അബുദാബി: കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന യുഎഇ തല യുവജനോത്സവത്തിന് തുടക്കമായി. വെള്ളിയാഴ്ച രാത്രി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.
സെന്റർ വൈസ് പ്രസിഡന്റ് റോയ് ഐ.വർഗീസ്, വനിതാ കമ്മിറ്റി ജോയിന്റ് കൺവീനർമാരായ ചിത്ര ശ്രീവത്സൻ, ഷൽമ സുരേഷ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വോളണ്ടിയർ ക്യാപ്റ്റൻ അരുൺ കൃഷ്ണൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജനറൽ സെക്രട്ടറി കെ. സത്യൻ സ്വാഗതവും കലാവിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ നന്ദിയും പറഞ്ഞു. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനൂറോളം മത്സരാർഥികൾ മൂന്നു ദിനങ്ങളിലായ് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കും. ഞായറാഴ്ച യുവജനോത്സവം സമാപിക്കും.
സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ അഞ്ച് വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്ട് തുടങ്ങി 37 ഇനങ്ങളിലുള്ള മത്സരങ്ങള്‍ അരങ്ങേറും.
ആറ് വയസിൽ താഴെയുള്ളവർ, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ ജൂനിയർ, മുതിർന്നവർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. കൂടുതല്‍ പോയിന്റ് നേടുന്ന ഓരോ വിഭാഗത്തിലെയും ഒരു കുട്ടിയെ "ബെസ്റ്റ് പർഫോർമർ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുക്കും. നാട്ടിൽനിന്നുമെത്തുന്ന കലാരംഗത്തെ പ്രമുഖരായിരിക്കും വിധികർത്താക്കൾ.
|