നടന്നു. യൂണിവേഴ്സിറ്റി ഓഫ് എഡിൻബറയിൽ നടന്ന ചർച്ചകൾക്ക് കൈരളി യുകെ എഡിൻബറ യൂണിറ്റ് സെക്രട്ടറി പ്രവീൺ ചെറിയാൻ അശോക് മോഡറേറ്റർ ആയിരുന്നു.
സംവാദത്തിൽ ചരിത്രകാരൻ മഹമൂദ് കൂരിയ, സിനിമ സംവിധായകൻ ആൽവിൻ ഹെൻറി, സിനിമ നിർമാതാവ് രാജേഷ് കൃഷ്ണ, കൈരളി യുകെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് എന്നിവർ പങ്കെടുത്തു.
വിദ്യാർഥികളും സാഹിത്യ സിനിമ പ്രേമികളും ഉൾപ്പടെ പങ്കെടുത്ത ചർച്ച ആടുജീവിതം മുതൽ ലോക സാഹിത്യ രാഷ്ട്രീയ സംഭവവികാസങ്ങൾ വിശകലനം ചെയ്തു. പരിപാടിയുടെ വിജയത്തിന് സഹായിച്ച എല്ലാവർക്കും കൈരളി യുകെ എഡിൻബറ യൂണിറ്റ് നന്ദിയറിയിച്ചു.
|
ബ്രിട്ടീഷ് എഴുത്തുകാരിക്ക് ബുക്കർ പുരസ്കാരം
ലണ്ടൻ: ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേക്ക് 2024 ലെ ബുക്കർ പുരസ്കാരം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥ പറയുന്ന ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലാണ് പുരസ്കാരത്തിന് അർഹമായത്.
ഭൂമിക്കും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്കായി പുരസ്കാരം സമർപ്പിക്കുകയാണെന്ന് സാമന്ത പറഞ്ഞു. 50,000 പൗണ്ടാണ് (ഏകദേശം 53 ലക്ഷം രൂപ) അവാർഡ് തുക. 2019നു ശേഷം ബുക്കർ സമ്മാനം നേടുന്ന ആദ്യവനിതയും 2020നു ശേഷം പുരസ്കാരം നേടുന്ന ആദ്യ ബ്രിട്ടീഷ് എഴുത്തുകാരിയുമാണ് സാമന്ത.
യുഎസ്, ഇറ്റലി, റഷ്യ, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള ആറു രാജ്യാന്തര ബഹിരാകാശനിലയ യാത്രികർ ഒറ്റദിവസത്തിൽ 16 സൂര്യാദോയങ്ങൾക്കും അസ്തമയത്തിനും സാക്ഷിയാകുകയും ഭൂഗോളത്തിന്റെ സൗന്ദര്യത്തിൽ ഭ്രമിക്കുകയും ചെയ്യുന്ന കഥയാണ് ഓർബിറ്റൽ.
|
വിമാനം ആകാശച്ചുഴിയിൽ വീണ് 11 പേർക്കു പരിക്ക്
ഫ്രാങ്ക്ഫർട്ട്: അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽനിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കു സഞ്ചരിക്കുകയായിരുന്ന ലുഫ്താൻസയുടെ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 11 യാത്രക്കാർക്കു പരിക്കേറ്റു.
അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിൽ ഇന്റർട്രോപ്പിക്കൽ കൺവർജൻസ് സോണിൽവച്ചായിരുന്നു സംഭവം. ലുഫ്താൻസയുടെ എൽഎച്ച്511 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ബോയിംഗ് 7478 വിഭാഗത്തിൽപ്പെടുന്ന വിമാനത്തിൽ 329 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ഇവരിൽ ആറു ജീവനക്കാർക്കും അഞ്ചു യാത്രക്കാർക്കും പരിക്കേറ്റതായും ആരുടെയും പരിക്കുകൾ സാരമുള്ളതായിരുന്നില്ലെന്നും കമ്പനി വക്താവ് അറിയിച്ചു. പരിക്കറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കി.
ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.53ന് മുൻനിശ്ചയിച്ച പ്രകാരം തന്നെ വിമാനം ഫ്രാങ്ക്ഫർട്ടിൽ ലാൻഡ് ചെയ്തു.
|
നെഹ്റുവിയൻ ചിന്തകളുടെ പ്രസക്തി: ഒഐസിസി സംഘടിപ്പിക്കുന്ന ചർച്ച ഇന്ന്
കവൻട്രി: "ഇന്നത്തെ ഇന്ത്യയിൽ നെഹ്റുവിയൻ ചിന്തകളുടെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുകെ ഘടകം ചർച്ച സംഘടിപ്പിക്കുന്നു.
കവൻട്രിയിലെ ടിഫിൻ ബോക്സ് റസ്റ്റോറന്റിൽ ഇന്ന് വെെകുന്നേരം ആറിന് ആരംഭിക്കുന്ന ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ ജയശങ്കർ, കേബ്രിഡ്ജ് മേയറും അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു ജവഹർലാൽ നെഹ്റുവിന്റെ മതേതരത്വം, സമാധാനം, ദാർശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളിലെ ചിന്തകൾ ഇന്ന് ഇന്ത്യയിൽ എങ്ങനെ പ്രയോഗിക്കാമെന്നും അതിന്റെ പ്രാധാന്യം എത്രത്തോളം ആണെന്നും പരിശോധിക്കുക എന്നതാണ് ചർച്ചയുടെ ഉദ്ദേശം.
യുകെയിലെ ഹാരോ സ്കൂളിലും കേംബ്രിഡ്ജ് ട്രിനിറ്റി കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ നെഹ്റുവിന്റെ ചിന്താധാരകൾ യുകെയിൽ തന്നെ പ്രഭാഷണ വിഷയമാകുക ഏറെ പ്രത്യേകത ഉളവാക്കുന്നതാണ്.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്നും കാലിക പ്രസക്തമായ വിഷയം പ്രതിബാദിക്കുന്ന ചർച്ചയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഒഐസിസി യുകെ നാഷനൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.
|
ഇസ്രയേല്‍ വിരുദ്ധര്‍ ആംസ്റ്റർഡാമില്‍ ട്രെയ്നിനു തീയിട്ടു
ആംസ്റ്റർഡാം: നെതര്‍ലന്‍ഡ്സില്‍ ഇസ്രയേല്‍വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി. പ്രക്ഷോഭകര്‍ ട്രെയ്നിനു തീയിട്ടു. ഇവര്‍ പലസ്തീന്റെ പതാകയും ഉയര്‍ത്തി.
പടക്കം കത്തിച്ച് കാറുകള്‍ക്കു നേരേ എറിയുന്ന സംഭവം പലയിടത്തും റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റേണ്‍ ആംസ്റ്റര്‍ഡാമില്‍ ഡസന്‍കണക്കിന് യുവാക്കളാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്.
പലസ്തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യമാണ് ഇവര്‍ ഉയര്‍ത്തിയത്. പോലീസ് ഇവരെ ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുകയായിരുന്നു. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
|
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്റെ പാരിഷ് ഡേ ആഘോഷം ഗംഭീരമായി
ഗ്ലോസ്റ്റര്‍: ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് മിഷന് പാരിഷ് ഡേ ആഘോഷം വര്‍ണാഭമായി. രാവിലെ ഒക്ലാന്‍ഡ്സ് സ്നൂക്കേഴ്സ് ക്ലബില്‍ 11ന് വിശുദ്ധ കുര്‍ബാനയോടെ ഇടവകദിന പരിപാടികള്‍ക്ക് തുടക്കമായി.
വികാരി ഫാ. ജിബിന്‍ പോള്‍ വാമറ്റത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പാട്ടുകുര്‍ബാന നടന്നു. ശേഷം നടന്ന പൊതുസമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപത വൈസ് ചാന്‍സലര്‍ ഫാ. ഫാന്‍സ്വാ പത്തില്‍ മുഖ്യ അതിഥിയായിരുന്നു.
യോഗത്തില്‍ എസ്എംസിസി ട്രസ്റ്റി ബാബു അളിയത്ത് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നടന്ന അധ്യക്ഷ പ്രസംഗത്തില്‍ വികാരി ഫാ. ജിബിന്‍ പോള്‍ വാമറ്റത്തില്‍ ഇടവക അംഗങ്ങളുടെ കൂട്ടായ്മയുടെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു.
ഒറ്റയ്ക്കാണെങ്കില്‍ എപ്പോഴും ബുദ്ധിമുട്ടാണെന്നും രണ്ടു പേര് ചേര്‍ന്നാല്‍ നമുക്ക് എതിര്‍ത്ത് നില്‍ക്കാനാവുമെന്നും മൂന്നുപേര്‍ ചേര്‍ന്നാല്‍ നമുക്ക് എന്തിനെയും നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവുമുണ്ടാകുമെന്നും ഫാദര്‍ ഏവരേയും ഓര്‍മിപ്പിച്ചു.
ഒരുമിച്ച് നിന്നാല്‍ നമ്മളെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും ദൈവ വചനത്തെ ആസ്പദമാക്കി അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രസംഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതാ വൈസ് ചാന്‍സലര്‍ ഫാ. ഫാന്‍സ്വാ പത്തില്‍ സംസാരിച്ചു.
ഫാ ഫാന്‍സ്വാപത്തിലും ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലും ട്രസ്റ്റിമാരായ ബാബു അളിയത്തും ആന്റണി ജെയിംസും വേദപാഠം ഹെഡ്ടീച്ചര് ലൗലി സെബാസ്റ്റ്യനും കാറ്റികിസം പ്രതിനിധയായി രജ്ഞിത മൈക്കിളും വുമണ്‍സ് ഫോറം പ്രസിഡന്റ് ജിനു ബോബി, യൂത്ത് കോഓര്‍ഡിനേറ്റര്‍ ദിയ ബിനോയ്, ചെറുപുഷ്പമിഷന്‍ ലീഗിന്റെ പ്രസിഡന്റ് എഡ്വിന് ജെഗിയും ചേര്‍ന്ന് രണ്ടാം ഇടവകാദിന ആഘോഷം ഉദ്ഘാടനം ചെയ്തു.
ജിസിഎസ്ഇ എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. ഒപ്പം ബൈബിള്‍ കലോത്സവത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനവും പങ്കെടുത്തവര്‍ക്കുള്ള മെഡലുകളും നല്കി.
വേദപാഠ പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയവര്‍ക്കും ഏറ്റവും അധികം അറ്റന്‍ഡന്‍സ് ഉള്ളവര്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പൊതുയോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും ട്രസ്റ്റി ആന്റണി ജെയിംസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് വേദിയില്‍ മനോഹരമായ കലാ വിസ്മയങ്ങള്‍ അരങ്ങേറി. 30 ഓളം കലാ പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്. വൈകീട്ട് ഏഴു മണിവരെ നീണ്ട പരാപിടികള്‍ ചിട്ടയായി അവതരിപ്പിച്ചു.
