ബെര്‍ലിന്‍: ജര്‍മനിയില്‍ ഐടി മേഖലയില്‍ ജീവനക്കാരുടെ കുറവുണ്ടന്നുള്ള സത്യം ജര്‍മന്‍ ചാന്‍സലറും ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചപ്പോള്‍ സംഭവത്തിന്റെ കാര്യഗൗരവം വീണ്ടും വ്യക്തമാവുകയാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയുവിന് പുറത്ത് നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം വര്‍ധിപ്പിക്കുന്നതിനായി ജര്‍മനി ഈ വര്‍ഷം ആദ്യം ചാന്‍സന്‍കാര്‍ട്ടെ അല്ലെങ്കില്‍ "ഓപ്പര്‍ച്യുണിറ്റി കാര്‍ഡ്' വീസ അവതരിപ്പിച്ചത്.
എന്നാല്‍ ഇത് ഇതുവരെ ഇത് ജനപ്രിയമായിട്ടില്ല എന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (എസ്പിഡി), ഗ്രീന്‍സ്, ഫ്രീ ഡെമോക്രാറ്റുകള്‍ (എഫ്ഡിപി) എന്നിവരടങ്ങുന്ന ജര്‍മന്‍ സഖ്യ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ക്രമേണ വിദഗ്ധ തൊഴിലാളി നിയമങ്ങളില്‍ ഗണ്യമായ ഇളവ് വരുത്തിയതും ഇതിന് വേഗത കൂട്ടി.
തൊഴിലാളി ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം സര്‍ക്കാര്‍ ഇതിന് മുന്‍ഗണന നല്കി. ഫോറിന് ഓഫീസ് പറയുന്നതനുസരിച്ച് ജര്‍മനിയില്‍ നൈപുണ്യമുള്ള തൊഴിലാളികളുടെ കുറവുണ്ട്, ഇത് ഓരോ വര്‍ഷവും ഏകദേശം 4,00,000 തൊഴിലാളികള്‍ വരും.
പുതിയ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കായി കുടുംബ പുനരേകീകരണ നിയമങ്ങളില്‍ ഇളവ് വരുത്തിയതും അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ക്കുള്ള വ്യവസ്ഥകള്‍ ലഘൂകരിച്ചതും ബ്ലൂ കാര്‍ഡ് വരുമാന ആവശ്യകതകള്‍ വെട്ടിക്കുറച്ചതും ഒക്കെ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ മറ്റ് നയങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.
അതേസമയം ജൂണ്‍ 27 മുതല്‍ പ്രാബല്യത്തില്‍ വന്ന പൗരത്വം നേടുന്നതിനുള്ള ജര്‍മനിയുടെ ലഘൂകരിച്ച നിയമങ്ങളാണ് മറ്റൊരു വലിയ മാറ്റം. ഇരട്ട പൗരത്വം അനുവദിക്കുന്നത് ദീര്‍ഘകാലത്തേക്ക് ജര്‍മനിയില്‍ സ്ഥിരതാമസമാക്കാന്‍ വിദേശികളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതും ഇപ്പോഴും വലിയ ചലനമൊന്നും സൃഷ്ടിച്ചിട്ടില്ല.
എന്നാല്‍ എത്ര പേര് ചാന്‍സന്‍കാര്‍ട്ടെ പ്രയോജനപ്പെടുത്തി എന്നു നോക്കിയാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുള്ള കണക്കുകള്‍ പ്രകാരം, ഓരോ വര്‍ഷവും 30,000 അവസര കാര്‍ഡുകള്‍ അപേക്ഷിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ യഥാര്L സംഖ്യ വളരെ കുറവായി എന്നതാണ് യാഥാര്‍ഥ്യം.
