ബര്‍ലിന്‍: ആഫ്രിക്കയിലെ ഘാനയില്‍ നടന്ന 66ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി സമ്മേളനത്തില്‍ (സിപിസി) പങ്കെടുത്ത ശേഷം ജര്‍മനിയിലെത്തിയ സ്പീക്കര്‍ എ.എന്‍. ഷംസീറിന് ജര്‍മന്‍ മലയാളികള്‍ സ്വീകരണം നല്കി.
സാമൂഹ്യ സംഘടനയായ സംസ്കാര ജര്‍മനിയുടെ നേതൃത്വത്തില്‍ മാന്‍ഹൈമിലെ ഇന്ത്യന്‍ പാലസ് റസ്റ്റോറന്റില്‍ കൂടിയ സ്വീകരണയോഗത്തില്‍ സംസ്കാര സെക്രട്ടറിയും ലോക കേരള സഭ അംഗനവുമായ ഗിരികൃഷ്ണന്‍ സ്പീക്കറെയും സംഘത്തെയും സ്വാഗതം ചെയ്തു.
ഈ മാസം ആറിന് വൈകുന്നേരം നടന്ന യോഗത്തില്‍ ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗങ്ങളായ പോള്‍ ഗോപുരത്തിങ്കല്‍ (ചെയര്മാന്, ഗ്ലോബല്‍ മലയാളി ഫെഡറേഷന്), ജോളി തടത്തില്‍ ( ചെയര്മാന്, വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്),
ഗ്രോസ് ഗെരാവു സിറ്റി കൗണ്‍സിലര്‍ അബ്രഹാം നടുവിലേഴത്ത്, യൂറോപ്പിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രവാസി ഓണ്‍ലൈന്‍ ചീഫ് എഡിറ്ററും കൊളോണ്‍ കേരള സമാജം കള്‍ച്ചറല്‍ സെക്രട്ടറിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റുമായ ജോസ് കുമ്പിളുവേലില്‍,
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍, മലയാളി സമാജം ഹൈഡല്‍ബെര്‍ഗ് പ്രതിനിധികളായ അരവിന്ദ് പരമേശ്വര്‍, അമൃത് അമര്‍, കൈരളി ഹൈഡല്‍ബെര്‍ഗ് പ്രതിനിധികളായ ബിനു തോമസ്, അശ്വതി,
സംസ്കാര ജര്‍മനി അംഗങ്ങളായ റിഷിത്, നിധീഷ്, ശിവഹരി, അബിന്‍ നാസ്, നിധീഷ്, ജോയല്‍, ഡിറ്റി മാത്യു, സോണി, പോള്‍ ബാബു എന്നവരുള്പ്പടെ മുപ്പതോളം പേര് പങ്കെടുത്തു.
പ്രവാസികളുമായി വളരെ അടുത്ത് ഇടപഴകിയ സ്പീക്കര്‍ ലോക കേരള സഭയുടെ മേഖല സമ്മേളങ്ങളെ പറ്റിയും വിശദീകരിച്ചു. നിയമസഭാ പ്രവത്തനങ്ങളും സമകാലിക വിഷയങ്ങളും ചെയറിന്റെ അധികാരങ്ങളും ഹ്രസ്വമായി പ്രതിപാദിച്ച സ്പീക്കര്‍ പ്രവാസികളുടെ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു.
ജര്‍മനിയിലെ ഇന്ത്യാക്കാരുടെ പ്രാതിനിധ്യം, മലയാളികളുടെ ജീവിതം, സംഘടനാ പ്രവര്‍ത്തനങ്ങള്‍, കേരളത്തിനുവേണ്ടി ചെയ്യാവുന്ന കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഇവിടുത്തെ ആദ്യതലമുറക്കാരോട് സ്പീക്കര്‍ ചോദിച്ചറിഞ്ഞു.
തൊഴില്‍ തേടിയും പഠനത്തിനായും ജര്‍മനിയിലേക്കുള്ള നഴ്സുമാരുടെ വിദ്യാർഥികളുടെ വരവും ജര്‍മന്‍ ഭാഷ പഠിക്കുന്നതുമായും ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും വിഷയങ്ങളും ചര്‍ച്ചയായി.
അതിലുപരി കേരളത്തില്‍ നിന്നും ജര്‍മനിയിലേക്ക് റിക്രൂട്ട്മെന്റ് എന്ന ലേബലില്‍ നടത്തുന്ന വ്യാജ ഏജന്‍സികളുടെ പ്രവര്‍ത്തനവും അവരുടെ സുതാര്യതയും ഉറപ്പാക്കണമെന്ന് യോഗത്തില്‍ ഐക്യകണ്ഠേന ആവശ്യമുയര്‍ന്നു.
ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരിന്റെയും നോര്‍ക്കയുടെയും ശ്രദ്ധയില്‍പ്പെടുത്തി ആവശ്യം വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാമെന്ന് സ്പീക്കര്‍ യോഗത്തില്‍ ഉറപ്പു നല്കി. 2024ല്‍ തിരുവനപുരത്ത് വച്ചു നടക്കുന്ന വേള്‍ഡ് മലയാളി കൗണ്സിന്റ 14ാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സിലേക്ക് സ്പീക്കറെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ ക്ഷണിച്ചു.
ട്രിയറില്‍ നിന്നും കൊണ്ടുവന്ന കാൾ മാര്‍ക്സിന്റെ അര്‍ധകായരൂപം സംസ്കാരയുടെ ഉപഹാരമായി സ്പീക്കര്‍ക്ക് നല്കി. യോഗത്തില്‍ സംസ്കാര പ്രസിഡന്റ് റിഷിത് നന്ദി പറഞ്ഞു. അത്താഴവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
ലോക കേരള സഭയുടെ അധ്യക്ഷന്‍ കൂടിയായ സ്പീക്കറോടൊപ്പം ഭാര്യ ഡോ. പി. എം. സഹല, മകന് ഇസാന്, നിയമസഭ അസിസ്റ്റന്റ് സെക്രട്ടറി എ. എം. ബഷീര്‍, അസിസ്റ്റന്റ് പ്രെെവറ്റ് സെക്രട്ടറി അര്ജുന് എസ്. കുമാര്‍ എന്നിരുമുണ്ടായിരുന്നു.
സമ്മേളനത്തിന്റെ ഭാഗമായ പോസ്റ്റ് കോണ്‍ഫറന്‍സ് ടൂറില്‍ യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനിക്ക് പുറമെ സ്വിറ്റ്സര്‍ലൻഡ്, ഇറ്റലി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാവും സ്പീക്കറുടെയും സംഘത്തിന്റെയും മടക്കയാത്ര.
|