പാട്ടും നൃത്തവും നാടകവും ഒക്കെയായി ഒട്ടേറെ മികവുറ്റപരിപാടികളാണ് വേദിയില്‍ എത്തിയത്. ഉച്ചയ്ക്ക് രുചികരമായ ഭക്ഷണം ഒരുക്കിയിരുന്നു.
വിവിധ ഫാമിലി യൂണിറ്റുകളുടെ പരാപാടികളും ബൈബിള്‍ കലോത്സവത്തില്‍ സമ്മാനം നേടിയ പ്രോഗ്രാമുകളും യുവാക്കളുടേയും മറ്റ് അംഗങ്ങളുടേയും ഹൃദ്യമായ പരിപാടികളാണ് വേദിയെ കീഴടക്കിയത്. ഫാമിലി യൂണിറ്റിന്റെ സ്കിറ്റും ശ്രദ്ധേയമായി.
അവസാനമായി ഫാ. ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ സംഘം അവതരിപ്പിച്ച മോഡേണ്‍ ഒപ്പനയിലൂടെയാണ് പരിപാടി അവസാനിപ്പിച്ചത്. രാത്രി ഏഴു വരെ പരിപാടികള്‍ നീണ്ടു.
ഗോസ്റ്റര്‍ സീറോ മലബാര്‍ സമൂഹത്തെ സംബന്ധിച്ച് മിഷന് ആയ ശേഷമുള്ള ആദ്യത്തെ ഇടവകാദിന ആഘോഷമാണ് അരങ്ങേറിയത്. ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ മികച്ച ഒരുക്കങ്ങളാണ് നടത്തിയിരുന്നത്.
ബിജോയുടെ നേതൃത്വത്തില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഒരുക്കിയിരുന്ന മനോഹരമായ ഘഋഉ വാള് പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. ജൂബി ബിജോയ്, രഞ്ജിത മൈക്കിള്‍, ലിയ ബിജു, ഏബല്‍ ജോജിന്‍ എന്നിവര്‍ അവതാരകരായിരുന്നു .
|
മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു
ലണ്ടൻ: മലയാളി യുവതി യുകെയിൽ അന്തരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനി നിർമല നെറ്റോ (37) ആണ് മരിച്ചത്. കാൻസർ രോഗബാധിതയായിരുന്നു
2017ലാണ് നിര്‍മല യുകെയിലെത്തിയത്. അവിവാഹിതയാണ്. പരേതനായ ലിയോ, മേരിക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ. സഹോദരി: ഒലിവിയ.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
|
റോമിൽ പക്ഷി ഇടിച്ച് വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
റോം: റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഹൈനാൻ എയർലൈൻസ് വിമാനത്തിന് പക്ഷി ഇടിച്ചതിനെത്തുടർന്നു തീപിടിച്ചു.
265 പേരുമായി ചൈനയിലെ ഷെൻഷെനിലേക്കു പോവുകയായിരുന്നു ഡ്രീംലൈനർ 7879 വിമാനം. പക്ഷി ഇടിച്ചതിനെത്തുടർന്ന് എഞ്ചിൻ തകരാറിലായി തീപിടിക്കുകയായിരുന്നു.
ഇന്ധനം കടലിൽ ഒഴുക്കിയശേഷം വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിലെ 249 യാത്രക്കാർക്കും 16 ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു.
നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്താൻ സമഗ്രമായ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.
|
വാട്ടർഫോർഡിൽ ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ് ശനിയാഴ്ച
ഡബ്ലിൻ: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച (നവംബർ 16) ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ് നടക്കും. വാട്ടർഫോർഡ് ബാലിഗണർ ജിഎഎ ക്ലബിൽ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് മത്സരം.
ആയിരം യൂറോയാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനം നേടുന്നയാൾക്ക് 500 യൂറോയും മൂന്നാം സ്ഥാനക്കാരന് 250 യൂറോയും ലഭിക്കും. വാട്ടർഫോർഡിൽ നടക്കുന്ന ഓൾ അയർലൻഡ് റമ്മി ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: നിർമൽ അലക്സ് 08946 68655, അനൂപ് ജോൺ 08726 58072, വിൻസ് ജോസ് 08924 81562, ജിബിൻ ആന്റണി 08320 13244, നീതു 08943 48305, രാഹുൽ 08927 40770.
|
സിനഡാലിറ്റിയും എക്യുമെനിസവും അവിഭാജ്യം: മാർപാപ്പ
വത്തിക്കാൻ: സഭൈക്യ സംഭാഷണത്തിനായി വത്തിക്കാനിലെത്തിയ മാർത്തോമ്മ സഭാ സിനഡിലെ മെത്രാപ്പോലീത്തമാരുടെ എട്ടംഗസംഘം ഇന്നലെ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു.
കത്തോലിക്കാസഭയും മാർത്തോമ്മ സഭയും തമ്മിലുളള സഭൈക്യ സംഭാഷണത്തിന്റെ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തിയ മാർപാപ്പ, സിനഡാലിറ്റിയും എക്യുമെനിസവും ക്രൈസ്തവസാക്ഷ്യത്തിന് കൂടിയേതീരൂ എന്നു പ്രസ്താവിച്ചു.
പാശ്ചാത്യ, പൗരസ്ത്യ സഭകളെ കൂട്ടിയിണക്കുന്ന പാലമാണു മാർത്തോമ്മ സഭയെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം വത്തിക്കാൻ സൂനഹദോസിൽ മാർത്തോമ്മ സഭയുടെ പീലിപ്പോസ് മാർ ക്രിസോസ്റ്റം നിരീക്ഷകനായി പങ്കെടുത്തതും 2022ൽ രണ്ടു സഭകളും തമ്മിൽ ചർച്ചകൾ ആരംഭിച്ചതും മാർപാപ്പ അനുസ്മരിച്ചു.
കഴിഞ്ഞ ഡിസംബറിൽ കേരളത്തിൽ ഈ ചർച്ച തുടർന്നു. അടുത്ത ചർച്ച ഏതാനും ആഴ്ചകൾക്കുള്ളിൽ വീണ്ടും നടക്കും. സിനഡാലിറ്റിയും പ്രേഷിതദൗത്യവും ഇരുസഭകൾക്കും ഒന്നിക്കാവുന്ന മേഖലകളാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
പ്രേഷിത പ്രവർത്തനത്തെക്കുറിച്ചുള്ള ഒരു എക്യുമെനിക്കൽ സിനഡ് സമ്മേളിക്കുന്നതിനെപ്പറ്റി അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. ഒന്നിച്ച് സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർഥന ചൊല്ലിയാണ് കൂടിക്കാഴ്ച അവസാനിച്ചത്.
|
അഞ്ഞൂറിലധികം നഴ്സുമാരെ ജർമനിയിലെത്തിച്ചത് ആഘോഷമാക്കി നോർക്ക
തിരുവനന്തപുരം: അഞ്ഞൂറിലധികം നഴ്സുമാരെ ജർമനിയിലെത്തിച്ചത് ആഘോഷമാക്കി നോർക്ക. നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള പദ്ധതി വഴി 528 നഴ്സുമാരെയാണ് ജർമനിയിലെത്തിച്ചത്. ജർമൻ ഓണററി കോൺസൽ സംഘടിപ്പിച്ച ജർമൻ ഐക്യദിനത്തിനും ബെർലിൻ മതില് പതനത്തിന്റെ 35ാം വാർഷികാഘോഷ ചടങ്ങിനുമൊപ്പമായിരുന്നു 500 പ്ലസ് ആഘോഷപരിപാടി.
നോര്‍ക്ക റൂട്ട്സിന്റെ മികച്ച പിന്തുണയാണ് പദ്ധതിയുടെ വിജയത്തിനു പിന്നിലെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ബംഗലൂരുവിലെ ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ അച്ചിം ബുകാർട്ട് പറഞ്ഞു. രണ്ടുവര്‍ഷത്തിനുള്ളില്‍ മികച്ച നേട്ടം കൈവരിക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗോയ്ഥേ സെന്ററിനേയും ബന്ധപ്പെട്ട എല്ലാവരേയും അഭിനന്തിക്കുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
2021 ഡിസംബറില്‍ ഒപ്പിട്ട ട്രിപ്പിള്‍ വിന് കേരള പദ്ധതിയുടെ ഭാഗമായി ഇതുവരെ 528 നഴ്സുമാര്‍ക്കാണ് ജര്‍മനിയിലെ 12 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ രജിസ്ട്രേഡ് നഴ്സ് തസ്തികയില്‍ നിയമനം ലഭിച്ചത്. അഞ്ചുഘട്ടങ്ങളിലായി തെരഞ്ഞെടുത്ത 1400 പേരില്‍ ജര്‍മന്‍ ഭാഷാപരിശീലനം തുടരുന്നവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജര്‍മനിയിലേയ്ക്ക് തിരിക്കും.
കേരളത്തില്‍ നിന്നുളള നഴ്സിംഗ് പ്രഫഷണലുകള്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരമൊരുക്കുന്നതിനായി നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോഓപ്പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള.
|
ആദർശ് ശാസ്ത്രിക്ക് അയർലൻഡിൽ സ്വീകരണം നൽകി
ഡബ്ലിൻ: മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകനും കോൺഗ്രസ് വക്താവുമായ ആദർശ് ശാസ്ത്രിക്ക് ഡബ്ലിനിൽ ഐഒസി, ഒഐസിസി, കെഎംസിസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ മോർഗൻ ഹോട്ടലിൽ സ്വീകരണം നൽകി.
സ്വീകരണത്തിന് ആദർശ് ശാസ്ത്രി മറുപടി പറഞ്ഞു. കേരളത്തിൽ നിന്നും ജനവിധി തേടുന്ന പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ, രമ്യ ഹരിദാസ് എന്നിവരെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് ആദർശ് ശാസ്ത്രി അഭ്യർഥിച്ചു.
യോഗത്തിൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഗുരുഷരൺ സിംഗ്, വൈസ് പ്രസിഡന്റ് സാൻജോ മുളവരികൽ, ജോസഫ് തിറയിൽ, വിശാഖ് ആലപ്പുഴ, രാഹുൽ ശർമ, മുഹമ്മദ് ആഷിഖ്, അപൂർവ, നജ്മൽ തുടങ്ങിയവർ സംസാരിച്ചു.
|
ഇപ്സ്വിച്ചിൽ കേരള പിറവി ദീപാവലി ആഘോഷങ്ങൾ വർണാഭമായി
ഇപ്സ്വിച്ച്: കേരള കൾച്ചറൽ അസോസിയേഷന്റെയും(കെസിഎ) കെസിഎസ്എസിന്റെയും നേതൃത്വത്തിൽ സംയുക്തമായി സംഘടിപ്പിച്ച കേരള പിറവിയും ദീപാവലിയും ഗംഭീരമായ ആഘോഷമാക്കി ഇപ്സ്വിച്ചിലെ മലയാളി സമൂഹം.
