ന്യൂയോർക്ക്: കഴിഞ്ഞ ആറ് പതിറ്റാണ്ടായി ലോക സമവാക്യങ്ങളെ സ്വാധീനിക്കാനും മാറ്റിമറിക്കാനും കഴിഞ്ഞു വരുന്ന ഒരു വ്യക്തി നൂറാം വയസിൽ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ലോക രാഷ്ട്രീയത്തെ തന്റെ പ്രവർത്തികൾകൊണ്ടും എഴുത്തുകൊണ്ടും ചിന്തകൾകൊണ്ടും മാറ്റിമറിച്ച ഹെൻറി ആൽഫ്രഡ് കിസിൻജർ നൂറിന്റെ നിറവിലും കർമനിരതനായിരുന്നു.
കിസിൻജർ 1923 മേയ് 27ന് ജർമനിയിലെ ബവേറിയിയിൽ ജൂത മാതാപിതാക്കളുടെ മകനായി ആണ് ജനിച്ചത്. ഹിറ്റ്ലറുടെ ജൂത വേട്ടയെ തുടർന്ന് ലണ്ടനിൽ എത്തിയ കിസിൻജറുടെ കുടുംബം 1943ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
1938ൽ ഹിറ്റ്ലറെ ഭയന്ന് ജർമനിയിൽ നിന്ന് നാടുവിട്ടു അഭയാർഥികളിൽ ഒരുവനായ കിസിൻജർ തന്നെ ലക്ഷകണക്കിന് അഭയാർഥികളെ സൃഷിടിക്കുന്നതിനു നിമിത്തമായതും ചരിത്രം. വിയറ്റ്നാമിൽ, കമ്പോഡിയയിൽ, ചിലിയിൽ, ബംഗ്ലാദേശിൽ ഒക്കെ അമേരിക്കൻ ഇടപെടുലകൾ മൂലം അഭയാർഥി പ്രവാഹം ഉണ്ടായി.
തന്നെ ഒരു യഥാർഥ അമേരിക്കകാരനാക്കി മാറ്റിയത് സൈനിക സേവന കാലഘട്ടം ആണെന്നാണ് കിസിൻജർ പറയുന്നത്. ഹാർവാർഡിലെ നിന്ന് ഗവേഷണ ബിരുദം നേടിയ അദ്ദേഹം അതേ സർവകലാശാലയിൽ അധ്യാപകനും ആയിരുന്നു.
തന്റെ ഔപചാരിക നയതന്ത്ര പർവതിന് ശേഷവും ലോകത്തിന്റെ പല ദിക്കിലുമുള്ള സർവകലാശാലകളിലെയും വിസിറ്റിംഗ് പ്രഫസറായി അദ്ദേഹം സേവനം അനുഷ്ഠിച്ചു. അധികാരമാണ് ഏറ്റവും വലിയ ഉത്തേജക ഔഷധം എന്നതായിരുന്നു അദ്ദേഹത്തിന്റെ മന്ത്രങ്ങളിൽ ഒന്ന്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉപദേശകനായി സജീവ രാഷ്ട്രീയത്തിൽ എത്തിയ അദ്ദേഹത്തെ നിക്സൺ വിദേശകാര്യ സെക്രട്ടറിയായി 1968ൽ നിയമിച്ചു. ആന്ന് തൊട്ട് ഇന്നോളും കിസിൻജറെ ഉദ്ധരിക്കാത്ത ഒരു നയതന്ത്ര ക്ലാസും ഉണ്ടായിട്ടില്ല!
അമേരിക്കൻ വിദേശനയം രൂപപ്പെടുത്തിയതിൽ മുഖ്യപങ്കുവഹിച്ച നയതന്ത്രജ്ഞനാണ് ഹെൻറി ആൽഫ്രഡ് കിസിൻജർ. 1969 മുതൽ 1976 വരെ പ്രസിഡന്റുമാരായ റിച്ചാഡ് നിക്സന്റെയും ജെറാൾഡ് ഫോഡിന്റെയും കീഴിൽ വിദേശകാര്യ സെക്രട്ടറിയായും ദേശീയ സുരക്ഷ ഉപദേഷ്ടാവായും സേവനം ചെയ്ത അദ്ദേഹം അമേരിക്കയുടെ നയതന്ത്ര ഉപദേഷ്ടാവ്, ചിന്തകൻ, വാഗ്മി,എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച് നൂറാം വയസിലും വയസിലും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി നിലകൊള്ളുന്നത് അന്തർദേശീയ നിരീക്ഷകർക്ക് ഇന്നും അത്ഭുതമാണ്.
