ഡാളസ്: സാഹിത്യാകാരൻ എബ്രഹാം തെക്കേമുറിയുടെ വിയോഗത്തിൽ നിര്യാണത്തിൽ കേരള ലിറ്ററി സൊസൈറ്റി ഡാളസ് (കെഎൽഎസ്) ഭരണസമിതി ഗാർലൻഡ് പബ്ലിക് ലൈബ്രറി ഹാളിൽ കൂടിയ യോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
തെക്കേമുറിയുടെ അകാലവിയോഗത്തിൽ ദുഃഖമറിയിച്ചുകൊണ്ടുള്ള അനുശോചന കുറിപ്പ് പ്രസിഡന്റ് ഷാജു ജോൺ സമ്മേളനത്തിൽ വായിച്ചു. മനോഹരങ്ങളായ നിരവധി കവിതകൾ തെക്കേമുറി രചിച്ചിട്ടുണ്ട്.
ഗ്രീൻകാർഡ്, പറുദീസയിലെ യാത്രക്കാർ, ശൂന്യമാകുന്ന മ്ലേച്ഛത, സ്വർണ്ണക്കുരിശ് എന്നീ നോവലുകൾ ശ്രദ്ധേയമായി. സാഹിത്യ, രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം ശക്തമായി രേഖപ്പെടുത്തിക്കൊണ്ട് നിരവധി ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കെഎൽഎസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ തെക്കേമുറി ദേശീയ സാഹിത്യ സംഘടനയായ ലാനയുടെയും പ്രസിഡന്റ്, സെക്രട്ടറി, വിവിധ ലാന കൺവൻഷനുകളുടെ ചെയർമാൻ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്നു.
കേരള സാഹിത്യ അക്കാദമിയുടെ പ്രവാസ സാഹിത്യ പരിപോഷണ പ്രവർത്തനങ്ങൾക്കായുള്ള പ്രത്യേക അവാർഡ്, ഫൊക്കാന, ലാന തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അംഗീകാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി.
ചർച്ചയിൽ സെക്രട്ടറി ഹരിദാസ് തങ്കപ്പൻ, ട്രഷറർ സി.വി. ജോർജ് എന്നിവരെ കൂടാതെ മീനു എലിസബത്ത്, ഷാജി മാത്യു, സന്തോഷ് പിള്ള , അനശ്വർ മാമ്പള്ളി, സാമുവൽ യോഹന്നാൻ, പി.പി. ചെറിയാൻ, പി.സി. മാത്യു, സിജു വി. ജോർജ്, ഉമേഷ് നരേന്ദ്രൻ, കെ.എസ്.എൻ നമ്പൂതിരി തുടങ്ങിയവരും പങ്കെടുത്തു.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും(ലാന) കേരള ലിറ്ററി സൊസൈറ്റി ഡാളസ്(കെഎൽഎസ്) എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വെള്ളിയാഴ്ച (ഓഗസ്റ്റ് 23) രാത്രി എട്ടിന്(സിഎസ്ടി) സൂം വഴി അനുശോചന സമ്മേളനം സംഘടിപ്പിക്കും.
എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഹരിദാസ് തങ്കപ്പൻ (സെക്രട്ടറി, കെഎൽഎസ്) 214 763 3079. സാമൂവൽ യോഹന്നാൻ (സെക്രട്ടറി, ലാന) 214 435 0124.
|