പ്രവാസി ജീവിതത്തിൽ നാടിന്റെ നന്മകളെ ചേർത്ത് പിടിക്കുന്നതും ഗൃഹാതുര സ്മരണകളുണർത്തുന്നതുമായി ആഘോഷങ്ങൾ മാറി. സെന്റ് അഗസ്റ്റിൻസ് ഹാളിൽ വേദിയൊരുങ്ങിയ പരിപാടിയിൽ നിരവധി ആളുകൾ പങ്കുചേർന്നു.
ചടങ്ങിൽ വി. സിദ്ദിഖ് സന്ദേശം നൽകി. കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച മികവുറ്റ കലാപരിപാടികൾ ആഘോഷത്തിന് കൊഴുപ്പേകി. വർണശബളമായ ആകാശദീപ കാഴ്ചകളുടെ അകമ്പടിയോടെ ആണ് ആഘോഷങ്ങൾ അരങ്ങേറിയത്.
നാടൻ തട്ടുകട വിഭവങ്ങൾ മുതൽ ഫൈവ് സ്റ്റാർ ഡിസേർട്ട് വരെയടങ്ങിയ വിഭവസമൃദ്ധവും വ്യത്യസ്ത രുചിക്കൂട്ടുകളും അടങ്ങിയ ഡിന്നർ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായി.
കെസിഎ ക്രിസ്മസ് ആഘോഷത്തിൽ കേക്കുണ്ടാക്കുന്നതിന്റെ പ്രാരംഭമായി നടത്തിയ കേക്ക് മിക്സിംഗ് പ്രദർശനവും പരിശീലനവും ഏവരുടെയും പങ്കാളിത്തം കൊണ്ട് സൗഹൃദവേദിയുയർത്തുകയും പുത്തൻ അനുഭവം ആകുകയും ചെയ്തു.
സ്റ്റാർ ഹോട്ടലുകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള കേക്ക് മിക്സിംഗിൽ നേരിട്ട് കാണുവാനും പങ്കാളികളാകുവാനും സാധിച്ചത് വേദിയിൽ ആവേശമുയർത്തി. ആഘോഷത്തിനൊപ്പം മലയാളി സമൂഹത്തിന്റെ ഒത്തുചേരലിനും ഐക്യത്തിനുമാണ് കെസിഎയുടെ ആഘോഷങ്ങൾ വേദിയൊരുക്കിയത്.
മോർട്ട്ഗേജ് ആൻഡ് പ്രൊട്ടക്ഷൻ അഡ്വൈസേഴ്സായ സ്റ്റെർലിംഗ് സ്ട്രീറ്റായിരുന്നു പരിപാടിയുടെ സ്പോൺസേഴ്സ്. കെസിഎ പ്രസിഡന്റ് വിനോദ് ജോസ്, വൈസ് പ്രസിഡന്റ് ഡെറിക്, സെക്രട്ടറി ജിജു ജോർജ്, കോഓർഡിനേറ്റർ വിത്സൻ, ട്രഷറർ നജിം, പിആർഒ സാം ജോൺ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
|
മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്കായി മാർത്തോമ്മാ സിനഡ് പ്രതിനിധി സംഘം വത്തിക്കാനിൽ
റോം: സഭൈക്യ ബന്ധത്തിൽ പരസ്പരം ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയും ആഗോള കത്തോലിക്കാ സഭയും.
ഇരുസഭകളും തമ്മിൽ കഴിഞ്ഞ വർഷം ആരംഭിച്ച ഡയലോഗ് മീറ്റിംഗിന്റെ തുടർച്ചയായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളെ കൂടിക്കാഴ്ചയ്ക്കായി ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ക്ഷണിച്ചത് അനുസരിച്ചാണ് എപ്പിസ്കോപ്പൽ സിനഡ് പ്രതിനിധികളായി എട്ട് പിതാക്കൻമാർ റോമിൽ എത്തിച്ചേർന്നത്.
തിങ്കളാഴ്ച രാവിലെ എട്ടു മുതൽ ക്രമീകരിച്ചിരിക്കുന്ന ഒരു മണിക്കുർ മീറ്റിംഗിൽ എപ്പിസ്കോപ്പൽ പ്രതിനിധി സംഘം മാർപാപ്പയുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തും. മലങ്കര മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നിർദേശപ്രകാരം ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലീത്തയാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്.
തിരുവനന്തപുരം കൊല്ലം ഭദ്രാസന അധിപനും സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റുമായ ഡോ. ഐസക്ക് മാർ ഫീലക്സിനോസ്, നോർത്ത് അമേരിക്കൻ ഭദ്രാസന അധിപനും അഖില ലോക സഭാ കൗൺസിൽ എക്സികുട്ടീവ് കമ്മറ്റി അംഗവുമായ ഡോ. ഏബ്രഹാം മാർ പൗലോസ്, കുന്നംകുളം മലബാർ ഭദ്രാസന അധിപനും സൺഡേസ്കൂൾ സമാജം പ്രസിഡന്റുമായ ഡോ. മാത്യൂസ് മാർ മക്കാറിയോസ്,
കൊട്ടാരക്കര പുനലൂർ ഭദ്രാസന അധിപനും സേവികാ സംലം പ്രസിഡന്റുമായ ഡോ. തോമസ് മാർ തിത്തോസ്, ഡൽഹി ഭദ്രാസന അധിപൻ സഖറിയാസ് മാർ അപ്രേം, യുകെ യൂറോപ്പ് ആഫ്രിക്ക, മുബൈ ഭദ്രാസനങ്ങളുടെ അധിപൻ ഡോ. ജോസഫ് മാർ ഇവാനിയോസ്, അടൂർ ഭദ്രാസന അധിപനും സന്നദ്ധ സുവിശേഷക സംഘം പ്രസിഡന്റുമായ മാത്യൂസ് മാർ സെറാഫിം എന്നിവർ ഉൾപ്പെടുന്നതാണ് എട്ടംഗ എപ്പിസ്കോപ്പൽ പ്രതിനിധി സംഘം.
മാർപാപ്പയുമായുള്ള കൂടികാഴ്ചയ്ക്ക് ഒപ്പം പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി, ഡിക്കാസ്റ്ററെ ഫോർ പ്രൊമോട്ടിംഗ് ക്രിസ്റ്റ്യൻ യൂണിറ്റി എന്നിവടങ്ങളിൽ നടത്തപ്പെടുന്ന പ്രത്യേക മീറ്റിംഗുകളിലും എപ്പിസ്കോപ്പൽ പ്രതിനിധി സംഘം സംബന്ധിക്കുന്നുണ്ട്.
രണ്ടാം വത്തിക്കാൻ കൗൺസിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു അതിനു ശേഷം ആദ്യമായാണ് ഇരുസഭകളും തമ്മിൽ ഔദ്യോഗികമായ കൂടികാഴ്ചകൾക്കും ചർച്ചകൾക്കും വേദി ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.
വത്തിക്കാനിലെ ഔദ്യോഗിക അതിഥി മന്ദിരമായ സാന്താ മാർത്തയിൽ ആണ് എപ്പിസ്കോപ്പൽ സംഘം താമസിച്ച് ഒരാഴ്ച നീളുന്ന വ്യത്യസ്ത പരിപാടികളിൽ പങ്കെടുക്കുന്നത്.
|
ദൈവശാസ്ത്ര ക്വിസ് മത്സരം: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ദൈവശാസ്ത്ര ക്വിസ് മത്സരങ്ങളുടെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു.
ഇടവക/ മിഷൻ/ പ്രൊപ്പോസഡ് മിഷൻ തലത്തിൽ നടന്ന വാശിയേറിയ മത്സരങ്ങൾക്ക് ശേഷം റീജിയണൽ തലങ്ങളിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കൊടുവിലാണ് ഫൈനലിസ്റ്റുകളായി 40 കുടുംബങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്.
രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയിൽ ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തിൽ രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും സീറോമലബാർ സഭയുടെ ദൈവശാസ്ത്രം കൂടുതൽ ആഴത്തിൽ പഠിപ്പിക്കുവാനും സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൽ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ദൈവശാസ്ത്ര വർഷത്തിന്റെ സമാപനം കുറിക്കുന്ന നവംബർ 30ന് ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച് ലൈവ് ആയിട്ടാണ് നടക്കുക.
രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും നൽകും.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്കും ഫൈനലിസ്റ്റുകൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും ഉൾപ്പെടുത്തി നടക്കുന്ന പ്രാഥമിക എഴുത്തു മത്സരത്തിൽ വിജയികളാകുന്ന ആറ് ടീമുകളാണ് ലൈവ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്.
മത്സത്തിന്റെ ലൈവ് സംപ്രേക്ഷണം രൂപതയുടെ ഔദ്യോഗിക യുട്യൂബ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടിയും സംപ്രേക്ഷണം ചെയ്യും. 30ന് നടക്കുന്ന ക്വിസ് മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാതായി പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു അറിയിച്ചു.
|
പ്രളയം: വലൻസിയയിൽ ലക്ഷം പേരുടെ പ്രതിഷേധം
മാഡ്രിഡ്: വലൻസിയ പ്രളയത്തിൽ സ്പാനിഷ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കെതിരേ പടുകൂറ്റൻ പ്രതിഷേധ പ്രകടനം. ശനിയാഴ്ച വൈകുന്നേരം വലൻസിയ നഗരത്തിലെ തെരുവുകളിൽ നടന്ന പ്രകടനങ്ങളിൽ 1,30,000 പേർ പങ്കെടുത്തതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. വലൻസിയ സിറ്റി ഹാളിലെ കസേരകൾ പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. ഒക്ടോബർ 29ന് കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 223 പേരാണു മരിച്ചത്. 93 പേരെ ഇനിയും കണ്ടെത്താനുണ്ട്.
ചെളിയടിഞ്ഞ ആയിരക്കണക്കിനു വീടുകൾ വാസയോഗ്യമല്ലാതായി. പ്രളയം ആരംഭിച്ചു മണിക്കൂറുകൾ കഴിഞ്ഞാണ് വലൻസിയയിലെ പ്രാദേശിക ഭരണകൂടം ഇതുസംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
കഴിഞ്ഞയാഴ്ച പ്രളയമേഖല സന്ദർശിക്കാനെത്തിയ സ്പെയിനിലെ രാജാവ് ഫിലിപ്പിനും പ്രധാനമന്ത്രി പെദ്രോ സാഞ്ചസിനും നേർക്ക് ജനം ചെളിയെറിഞ്ഞിരുന്നു.
|
അയർലൻഡിൽ പൊതു തെരഞ്ഞെടുപ്പ് നവംബർ 29ന്
ഡബ്ലിൻ: അയർലൻഡിൽ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഐറിഷ് പാർലമെന്റിലേക്ക് നവംബർ 29 ന് തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി സൈമൺ ഹാരിസാണ് നിലവിലുള്ള മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതിനു മുൻപേ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രഖ്യാപനം നടത്തിയത്.
