ന്യൂഡൽഹി: മലയാളികളടക്കം 15,000 ഇന്ത്യൻ പൗരന്മാർ ഗൾഫ് രാജ്യങ്ങളിൽ ജയിലിൽ കഴിയുന്നതും ചതിക്കപ്പെട്ടതുമായ പരാതികൾ കഴിഞ്ഞ വർഷം കിട്ടിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ രേഖാമൂലം അറിയിച്ചു.
കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ഖത്തർ, യുഎഇ, ബഹറിൻ എന്നീ രാജ്യങ്ങളിൽ മാത്രം ഇത്തരത്തിലുള്ള 14,966 പരാതികളാണു കിട്ടിയതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി.
പരാതികിട്ടിയ ഇന്ത്യക്കാർക്ക് നിയമ സഹായമടക്കം സാധ്യമായതെല്ലാം ഇന്ത്യൻ എംബസികളും മിഷനുകളും നൽകുന്നുണ്ടെന്ന് മുരളീധരൻ അറിയിച്ചു. ഇന്ത്യക്കാരെ സഹായിക്കാനായി എല്ലാ സ്ഥാനപതികാര്യാലയങ്ങളും അഭിഭാഷകരുടെ പാനലിനെയും നിയമിച്ചിട്ടുണ്ട്.വിവിധ എംബസികളിൽ പരാതി ലഭിച്ച ഇന്ത്യക്കാരിൽ ഭൂരിപക്ഷവും സാധാരണ തൊഴിലാളികളാണ്.
രാജ്യം 2021,2022, 2023 വർഷങ്ങളിലെ പരാതികൾ
കുവൈറ്റ് 4339, 5660, 7303 സൗദി 1604, 2614, 2585 ഒമാൻ 830, 1299, 1824 ഖത്തർ 1732, 1690, 1373 യുഎഇ 1587, 1448, 1253 ബഹറിൻ 355, 638, 628.
|