ന്യൂഡൽഹി: മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രീയർക്കിസ് ബാവയുടെ 92ാമത് ദുഖ്റോനോ പെരുന്നാളിന് ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ന്യൂഡൽഹി ഛത്തർപൂർ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച വി. കുർബാനക്ക് ശേഷം ഇടവക വികാരി ഫാ. റോജി മാത്യു കൊടിയേറ്റി.
പ്രധാനപ്പെരുന്നാൾ ഫെബ്രുവരി നാലിന് കൊണ്ടാടും 28 മുതൽ ഫെബ്രുവരി മൂന്ന് വരെ എല്ലാ ദിവസവും സന്ധ്യാപ്രാർഥനയും ആശിർവാദവും, ഭജനയിരിക്കുന്നതിനുള്ള അവസരവും ഉണ്ടാകും.
പ്രധാന പെരുന്നാൾ ദിനമായ ഫെബ്രുവരി നാലിന് ഭാരതത്തിന്റെ തലസ്ഥാന നഗരിയിലൂടെ നടത്തപ്പെടുന്ന ഏറ്റവും ദൈർഘൃമേറിയതും, ഡൽഹി ഭദ്രാസനത്തിലെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേവാലയങ്ങളിലെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്നതുമായ 21ാം മത് കാൽനട തീർഥയാത്ര രാവിലെ 11ന് ഗോൾഡാക്ഖാന സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ആശീർവദിച്ച് ആരംഭിക്കുമെന്ന് ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത അഭി. കുര്യാക്കോസ് മോർ യൗസേബിയോസ് അറിയിച്ചു.
ഫാ. ഐസക് മാത്യു ഈ വർഷത്തെ തീർഥയാത്ര കൺവീനറായി മേൽനോട്ടം വഹിച്ചു ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി അറിയിച്ചു.
കാൽനട തീർത്ഥയാത്ര പട്ടേൽ ചൗക്ക്, അശോകാ റോഡ്, പാർലമെന്റ് സ്ട്രിറ്റ്, രാഷ്ട്രപതി ഭവൻ, റാഫി മാർഗ്, തുഗ്ലക്ക് റോഡ്, കചഅ, ഹൗസ് ഖാസ്, വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കുത്തബ്മിനാർ മെട്രോ സ്റ്റേഷനു സമീപം ബൈപ്പാസ് റോഡിൽ എത്തുമ്പോൾ ഛത്തർപൂർ സെൻറ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. റോജി മാത്യു, ട്രസ്റ്റി ഷിനിൽ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വന്ദ്യ കൗമാ റമ്പാച്ചൻ തീർത്ഥയാത്രയെ സ്വീകരിച്ച് ഛത്തർപൂർ ദേവാലയത്തിലേക്ക് എത്തിച്ചേരും.
തുടർന്ന് വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥനയും വി. മൂന്നിൻമേൽ കുർബാനയും വന്ദ്യ കൗമാ റമ്പാച്ചൻ്റെ പ്രധാന കാർമ്മികത്വത്തിൻ നടക്കും. ഡൽഹി ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ കോർ എപ്പിസ്കോപ്പാമാർ വൈദികർ എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് പ്രസംഗം, ധൂപപ്രാർഥന, ആശീർവാദത്തിനുശേഷം തമുക്ക് നേർച്ചയും സ്നേഹവിരുന്നും നൽകും.
ആരാധാനാലയങ്ങളുടെ കേന്ദ്രമായ സൗത്ത് ഡൽഹിയിലെ ഛത്തർപൂരിൽ സ്ഥിതി ചെയ്യുന്ന അനുഗ്രഹങ്ങളുടെ കലവറയായ ഈ ദേവാലയത്തിൽ നാനാ ജാതി മതസ്ഥരായ ഉത്തരേന്ത്യക്കാർ ഉൾപ്പെടെ നിരവധി വിശ്വാസികൾ പരിശുദ്ധ മോറാന്റെ തിരുശേഷിപ്പ് വണങ്ങി അനുഗ്രഹം പ്രാപിക്കാൻ ദിവസവും ഇവിടെ എത്തിച്ചേരുന്നു. എല്ലാ മാസവും രണ്ടാം ഞായറാഴ്ച തിരുശേഷിപ്പ് പെരുന്നാളും, മദ്ധ്യസ്ഥ പ്രാർഥനയും നടന്നു വരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിരവധി പേർക്ക് ഈ ഇടവകയുടെ സഹായം ലഭ്യമായിട്ടുണ്ട്. പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രീയർക്കീസ് ബാവയുടെ ഇന്ത്യാ സന്ദർശന വേളയിൽ ഈ ദേവാലയത്തിൽ ശ്ലെെഹിക സന്ദർശനം നടത്തിയിട്ടുണ്ട്.
പെരുന്നാൾ ശ്രുശ്രൂഷയിലും തീർഥയാത്രയിലും ഡൽഹി ഭദ്രാസനത്തിലെ മുഴുവൻ വിശ്വാസികളും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നും സർക്കാർ സുരക്ഷാ അധികാരികളുടെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ പാലിച്ച് തീർഥയാത്രയിൽ അച്ചടക്കത്തോടു പങ്കെടുക്കണമെന്നും വികാരി ഫാ. റോജി മാത്യു, സെക്രട്ടറി നെൽസൺ വർഗീസ്, കൺവീനർ ബിജി വി എസ് എന്നിവർ അറിയിച്ചു
ഈ വർഷത്തെ ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും പെരുന്നാൾ ഏറ്റു നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് ഓഹരികൾ മുൻകുട്ടി എടുക്കുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതുമാണെന്നും അവർ കൂട്ടിച്ചേർത്തു. ബന്ധപ്പെടേണ്ട നമ്പരുകൾ 8376979515, 9811159591
|