അയർലൻഡിൽ നിലവിൽ ഫിനഗേൽ, ഫിനഫോൾ, ഗ്രീൻ പാർട്ടി എന്നിവർ ചേർന്നുള്ള കൂട്ടുമന്ത്രിസഭയാണ് ഭരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനെത്തുടർന്ന് രാഷ്ട്രീയ പാർട്ടികൾ പ്രചാരണ പരിപാടികളിൽ സജീവമായി.
അടുത്തിടെ നടന്ന അഭിപ്രായ സർവേയിൽ ജനപിന്തുണയിൽ ഫിനഗേൽ പാർട്ടിക്കാണ് ഒന്നാം സ്ഥാനം. ഫിനാഫോൾ പാർട്ടി രണ്ടാമതും സിൻഫെയിൻ മൂന്നാം സ്ഥാനത്തുമാണുള്ളത്.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഒട്ടേറെ ജനക്ഷേമ പദ്ധതികളുമായുള്ള ബജറ്റാണ് കഴിഞ്ഞ മാസം പാർലമെന്റിൽ അവതരിപ്പിച്ചത്. ഇവ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷ പാർട്ടികൾ.
അനുകൂല രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് തെരെഞ്ഞെടുപ്പ് നേരത്തെ നടത്താൻ തീരുമാനിച്ചത്. മൊത്തം 174 അംഗങ്ങളെയാണ് പാർലമെന്റിലേക്കു തെരഞ്ഞെടുക്കുക.
88 അംഗങ്ങളുടെ പിന്തുണയുള്ളവർക്കു സർക്കാർ രൂപീകരിക്കാം. നവംബർ 16 വരെ നോമിനേഷനുകൾ സ്വീകരിക്കും. ഇത്തവണ മലയാളികളും തെരെഞ്ഞെടുപ്പിൽ മത്സരത്തിനുണ്ടാവും .
|
ജര്‍മന്‍ രാഷ്ട്രീയ സുനാമിയില്‍ ഭരണ മുന്നണി തകര്‍ന്നു
ബര്‍ലിന്‍: ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി ജര്‍മന്‍ സര്‍ക്കാരില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിച്ചു. ഇതോടെ ഭരണ മുന്നണി തകര്‍ന്നു. ട്രാഫിക് ലൈറ്റ് സഖ്യം ഇല്ലാതായതോടെ ജനുവരിയില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സര്‍ക്കാര്‍ ജനുവരിയില്‍ അവിശ്വാസ പ്രമേയം നേരിടും. ഇതില്‍ ഏറെക്കുറെ പരാജയം ഉറപ്പായ സാഹചര്യത്തില്‍ രാജ്യം ഇടക്കാല തെരഞ്ഞെടുപ്പിലേക്കാണ് നീങ്ങാനാണ് സാധ്യത.
ജനുവരി മധ്യത്തില്‍ പാര്‍ലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്നാണ് ഷോള്‍സിന്റെ പ്രഖ്യാപനം. മാര്‍ച്ചില്‍ തന്നെ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്.
നിയ ലിബറല്‍ പാര്‍ട്ടിയായ എഫ്ഡി പിയുടെ പ്രതിനിധിയും ധനമന്ത്രിയുമായ ക്രിസ്റ്റ്യൻ ലിന്‍ഡ്നറെ തല്‍സ്ഥാനത്തുനിന്ന് ഷോള്‍സ് പുറത്താക്കിയതോടെയാണ് മുന്നണിയിലെ തര്‍ക്കം വഷളായത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയാണ് ഷോള്‍സ്.
ഇവ രണ്ടും കൂടാതെ ഗ്രീന്‍ പാര്‍ട്ടി കൂടി ഉള്‍പ്പെടുന്നതായിരുന്നു ജര്‍മനിയിലെ ട്രാഫിക് ലൈറ്റ് സഖ്യം. ഇതില്‍ എസ് പി ഡിയും ഗ്രീനും ഇടതുപക്ഷ ചായ്വുള്ള പാര്‍ട്ടികളാണ്. ഇവര്‍ ആശയപരമായി സാമൂഹിക ക്ഷേമത്തിലും പരിസ്ഥിതി സംരക്ഷണത്തിലും വിശ്വസിക്കുമ്പോള്‍, വ്യാവസായിക ലോകത്തിന് അനുകൂലമാണ് എഫ് ഡി പിയുടെ പ്രഖ്യാപിത നയം.
സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ മുന്നണിയില്‍ ആശയപരമായ സംഘര്‍ഷങ്ങള്‍ പ്രകടമായിരുന്നു. ബജറ്റ് അടക്കമുള്ള സുപ്രധാന നയ സമീപനങ്ങളില്‍ ഇതു വലിയ തര്‍ക്കങ്ങള്‍ക്കും കാരണമായിരുന്നു.
എന്നാല്‍, ആശയ സംഘര്‍ഷം പൊതുജനമധ്യത്തിലെ വിഴുപ്പലക്കലുകളാകാതെ മൂന്നു പാര്‍ട്ടികളും പരമാവധി ശ്രദ്ധിച്ചിരുന്നു. കോവിഡ് മഹാമാരിയും റഷ്യയുടെ യുക്രെയ്ന് അധിനിവേശവും തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധിയും അടക്കം ജര്‍മനിയെ നേരിട്ടു ബാധിച്ച സുപ്രധാന വിഷയങ്ങളെ ഇതുവരെ ഒറ്റക്കെട്ടായി അഭിമുഖീകരിക്കാനും മുന്നണിക്കു സാധിച്ചിരുന്നു.
അതുകൊണ്ടു തന്നെയാണ്, ലിന്‍ഡ്നറെ പുറത്താക്കാനുള്ള തീരുമാനം ഷോള്‍സ് പ്രഖ്യാപിച്ചത് ജര്‍മനിക്കും യൂറോപ്പിനാകെയും ഞെട്ടലുണ്ടാക്കിയത്. വില കുറഞ്ഞ രാഷ്ട്രീയവും ഈഗോയിസ്റ്റിക് സമീപനവുമാണ് പുറത്താക്കലിനു കാരണമായി ഷോള്‍സ് ചൂണ്ടിക്കാണിച്ചത്.
ഇടക്കാല തെരഞ്ഞെടുപ്പിനെ എസ് പി ഡി അടക്കം ഇടതു ചായ്വുള്ള പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു. എന്നാല്‍, ജര്‍മനിയുടെ വിമോചനമാണ് മുന്നണി സര്‍ക്കാരിന്റെ തകര്‍ച്ചയിലൂടെ സാധ്യമായിരിക്കുന്നത് എന്നാണ് തീവ്ര വലതുപക്ഷ പ്രസ്ഥാനമായ എഎഫ്ഡി പ്രതികരിച്ചത്.
സര്‍ക്കാര്‍ ന്യൂനപക്ഷമായ പശ്ചാത്തലത്തില്‍, ബജറ്റ് പാസാക്കാന്‍ കണ്‍സര്‍വേറ്റീവ് നേതാവ് ഫ്രെഡറിക് മെര്‍സിന്റെ പിന്തുണ അഭ്യര്‍ഥിച്ചിരിക്കുകയാണ് ഷോള്‍സ്. 2025 തെരഞ്ഞെടുപ്പ് വര്‍ഷം തന്നെയായതിനാല്‍, ഏതാനും മാസങ്ങള്‍ക്കു വേണ്ടി പുതിയ മുന്നണി പരീക്ഷണങ്ങള്‍ക്ക് മുഖ്യധാരാ പാര്‍ട്ടികളൊന്നും ശ്രമിക്കാന്‍ സാധ്യതയില്ല.
|
യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്: ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്
ലണ്ടൻ: യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച യുക്മ ബംപർ ടിക്കറ്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ നവംബർ രണ്ടിന് യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടക്കെടുപ്പ് നടത്തി.
ഒന്നാം സമ്മാനമായ പതിനായിരം പൗണ്ട് റെഡിച്ചിലെ സുജിത്ത് തോമസിന് ലഭിച്ചു (ടിക്കറ്റ് നമ്പർ 06387). രണ്ടാം സമ്മാനം ഒരു പവൻ ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമും (ടിക്കറ്റ് നമ്പർ 01544 കരസ്ഥമാക്കി. രണ്ട് ഗ്രാം വീതം ഒരോ റീജണുകളിൽ നിന്നുമുള്ള നറുക്കെടുപ്പ് വിജയികളായവർ താഴെ പറയുന്നവരാണ്.
നോർത്ത് വെസ്റ്റ് റീജിയൻ ചാക്കോ (ടിക്കറ്റ് നമ്പർ 04715)
മിഡ്ലാൻഡ്സ് റീജിയൻ ഫിലിപ്പ് ലൂക്കോസ് (ടിക്കറ്റ് നമ്പർ 06009)
സൗത്ത് വെസ്റ്റ് റീജിയൻ സിജ്ന മേരി സാജു (ടിക്കറ്റ് നമ്പർ 01506)
ഈസ്റ്റ് ആംഗ്ലിയ റീജിയൻ അഭിജിത്ത് കൃഷണൻ (ടിക്കറ്റ് നമ്പർ 09176)
സൗത്ത് ഈസ്റ്റ് റീജിയൻ അലൻ (ടിക്കറ്റ് നമ്പർ 02308)
യോർക് ഷെയർ റീജിയൻ ഇർഷാദ് (ടിക്കറ്റ് നമ്പർ 03234)
മറ്റ് റീജിയണുകൾ നാഷണൽ ബാവ വാസു (ടിക്കറ്റ് നമ്പർ 09602).
വിജയികളെ യുക്മ ദേശീയ സമിതി അഭിനന്ദിച്ചു. വിജയികളായവർക്ക് യുക്മ അടുത്ത് തന്നെ സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ് എന്നിവർ അറിയിച്ചു.
|
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഒഐസിസി യുകെ
വയനാട്: കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരെഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി പ്രവാസ സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുകെ.
സംഘടനയുടെ അധ്യക്ഷ തന്നെ നേരിട്ടാണ് യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി മാത്രമാണ് ഒഐസിസി യുകെ പ്രവർത്തകർ യുകെയിൽ നിന്നും നാട്ടിലെത്തിയത്.
അധ്യക്ഷ ഷൈനു ക്ലയർ മാത്യൂസ്, സംഘടനയുടെ ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മാത്രമായി നാട്ടിലെത്തി മണ്ഡലങ്ങളിൽ സജീവമായത്.
തുടർന്ന് ഒഐസിസിയുടെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന കർമ്മസേനയ്ക്ക് രൂപം നൽകുകയും ചേലക്കരയിൽ നിന്നും പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. ഒഐസിസിയുടെ നാട്ടിലുള്ള മറ്റു പ്രവർത്തകരും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരെയും കൂട്ടിച്ചേർത്തുകൊണ്ട് വിവിധ മണ്ഡലങ്ങളിലായി 50 പേരടങ്ങുന്ന സംഘമായി കർമ്മസേന പിന്നീട് വിപുലീകരിച്ചു.