1973ലെ യോം കീപുർ യുദ്ധശേഷം "ഷട്ടിൽ ഡിപ്ലോമസി'യിലൂടെ മിഡിൽ ഈസ്റ്റിൽ സമാധാനം കൈവരുത്തുന്നതിലും ഈജിപ്തും അമേരിക്കയും തമ്മിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിലും ക്രിയാത്മകമായ പങ്കുവഹിച്ചിട്ടുണ്ട് കിസിൻജർ.
രണ്ടു തവണ വിവാഹിതനായി അദ്ദേഹം. 1949ൽ ആൻ ഫ്ലെഷറിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്.1964ൽ വിവാഹമോചനം നേടിയ കിസിൻജർ 1974ൽ നാൻസി മാഗിനെസിനെ വിവാഹം കഴിച്ചു.
100ാം വയസിലും കർമനിരതനായ കിസിൻജർ ലീഡർഷിപ്പ്: സിക്സ് സ്റ്റഡീസ് ഇൻ വേൾഡ് സ്ട്രാറ്റജി എന്ന പുസ്തകവുമായാണ് അവസാനം രംഗത്തുവന്നത്. പ്രസിഡന്റുമാരായ റിച്ചാർഡ് നിക്സണിന്റെയും ജെറാൾഡ് ഫോഡിന്റെയും കീഴിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി സേവനമനുഷ്ഠിച്ച കിസിൻജറുടെ പുതിയ പുസ്തകവും മാർക്കറ്റിൽ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.
ഒരു ഡസനിലധികം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം ഇപ്പോൾ തനിക്ക് അറിയാവുന്ന രാഷ്ട്രീയ വ്യക്തിത്വങ്ങളെക്കുറിച്ച് ആറ് പഠനങ്ങൾ എന്ന പുസ്തകം പൂർത്തിയാക്കിരുന്നു. കോൺറാഡ് അഡനോവർ, അൻവർ സാദത്ത്, മാർഗരറ്റ് താച്ചർ, ലീ ക്വാൻ യൂ,ചാൾസ് ഡി ഗല്ലെ, റിച്ചാർഡ് നിക്സൺ എന്നിവരാണ് അവർ. ഈ നേതാക്കൾ സ്വീകരിച്ച തന്ത്രങ്ങൾ അന്താരാഷ്ട്ര നയതന്ത്രത്തെ എങ്ങനെ പുനർനിർവചിച്ചു എന്നതിലാണ് കിസിൻജർ ശ്രദ്ധ കേന്ദ്രീകരിച്ചത്.
നിക്സന്റെ ദേശീയ സുരക്ഷാ ഉപദേശകനും ഭരണത്തിലെ നിർണായക സ്വാധീനവുമായിരുന്ന ഹെൻറി കിസിൻജർ ഇന്ത്യക്കാരെക്കുറിച്ചു ചൊരിഞ്ഞ അധിക്ഷേപങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ‘ഒന്നാന്തരം മുഖസ്തുതിക്കാർ, അധികാരത്തിലുള്ളവരുടെ കാലുനക്കുന്നതിൽ മിടുക്കന്മാർ’ എന്നൊക്കെയാണ് 1970കളിൽ ഇന്ത്യയ്ക്കെതിരേ പാക്കിസ്ഥാൻ, ചൈന അനുകൂല യുഎസ് വിദേശനയം രൂപപ്പെടുത്തുന്നതിനു സൂത്രധാരനായ കിസിൻജർ പറഞ്ഞത്.
ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഒരുഘട്ടത്തിലും കിസിൻജറുടെ പിന്തുണ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല. സൈനികമായി പാക്കിസ്ഥാനെ അമേരിക്ക പിന്തുണക്കുകയും ചെയ്തു.
കിസിൻജർ സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്റ്റേറ്റ് സെക്രട്ടറിയും ആയിരുന്നു. ജർമനിയിൽ ജനിച്ച അദ്ദേഹം 1969 1977 കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളുടെ വിദേശകാര്യനയത്തിൽ പ്രധാനപങ്കുവഹിച്ചു.
ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനുമായുള്ള സംഘർഷത്തിൽ അയവുവരുത്തിയ ഡീറ്റെ(Détente) നയം, ചൈനയുമായുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കൽ, വിയറ്റ്നാം യുദ്ധത്തിന്റെ അവസാനം കുറിച്ച് പാരീസ് സമാധാന ഉടമ്പടി എന്നിവയിൽ കിസിൻജർ പ്രധാന പങ്ക് വഹിച്ചു.
ആണവ നിർവ്യാപന രംഗത്തും നിരായുധീകരണ മേഖലയിലുമെല്ലാം കിസിൻജറുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. SALT,ABM ,NPT എന്നീ ഉടമ്പടികൾ അദ്ദേഹത്തിന്റെ മുൻകൈയിൽ ഉടലെടുത്തതാണ്.
