റിയാദ്: എൻഎൽപി കുടുംബ സംഗമവും ലോ ഓഫ് എൻട്രോപ്പി എന്ന വിഷയത്തെ ആസ്പദമാക്കിയായുള്ള ക്ലാസും മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. അന്താരാഷ്ട്ര പരിശീലകൻ ഡോ. പോൾ തോമസ് ക്ലാസുകൾ നയിച്ചു.
ചടങ്ങിൽ എൻഎൽപി പോൾ തോമസ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ നിസ്വാർഥവും മാതൃകാപരവുമായി എൻഎൽപി സേവനങ്ങൾ എങ്ങനെ പ്രയോഗവത്കരിക്കാമെന്നുള്ള അനുഭവങ്ങൾ മുഖ്യപ്രഭാഷകൻ സൂരജ് പാണയിൽ (കിംസ് ആശുപത്രി ചെയർമാൻ) തന്റെ പ്രസംഗത്തിൽ അവതരിപ്പിച്ചു.
വളർന്നു വരുന്ന തലമുറയുടെ മാനസികമായ ആരോഗ്യവും വ്യക്തിത്വ വികസനവും മാതാപിതാക്കൾക്ക് മക്കളോടുള്ള പെരുമാറ്റത്തേയും നിത്യജീവിത ക്രമീകരണങ്ങളേയും അനുസരിച്ചാണെന്നുള്ള തിരിച്ചറിവുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
എൻഎൽപി, അലോപ്പതി മെഡിക്കൽ ഫീൽഡിലും മറ്റ് ഇതര ചികിത്സാ തലങ്ങളിലും മാനസിക ആരോഗ്യ തലത്തിലും ചെലുത്തുന്ന സ്വാധീനത്തേയും പ്രാധാന്യത്തേയും കുറിച്ച് മുഖ്യാതിഥി ഡോ. അൻവർ ഖുർഷിദ് (റോയൽ പ്രോട്ടോകോൾ ഫിസിഷ്യൻ, നാഷണൽ ഗാർഡ് ആശുപത്രി) സംസാരിച്ചു.
പ്രവാസി ഭാരതി അവാർഡ് ജേതാവ് ശിഹാബ് കൊട്ടുകാട് അനുഗ്രഹ പ്രഭാഷണം നടത്തി. അബ്ദുൽ ലത്തീഫ്, അലവിക്കുട്ടി ഒളവട്ടൂർ, ഷിജിത്, ഫർഹാൻ അഹമ്മദ്, സയ്യിദ അൻസാരി, മുഹിയുദ്ദീൻ, നിഖില സമീർ, വർഗീസ് വിന്റർ ടൈം കമ്പനി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
എൻഎൽപി സൗദി മാനേജർ സ്റ്റാൻലി ജോസ് സ്വാഗതവും ഷുക്കൂർ പൂക്കയിൽ നന്ദിയും പറഞ്ഞു. എൻഎൽപി വെരിഫൈഡ് മാസ്റ്റർ പ്രാക്റ്റീഷനർ നിഖില സമീറിനുള്ള നാഷണൽ സ്കിൽ ഇന്ത്യ മിഷൻ സർട്ടിഫികറ്റും ഐഡി കാർഡും എൻഎൽപി പോൾ തോമസ് വിതരണം ചെയ്തു.
കോവിഡ് കാലത്തും അതിന് ശേഷവും നാട്ടിലും പ്രവാസി സമൂഹത്തിലും നൽകി വരുന്ന സേവനങ്ങൾ എൻഎൽപി കുടുംബാംഗങ്ങൾ പങ്ക് വച്ചു. യാസിർ, അബൂബക്കർ സിദ്ദീഖ്, സുമിത, ഹാജറ, ഷാഫി, നമിത, മധുസൂദനൻ, ഷംനാദ്, സൈനുൽ ആബിദ്, എന്നിവർ നേതൃത്വം നൽകി.
|