ഫിലാഡൽഫിയ: ഫിലാഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും സൗഹൃദത്തിനും ഒത്തുകൂടലിനും, അത്യാവശ്യ ഘട്ടങ്ങളിലെ പരസ്പര സഹായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് രൂപീകൃതമായ സൗഹൃദ സംഗമ കൂട്ടായ്മയായ ""സ്നേഹതീരം സൗഹൃദ കൂട്ടായ്മ” യുടെ ക്രിസ്മസ്, പുതുവത്സര ആഘോഷം ശനിയാഴ്ച രാവിലെ 11.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയുള്ള സമയങ്ങളിൽ വൈവിദ്ധ്യമാർന്ന വിവിധ പരിപാടികളോടുകൂടി ക്രൂസ്ടൗണിലുള്ള മയൂര ഇന്ത്യൻ റസ്റ്റോറന്റിൽ വച്ച് നടത്തപ്പെടും.
പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു. രാജു ശങ്കരത്തിൽ, സുജാ കോശി, സുനിത എബ്രഹാം എന്നിവരെ പ്രോഗ്രാം കോർഡിനേറ്റേഴ്സായും ബിജു എബ്രഹാം, ദിവ്യ സാജൻ എന്നിവരെ കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റേഴ്സായും സാജൻ തോമസ്, ഉമ്മൻ മത്തായി എന്നിവരെ ഫുഡ് കോർഡിനേറ്റേഴ്സായും അനിൽ ബാബു, ഗ്ലാഡ്സൺ മാത്യു എന്നിവരെ റിസപ്ഷൻ കോർഡിനേറ്റേഴ്സായും തെരഞ്ഞെടുത്തു.
കൊച്ചുകോശി ഉമ്മനെ പ്രോഗ്രാം ട്രഷറാർ ആയും ജോർജ് തടത്തിലിനെ അസിസ്റ്റന്റ് ട്രഷറാർ ആയും, ഉമ്മൻ പണിക്കരെ ഓഡിറ്റർ ആയും ചുമതല ഏല്പിച്ചു. ശ്രീ ബിനു ജേക്കബ് ആണ് മീഡിയ കോർഡിനേറ്റർ.
കരോൾ ഗാന പരിശീലനത്തിന് സുജാ കോശി, സുനിത എബ്രഹാം, ദിവ്യ സാജൻ, സുജാ എബ്രഹാം, അനിത ജോസി എന്നിവരെ ചുമതലപ്പെടുത്തി. അതോടൊപ്പം, എബ്രഹാം കുര്യാക്കോസ്, ഫിലിപ്പ് സക്കറിയ, ജോബി ജോസഫ്, ഗോഡ്ലി തോമസ്, ദിനേഷ് ബേബി, ജോജി പോൾ, ജിമ്മി ജെയിംസ്, അമൽ മാത്യു, വിൽ സക്കറിയ, എബ്രഹാം വർഗീസ് , സാബു കുഞ്ഞുകുഞ്ഞ്, ജിജു ജോർജ്, മാത്യു ജോർജ് എന്നിവരടങ്ങിയ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. ജനുവരി 4ന് നടക്കാനിരിക്കുന്ന ക്രിസ്മസ്ന്യൂ,ഇയർ പരിപാടിയിൽ: ക്രിസ്തുമസ് സന്ദേശം, സാന്റാക്ളോസ്, കേക്ക് കട്ടിംഗ്, ക്രിസ്തുമസ് ഗാനങ്ങൾ, പുരുഷന്മാരും, വനിതകളും ഒന്നിച്ചുള്ള മനോഹരമായ കരോൾ ഗാനങ്ങൾ, ആവേശമേറിയ ഗ്രൂപ്പ് ഗെയിംസ്, എന്നിവയോടൊപ്പം, ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും ആകർഷകമായ പ്രത്യേക ക്രിസ്തുമസ് സമ്മാനങ്ങൾ സാന്റാക്ലോസ് സമ്മാനിക്കും.
ക്രിസ്മസ് ന്യൂഇയർ പരിപാടിയുടെ വൻ വിജയത്തിന് വിവിധ കമ്മറ്റികളോടൊപ്പം എല്ലാവരുടെയും പരിപൂർണ സഹകരണം വിനീതമായി അഭ്യർഥിക്കുന്നതായി സ്നേഹതീരം സംഘാടകർ അറിയിച്ചു.
|