ക്രോയിഡൺ: ക്രോയിഡണിൽ നടന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ കലാമേളയിൽ അതിശക്തമായ തിരിച്ചുവരവ് നേട്ടത്തിൽ തിളങ്ങി നിലവിലെ ചാമ്പ്യന്മാർ. 191 പോയിന്റ് കരസ്ഥമാക്കിയാണ് ക്രോയിഡണിലെ കേരള കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ (കെസിഡബ്ല്യുഎ) ചാമ്പ്യൻ കിരീടം നിലനിർത്തിയത്.
കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ ബ്രൈറ്റൺ മലയാളി അസോസിയേഷൻ (ബിഎംഎ) ഇത്തവണയും 46 പോയിന്റുകൾ കരസ്ഥമാക്കി രണ്ടാം സ്ഥാനം നിലനിർത്തി. സീമ ഈസ്റ്റ്ബോണും അസോസിയേഷൻ ഓഫ് സ്ലോ മലയാളീസും (എഎസ്എം) 37 പോയിന്റുകൾ വീതം നേടി മൂന്നാം സ്ഥാനം പങ്കിട്ടു.
സിനിമാറ്റിക് ഡാൻസ് (സോളോ & ഗ്രൂപ്പ്), സോളോ സോംഗ്, സ്റ്റോറി ടെല്ലിംഗ് എന്നിവയിൽ ഓരോന്നിലും ഒന്നാം സ്ഥാനത്തോടെ 16 പോയിന്റുകൾ നേടിയ ദേവാ പ്രേം നായർ (കെസിഡബ്ല്യുഎ) കലാതിലക പട്ടം കരസ്ഥമാക്കി.
സിനിമാറ്റിക് ഡാൻസ് (സോളോ), സോളോ സോംഗ് എന്നി ഇനങ്ങളിൽ രണ്ടാം സമ്മാനവും പദ്യപാരായണത്തിൽ ഒന്നാം സമ്മാനവും നേടിയ കോൾബോ വർക്കി ജിൽസ് (എച്ച്യുഎം) 11 പോയിന്റുകൾ കൈവരിച്ച് കലാപ്രതിഭ പട്ടം കരസ്ഥമാക്കി.
കിഡ്സ് വിഭാഗത്തിൽ ദേവാ പ്രേം നായരും (കെസിഡബ്ല്യുഎ), സബ് ജൂനിയർ വിഭാഗത്തിൽ കോൾബോ വർക്കി ജിൽസും (എച്ച്യുഎം), ജൂനിയർ വിഭാഗത്തിൽ നിവേദ്യ സുനിൽ കുമാർ എടത്താടനും (കെസിഡബ്ല്യുഎ), സീനിയർ വിഭാഗത്തിൽ നീതു രാജേന്ദ്ര പ്രസാദും (കെസിഡബ്ല്യുഎ) വ്യക്തിഗത ചാമ്പ്യന്മാർ ആയി.
രാവിലെ എട്ടിന് കലാമേളയുടെ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. നൂറുകണക്കിന് കലാകാരന്മാരും കലാകാരികളും പങ്കെടുത്ത കലാമേളക്ക് രാവിലെ പത്തിനാണ് തിരശീല ഉയർന്നത്. തുടക്കം മുതൽ കലാമേളയ്ക്ക് ആവേശകരമായ പിന്തുണയാണ് അസോസിയേഷനുകളിൽ നിന്നും ലഭിച്ചത്.
അഞ്ഞൂറില്പരം കാണികൾ മത്സരാർഥികളെ പ്രോത്സാഹിപ്പിക്കാനായി സജീവമായി വിവിധ വേദികളിൽ സന്നിഹിതരായിരുന്നു. സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ടിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന ചടങ്ങിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോയാണ് ഭദ്രദീപം കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്തത്.
സെക്രട്ടറി ജിപ്സൺ തോമസ് സ്വാഗതം ആശംസിച്ചു. ക്രോയ്ഡൺ കൗൺസിലർ നിഖിൽ ഷെറിൻ തമ്പി, യുക്മ മുൻ വൈസ് പ്രസിഡന്റും നിലവിലെ ദേശീയ വക്താവുമായ ശ്രീ എബി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ റീജിയണൽ വൈസ് പ്രസിഡന്റ് ഡെന്നിസ് വരീദ്, ട്രഷറർ സനോജ് ജോസ്, മുൻ റീജിയണൽ പ്രസിഡന്റ് ആന്റണി എബ്രഹാം, കലാമേള കൺവീനർ സജി ലോഹിദാസ്, കലാമേള കോഓർഡിനേറ്റർ ഹാഷിം കുഞ്ഞുമുഹമ്മദ്, കെസിഡബ്ല്യുഎ വിമൻസ് ഫോറം എക്സിക്യൂട്ടീവ് ശാരിക അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.