നേരത്തെ നാട്ടിൽ എത്തിയിരുന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ. ജോണും പ്രചരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ബഹുഭൂരിപക്ഷം പ്രവാസികൾക്കും നാട്ടിൽ വോട്ടവകാശമില്ലെങ്കിലും അവരുടെ ബന്ധുക്കളുടെ വോട്ടുകൾ പരമാവധി യുഡിഎഫ് സ്ഥാനർഥികൾക്ക് അനുകൂലമായി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒഐസിസി യുകെ പ്രചാരണ രംഗത്ത് സജീവമായത്.
മൂന്ന് യുഡിഫ് സ്ഥാനാർഥികൾക്ക് വേണ്ടിയും മണ്ഡലങ്ങളിലെ പല സ്ഥലങ്ങളിൽ ഗൃഹ സന്ദർശനം, വാഹന പര്യടനം എന്നിവ സംഘടിപ്പിച്ച ഒഐസിസി യുകെ കർമ്മ സേന, വിവിധ ഇടങ്ങളിൽ സ്ഥാനാർഥികളോടൊപ്പം പര്യടനങ്ങളിലും പങ്കാളികളുമായി. പ്രചരണത്തിനായി സ്ഥാനാർഥികളുടെ ചിത്രം അലേഖനം ചെയ്ത ടി ഷർട്ടുകളും തൊപ്പികളും ഒഐസിസി യുകെ രംഗത്തിറക്കിയിരുന്നു.
മൂന്ന് സ്ഥലങ്ങളിലായി സംഘടിപ്പിച്ച പ്രചാരണ സാമഗ്രികളുടെ പ്രകാശന ചടങ്ങിൽ എഐസിസി സെക്രട്ടറി വി.കെ. അറിവഴകൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ചാണ്ടി ഉമ്മൻ എംഎൽഎ, യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ. ഫിൽസൻ മാത്യൂസ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു.
ഒഐസിസി യുകെയെ പ്രതിനിധീകരിച്ച് നാഷണൽ പ്രസിഡന്റ് ഷൈനു ക്ലയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരും കർമസേന പ്രവർത്തകരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
കോൺഗ്രസ് പാർട്ടിയുടെയും യുഡിഎഫിന്റെയും മുതിർന്ന നേതാക്കളും പ്രചാരണ പ്രവർത്തനങ്ങളുടെ ചുമതലയും ഏകോപനവും വഹിക്കുന്ന വി.കെ. അറിവഴകൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ഫ്രാൻസിസ് ജോർജ് എംപി, ഡീൻ കുര്യാക്കോസ് എംപി, ഷാഫി പറമ്പിൽ എംഎൽഎ,
അഡ്വ. ടി സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, വി പി സജീന്ദ്രൻഅഡ്വ. ഫിൽസൻ മാത്യൂസ്, അഡ്വ. അനിൽ ബോസ്, മുഹമ്മദ് ഷിയാസ്, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവരുമായും ഒഐസിസി യുകെ സംഘം ആശയവിനിമയവും സംഘം നടത്തി.
യുകെയിൽ നിന്നും പ്രചാരണത്തിനായി എത്തിച്ചേർന്ന ഒഐസിസി യുകെ സംഘം നടത്തിയ പ്രവർത്തനം ശ്ലാഘനീയവും മാതൃകാപരമെന്നും നേതാക്കൾ പറഞ്ഞു.
ഷൈനു ക്ലയർ മാത്യൂസ് നേതൃത്വം നൽകിയ കർമ്മസേന സംഘത്തിൽ റോമി കുര്യാക്കോസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് വൈ.എ. റഹിം, കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവും അയർകുന്നം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ജയിംസ് കുന്നപ്പളളി,
അയർക്കുന്നം മണ്ഡലം പ്രസിഡന്റ് ജിജി നാകമറ്റം, അയർകുന്നം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബിനോയി നീറിക്കാട്, ബിജു മുകളേൽ, ബിനോയ് മാത്യു ഇടയലിൽ, കെഎസ്ആർടിസി വർക്കേഴ്സ് യൂണിയൻ മുൻ നേതാവ് ബേബി മുരിങ്ങയിൽ തുടങ്ങിയവരും അണിചേർന്നു.
ഒഐസിസി യുകെ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ. ജോണിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി.
|
ജര്‍മനിയിലെ ഓപ്പര്‍ച്യുണിറ്റി കാര്‍ഡിന് അപേക്ഷ നല്കിയവര് വളരെ കുറവ്; ഇന്ത്യക്കാര്‍ മുന്നില്‍
ബെര്‍ലിന്‍: ജര്‍മനിയില്‍ ഐടി മേഖലയില്‍ ജീവനക്കാരുടെ കുറവുണ്ടന്നുള്ള സത്യം ജര്‍മന്‍ ചാന്‍സലറും ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചപ്പോള്‍ സംഭവത്തിന്റെ കാര്യഗൗരവം വീണ്ടും വ്യക്തമാവുകയാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയുവിന് പുറത്ത് നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം വര്‍ധിപ്പിക്കുന്നതിനായി ജര്‍മനി ഈ വര്‍ഷം ആദ്യം ചാന്‍സന്‍കാര്‍ട്ടെ അല്ലെങ്കില്‍ "ഓപ്പര്‍ച്യുണിറ്റി കാര്‍ഡ്' വീസ അവതരിപ്പിച്ചത്.
എന്നാല്‍ ഇത് ഇതുവരെ ഇത് ജനപ്രിയമായിട്ടില്ല എന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (എസ്പിഡി), ഗ്രീന്‍സ്, ഫ്രീ ഡെമോക്രാറ്റുകള്‍ (എഫ്ഡിപി) എന്നിവരടങ്ങുന്ന ജര്‍മന്‍ സഖ്യ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ക്രമേണ വിദഗ്ധ തൊഴിലാളി നിയമങ്ങളില്‍ ഗണ്യമായ ഇളവ് വരുത്തിയതും ഇതിന് വേഗത കൂട്ടി.
തൊഴിലാളി ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം സര്‍ക്കാര്‍ ഇതിന് മുന്‍ഗണന നല്കി. ഫോറിന് ഓഫീസ് പറയുന്നതനുസരിച്ച് ജര്‍മനിയില്‍ നൈപുണ്യമുള്ള തൊഴിലാളികളുടെ കുറവുണ്ട്, ഇത് ഓരോ വര്‍ഷവും ഏകദേശം 4,00,000 തൊഴിലാളികള്‍ വരും.
പുതിയ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കായി കുടുംബ പുനരേകീകരണ നിയമങ്ങളില്‍ ഇളവ് വരുത്തിയതും അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ക്കുള്ള വ്യവസ്ഥകള്‍ ലഘൂകരിച്ചതും ബ്ലൂ കാര്‍ഡ് വരുമാന ആവശ്യകതകള്‍ വെട്ടിക്കുറച്ചതും ഒക്കെ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ മറ്റ് നയങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.
അതേസമയം ജൂണ്‍ 27 മുതല്‍ പ്രാബല്യത്തില്‍ വന്ന പൗരത്വം നേടുന്നതിനുള്ള ജര്‍മനിയുടെ ലഘൂകരിച്ച നിയമങ്ങളാണ് മറ്റൊരു വലിയ മാറ്റം. ഇരട്ട പൗരത്വം അനുവദിക്കുന്നത് ദീര്‍ഘകാലത്തേക്ക് ജര്‍മനിയില്‍ സ്ഥിരതാമസമാക്കാന്‍ വിദേശികളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതും ഇപ്പോഴും വലിയ ചലനമൊന്നും സൃഷ്ടിച്ചിട്ടില്ല.
എന്നാല്‍ എത്ര പേര് ചാന്‍സന്‍കാര്‍ട്ടെ പ്രയോജനപ്പെടുത്തി എന്നു നോക്കിയാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുള്ള കണക്കുകള്‍ പ്രകാരം, ഓരോ വര്‍ഷവും 30,000 അവസര കാര്‍ഡുകള്‍ അപേക്ഷിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ യഥാര്L സംഖ്യ വളരെ കുറവായി എന്നതാണ് യാഥാര്‍ഥ്യം.
ജര്‍മന്‍ പത്രം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത് പ്രതീക്ഷിച്ചതിലും വളരെ കുറച്ച് ആളുകള്‍ വിസയ്ക്ക് അപേക്ഷിക്കുന്നു എന്നാണ്. ആദ്യ നാല് മാസങ്ങളില്‍, വെറും 2,350 അപേക്ഷകള്‍ മാത്രമാണ് വന്നത്, അങ്ങനെ നോക്കിയാല്‍ ഇത് പ്രതിമാസം 590 ആയി.
നിര്‍വഹണ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളില്‍ നിന്ന് ഇത് ഒന്നുകൂടി വ്യക്തമാവുന്നുണ്ട്. മന്ത്രാലയം 10,000 അതായത് (പ്രതിമാസം 2,500 അപേക്ഷകള്‍) ആണ് പ്രതീക്ഷിച്ചിരുന്നത്.
അപേക്ഷകള്‍ പ്രതീക്ഷിച്ചതിലും കുറവാണെങ്കിലും, ആഭ്യന്തര മന്ത്രാലയം പറഞ്ഞത് ഇപ്പോഴും ഒരു പുതിയ ഉപകരണമായി ധാരാളം സാധ്യതകള്‍ കാണുന്നു എന്നാണ്. അതേസമയം, ജൂണ്‍ മുതല്‍ ഏകദേശം 15 ശതമാനം അപേക്ഷകര്‍ മാത്രമാണ് നിരസിക്കപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഓപ്പര്‍ച്ചൂണിറ്റി കാര്‍ഡ് വിസയ്ക്കായി ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള രാജ്യങ്ങള്‍ ഇന്ത്യയാണ്, ചൈന, തുര്‍ക്കി, റഷ്യ എന്നിവയാണ്. അഞ്ചാം സ്ഥാനത്താണ് ടുണീഷ്യ.
ജര്‍മനിയില്‍ വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം വര്‍ധിക്കുന്നുണ്ടോ?
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, പുതിയ നിയമങ്ങള്‍ നിലവില്‍ വന്നിട്ടും ജര്‍മനിയിലേക്ക് വരുന്ന വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടില്ല. 2023 നവംബറിനും ഈ വര്‍ഷം ഒക്ടോബറിനും ഇടയില്‍ വിദേശത്ത് നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് 74,000 വിസകള്‍ അനുവദിച്ചത്.