പാരീസ് സമാധാന ഉടമ്പടിയിൽ ഉൾക്കൊണ്ടിട്ടുള്ള വെടിനിർത്തൽ നടപ്പിലാക്കാൻ പരിശ്രമിച്ചതിന് 1973ൽ ഉത്തര വിയറ്റ്നാം പോളിറ്റ് ബ്യൂറൊ അംഗമായ ലെ ഡക് തൊ, കിസിൻജർ എന്നിവർക്ക് നോബൽ സമ്മാനം നൽകപ്പെട്ടു.
എന്നാൽ തൊ ഈ പുരസ്കാരം സ്വീകരിച്ചില്ല. കാരണം അമേരിക്കയെ ലോക പോലീസുകാരനാകുന്നതിൽ നിർണായക പങ്ക് വഹിച്ച കിസിൻജറുമായി നോബൽ സമ്മാനം പങ്കിടാൻ തന്റെ ധാർമികത അനുവദിക്കുന്നില്ല എന്നാണ് തൊ പറഞ്ഞത്.
The White House Years (1979). American Foreign Policy: Three Essays (1969 )1994. Diplomacy.(1994.) On China (.2011.)2014. World Order (2014.) മുതൽ 2022ൽ പുറത്തിറങ്ങിയ Leadership: Six Studies in World Strategy വരെ അന്തർദേശീയ പഠിതാക്കൾക്കും നയതന്ത്രജ്ഞർക്കും പാഠപുസ്തകങ്ങളാണ്.
ജീവിക്കുന്ന ഈ ഇതിഹാസത്തിന്റെ വാക്കുകൾക്കായി ലോകം എപ്പോഴും കാതോർത്തിരുന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പോലും കിസിൻജർക്ക് സമാധാന ഫോർമുലയുണ്ട്. ചരിത്രത്തിൽ അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രമാണ്. ചൈനയുമായി ബന്ധം സ്ഥാപിച്ച പിംഗ് പോംഗ് ഡിപ്ലോമസി, ഷട്ടിൽ ഡിപ്ലോമസി എന്നിവയുടെ ഉപജ്ഞാതാവും അദ്ദേഹമായിരുന്നു .
മാവോയും നിക്സണും തമ്മിൽ ബെയ്ജിംഗിലും വാഷിംഗ്ടണിലും വച്ച് കൈകൊടുക്കുന്നതിലും കിസിൻജർ വലിയ പങ്ക് വഹിച്ചു. ലോകവ്യാപാര കെട്ടിടത്തിന്മേൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ബുഷ് ജൂനിയർ അദ്ദേഹത്തെ അന്വേഷണ കമ്മീഷൻ ചെയർമാനായി ആയി നിയോഗിച്ചെങ്കിലും തനിക്കു പറ്റിയ ജോലി അല്ല എന്ന് പറഞ്ഞു കിസിൻജർ സ്വീകരിച്ചില്ല.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ വിദേശ സെക്രട്ടറി എന്നതാണ് കിസിൻജറെ കുറിച്ചുള്ള ഏറ്റവും വലിയ വിമർശനം. വിയറ്റ്നാമിലും കംബോഡിയായിലും നരവേട്ടയ്ക്ക് മുൻകൈ എടുത്തു എന്നത് കിസിൻജർ നേരിടുന്ന ഏറ്റവും വലിയ വിമർശനമാണ്.
എന്നാൽ പ്രായോഗിക നയതന്ത്രത്തിന് എന്നും ഒപ്പം നടന്ന അദ്ദേഹത്തിന്റെ മന്ത്രം ഒന്ന് മാത്രമായിരുന്നു. അമേരിക്കയ്ക്ക് നിരന്തര ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ഉള്ളത് സ്ഥിര താത്പര്യം മാത്രം. ശത്രുവിന്റെ ശത്രു മിത്രം, അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന പ്രായോഗിക നയതന്ത്രത്തിന്റെ എക്കാലത്തെയും വലിയ വക്താവും കൂടിയാണ് കിസിൻജർ.
കിസിൻജർ ഒരിക്കൽ പറഞ്ഞതുപോലെ ‘അമേരിക്കയുടെ ശത്രുവായിരിക്കുന്നത് അപകടകരമാണ്. അതോടൊപ്പം അമേരിക്കയുടെ ചങ്ങാതിയാകുന്നത് മാരകമാണ്’ ഇത് ഏറ്റവും അർഥവത്തുമാണ്.ലോകനയതന്ത്രത്തെ ഇനി രണ്ടായി മുറിക്കാം കിസിൻജറിന് മുൻപും ശേഷവും!
ഡോ.സന്തോഷ് മാത്യു
|