കുവൈറ്റ് സിറ്റി: ശ്രീ നാരായണ ഗുരുവിന്റെ 169ാമത് ജയന്തിയും ഓണവും സാരഥി കുവൈറ്റ് വിപുലമായി ആഘോഷിച്ചു. സെപ്റ്റംബർ ഒന്നിന് ഖൈത്താൻ കാർമൽ സ്കൂളിൽ രാവിലെ ഒന്പതിന് ആരംഭിച്ച ചടങ്ങുകൾ ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു.
മതേതരത്വവും ദേശിയതയും ഉയർത്തിപ്പിടിക്കേണ്ട ആവശ്യകതയെപ്പറ്റി ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം എടുത്തു പറയുകയും എല്ലാവർക്കും ഓണാശംസ നേരുകയും ചെയ്തു.
ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത ഗുരുധർമപ്രചാരകയായ ആശ പ്രദീപിന്റെ (ഗുരുനാരായണ സേവാ നികേതൻ, കോട്ടയം) "പലമത സാരവുമേകം' എന്ന ഗുരുദർശനത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം നടന്നു.
പ്രോഗ്രാം കൺവീനർ ജിതേഷ് എംപി സ്വാഗതം ആശംസിച്ച ചടങ്ങിൽ സാരഥി പ്രസിഡന്റ് അജി കെ. ആർ ഗുരുദേവ ജയന്തിയുടെ പ്രസക്തിയെക്കുറിച്ചും സാരഥി സെന്റർ ഫോർ എക്സലൻസ് (SCFE) കൈവരിച്ചു കൊണ്ടിരിക്കുന്ന ഉന്നതവിജയത്തെ പറ്റിയും പരാമർശിച്ചു.
ആശാ പ്രദീപിനും അഭിറാം അജിക്കുമുള്ള പ്രശസ്തി ഫലകം ഇന്ത്യൻ അംബാസഡർ നൽകി. മാവേലിയും ചെണ്ടമേളവും അത്തച്ചമയവും താലപൊലിയും ഓണാഘോഷങ്ങൾക്ക് പൊലിമയേകി.
SCFE ഒരുക്കിയ ചന്ദ്രയാൻ3 മാതൃകയും ഓണപ്പൂക്കളവും ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി. ഗുരുദർശന വേദിയുടെ നേതൃത്വത്തിൽ ഗുരുപൂജയും ഗുരുപുഷ്പാഞ്ജലിയും ഒരുക്കിയിരുന്നു.
ആയിരത്തിലധികം പേർക്ക് ഓണസദ്യ വിളമ്പിയ ചടങ്ങിൽ, തിരുവാതിരക്കളി, ഓണപ്പാട്ടുകൾ, കൊയ്ത്തുപാട്ട്, കൈകൊട്ടിക്കളി, കേരളനടനം, വഞ്ചിപ്പാട്ട്, നാടൻ പാട്ട്, ഗുരുദേവ ഭക്തിഗാനം, ഗുരുദേവ ഭജനാമൃതം, ചണ്ഡാലഭിക്ഷുകി നാടകാവിഷ്കാരം, സെമി ക്ലാസിക്കൽ ഡാൻസ്, സൂഫി ഡാൻസ് , ഫ്യൂഷൻ ഡാൻസ്, വയലിൻ ഗിറ്റാർ ഫ്യൂഷൻ എന്നിവ കാണികൾക്കായി വിരുന്നൊരുക്കി.
സാരഥി കുവൈറ്റിന്റെ അംഗത്വത്തിനു ഇനി മുതൽ ഓൺലൈൻ ആയും അപേക്ഷ സമർപ്പിക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ ആണെന്ന് ഭാരവാഹികൾ അറിയിച്ചു. സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, രക്ഷാധികാരി സുരേഷ് കൊച്ചത്, ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ.എസ്, വനിതാവേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് എന്നിവർ ആശംസകൾ അറിയിച്ചു.
കുവൈറ്റിലെ സാമൂഹികസാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. സാരഥി ട്രെഷറർ ദിനു കമാൽ നന്ദി അറിയിച്ചു.
|