മുന്‍ വര്‍ഷത്തേക്കാള്‍ ആയിരം മാത്രം കൂടുതല്‍, സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 120,000 വിസകളില്‍ വളരെ കുറവാണ്. നൈപുണ്യമുള്ള തൊഴിലാളികള്‍ക്കുള്ള ലക്ഷ്യസ്ഥാനമായി ജര്‍മനിയെ പുനര്‍നാമകരണം ചെയ്യാനുള്ള കാമ്പയ്ന് ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം മുതല്‍, ജര്‍മൻ റസിഡന്‍സ് പെര്‍മിറ്റുകള്‍ക്ക് അപേക്ഷിക്കുന്നത് ലോകത്തെവിടെ നിന്നും ഓണ്‍ലൈനില്‍ സാധ്യമാകും. അതേസമയം ബെര്‍ലിന്‍ പോലുള്ള പ്രാദേശിക ഇമിഗ്രേഷന്‍ ഓഫീസുകളും അവരുടെ പ്രക്രിയകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ശ്രമിക്കുന്നു.
കഴിഞ്ഞ ആഴ്ച ഇന്ത്യക്കാര്‍ക്ക് അനുവദിച്ച വിദഗ്ധ തൊഴിലാളി വിസകളുടെ എണ്ണം പ്രതിവര്‍ഷം 20,000 ല്‍ നിന്ന് 90,000 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു കരാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തില്‍ വരും വര്‍ഷങ്ങളില്‍ ഇയുവിന് പുറത്ത് നിന്നുള്ള തൊഴിലാളികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നാണ് സര്‍ക്കാരും ബിസിനസുകാരും പ്രതീക്ഷിക്കുന്നത്.
|
അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ ശനിയാഴ്ച
ബർമിംഗ്ഹാം: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിൾ കൺവൻഷൻ ശനിയാഴ്ച ബർമിംഗ്ഹാം ബെഥേൽ സെന്ററിൽ നടക്കും. പ്രമുഖ വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വവുമായ ഫാ.ഷൈജു നടുവത്താനിയിൽ കൺവൻഷൻ നയിക്കും.
പ്രശസ്ത സുവിശേഷപ്രവർത്തകൻ ബ്രദർ സന്തോഷ് കരുമത്ര കൺവൻഷനിൽ പങ്കെടുക്കും. 2009ൽ ഫാ. സോജി ഓലിക്കൽ ആരംഭിച്ച സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച കൺവൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിൽ നടത്തപ്പെടുന്നു.
ശുശ്രൂഷകൾ രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം നാലിന് സമാപിക്കും. കൺവൻഷനിൽ കുട്ടികൾക്കും യുവജനങ്ങൾക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിംഗ്ഡം, ടീൻസ് ഫോർ കിംഗ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും ഉണ്ടായിരിക്കും.
കൺവൻഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കും. ഇംഗ്ലീഷ്, മലയാളം ബൈബിൾ മറ്റ് പ്രാർഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവൻഷനിൽ പ്രവർത്തിക്കും.
ജപമാല, കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ കൺവൻഷനിൽ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി ജോർജ് (07878 149670), ജോൺസൺ (+44 7506 810177), അനീഷ് (07760 254700), ബിജുമോൻ മാത്യു (07515 368239) ജോസ് കുര്യാക്കോസ് (07414 747573), ബിജുമോൻ മാത്യു (07515 368239).
|
ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റിൽ ശ്രദ്ധേയമായി കേരള പവലിയൻ
തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ ട്രാവൽ ടൂറിസം വ്യാപാരമേളയായ ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റിൽ (ഡബ്ല്യുടിഎം) ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ. ഈ മാസം അഞ്ചിന് ആരംഭിച്ച ഡബ്ല്യുടിഎം2024ൽ ടൂറിസം മേഖലയിലെ വ്യാപാരപങ്കാളികളായാണ് കേരളം പങ്കെടുക്കുന്നത്.
ലോകമെന്പാടുമുള്ള മികച്ച ഡെസ്റ്റിനേഷനുകളെയും ടൂറിസം ബയേഴ്സിനെയും സെല്ലേഴ്സിനെയും ആകർഷിക്കുന്ന വ്യാപാര മേളയാണ് ഡബ്ല്യുടിഎം. കേരള ടൂറിസത്തിന്റെ പ്രധാന വിപണികളിലൊന്നാണ് ലണ്ടൻ.
കേരളത്തിന്റെ സാംസ്കാരിക വൈവിധ്യവും കലാരൂപങ്ങളും പ്രകടമാക്കുന്ന പവലിയൻ 110 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഒരുക്കിയിട്ടുള്ളത്. ‘എ വണ്ടർഫുൾ വേൾഡ് ’ എന്ന പ്രമേയത്തിലാണ് പവലിയൻ നിർമിച്ചിരിക്കുന്നത്.
തത്സമയ കഥകളി, മോഹിനിയാട്ടം പ്രകടനങ്ങൾ പവലിയനിലെ പ്രധാന ആകർഷണമാണ്. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രനാണു മേളയിൽ കേരള പ്രതിനിധിസംഘത്തെ നയിക്കുന്നത്.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം കെ. ദൊരൈസ്വാമി പവലിയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽനിന്ന് 11 ടൂറിസം വ്യവസായ പ്രതിനിധികളാണ് ഡബ്ല്യുടിഎമ്മിൽ പങ്കെടുക്കുന്നത്. വ്യാപാരമേള ഇന്നു സമാപിക്കും.
|
ആര്യമണ്ണിൽ പെണ്ണമ്മ ടീച്ചർ അന്തരിച്ചു
ഡബ്ലിൻ: എരുമേലി കുറുവാമൂഴി ആര്യമണ്ണിൽ എ.ടി. ആന്റണിയുടെ ഭാര്യ റിട്ട. അധ്യാപിക പി.എം പെണ്ണമ്മ ടീച്ചർ(90) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പുത്തൻ കൊരട്ടി സെന്റ് ജോസഫ്സ് ദേവാലയത്തിൽ.
സീറോമലബാർ കമ്യൂണിറ്റി മുൻ സോണൽ കമ്മിറ്റി അംഗവും കേരള പ്രവാസി കോൺഗ്രസ് എം അയർലൻഡ് ജനറൽ സെക്രട്ടറിയും ഡബ്ലിൻ ലൂക്കൻ മലയാളി ക്ലബ് മുൻ എക്സിക്യൂട്ടീവ് അംഗവുമായ ഷാജി ആര്യമണ്ണിലിന്റെ മാതാവാണ്.
|
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ടി ഷർട്ടുകളും തൊപ്പികളും പുറത്തിറക്കി ഒഐസിസി യുകെ
ലണ്ടൻ: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായുള്ള പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കി ഒഐസിസി യുകെ നാഷണൽ കമ്മിറ്റി. തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത് ടി ഷർട്ടുകളും തൊപ്പികളും ഒഐസിസി യുകെ പുറത്തിറക്കി.
ചേലക്കരയിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന പ്രകാശനകർമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് നൽകിക്കൊണ്ട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി വി.കെ. അറിവഴകൻ നിർവഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ പങ്കെടുത്തു.
വയനാട് കേണിച്ചേരിയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്ത പൊതുയോഗ സ്ഥലത്ത് വച്ച് നടന്ന പ്രകാശനകർമം ചാണ്ടി ഉമ്മൻ എംഎൽഎയും സുൽത്താൻ ബത്തേരിയിലെ മുഖ്യതെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന പ്രകാശനകർമം കോട്ടയം ജില്ലാ യുഡിഎഫ് കൺവീനർ ഫിൽസൻ മാത്യൂസും നിർവഹിച്ചു.
സംഘടനയെ പ്രതിനിധീകരിച്ചുകൊണ്ട് ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. ഇരുവരും പ്രചരണ പ്രവർത്തനങ്ങൾക്ക് വേണ്ടി കഴിഞ്ഞ രണ്ടാം തീയതിയാണ് യുകെയിൽ നിന്നും നാട്ടിലെത്തിയത്.
സുൽത്താൻ ബത്തേരി ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രവർത്തകർക്കായി പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിപ്പിച്ച തൊപ്പികൾ മഹിളാ കോൺഗ്രസ് സുൽത്താൻ ബത്തേരി ബ്ലോക് പ്രസിഡന്റ് ശാലിനി, ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലയർ മാത്യൂസിൽ നിന്നും സ്വീകരിച്ചു.
നാട്ടിൽ വോട്ടവകാശമുള്ള പ്രവാസികളെയും അവരുടെ ബന്ധുക്കളായ വോട്ടർമാരെയും നേരിൽ കാണാനും പ്രവർത്തകരുമായി ചേർന്നു ഗൃഹസന്ദർശം, വാഹന പര്യടനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ പരമാവധി വോട്ടുകൾ ഉറപ്പിക്കാനും ഒഐസിസി യുകെ നേതൃത്വം പരിശ്രമിക്കുന്നുണ്ട്.
|
സർഗം സ്റ്റീവനേജ് മ്യൂസിക് ആൻഡ് ഡിജെ നൈറ്റ് ഞായറാഴ്ച
സ്റ്റീവനേജ്: സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന "മ്യൂസിക് ആൻഡ് ഡി ജെ നൈറ്റ്' ഞായറാഴ്ച (നവംബർ 10) സ്റ്റീവനേജ് ഓവൽ കമ്യൂണിറ്റി സെന്ററിൽ വച്ച് നടത്തും.
ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 8.30 വരെ സംഗീതമേള ഉണ്ടാകും. തുടർന്ന് ഡിജെ അരങ്ങേറും. സ്റ്റാർ സിംഗർ ആറാം സീസൺ റണ്ണർഅപ്പ് രാജീവ് രാജശേഖരനടക്കം യുകെയിലെ പ്രശസ്ത ഗായകർ അതിഥികളാകും.
ഗായകരായ നിധിൻ ശ്രീകുമാർ, കാർത്തിക് ഗോപിനാഥ് (കേംബ്രിഡ്ജ്), അൻവിൻ കെടാമംഗലം, സജിത്ത് വർമ (നോർത്തംപ്റ്റൺ), ഹരീഷ് നായർ (ബോറാംവുഡ്), ഡോ. ആശ നായർ (റിക്സ്മാൻവർത്ത്), ആനി അലോഷ്യസ് (ലൂട്ടൻ), ഡോ. രാംകുമാർ ഉണ്ണികൃഷ്ണൻ (വെൽവിൻ ഗാർഡൻ സിറ്റി) എന്നിവർ സംഗീത വിരുന്നൊരുക്കും.
ജെസ്ലിൻ വിജോ, ബോബൻ സെബാസ്റ്റ്യൻ, ഡോ ആരോമൽ, ആതിരാ ഹരിദാസ്, നിസി ജിബി, ടാനിയ ഹോർമീസ്, ഡോ. അബ്രാഹം സിബി, ഹെൻട്രിൻ എന്നിവരും പരിപാടിയിൽ ഗാനങ്ങൾ ആലപിക്കും.
സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ അംഗങ്ങൾക്ക് സംഗീത നിശയിൽ സൗജന്യ പ്രവേശനം അനുവദിക്കും.