തുടർച്ചയായി മൂന്ന് സ്റ്റേജുകളിലായി അരങ്ങേറിയ പരിപാടികൾ രാത്രി പത്തിനാണ് അവസാനിച്ചത്. തികഞ്ഞ അർപ്പണ ബോധത്തോടെ പ്രവർത്തിച്ച സ്റ്റേജ് മാനേജർമാരുടെ നിശ്ചയദാർഢ്യവും ജഡ്ജിമാരുടെ സമയബന്ധിതമായ പ്രവർത്തനവുംകൊണ്ട് മാത്രമാണ് പരിപാടികൾ നിശ്ചിത സമയ പരിധിക്കുള്ളിൽ തീർക്കാനായത്.
സാംസൺ പോൾ, ശാരിക അമ്പിളി, ഡെനിസ് വരീദ്, ജോസ് പ്രകാശ്, ജയൻ സ്റ്റാൻലി, സജി തോമസ് സ്കറിയ എന്നിവരാണ് സ്റ്റേജ് മാനേജർമാരായി പ്രവർത്തിച്ചിരുന്നത്.
ആന്റണി എബ്രഹാമിന്റെ നേതൃത്വത്തിൽ ബിനീഷ് ബിജു, മനു ഫിലിപ്പ് മാത്യു, ബ്രിട്ടോ വർക്കി എന്നിവരുടെ കൂട്ടായ്മയിൽ ഓഫീസ് നിർവഹണം എണ്ണയിട്ട യന്ത്രം പോലെ കൃത്യമായി നടന്നതുകൊണ്ട് ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗുമെല്ലാം യഥാസമയം തീർക്കാനായി.
രെജിസ്ട്രേഷൻ, സ്റ്റേജ് കോർഡിനഷൻ എന്നിവ എബി സെബാസ്റ്റ്യൻ, സുരേന്ദ്രൻ ആരക്കോട്ട്, ജിപ്സൺ തോമസ്, സനോജ് ജോസ് എന്നിവരുടെ മേൽനോട്ടത്തിൽ സുഗമമായി നടന്നു.
റീജിയനിലെ വിവിധ അസോസിയേഷൻ ഭാരവാഹികളും നേതാക്കളും അഭ്യൂദയകാംക്ഷികളുമായ അലോഷ്യസ് അഗസ്റ്റിൻ, ഹാഷിം കുഞ്ഞുമുഹമ്മദ്, പവിത്രൻ ദാമോദരൻ, ഷാ ഹരിദാസ്, സജി ലോഹിദാസ്, പ്രേം കുമാർ നായർ,
ജേക്കബ് കോയിപ്പള്ളി, ജോബിൾ ജോർജ്, ബൈജു ശ്രീനിവാസ്, ജയപ്രകാശ് പണിക്കർ, അഖില, അനു ബെർവിൻ, ജോസ് മാർട്ടിൻ തുടങ്ങിയർ അണിയറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പ്രവർത്തിച്ചു.
ലൈഫ് ലൈൻ പ്രൊട്ടക്ട്, വോസ്റ്റേക്, മുത്തൂറ്റ് ഗ്രൂപ്പ്, മലബാർ ഗോൾഡ് & ഡയമോൻഡ്സ്, സീകോം അക്കൗണ്ടൻസി, കെന്റ് സ്പൈസസ്, ആർആർ ഹോളിസ്റ്റിക് കെയർ, കൃഷ് മോർഗൻ സോളിസിറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, എംജി ട്യൂഷൻ,
ജെഎംപി സോഫ്റ്റ്വെയർ, കേരള സൂപ്പർമാർക്കറ്റ്, ബി ഫോർ ബി മീറ്റ് & ഫിഷ് തുടങ്ങിയ സ്പോൺസർമാരുടെ സഹകരണം ഒന്നുകൊണ്ടുമാത്രമാണ് കലാമേള പോലെ ബൃഹത്തായ ഒരു പരിപാടി സംഘടിപ്പിക്കാനായത്.
പരിപാടിയുടെ സ്പോൺസർമാർക്കും കലാമേളയുടെ നെടുംതൂണായി നിന്ന റീജിയണൽ അസോസിയേഷൻ ഭാരവാഹികൾക്കും വോളന്റിയർമാർക്കും ജഡ്ജിമാർക്കും സ്റ്റേജ് മാനേജർമാർക്കും കാണികൾക്കും മത്സരാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ സ്വാഗത സംഘത്തിന്റെ പേരിൽ നന്ദി രേഖപ്പെത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.
|