ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് മാത്രമല്ല പ്രായമായവർക്കും ഗർഭിണികൾക്കുമൊക്കെ കെട്ടിടങ്ങളിലേക്കും വീടുകളിലേക്കും പൊതു സ്ഥലങ്ങളിലേക്കും സ്റ്റെപ്പുകളിലൂടെ അല്ലാതെ അനായാസം കയറുവാൻ സഹായകമായ രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്ന് കേരള സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷി മേഖലയിലെ മികച്ച മാതൃകാ വ്യക്തി മികവിനുള്ള അംഗീകാരം കരസ്ഥമാക്കിയ പി.എ. സൂരജ് പറഞ്ഞു.
എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ ശാഖാ നമ്പർ 4351 മയൂർ വിഹാർ നടത്തിയ പുതുവത്സര ആഘോഷത്തിൽ ആദരവ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഡിസംബർ 15 മുതൽ ജനുവരി മൂന്ന് വരെ ആറായിരത്തിൽപരം കിലോമീറ്ററുകൾ താണ്ടിയെന്നും ജനങ്ങളെയും പൊതു സമൂഹത്തെയും ബോധവാന്മാരാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മയൂർ വിഹാർ ഫേസ് 1ലെ ഡി കെ സെലിബ്രേഷൻസിലായിരുന്നു പുതുവത്സര ആഘോഷത്തിനായി വേദി ഒരുങ്ങിയത്. ഗുരുദേവന്റെ ഛായാചിത്രത്തിനു മുമ്പിലെ നിലവിളക്കിൽ തിരി തെളിയിച്ച ശേഷം യൂണിയൻ കൗൺസിലർ അംഗം സി.കെ. പ്രിൻസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം മാധവ് ഗിരീഷ് ആലപിച്ച ദൈവ ദശകത്തോടെ ആരംഭിച്ചു. ശാഖാ സെക്രട്ടറി ലൈന അനിൽ കുമാർ, വനിതാ സംഘം പ്രസിഡന്റ് വാസന്തി ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ കലാകാരനും അവതാരകനുമായ പ്രദീപ് സദാനന്ദൻ, കഥാകാരിയും കവയിത്രിയുമായ ശ്രീരേഖാ പ്രിൻസ് എന്നിവരെയും ആദരിച്ചു. കൂടാതെ കഴിഞ്ഞ അധ്യയന വർഷത്തിൽ ശാഖയിൽ ഉന്നത വിജയം കൈവരിച്ച 10ാം ക്ലാസിലെ മാധവ് ഗിരീഷ്, 12ാം ക്ലാസിലെ ഗൗരി നന്ദന (സയൻസ്), എം അതുൽ കൃഷ്ണ (കോമേഴ്സ്) എന്നിവരെ മെമെന്റോയും കാഷ് അവാർഡും നൽകി ആദരിച്ചു. അനകാ അനിൽ കുമാറും പി.എൻ. ഷാജിയുമായിരുന്നു അവതാരകർ.
ആഘോഷ പരിപാടികളിൽ ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്2 ഏരിയ സെക്രട്ടറി പ്രസാദ് കെ നായർ, ഡിഎംഎ മയൂർ വിഹാർ ഫേസ്3 ഗാസിപ്പൂർ ഏരിയ ജോയിന്റ് സെക്രട്ടറി ദീപക് നായർ, ഡിഎംഎ മുൻ അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് രമേശ് കോയിക്കൽ, സെക്രട്ടറി ഡി. ജയകുമാർ, വേൾഡ് മലയാളി കൗൺസിലിന്റെ ഗീതാ രമേശ്, സുദർശനൻ പിള്ള, ഉണ്ണികൃഷ്ണൻ, കെ. ഗോപാലൻ കുട്ടി, ശിരിഷ്, മോഹൻ നമ്പ്യാർ, പി.കെ. ഹരി, രാജീവ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
സ്വര മാധുരി ഡൽഹിയുടെ ഗായകരായ മണികണ്ഠൻ ആര്യനാട്, സൗപർണിക, ആരതി സന്തോഷ്, പി.ആർ. മനോജ് തുടങ്ങിയവർ ആലപിച്ച സംഗീത സന്ധ്യ ആഘോഷ രാവിനെ ആസ്വാദ്യ മധുരമാക്കി. അത്താഴ വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
|