അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച ഇരുപത്തിനാലാമത് ജിമ്മി ജോർജ് സ്മാരക വോളിബാൾ ടൂർണമെന്റി എൽഎൽഎച്ച് ഹോസ്പിറ്റൽ ജേതാക്കളായി.
അബുദാബി അൽ ജസീറ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ഏകപഷീയമായ മൂന്നുസെറ്റുകൾക്ക് ( 25 19 , 25 17 , 25 21 ) ലിറ്റിൽ സ്കോളർ ദുബായിയെ പരാജയപ്പെടുത്തിയാണ് എൽഎൽഎച്ച് ഹോസ്പിറ്റൽ വിജയികളായത്.
എൽഎൽഎച്ച് ഹോസ്പിറ്റൽ എവർ റോളിംഗ് ട്രോഫിയും 20,000 ദിര്‍ഹവുമാണ് വിജയികള്‍ക്ക് സമ്മാനിച്ചത്. അയൂബ് മാസ്റ്റര്‍ സ്മാരക ട്രോഫിയും 15,000 ദിര്‍ഹവും റണ്ണേഴ്സപ്പിന് സമ്മാനിച്ചു.
മികച്ച കളിക്കാരൻ, ഒഫെൻഡർ, ബ്ലോക്കർ, സെറ്റർ, ലിബറോ, ഭാവി വാഗ്ദാനം എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സമാപന ചടങ്ങിൽ പ്രശസ്ത വോളിബാൾ താരവും എംഎൽഎ യുമായ മാണി സി കാപ്പന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു.
ഇന്ത്യ, യുഎഇ, ഈജിപ്ത്, ബ്രസീൽ , കൊളംബിയ, ലെബ നോൺ, ക്യൂബ, റഷ്യ, സെർബിയ, യുഎസ്എ, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ അന്തർ ദേശീയ താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
എൽഎൽഎച്ച് ഹോസ്പിറ്റൽ, ഓൺലി ഫ്രഷ് ദുബായ്, പാല സിക്സ് മദിന ദുബായ്, ശ്രീലങ്കൻ ഇർൻ്റ നാഷണൽ ടീം, ലിറ്റിൽ സ്കോളർ നഴ്സറി ദുബായി, ഖാൻ ക്ലബ് എന്നീ ആറ് ടീമുകളാണ് മാറ്റുരച്ചത്. ബുർജീൽ ഹോൾഡിംഗ്സിന്റെ എൽഎൽഎച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചു കൊണ്ടാണ് വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.
ഡോ. നരേന്ദ്ര( റീജണൽ ഡയറക്ടർ, ബുർജീൽ ഹോൾഡിംഗ്സ് ) , ഡോ. പത്മനാഭൻ ( ഡയറക്ടർ, ക്ലിനിക്കൽ എക്സലന്റ്), നന്ദകുമാർ ( ഡയറക്ടർ , മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ , ലുലു ഗ്രൂപ്പ് ), തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു.
കേരള സോഷ്യല്‍ സെന്റർ പ്രസിഡന്റ് എ. കെ ബീരാൻകുട്ടി , ജനറല്‍ സെക്രട്ടറി കെ സത്യൻ , സ്പോര്‍ട്സ് സെക്രട്ടറി റഷീദ് അയിരൂർ , അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി സുഭാഷ് മടേക്കടവ്, ടൂർണമെന്റ് കൺവീനർ സലീം ചിറക്കൽ എന്നിവര്‍ നേതൃത്വം നല്കി. സമാനചടങ്ങിന്റെ ഭാഗമായി കേരള സോഷ്യൽ സെന്റർ പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി.
|