കുവൈറ്റ് സിറ്റി: ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിനുള്ള സ്ഥിരം സമിതിയുടെ മേൽനോട്ടത്തിൽ "യാ ഹാല' ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ പ്രഖ്യാപിച്ചു. കുവൈറ്റ് ദേശീയ ദിനങ്ങൾ കൂടി ഉൾപ്പെടുത്തി ഈ മാസം 21 മുതൽ മാർച്ച് 31 വരെയാണ് ഫെസ്റ്റിവൽ നടക്കുക.
ഷെയ്ഖ് ജാബർ അൽ അഹമ്മദ് കൾച്ചറൽ സെന്ററിൽ നടന്ന ആഘോഷ പരിപാടികളുടെ പ്രഖ്യാപനം ചടങ്ങിനിടെയായിരുന്നു ഷോപ്പിംഗ് ഫെസ്റ്റിവൽ പ്രഖ്യാപിച്ചത്. ചടങ്ങിൽ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി, യുവജനകാര്യ സഹമന്ത്രി, ദേശീയ അവധി ദിനങ്ങളും അവസരങ്ങളും ആഘോഷിക്കുന്നതിനുള്ള സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൽറഹ്മാൻ അൽ മുതൈരി എന്നിവർ പങ്കെടുത്തു.
വാർത്താവിതരണ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. നാസർ മുഹൈസൻ, വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർസെക്രട്ടറി സിയാദ് അൽ നജീം, കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡയറക്ടർ ബോർഡ് ചെയർമാൻ ഫൈസൽ അൽ ഷൈജി എന്നിവരും വിവിധ കമ്പനികളുടെ പ്രതിനിധികളും ഫെസ്റ്റിവൽ സ്പോൺസർമാരും സന്നിഹിതരായിരുന്നു.
സർക്കാർ ഏജൻസികളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള കുവൈറ്റ് അധികാരികളുടെ നിർദേശങ്ങൾക്കനുസൃതമായാണ് ഈ ശ്രമങ്ങളെന്ന് ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ വാണിജ്യവ്യവസായ മന്ത്രി ഖലീഫ അൽ അജീൽ പറഞ്ഞു.
പൊതുതാത്പര്യം പ്രോത്സാഹിപ്പിക്കുകയും മേഖലയിലെ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി കുവൈറ്റിനെ പുനഃസ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിനാണ് ഊന്നൽ എന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ആഘോഷങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റിയുടെ അഭ്യർഥന മാനിച്ച് വാണിജ്യവ്യവസായ മന്ത്രാലയം ഉത്സവത്തിന് ആവശ്യമായ ലൈസൻസുകൾ നൽകുകയും തടസങ്ങൾ പരിഹരിക്കുകയും ചെയ്തതായും അധികൃതർ അറിയിച്ചു.
റീട്ടെയിൽ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്റുകൾ, വ്യോമയാനം, വിനോദം എന്നിവയുൾപ്പെടെ ഒന്നിലധികം നിരവധി സജീവമാക്കുന്നതിലൂടെ രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തമാക്കുന്നതിനും ഇത്തരം ഉത്സവങ്ങൾ സഹായിക്കുമെന്ന് അൽഅജീൽ കൂട്ടിച്ചേർത്തു.
ഗതാഗതം, ബാങ്കുകൾ, സേവനങ്ങൾ, റസ്റ്റോറന്ററുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, റെന്റ് എ കാർ മേഖഖല എന്നിവയെല്ലാം ഉത്സവത്തിൽ പങ്കാളികളാകും. സമഗ്രമായ പരിപാടികൾ സംഘടിപ്പിക്കാൻ സമിതി ആത്മാർഥമായി പരിശ്രമിക്കുന്നുണ്ടെന്ന് വാർത്താവിതരണ മന്ത്രാലയം അണ്ടർസെക്രട്ടറിയും ദേശീയ അവധി ദിനങ്ങളും അവസരങ്ങളും ആഘോഷിക്കുന്നതിനുള്ള സ്ഥിരം സമിതിയുടെ ഡെപ്യൂട്ടി ചെയർമാനുമായ ഡോ. നാസർ മുഹൈസൻ പറഞ്ഞു.
ആഭ്യന്തര ടൂറിസം വർധിപ്പിക്കുക, ചെറുകിട ബിസിനസ് ഉടമകളെ പിന്തുണയ്ക്കുക, പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുക, സർക്കാർ, സ്വകാര്യ ഏജൻസികൾ, സിവിൽ സമൂഹം എന്നിവ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക എന്നിവയുൾപ്പെടെയുള്ള പ്രാഥമിക ലക്ഷ്യങ്ങൾ കൈവരിക്കാൻ കമ്മിറ്റി ശുഷ്കാന്തിയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് മുഹൈസെൻ ഊന്നിപ്പറഞ്ഞു.
|