കുവൈറ്റ് സിറ്റി: കുവൈറ്റ് മെഡിക്കൽ അസോയിയേഷനുമായും കുവൈറ്റ് പീഡിയാട്രിക് അസോസിയേഷനുമായും സഹകരിച്ച് സിറ്റി ക്ലിനിക്ക് ഗ്രൂപ്പ് കൗമാരക്കാരുടെ ആരോഗ്യ പ്രശ്നങ്ങളെ പറ്റി ആദ്യ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു.
ബുധൻ, വ്യാഴം, വെള്ളി ദിവങ്ങളിൽ (ഒക്ടോബർ 25,26,27) ‘സെൻസ് ആൻഡ് എസെൻസ് ഓഫ് അഡോളസെൻസ്’ എന്ന തലക്കെട്ടിലാണ് സെമിനാർ.
കുവൈറ്റിലെ മെഡിക്കൽ പ്രാക്റ്റീഷ്യനഴ്സിനെയും ശിശുരോഗ വിദഗ്ധരെയും ഉദേശിച്ച് ഒന്നാം ദിവസം റാഡിസൺ സാസ് ഹോട്ടലിൽ നടക്കുന്ന പ്രത്യേക സെഷനിൽ കൗമാരക്കാരിലെ അമിത വണ്ണം, ഭക്ഷണ മാനസിക പ്രശ്നങ്ങൾ, അക്സിഡന്റ് മൂലമല്ലാത്ത പരിക്കുകൾ, രോഗ പ്രതിരോധ സംവിധാനം തുടങ്ങിയവയിൽ ചർച്ചകൾ നടക്കും.
സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ രണ്ടാം ദിവസം നടക്കുന്ന പരിപാടികൾ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ളതാണ്. അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി മാത്രമുള്ള മൂന്നാം ദിവസത്തെ പരിപാടികൾ ഖൈത്താനിലെ കാർമൽ സ്കൂളിലാണ് നടക്കുക.
കുട്ടികൾക്കു നേരെയുള്ള സൈബർ ആക്രമണങ്ങൾ, സോഷ്യൽ മീഡിയ അഡിക്ഷൻ, വിഷാദവും കോവിഡിനു ശേഷമുള്ള പെരുമാറ്റ മാറ്റങ്ങളും, പുകവലിയും വാപ്പിംഗും, പിസിഒഡി, ഭക്ഷണ പ്രശ്നങ്ങൾ, വ്യക്തിത്വം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഡോ. മുനാ ഭാസ്കർ (സീനിയർ പ്രഫസർ, അഡോളസന്റ് മെഡിസിൻ സിഎംസി വെല്ലൂർ, യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ, കാനഡ) ഡോ. വത്സൻ ഫിലിപ്പ് വർഗീസ് (സീനിയർ പ്രഫസർ, പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസ് സിഎംസി വെല്ലൂർ, യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട, കാനഡ),
ഡോ. സത്യരാജ് (പ്രഫസർ, ചൈൽഡ് ആൻഡ് അഡോളസന്റ് സൈക്യാട്രി സിഎംസി വെല്ലൂർ, റോയൽ ഓസ്ട്രേലിയൻ, ന്യൂസിലൻഡ് കോളജ് ഓഫ് സൈക്യാട്രിസ്റ്റ്), ഡോ. രശ്മി (അസി.പ്രഫസർ അഡോളസന്റ് മെഡിസിൻ സിഎംസി വെല്ലൂർ),
ഡോ. ക്രിസ്റ്റീന ജെയിംസ് ഇർവിൻ (കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, അഹമ്മദി ഹോസ്പിറ്റൽ, കെഒസി കുവൈറ്റ്) എന്നീ വിദഗ്ധരടങ്ങുന്ന സംഘമായിരിക്കും സെഷനുകൾക് നേതൃത്വം നൽകുക.
സമാപന ചടങ്ങുകളിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക മുഖ്യാതിഥി പങ്കെടുക്കും.
|