ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) ആഭിമുഖ്യത്തിൽ നടത്തിയ ത്രിദിന ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.
ടെക്സസിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ ഒന്നായ നവസോട്ട ക്യാമ്പ് അലനിൽ വച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഓഗസ്റ്റ് 11നു വൈകുന്നരം ആരംഭിച്ച ക്യാമ്പ് 13നു ഞായറാഴ്ച സമാപിച്ചു.
വിവിധ കലാ കായിക വിനോദ പരിപാടികൾക്കൊപ്പം കായലിൽ ചൂണ്ടയിട്ടു മീൻ പിടിക്കുന്നതിനും സൗകര്യമൊരുക്കിയത് ക്യാമ്പിൽ പങ്കെടുത്തവർക്കു വേറിട്ട അനുഭവം നൽകി.
ക്യാന്പിന്റെ ഉദ്ഘാടനം ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഉപരക്ഷാധികാരിയും ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ ചർച്ചസ് ഓഫ് ഹൂസ്റ്റൺ പ്രസിഡന്റുമായ റവ.ഫാ. ജെക്കു സഖറിയ പ്രാർഥിച്ച് ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ബാബു കൂടത്തിനാലിൽ അധ്യക്ഷത വഹിച്ചു.
മലയാളത്തിലും ഹിന്ദിയിലുമായി ശ്രുതിമധുരമായ ഗാനങ്ങൻ പാടി ഹൂസ്റ്റണിലെ പ്രമുഖ ഗായകരും അസ്സോസിയേഷൻ അംഗങ്ങളുമായ മെവിൻ ജോൺ പാണ്ടിയത്ത്, ജോൺ തോമസ് (രാജൻ), മീരാ സഖറിയ തുടങ്ങിയവർ ക്യാമ്പിന്റെ കലാവിനോദ പരിപാടികളെ അടിപൊളിയാക്കി.
അന്താക്ഷരി, കവിത പാരായണം തുടങ്ങി നിരവധി പരിപാടികൾ ക്യാമ്പിന് മാറ്റു കൂറ്റി. ചെണ്ട മേളവും ക്യാമ്പിന് താളക്കൊഴുപ്പേകി. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ സ്വിമിംഗ് പൂളിൽ നീന്തിക്കളിച്ചു.
സജി ഇലഞ്ഞിക്കൽ കായിക പരിപാടികൾക്കു നേതൃത്വം നൽകി. ശനിയാഴ്ച നടന്ന ടാലെന്റ്റ് നൈറ്റിനോടനുബന്ധിച്ച് ക്യാമ്പിൽ പങ്കെടുത്തവർ അനുഭവങ്ങൾ പങ്കുവച്ചു. സെക്രട്ടറി ബിനു സഖറിയ കളരിക്കമുറിയിൽ നന്ദി പ്രകാശിപ്പിച്ചു.
അതിഥികളായി പങ്കെടുത്ത റജി ജോൺ കോട്ടയം, ജെസി റജി, ആന്റണി, ഡേവിഡ് ലുക്കോസ് എന്നിവർക്കും അമേരിക്കയിൽ ഹൃസ്വ സന്ദർശനാർഥം എത്തിയപ്പോൾ പൂർണ സമയം ക്യാമ്പിൽ പങ്കെടുത്ത രാജു ഇലഞ്ഞിക്കലിനും പ്രത്യേക നന്ദി രേഖപ്പെടുത്തി.
ഡാളസിൽ നിന്നും ബിജു മാത്യു പുളിയിലെത്ത് കുടുംബമായി എത്തി ക്യാമ്പിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാവരും ഓറഞ്ച് നിറത്തിലുള്ള യൂണിഫോം ധരിച്ചെത്തിയത് ക്യാമ്പിന് നിറപ്പകിട്ടേകി.
സൗണ്ട് സിസ്റ്റം ബിജു സഖറിയ കളരിക്കമുറിയിൽ നിയന്ത്രിച്ചപ്പോൾ ബിജു പുളിയിലേത്ത് ഫോട്ടോഗ്രാഫിക്ക് നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഭക്ഷണവും ക്യാമ്പിന് മികവ് നൽകി.
പ്രസിഡന്റ് ബാബു കൂടത്തിനാൽ, സെക്രട്ടറി ബിനു സക്കറിയ കളരിക്കമുറിയിൽ, ട്രെഷറർ ജിൻസ് മാത്യു കിഴക്കേതിൽ എന്നിവരോടൊപ്പം മറ്റു ഭാരവാഹികളായ ജീമോൻ റാന്നി, മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സഖറിയ, വിനോദ് ചെറിയാൻ, റീന സജി, ഷീല ചാണ്ടപ്പിള്ള,
മിന്നി കൂടത്തിനാലിൽ, ജൈജു കുരുവിള, രാജു കെ. നൈനാൻ, സ്റ്റീഫൻ എബ്രഹാം, അമ്പിളി വിനോദ്, മനു ഇടശേരിൽ, ബാബു കലീന തുടങ്ങിയവർ വിവിധ കമ്മിറ്റികൾക്കു നേതൃത്വം നൽകി ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
|