കൂടുതൽ വിവരങ്ങൾക്ക്: സജീവ് ദിവാകരൻ 07877 902457, വിത്സി പ്രിൻസൺ 07450 921739.
|
വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ മിലാനിൽ പുതിയ പ്രൊവിൻസ്
മിലാൻ: മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ കീഴിൽ ഇറ്റലിയിലെ മിലാനിൽ പുതിയ പ്രൊവിൻസ് ആരംഭിച്ചു. പ്രൊവിൻസിന്റെ ഉദ്ഘാടനം സംഘടനയുടെ ഗ്ലോബൽ പ്രസിഡന്റ് തോമസ് മോട്ടയ്ക്കൽ (അമേരിക്ക) നിർവഹിച്ചു.
ഉപരിപഠനത്തിനായി യൂറോപ്യൻ രാജ്യങ്ങളിൽ എത്തുന്ന മലയാളി വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ മലയാളി കൗൺസിലിന്റെ പ്രൊവിൻസുകളുടെ നേതൃത്വത്തിൽ നടത്തണമെന്ന് തോമസ്മോട്ടക്കൽ പറഞ്ഞു.
ഗ്ലോബൽ സെക്രട്ടറി സണ്ണി വെളിയത്ത് (വിയന്ന), യൂറോപ്പ് റീജിയൺ പ്രസിഡന്റ് റോബിൻ ജോസ്, ബെർലിൻ പ്രൊവിൻസ് പ്രസിഡന്റ് ശബരിഷ് പണിക്കർ, റോം പ്രൊവിൻസ് പ്രസിഡന്റ് ജോസ്മോൻ കമ്മിട്ടിൽ, ഗ്ലോബൽ ബിസിനസ് ഫോറം രക്ഷാധികാരി ഡോ. ബാബു സ്റ്റീഫൻ (യുഎസ്എ) എന്നിവർ സംസാരിച്ചു.
മിലാൻ പ്രൊവിൻസ് ഭാരവാഹികളായി സോജൻ പൂത്തായിൽ(പ്രസിഡന്റ്), ഷീബ സോളമൻ (സെക്രട്ടറി), ഷീൻ തടത്തിൽ (ഖജാൻജി) എന്നിവർ സ്ഥാനമേറ്റു.
|
കോട്ടയം അതിരൂപത പ്രതിനിധികൾ മാർപാപ്പയെ സന്ദർശിച്ചു
കോട്ടയം: കോട്ടയം അതിരൂപതാധ്യഷൻ മാർ മാത്യു മൂലക്കാട്ടിന്റെ നേതൃത്വത്തിൽ അതിരൂപതാ പ്രതിനിധികൾ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ഉപഹാരം സമ്മാനിച്ചു.
കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ, കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, അതിരൂപത പിആർഒ അഡ്വ. അജി കോയിക്കൽ, കെസിവൈഎൽ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ എന്നിവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ക്നാനായ കത്തോലിക്കരുടെമേൽ കോട്ടയം അതിരൂപതാധ്യഷന് അജപാലന അധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്നാനായ കത്തോലിക്കരുടെ നിവേദനം പൗരസ്ത്യസഭാ കാര്യാലയം പ്രീഫെക്ട് കർദിനാൾ ക്ലൗഡിയോ ഗുജെറോത്തിക്കു സമർപ്പിച്ച ശേഷമാണ് മാർപാപ്പായെ സന്ദർശിച്ചത്.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സീറോമലബാർ സിനഡ് സെക്രട്ടറി മാർ ജോസഫ് പാംപ്ലാനി, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറേറർ മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നിവേദനം സമർപ്പിച്ചത്.
|
നിയുക്ത കർദിനാൾമാരുടെ പട്ടികയിൽ ഇറ്റാലിയൻ ആർച്ച്ബിഷപ്പും
വത്തിക്കാൻ: അടുത്തമാസം ഏഴിന് ചങ്ങനാശേരി അതിരൂപതാംഗം മോൺ. ജോർജ് ജേക്കബ് കൂവക്കാട്ടിനൊപ്പം കർദിനാൾമാരുടെ ഗണത്തിലേക്കുയർത്തപ്പെടുന്നവരുടെ പട്ടികയിൽ പുതുതായി ഇറ്റാലിയൻ ആർച്ച്ബിഷപ്പിനെയും തെരഞ്ഞെടുത്തു.
ഇറ്റലിയിലെ നേപ്പിൾസ് ആർച്ച്ബിഷപ് ദൊമേനിക്കൊ ബത്താലി യയെയാണ് പുതുതായി ഉൾപ്പെടുത്തിയത്. പുതുതായി 21 പേരെയാണ് കർദിനാൾസ്ഥാനത്തേക്ക് കഴിഞ്ഞമാസം ആറിനു മാർപാപ്പ പ്രഖ്യാപിച്ചതെങ്കിലും ഇന്തോനേഷ്യയിലെ ബോഗോർ രൂപത ബിഷപ് ഡോ. പാസ്കാലിസ് ബ്രൂണൊ സ്യൂക്കൂർ കർദിനാൾസ്ഥാനം നിരസിച്ചിരുന്നു.
|
ക്രിസ്മസ് കരോൾ ഗാനമത്സരം ജോയ് ടു ദ വേൾഡ് ഡിസംബർ ഏഴിന് കവൻട്രിയിൽ
ലണ്ടൻ: യുകെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ ആറ് സീസണുകളായി നടത്തിവരുന്ന ക്രിസ്മസ് കരോൾ ഗാനമത്സരത്തിന്റെ ഏഴാം സീസൺ ഡിസംബർ ഏഴിന് കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബിൽ വച്ചു നടക്കും.
ഉച്ചയ്ക്ക് 12 മുതൽ സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് വിവിധ ഗായകസംഘങ്ങളുടേയും ക്വയർ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയിൽ സംഗീത സാംസ്കാരിക ആത്മീയ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
കരോൾ ഗാനമത്സരങ്ങൾക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.
കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്.
ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. കൂടാതെ സ്പെഷ്യൽ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച "ജോയ് ടു ദ വേൾഡ്’ ആറാം പതിപ്പിൽ കിരീടം ചൂടിയത്. കവൻട്രി വർഷിപ്പ് സെന്ററായിരുന്നു. ഹെർമോൻ മാർത്തോമ്മാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും ഹാർമണി ഇൻ ക്രൈസ്റ്റ് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സെന്റ് ജെയിംസ് മാർത്തോമ്മാ ചർച്ച് ലണ്ടൻ നാലാം സ്ഥാനവും സഹൃദയ ടൺബ്രിഡ്ജ് വെൽസ് അഞ്ചാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള "ബെസ്റ്റ് അപ്പിയറൻസ്’ അവാർഡിന് ബിർമിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ അർഹരായി.
യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഗായക സംഘങ്ങൾ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഭാരവാഹികളുമായി ബന്ധപ്പെടുക.
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. കരോൾ ഗാനമത്സരത്തിന്റെ രജിസ്ട്രേഷനുള്ള അവസാനതീയതി നവംബർ 20 ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07958236786, 07720260194, 07828456564.
|
ഏരിയ സമ്മേളനങ്ങൾക്ക് തുടക്കമിടാൻ സമീക്ഷ യുകെ; ദേശീയ സമ്മേളനം 30ന് ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: ആവേശകരമായ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കി സമീക്ഷ യുകെ ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുന്നു. അടുത്ത ശനിയാഴ്ചയോടെ ഏരിയ സമ്മേനങ്ങൾക്ക് തുടക്കം കുറിക്കും.
ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, വെയിൽസ് തുടങ്ങീ നാല് ഏരിയ സമ്മേളനങ്ങളും ഈ മാസം വിവിധ തീയതികളിലായി ചേരും. നോർത്തേൺ അയർലൻഡിൽ പുതിയ ഏരിയ കമ്മിറ്റി രൂപീകരിക്കും.
സംഘടനയെ മികവുറ്റതാക്കാൻ യൂണിറ്റ് സമ്മേളനങ്ങളിൽ നിന്നും ലഭിച്ച ക്രിയാത്മക നിർദ്ദേശങ്ങൾ ഏരിയ സമ്മേളനം ചർച്ച ചെയ്യും. വിവിധ യൂണിറ്റുകളിൽ നിന്നുള്ളവർ സമ്മേളന പ്രതിനിധികളാകും.
ഭാവിപ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകാൻ ഊർജ്ജ്വസ്വലരായ പുതിയ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുക്കും. അതിനിടെ ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ്സ മ്മേളനങ്ങൾ അവസാന ഘട്ടത്തിലാണ്. ജൂലൈ 31ന് നോർത്താംപ്റ്റണിലായിരുന്നു.
ഇത്തവണത്തെ ആദ്യ യൂണിറ്റ് സമ്മേളനം. ബ്രിട്ടനിൽ ആകെ സമീക്ഷയ്ക്ക് 33 യൂണിറ്റുകളാണ് ഉള്ളത്. കരുത്തുറ്റ കമ്മിറ്റികൾ എല്ലായിടത്തും പ്രാബല്യത്തിൽ വന്നു. യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകിയാണ് കമ്മിറ്റികൾ രൂപീകരിച്ചത്.
ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിന് ആവശ്യമായപ്രവർത്തനങ്ങളുമായി യൂണിറ്റ് കമ്മിറ്റികൾ സജീവമാണ്. ഈ മാസം 30ന് ബർമിംഗ്ഹാമിലാണ് ദേശീയ സമ്മേളനം. നേം പാരിഷ് സെന്റർ ഹാളാണ് വേദി.
ഇരുന്നൂറോളം പ്രതിനിധികൾ ദേശീയ സമ്മേളത്തിന്റെ ഭാഗമാകും. കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന സമ്മേളനം, അടുത്ത സമ്മേളന കാലയളവ് വരെയുള്ള നയപരിപാടികള്‍ ആസൂത്രണം ചെയ്യും.
ചൂരൽമലയുടെ പുനർനിർമാണത്തിന് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ദേശീയ സമ്മേളനം ഒരു ദിവസത്തേക്ക് ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ആഘോഷ പരിപാടികള്‍ ഉള്‍പ്പടെ രണ്ട് ദിവസമായിരുന്നു സമ്മേളനം. രാഷ്ട്രീയസാംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
|
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയിൽ കിരീടം ചൂടി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ
വിഗൻ: 365 മത്സരാർഥികളുമായി യുക്മ നോർത്ത് വെസ്റ്റ് റീജിണിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കലാമേളകളിൽ ഒന്നായി മത്സരാഥികളുടെയും കാണികളുടെയും അനിയന്ത്രിതമായ ആവേശതിരയിളക്കത്തിൽ, വിഗൺ മലയാളി അസോസിയേഷൻ ആതിഥ്യമരുളിയ പതിനഞ്ചാമത് നോർത്ത് വെസ്റ്റ് കലാമേളയ്ക്ക് പരിസമാപ്തിയായപ്പോൾ നൂറ്റിപതിമൂന്ന് പോയിന്റുകളോടെ ഒന്നാം സ്ഥാനത്തിന്റെ സുവർണ കിരീടം ചൂടിയത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷനാണ്.
