ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദർശന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. കോട്ടയം കല്ലിശേരി ഇടവക വികാരി റവ. ഫാ. റെന്നി കട്ടേൽ അർപ്പിച്ച ഭക്തിനിർഭരമായ വിശുദ്ധ കുർബാനയോടെയാണ് തിരുനാൾ കർമങ്ങൾ ആരംഭിച്ചത്.
കുർബാനയ്ക്ക് ശേഷം നടത്തപ്പെട്ട നൊവേനയ്ക്കും ലദീഞ്ഞിനും പ്രദിക്ഷിണത്തിനും ശേഷം ഇടവക വികാരി റവ. ഫാ. സിജു മുടക്കോടിൽ തിരുനാൾ പതാക ഉയർത്തികൊണ്ട് തിരുനാളിന് ഔദ്യോഗികമായ തുടക്കം കുറിച്ചു.
കൊടിയേറ്റിന് ശേഷം, തിരുനാൾ ഏറ്റെടുത്ത് നടത്തുന്ന സെന്റ് ജൂഡ് കൂടാരയോഗത്തിലെ വനിതകൾ അവതരിപ്പിച്ച ക്രിസ്ത്യൻ തിരുവാതിര ഏറെ ശ്രദ്ധ നേടി. സ്നേഹവിരുന്നോടെയാണ് തിരുനാളിന്റെ ഒന്നാം ദിനത്തെ ആഘോഷങ്ങൾ സമാപിച്ചത്.
ഒരാഴ്ച നീണ്ടു നിൽക്കുന്ന തിരുനാളിന്റെ പ്രധാന ദിവസമായ ഞായറാഴ്ച (ഓഗസ്റ്റ് 18) നടത്തപ്പെടുന്ന റാസാ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത് കോട്ടയം അതിരൂപതാംഗവും അൾജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാൻ സ്ഥാനപതിയായി സേവനം അനുഷ്ഠിക്കുന്ന ആർച്ച് ബിഷപ് കുര്യൻ വയലുങ്കലാണ്.
ആർച്ച് ബിഷപ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ഷിക്കാഗോയിലേക്ക് എത്തുന്ന വയലുങ്കൽ പിതാവ് ശനിയാഴ്ചത്തെ കലാ സന്ധ്യ ഉദ്ഘാടനം ചെയ്യും.
ക്നാനായ റീജിയൺ ഡയറക്ടർ റവ. മോൺ. തോമസ് മുളവനാൽ, റവ. റെനി കട്ടേൽ (സെന്റ് തെരേസാസ് ക്നാനായ ചർച്ച് വികാരി, റാന്നി), റവ. ഫാ. ജിതിൻ വല്ലാർകാട്ടിൽ, റവ. ഫാ. ജെറി മാത്യു (സെന്റ് മേരീസ് മലങ്കര ഇടവക, ഷിക്കാഗോ), റവ. ഫാ. ലിജോ കൊച്ചുപറമ്പിൽ (ക്രൈസ്ട് ദ കിംഗ് ക്നാനായ ഇടവക, ന്യൂജഴ്സി),
റവ. ഫാ. ബീബി തറയിൽ (സെന്റ് മേരീസ് ക്നാനായ ഇടവക റോക്ക്ലൻഡ്, ന്യൂയോർക്ക്), റവ. മോൺ. തോമസ് കടുകപ്പള്ളിൽ (കത്തീഡ്രൽ ഇടവക ഷിക്കാഗോ), റവ. ഫാ. ബിൻസ് ചേത്തലിൽ (സേക്രഡ് ഹാർട്ട് ക്നാനായ ഇടവക, ഷിക്കാഗോ), റവ. ഫാ. ബോബൻ വട്ടംപുറത്ത് (സെന്റ് ആന്റണീസ് ക്നാനായ ഇടവക, സാൻ അന്റാണിയോ), റവ. ഫാ. ജോഷി വലിയവീട്ടിൽ (സെന്റ് മേരീസ് ക്നാനായ ഇടവക, ഹൂസ്റ്റൺ) എന്നിവർ വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് നേതൃത്വം വഹിക്കും.
ജോജോ ഇടക്കരയുടെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റിയാണ് സിസ്റ്റർ സിൽവേരിയസ്, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ, അക്കൗണ്ടന്റ് ജെയിംസ് മന്നാകുളത്തിൽ, സെക്രട്ടറി സണ്ണി മേലേടം പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവരോടൊപ്പം തിരുനാളിന് നേതൃത്വം നൽകുന്നത്.
വെള്ളിയാഴ്ചത്തെ കൂടാര കലാസന്ധ്യക്ക് സിബി കൈതക്കത്തൊട്ടിയിലും ശനിയാഴ്ചത്തെ കലാസന്ധ്യക്ക് പ്രതിഭാ തച്ചേട്ട്, മന്നു തിരുനെല്ലിപ്പറമ്പിൽ എന്നിവരും നേതൃത്വം നൽകും.
മറ്റൊരു തിരുനാൾ കൂടി ആഗതമായിരിക്കുന്ന ഈ അവസരത്തിൽ, ദീർഘവീക്ഷണത്തോടെ ഇടവകയെ നയിച്ച മുൻ വികാരിമാരായിരുന്ന റവ. ഫാ. എബ്രഹാം മുത്തോലത്ത്, റവ. ഫാ. തോമസ് മുളവനാൽ, അസി. വികാരിമാർ, കൈക്കാരൻമാർ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നതായി ഇടവകവികാരി റവ. ഫാ. സിജു മുടക്കോടിൽ പറഞ്ഞു.
വിശ്വാസ തീഷ്ണതയിലും സമുദായ സ്നേഹത്തിലും വളരുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുവാൻ ശക്തമായ പിന്തുണയും പ്രചോദനവും നൽകികൊണ്ടിരിക്കുന്ന കോട്ടയം അതിരൂപതയുടെയും ഷിക്കാഗോ സീറോമലബാർ രൂപതയുടെയും പിതാക്കന്മാരെ നന്ദിയോടെ ഓർക്കുന്നതായും റവ. ഫാ. സിജു മുടക്കോടിൽ അറിയിച്ചു.
പരിശുദ്ധ പിതാവിന്റെ നൂൺഷ്യോയായി മെത്രാപ്പോലീത്താസ്ഥാനം ഏറ്റെടുത്തതിന് ശേഷം കുര്യൻ വയലുങ്കൽ പിതാവ് ആദ്യമായി ഷിക്കാഗോയിലേക്ക് പരിശുദ്ധ ദൈവമാതാവിന്റെ ദർശനത്തിരുനാളിൽ മുഖ്യകാർമികനായി എത്തുന്നു എന്നത് ഇടവക ജനത്തെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്ന കാര്യമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈവമാതാവിന്റെ സ്വർഗാരോഹണത്തിരുനാൾ ദർശനത്തിരുനാളായി തുടർച്ചയായ പതിനാലാം വർഷവും ആഘോഷിക്കുമ്പോൾ, ഈ തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ, പ്രസുദേന്തിമാരായ സെന്റ് ജൂഡ് കൂടാരയോഗ അംഗങ്ങളോടും കൈക്കാരൻമാരോടും പാരിഷ് കൗൺസിൽ അംഗങ്ങളോടും കൂടാരയോഗങ്ങളോടും വിവിധ തിരുനാൾ കമ്മിറ്റികളോടും കൂടി ഏവരെയും ക്ഷണിക്കുന്നതായി റവ. ഫാ. സിജു മുടക്കോടിൽ അറിയിച്ചു.
|