ജര്‍മന്‍ പത്രം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത് പ്രതീക്ഷിച്ചതിലും വളരെ കുറച്ച് ആളുകള്‍ വിസയ്ക്ക് അപേക്ഷിക്കുന്നു എന്നാണ്. ആദ്യ നാല് മാസങ്ങളില്‍, വെറും 2,350 അപേക്ഷകള്‍ മാത്രമാണ് വന്നത്, അങ്ങനെ നോക്കിയാല്‍ ഇത് പ്രതിമാസം 590 ആയി.
നിര്‍വഹണ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളില്‍ നിന്ന് ഇത് ഒന്നുകൂടി വ്യക്തമാവുന്നുണ്ട്. മന്ത്രാലയം 10,000 അതായത് (പ്രതിമാസം 2,500 അപേക്ഷകള്‍) ആണ് പ്രതീക്ഷിച്ചിരുന്നത്.
അപേക്ഷകള്‍ പ്രതീക്ഷിച്ചതിലും കുറവാണെങ്കിലും, ആഭ്യന്തര മന്ത്രാലയം പറഞ്ഞത് ഇപ്പോഴും ഒരു പുതിയ ഉപകരണമായി ധാരാളം സാധ്യതകള്‍ കാണുന്നു എന്നാണ്. അതേസമയം, ജൂണ്‍ മുതല്‍ ഏകദേശം 15 ശതമാനം അപേക്ഷകര്‍ മാത്രമാണ് നിരസിക്കപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഓപ്പര്‍ച്ചൂണിറ്റി കാര്‍ഡ് വിസയ്ക്കായി ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള രാജ്യങ്ങള്‍ ഇന്ത്യയാണ്, ചൈന, തുര്‍ക്കി, റഷ്യ എന്നിവയാണ്. അഞ്ചാം സ്ഥാനത്താണ് ടുണീഷ്യ.
ജര്‍മനിയില്‍ വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം വര്‍ധിക്കുന്നുണ്ടോ?
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, പുതിയ നിയമങ്ങള്‍ നിലവില്‍ വന്നിട്ടും ജര്‍മനിയിലേക്ക് വരുന്ന വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടില്ല. 2023 നവംബറിനും ഈ വര്‍ഷം ഒക്ടോബറിനും ഇടയില്‍ വിദേശത്ത് നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് 74,000 വിസകള്‍ അനുവദിച്ചത്.
മുന്‍ വര്‍ഷത്തേക്കാള്‍ ആയിരം മാത്രം കൂടുതല്‍, സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 120,000 വിസകളില്‍ വളരെ കുറവാണ്. നൈപുണ്യമുള്ള തൊഴിലാളികള്‍ക്കുള്ള ലക്ഷ്യസ്ഥാനമായി ജര്‍മനിയെ പുനര്‍നാമകരണം ചെയ്യാനുള്ള കാമ്പയ്ന് ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം മുതല്‍, ജര്‍മൻ റസിഡന്‍സ് പെര്‍മിറ്റുകള്‍ക്ക് അപേക്ഷിക്കുന്നത് ലോകത്തെവിടെ നിന്നും ഓണ്‍ലൈനില്‍ സാധ്യമാകും. അതേസമയം ബെര്‍ലിന്‍ പോലുള്ള പ്രാദേശിക ഇമിഗ്രേഷന്‍ ഓഫീസുകളും അവരുടെ പ്രക്രിയകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ശ്രമിക്കുന്നു.
കഴിഞ്ഞ ആഴ്ച ഇന്ത്യക്കാര്‍ക്ക് അനുവദിച്ച വിദഗ്ധ തൊഴിലാളി വിസകളുടെ എണ്ണം പ്രതിവര്‍ഷം 20,000 ല്‍ നിന്ന് 90,000 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു കരാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തില്‍ വരും വര്‍ഷങ്ങളില്‍ ഇയുവിന് പുറത്ത് നിന്നുള്ള തൊഴിലാളികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നാണ് സര്‍ക്കാരും ബിസിനസുകാരും പ്രതീക്ഷിക്കുന്നത്.
|