വലേറ്റ: മാള്‍ട്ട ഇടവകയുടെ ആതിഥേയത്വത്തില്‍ നടത്തപ്പെട്ട മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് യൂറോപ് ഭദ്രാസനം ഏഴാമത് ഫാമിലി കോണ്‍ഫറന്‍സ് വിജയകരമായി സമാപിച്ചു.
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോര് തെയോഫിലോസിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 27, 28, 29 തിയതികളിലാണ് സമ്മേളനം നടത്തിയത്.
മാള്‍ട്ട സെന്റ് മേരീസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്ള്‍സ് ഇടവക ആതിഥേയത്വം വഹിച്ച കോണ്‍ഫറന്‍സില്‍ ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ഡെന്മാര്ക്ക്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ പങ്കെടുത്തു.
ബൈബിളില്‍ അപ്പൊസ്തോല പ്രവര്‍ത്തികള്‍ 28ാം അധ്യായത്തില്‍, പൗലോസ് ശ്ലീഹയുടെ യാത്രമധ്യേ ഉണ്ടായ കപ്പലപകടത്തില്‍ മാള്‍ട്ടയില്‍ എത്തിയതായും നിവാസികളുടെ അതിഥേയത്വം സ്വീകരിച്ചതായും വിവരിക്കുന്നുണ്ട്. അതിനാല്‍ തന്നെ മാള്‍ട്ട കോണ്‍ഫറന്‍സ് പൗലോസ് ശ്ലീഹയുടെ പാദസ്പര്‍ശനമേറ്റ സ്ഥലത്തേക്കുള്ള ഒരു തീര്‍ഥയാത്ര കൂടിയായിരുന്നു.
"ഉണര്‍ന്നിരുന്നു പ്രാര്‍ഥിപ്പിന്‍' എന്ന ചിന്താവിഷയത്തെക്കുറിച്ചുള്ള ഭദ്രാസന മെത്രാപ്പോലിത്തയുടെ ആമുഖ സന്ദേശത്തോട് കൂടിയാണ് ത്രിദിന ഫാമിലി കോണ്‍ഫറന്‍സ് ആരംഭിച്ചത്. വിശ്വാസ സംബന്ധമായ വിഷയങ്ങളും യൂറോപ്പില്‍ വിശ്വാസ സമൂഹം അനുഭവിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ചകള്‍ക്കും ക്ലാസുകള്‍ക്കും വിഷയമായി.
റോമില്‍ ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന മലങ്കര കത്തോലിക്ക സഭയുടെ അംഗം ഡൊമിനിക് സാവിയോ അച്ചന് കുടുംബ ജീവിതത്തെക്കുറിച്ചും യുവതലമുറയും പാശ്ചാത്യന്‍ ജീവിതവും എന്നീ വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
ക്രിസ്തീയ ജീവിതത്തിലെ പ്രതിസന്ധികളും സാധ്യതകളും ദൈവവചനത്തിന്റെ വെളിച്ചത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ക്ലാസുകള്‍ക്കും ഡോ. തോമസ് ജേക്കബ് മണിമല അച്ചനും എല്‍ദോസ് വട്ടപ്പറമ്പില്‍ അച്ചനും നേതൃത്വം നല്കി.
കുര്‍ബാനയുടെ ദൈവശാസ്ത്ര വ്യാഖ്യാനങ്ങളെക്കുറിച്ചു ജോഷി വെട്ടിക്കാട്ടില്‍ അച്ചന് ക്ലാസുകള്‍ എടുത്തു. കുട്ടികള്‍ക്കായി ചെറിയ കഥകളിലൂടെയും പാട്ടുകളിലൂടെയും കളികളിലൂടെയും എല്‍ദോസ് പാല്പ്പത്ത് കുരുന്നു മനസുകളില്‍ വലിയ ആവേശവും ഉത്സാഹവും പകര്‍ന്നു നല്കി.
കുടുംബ മേളയുടെ ഏറ്റവും ആവേശോജ്വലമായ ക്വിസ് പ്രോഗ്രാം ബഹു. ഫാ. രഞ്ചു അബ്രഹാം, ഫാ. ടിജോ മാര്‍ക്കോസ് എന്നിവര്‍ നേതൃത്വം നല്കി. ഒന്നാം സ്ഥാനം സ്വിറ്റ്സര്‍ലന്‍ഡ് ഇടവകയും രണ്ടാം സ്ഥാനം മാള്‍ട്ട ഇടവകയും കരസ്ഥമാക്കി.
കുടുംബസംഗമത്തിന്റെ ഏറ്റവും വ്യത്യസ്തമാക്കിയത് ആബാലവൃദ്ധം ചേര്‍ന്നൊരുക്കിയ കള്‍ച്ചറല്‍ പ്രോഗ്രാമാണ്. നൃത്തങ്ങളും സംഗീതവും ഒത്തൊരുമിച്ച സായംസന്ധ്യ എല്ലാവരുടെയും ഹൃദയങ്ങളില്‍ മായാത്ത സ്മരണകള്‍ നിറച്ചു.
