ഡബ്ലിൻ: പ്രതിശീർഷ ജിഡിപി പ്രകാരം ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡിന് രണ്ടാം സ്ഥാനം. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് കണക്ക് പ്രകാരം ലക്സംബർഗാണ് ലിസ്റ്റിൽ ഒന്നാമത്.
സ്വിറ്റ്സർലൻഡ്, നോർവേ, സിംഗപ്പുർ, ഖത്തർ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഐസ്ലൻഡ്, ഡെൻമാർക്ക്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് മൂന്നു മുതൽ പത്തു വരെയുള്ള സ്ഥാനങ്ങളിൽ. 5.03 ദശലക്ഷം ജനസംഖ്യയുള്ള അയർലണ്ടിന്റെ ജിഡിപി 589.57 ബില്യൺ ഡോളറാണ് .
2008ലെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, അയർലൻഡ് അതിന്റെ ബാങ്കിംഗ് വ്യവസായം പരിഷ്കരിക്കുന്നതിന് ഒട്ടേറെ നടപടികൾ സ്വീകരിച്ചു. സമ്പദ്വ്യവസ്ഥയെ ഇന്നത്തെ നിലയിൽ എത്തിക്കാൻ പൊതുമേഖല വേതനം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചു.
കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് നികുതി സങ്കേതങ്ങളിലൊന്നാണ് അയർലൻഡ്. ബഹുരാഷ്ട്ര കമ്പനികളായ ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ളവയിൽ നിന്നും നികുതിയിനത്തിൽ സമീപ വർഷങ്ങളിൽ ഐറിഷ് സമ്പദ്വ്യവസ്ഥയിലേക്ക് 50 ശതമാനത്തിലധികമാണ് കൂട്ടിച്ചേർത്തത്.
നെതർലൻഡ്, സാൻമറിനോ, ഓസ്ട്രിയ, സ്വീഡൻ, ഫിൻലാൻഡ്, മക്കാവു, ബെൽജിയം, കാനഡ, ഇസ്രായേൽ, ജർമനി എന്നീ രാജ്യങ്ങളാണ് പതിനൊന്നു മുതൽ ഇരുപതു വരെയുള്ള സ്ഥാനങ്ങളിൽ.
ജിഡിപി പ്രതിശീർഷ പർച്ചേഴ്സിംഗ് പവർ പാരിറ്റി പ്രകാരം 2023 ജൂൺ വരെ ഇന്ത്യയുടെ ജിഡിപി പ്രതിശീർഷ വരുമാനം 9,073 ഡോളറാണ്. 2023ലെ ജിഡിപി പ്രതിശീർഷ റാങ്കിംഗിൽ ഇന്ത്യ 129ാം സ്ഥാനത്താണ്.
അതേസമയം ലോക ജിഡിപി റാങ്കിംഗിൽ യുഎസ്എ, ചൈന, ജപ്പാൻ, ജർമനി എന്നിവയ്ക്ക് ശേഷം ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
|