ബോൺമൗത്ത്: ബോൺമൗത്തിലെ "മഴവിൽ സംഗീത’ വേദിയിൽ വിരിഞ്ഞത് വർണാഭമായ കലാ വസന്തം. നൂറു കണക്കിന് ആസ്വാദക ഹൃദയങ്ങളെ ആവേശത്തിമർപ്പിൽ ആറാടിച്ച സംഗീതനൃത്തോത്സവത്തെ സദസ് ഏറെ ഹർഷാരവത്തോടെയാണ് വരവേറ്റത്. ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച കലാവിരുന്ന് രാത്രി പതിനൊന്നു വരെ നീണ്ടു നിന്നു.
കേബ്രിഡ്ജ് മേയറും പ്രമുഖ ക്രിമിനൽ ലോയറുമായ ബൈജു തിട്ടാല മുഖ്യ അഥിതിയായിരുന്നു. മേയറെ സംഘാടക സമിതി ഷാൾ അണിയിച്ചു ആദരിച്ചു. അദ്ദേഹം ഉദ്ഘാടന സന്ദേശവും നൽകി. യുകെയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവവും പൊതുപ്രവർത്തകനുമായ ടോണി ചെറിയാൻ, നഴ്സിംഗ് പഠന റിക്രൂട്ട്മെന്റ് മേഖലയിലെ മികവിന് ആർഷ സെബാസ്റ്റ്യൻ എന്നിവരെയും മഴവിൽ സംഗീത വേദിയിൽ പ്രത്യേകമായി ആദരിക്കുകയുണ്ടായി.
ലൈഫ് ലൈൻ പ്രോട്ടക്ട് ലിമിറ്റഡ് മുഖ്യ സ്പോൺസറായിരുന്നു. ഡിസൈനേജ് അഡ്വർടൈസിംഗ്, ഫ്ളിക്സ് ബ്രാൻഡിംഗ്, എ ആർ എന്റർടൈൻമെന്റ്, ആർ കെ ഡിസൈനേഴ്സ് , റോസ്ഡിജിറ്റൽ വിഷൻ, എ ആർ ഫോട്ടോഗ്രഫി,ടൈം ലെസ്സ് സ്റ്റുഡിയോ,കളർ മീഡിയ (വെൽസ് ചാക്കോ),ബീറ്റ്സ് യുകെ ഡിജിറ്റൽ വേൾഡ് (ബിനു നോർത്താംപ്ടൺ) തുടങ്ങിയവരുടെ സാങ്കേതിക മികവുകൾ പരിപാടിയെ ആകർഷകമാക്കി.

നൂതന ലൈറ്റ് ആൻഡ് സൗണ്ട് സാങ്കേതികത്വത്തിന്റെ മികവോടെ ആലപിച്ച മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്ത നൃത്ത്യങ്ങളുടെ മാസ്മരികത വിരിഞ്ഞ അരങ്ങിൽ, മികവുറ്റ വ്യത്യസ്ത കലാപ്രകടനങ്ങളും, അവതരണങ്ങളും ആസ്വദിക്കുവാനുമുള്ള സുവർണാവസരമാണ് മഴവിൽ സംഗീത വേദിയിൽ ലഭിച്ചത്.
മാസ്റ്റർ ഓഫ് സെറിമണിയായി വേദിയെ കയ്യിലെടുത്ത് നർമ്മവും സംഗീതവും ചാലിച്ച് അനർഗളമായ വാക്ധോരണിയിൽ ആർജെ ബ്രൈറ്റ്, ലണ്ടനിൽ നിന്നുള്ള ജിഷ്മാ മെറി, സാലിസ്ബറിയിൽ നിന്നുള്ള പപ്പൻ എന്നിവർ വേദി കീഴടക്കി.
സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന യുകെയിലെ പ്രശസ്തമായ "വോക്സ്ആൻജെല’ മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ്ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടും എല്‍ഇഡി സ്ക്രീനിന്റെ വർണ്ണാഭമായ പശ്ചാത്തലത്തിലും അനുഗ്രഹീതരായ ഗായകരുടെ ആലാപനങ്ങള്‍ വേദിയെ സംഗീതസാന്ദ്രമാക്കി.
എഴുപതിൽ പരം കലാകാരന്മാരുടെ ഗംഭീരമായ പ്രകടനമാണ് സദസിനു സമ്മാനിച്ചത്.അനീഷ് ജോര്‍ജ്, ടെസ്മോള്‍ ജോര്‍ജ്, ഷിനു സിറിയ്ക്ക്, ഡാന്റോ പോള്‍, സുനില്‍ രവീന്ദ്രന്, എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മിറ്റിയാണ് ഈ അവിസ്മരണീയ സംഗീത സായാഹ്നത്തിനു നേതൃത്വം നൽകിയത്.
|