മാള്‍ട്ട ബ്ലൂബെറി മ്യുസിക്കല്‍ ബാന്റിന്റെയും മാള്‍ട്ട ഇടവകയുടെ ക്വയര്‍ ടീമിന്റെയും സംഗീത വിരുന്നു കള്‍ച്ചറല്‍ പ്രോഗ്രാമിനെ ഏറെ വ്യത്യസ്തമാക്കി.
സമ്മേളനത്തിനോട് അനുബന്ധിച്ച് യുറോപ്പ് ഭദ്രാസന കൗണ്‍സില്‍ മീറ്റിംഗ് കൂടുകയും ഭദ്രാസന ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും എല്ലാ ഇടവകകിളിലേയും യൂത്ത് അസോസിയേഷന് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അടുത്ത വര്‍ഷത്തില്‍ യുവതി യുവാക്കള്‍ക്കായുള്ള ക്യാമ്പ് ക്രമീകരിക്കുന്നതിനും തീരുമാനിച്ചു.
ഫാമിലി കോണ്‍ഫറന്‍സിന്റെ സമാപനത്തോനബന്ധിച്ച നടന്ന മൂന്നിന്മേല് കുര്‍ബാനയില്‍ അഭി. മെത്രാപ്പോലീത്തയും എല്‍ദോസ് വട്ടപ്പറമ്പില്‍ അച്ചനും ഏലിയാസ് വര്‍ഗീസ് അച്ചനും കാര്‍മികത്വം വഹിച്ചു.
ഫാമിലി കോണ്‍ഫ്രസിലൂടെ സഭയിലെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് കൂടുന്നതിനും പരസ്പരമുള്ള ബന്ധങ്ങള്‍ ആഴപ്പെടുത്തുന്നതിന്റെയും അതുവഴി സഭയുടെ ആചാരങ്ങളും പാരമ്പര്യവും പുതിയ തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കുവാനും അതിലുപരി ഏതൊരു വ്യക്തിയുടെയും ആവശ്യങ്ങളില്‍ ഒരു സമൂഹമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുവാനും കഴിയുമെന്ന് മെത്രാപ്പോലിത്തകുര്ബാനമധ്യേയുള്ള പ്രസംഗത്തില്‍ ഓര്‍മപ്പെടുത്തി.
ഏഴു വര്‍ഷങ്ങൾക്ക് ശേഷം വീണ്ടും യൂറോപ് മേഖലകളിലെ കുടുംബങ്ങളെ ചേര്‍ത്തുനിര്‍ത്തി വളരെ മനോഹരമായ രീതിയില്‍ കോണ്‍ഫറന്‍സ് ക്രമീകരിച്ച എല്ലാ ഭാരവാഹികള്‍ക്കും ആതിഥേയത്വം വഹിച്ച മാള്‍ട്ട ഇടവകയ്ക്കും പങ്കെടുത്തവര്‍ക്കും മെത്രാപ്പോലീത്ത അനുമോദനം അറിയിച്ചു.
ഫാമിലി കോണ്‍ഫെറന്‍സ് കണ്‍വീനേഴ്സായ ജോഷി വെട്ടിക്കാട്ടില്‍ അച്ചന് (ഭദ്രാസന സെക്രട്ടറി), പോള്‍ പി. ജോര്‍ജ് അച്ചന് (മാള്‍ട്ട ഇടവക വികാരി), അരുണ്‍ പോള്‍ (മാള്‍ട്ട ഇടവക വൈസ് പ്രസിഡന്റ്), എല്‍ദോ ഈരാളില്‍ (മാള്‍ട്ട ഇടവക സെക്രട്ടറി), ജിയോന് പൗലോസ് (മാള്‍ട്ട ഇടവക ട്രെഷറര്‍),
ജെലൂ ജോര്‍ജ് (മാള്‍ട്ട ഇടവക കമ്മിറ്റി അംഗം), വര്‍ഗീസ് അബ്രഹാം (ഭദ്രാസന ജോയിന്റ് സെക്രട്ടറി) ബേസില്‍ തോമസ് (ഭദ്രാസന ട്രഷറര്‍), കമാണ്ടര്‍ ജോര്‍ജ് പടിക്കകുടി (കൗണ്‍സില്‍ അംഗം) എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.
മാള്‍ട്ട യൂത്ത് അസോസിയേഷന്, വനിതാ സമാജ അംഗങ്ങള്‍ എന്നിവരുടെ അകമഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തെ ഏറ്റവും ഫലപ്രദമാക്കി.
|