രണ്ടാം സ്ഥാനത്തിനുവേണ്ടി നടന്ന ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ വിഗൻ മലയാളി അസോസിയേഷൻ 82 പോയിന്റുകളോടെ രണ്ടാം സ്ഥാനവും 81 പോയിന്റുകളോടെ വാറിംഗ്ടൺ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്തുമെത്തി. തുടക്കക്കാരായി എത്തിയ മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്പോർട്ട് നാലാം സ്ഥാനത്തെത്തി തങ്ങളുടെ വരവറിയിച്ചു.
സമയനിഷ്ഠയിലും കൃത്യതയാർന്ന സംഘാടക മികവിലും അണിയിച്ചൊരുക്കിയ കലാമേള
വിഗണിലെ ഡീൻ ട്രസ്റ്റ് ഹൈസ്കൂളിലാണ് അരങ്ങേറിയത്. കൃത്യം ഒന്‍പതിന് ഈശ്വരപ്രാർഥനയോടെ മത്സരങ്ങൾ ആരംഭിച്ചു.
മൂന്ന് സ്റ്റേജുകളിലായി അരങ്ങേറിയ വാശിയേറിയ മത്സരങ്ങൾ തനതായ കേരളീയ നൃത്ത സംഗീത കലാരൂപങ്ങളുടെ മുഴുവൻ സത്തയും ആവാഹിച്ചെടുത്ത മികവാർന്ന കലാരൂപങ്ങളായി വേദിയിൽ നിറഞ്ഞാടി.
ഓരോ വർഷങ്ങൾ കഴിയുമ്പോഴും, ചിട്ടയായ പരിശീലനത്തിലൂടെ മത്സരാർഥികൾ കാഴ്ചവയ്ക്കുന്ന മികവാർന്ന കലാപ്രകടനങ്ങൾ വിധികർത്താക്കളെ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ എത്തിക്കുന്നവ ആയിരുന്നു.
കലാമേളയിൽ മിന്നുന്ന പ്രകടം കാഴ്ചവച്ച വ്യക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയവർ
കലാപ്രതിഭ ഫെലിക്സ് മാത്യു ലിവർപൂൾ മലയാളി അസോസിയേഷൻ
കലാതിലകം 1) ജോഹാന ജേക്കബ് ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ, 2) ആൻ ട്രീസ ജോബി വിഗൺ മലയാളി അസോസിയേഷൻ.
നാട്യമയൂരം അനന്യ റൂബി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ.
ഭാഷാകേസരി 1) ആൻ ട്രീസ ജോബി വിഗൺ മലയാളി അസോസിയേഷൻ 2) ആൻലിയ വിനീത് വാറിംഗ്ടൺ മലയാളി അസോസിയേഷൻ.
കിഡ്സ് വിഭാഗം നക്ഷത്ര ശ്രീനാഥ് മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്ക്പോർട്ട്, സബ് ജൂനിയേഴ്സ് ആൻലിയ വിനീത് വാറിംഗ്ടൺ മലയാളി അസോസിയേഷൻ.
ജൂനിയേഴ്സ് 1) ആൻ ട്രീസ ജോബി വിഗൺ മലയാളി അസോസിയേഷൻ, 2) ജോഹാന ജേക്കബ് ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ. സീനിയേഴ്സ് അനന്യ റൂബി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ.
യുക്മക്ക് നിരവധി ദേശീയ നേതാക്കളെ സമ്മാനിച്ചിട്ടുള്ള നോർത്ത് വെസ്റ്റ് റീജണിന്റെ കലാമേളയുടെ ഉദ്ഘാടന സമ്മളനം പ്രസിഡന്റ് ബിജു പീറ്ററിന്റെ അധ്യക്ഷതയിൽ ചേർന്നു. റീജണൽ സെക്രെട്ടറി ബെന്നി ജോസഫ് വിശിഷ്ട അതിഥികൾക്ക് സ്വാഗതം ആശംസിച്ചു.
യുക്മ നോർത്ത് വെസ്റ്റിൻറ്റെ സ്വകാര്യ അഹങ്കാരമായ ദേശിയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് നിറഞ്ഞ സദസിനെ സാക്ഷിയാക്കി പതിനഞ്ചാമത് കലാമേളയുടെ ഔദ്യോഗികമായ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി നിർവഹിക്കുകയും സന്ദേശം നൽകുകയും ചെയ്തു.
സമ്മേളനത്തിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഷീജോ വർഗീസ്, നോർത്ത് വെസ്റ്റ് റീജിയണൽ ട്രഷറർ ബിജു മൈക്കിൾ, സ്പോർട്സ് കോഓർഡിനേറ്റർ തങ്കച്ചൻ, കലാമേളക്ക് ആതിഥേയത്വം വഹിച്ച വിഗൻ മലയാളി അസോസിയേഷൻ ഭാരവാഹികളായ ജിലി ജേക്കബ്, ജിൽസൻ, സോണിയ ജോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മത്സരങ്ങൾക്കുശേഷം സമാപന സമ്മേളനവും സമ്മാനദാനവും യുക്മ കലാമേള ദേശീയ കോ ഓർഡിനേറ്റർ ജയകുമാർ നായർ വിശിഷ്ട അധിഥി ആയിരുന്നു .ചടങ്ങിൽ യുക്മ പബ്ലിക് റിലേഷൻസ് & മീഡിയ കോഓർഡിനേറ്ററുമായ ശ്രീ അലക്സ് വർഗീസ് സന്ദേശം നൽകി.
ദേശീയ കലാമേള വൻ വിജയമാക്കുവാൻ അഭ്യർഥിച്ചുകൊണ്ടും റീജണൽ കാലമേളയ്ക്ക് പിന്തുണയും സഹായവും നൽകി സഹകരിച്ച വിഗൺ മലയാളി അസോസിയേഷൻ ഭാരവാഹികൾക്കും അംഗങ്ങൾക്കും റോസ്റ്റർ കെയർ ഡയറക്ടർ ജോഷിക്കും കൃതജ്ഞത നേർന്നുകൊണ്ടും റീജണിൽ നിന്നുള്ള മൽസരാർഥികൾക്ക് നാഷണൽ കലാമേളയിൽ വിജയാശംസകൾ നേർന്നു കൊണ്ട് കലാമേള രാത്രി പത്തോടെ പര്യവസാനിച്ചു.
|
മാർ ജോർജ് പനന്തുണ്ടിലിന് റോമിലെ മലങ്കര കത്തോലിക്കാ സഭ സ്വീകരണം നൽകി
റോം: റോമിലെ മലങ്കര സുറിയാനി കത്തോലിക്കാ കൂട്ടായ്മ സന്ദർശിക്കാൻ എത്തിയ ഖസാക്കിസ്ഥാനിലെ വത്തിക്കാൻ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ് മാർ ജോർജ് പനന്തുണ്ടിലിന് വൈദികരും സിസ്റ്റേഴ്സും ഇടവക അംഗങ്ങളും ചേർന്ന് സ്വീകരണം നൽകി.
മാർ ജോർജ് പനന്തുണ്ടിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു. കുർബാനയ്ക്ക് ശേഷം യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക അബുൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് വേണ്ടി ധൂപം അർപ്പിച്ചു.
ഓർമ ആചരിക്കുന്ന പൗലോസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയ്ക്ക് വേണ്ടിയും ധുപ പ്രാർഥന നടത്തി. ഇടവക വികാരി ഫാ. ബെനഡിക്റ്റ് കുര്യൻ, ഫാ. ഡൊമിനിക് ഒഐസി, ഫാ. മെൽവിൻ ഒഐസി, ഫാ. അജോ, സിസ്റ്റർ ഹന്ന ഡിഎം, ട്രസ്റ്റി കോശി പാറപ്പാട്ട്, സെക്രട്ടറി മോബിൻ ഊളക്കാവിൽ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സ്നേഹ വിരുന്നോട് കൂടി ആഘോഷങ്ങൾ സമാപിച്ചു.
|
തൃശൂർ അസോസിയേഷൻ റോമയുടെ ഉദ്ഘാടനം നടന്നു
റോം: തൃശൂർ അസോസിയേഷൻ റോമയുടെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ റോമിൽ നടന്നു. ചടങ്ങിൽ തൃശൂർ ജില്ല ഗ്രൂപ്പ് അഡ്മിൻമാരായ ബെന്നി വെട്ടിയാടൻ, സന്തോഷ് തോമസ്, ലിബിൻ ചുങ്കത്ത്, ഷൈജിൻ പീറ്റർ, സീനിയർ മെമ്പറായ വിൻസെന്റ് ചക്കാലമറ്റത്ത് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമം നിർവഹിച്ചു.
ബെന്നി വെട്ടിയാടൻ ഉദ്ഘാടന പ്രസംഗം നടത്തി. ഷൈജിൻ പീറ്റർ സ്വാഗതവും ഫ്രനിഷ് നന്ദിയും പറഞ്ഞു. ജോർജ് റപ്പായി, വിൻസെന്റ്, ഷീജ ഷാജു, ജോസുട്ടൻ, ബിന്നി എന്നിവർ ആശംസകൾ നേർന്നു.
ഫ്രനിഷ്, ബിനു മാള എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും ഉദ്ഘാടന ചടങ്ങുകൾക്ക് മാറ്റുകൂട്ടി. സ്നേഹ വിരുന്നോട് കൂടി ചടങ്ങുകൾ അവസാനിച്ചു.
|
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരാവാഹികൾക്ക് റോമിൽ സ്വീകരണം നൽകി
റോം: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ പ്രസിഡന്റ് തോമസ് മോട്ടയ്ക്കലിനും അമേരിക്കയിലെ പ്രമുഖ വ്യവസായിയും ഫോക്കാന മുൻ പ്രസിഡന്റും വേൾഡ് മലയാളി കൌൺസിൽ ബിസിനസ് ഫോറം രക്ഷാധികാരിയുമായ ഡോ. ബാബു സ്റ്റീഫനും റോമിൽ സ്വീകരണം നൽകി.
വേൾഡ് മലയാളി കൗൺസിൽ റോമിലെ ഭാരവാഹികളായ ചെയർമാൻ ജോർജ് റപ്പായി, പ്രസിഡന്റ് ജോസ് മോൻ കമ്മിട്ടിൽ, ജനറൽ സെക്രട്ടറി ജെജി മാന്നാർ, ട്രഷറർ ജോബി ആണ്ടു കുന്നേൽ, അലിക് പ്രസിഡന്റ് ഷൈൻ ലോപ്പസ്, ലയൺസ് ക്ലബ് റോമാ പ്രസിഡന്റ് ജിന്റോ കുര്യക്കോസ്, ഒഐസിസി സെക്രട്ടറി ജോസഫ് വലിയപറമ്പിൽ, ഹാമിൽട്ടൺ എന്നിവരും വനിതാ ഫോറം അംഗങ്ങളും കുടുംബവും തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
|
|
|
|
|
|