റോഥർഹാം: അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി ശനിയാഴ്ച റോഥർഹാമിലെ മാൻവേഴ്സ് ലെയിക്കിൽ വച്ച് നടക്കും. യുകെ മലയാളി സമൂഹത്തിന്റെ എല്ലാ കണ്ണുകളും ഷെഫീൽഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന കേരളപൂരം വള്ളംകളി മത്സത്തിലാണ്.
രാവിലെ 8ന് യുക്മ ദേശീയ അധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ ഇന്ത്യയുടെയും ബ്രിട്ടന്റെയും പതാകൾ ഉയർത്തുന്നതോടെ ആണ് പൂരാഘോഷം ആരംഭിക്കുന്നത്. യുക്മ ദേശിയ റീജിയണൽ ഭാരവാഹികൾ പങ്കെടുക്കും.
തുടർന്ന് ടീമുകളുടെ ജേഴ്സി വിതരണവും ബ്രീഫിംഗും നടക്കും. പത്തിന് തന്നെ ആദ്യ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് മത്സരങ്ങളുടെ ഇടവേളകളിൽ വിത്യസ്തങ്ങളായ കലാപരിപാടികൾ നടക്കും.
പ്രശസ്ത പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം ഉൾപ്പെടെ നിരവധി കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കും. മെഗാ തിരുവാതിര മറ്റ് കേരളീയ കലാരൂപങ്ങൾ എന്നിവ വേദിയിൽ കാണികൾക്കായി ഒരുക്കിയിട്ടുണ്ട്.
യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന് യുക്മ ദേശീയ അധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ, വള്ളംകളിയുടെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ഷീജോ വർഗീസ്, ഫിനാൻസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ട്രെഷറർ ഡിക്സ് ജോർജ്,
വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, ജോയിന്റെ ട്രെഷറർ എബ്രഹാം പൊന്നുംപുരയിടം, യുക്മ മുൻ പ്രസിഡന്റും ലെയ്സൺ ഓഫീസറുമായ മനോജ്കുമാർ പിള്ള, മുൻ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ പ്രവർത്തനങ്ങൾ നടന്നത്.
യുക്മ ദേശിയ നിർവാഹക സമിതിയംഗങ്ങളായ മുൻ ട്രെഷറർ ഷാജി തോമസ്, ജയകുമാർ നായർ, സണ്ണി മോൻ മത്തായി, സാജൻ സത്യൻ, ജാക്സൺ തോമസ്, ബിനോ ആന്റണി, ജിജോ മാധവപ്പള്ളിൽ, സണ്ണി ഡാനിയേൽ, സന്തോഷ് തോമസ്, റീജിയണൽ പ്രസിഡന്റുമാരായ വർഗീസ് ഡാനിയേൽ, സുജു ജോസഫ്, ജയ്സൻ ചാക്കോച്ചൻ, സുരേന്ദ്രൻ ആരക്കോട്ട്, ജോർജ് തോമസ്, ബിജു പീറ്റർ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾ ഏകോപിച്ച് വരുന്നു.
യുക്മ സഹയാത്രികരായ ജേക്കബ് കോയിപ്പള്ളി, എബ്രഹാം ലൂക്കോസ്, ദേവലാൽ സഹദേവൻ, സുനിൽ, സെലീനാ സജീവ് തുടങ്ങി റീജിയണൽ ഭാരവാഹികൾ, യുക്മ അംഗ അസോസിയേഷൻ പ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങി വലിയൊരു ടീമിന്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ സാക്ഷാത്കാരമാണ് ഇന്ന് മാൻവേഴ്സ് തടാകത്തിൽ കാണാൻ പോകുന്ന പൂരക്കാഴ്ചകൾ.
മലയാള സിനിമയിലെ മുൻനിരക്കാരായ ജോജു ജോർജ്, ചെമ്പൻ വിനോദ് ജോസ്, കല്ല്യാണി പ്രിയദർശൻ എന്നിവരോടൊപ്പം മലയാളികളുടെ പ്രിയപ്പെട്ട വ്ലോഗർ സുജിത് ഭക്തൻ, പ്രശസ്ത പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം എന്നിവരടങ്ങിയ വമ്പൻ താരനിര ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ കേംബ്രിഡ്ജ് ഡപ്യൂട്ടി മേയർ കൗൺസിലർ ബൈജു തിട്ടാല മുഖ്യാതിഥിയായി പങ്കെടുക്കും.
കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ജലോത്സവമായി യുക്മ കേരളപൂരം വള്ളംകളി മാറിക്കഴിഞ്ഞു. യുക്മ വള്ളംകളിയെ കൂടുതൽ ആകർഷകമാക്കാനും ജനകീയമാക്കാനും സ്പോൺസർമാർ ചെയ്യുന്ന സഹായം വളരെ വലുതാണ്.
യുകെയിലെ പ്രമുഖ മലയാളി ബിസിനസ് സംരഭകരാണ് യുക്മയുടെ ഫ്ലാഗ് ഷിപ്പ് ഇവന്റായ വള്ളംകളി നടത്തുവാൻ യുക്മയ്ക്ക് ഉറച്ച പിന്തുണ നൽകി വരുന്നത്.
ആന്റണി എന്ന ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത് യുകെയിൽ നടന്ന വർണഭമായ ചടങ്ങിൽ വച്ചായിരുന്നു. യുകെ മലയാളികളായ കൃഷണരാജ് രാജൻ, ഗോകുൽ വർമ എന്നിവർ സഹ നിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ സ്പോൺസർഷിപ്പിൽ യുക്മ വള്ളംകളിക്ക് ഒരു വള്ളം മത്സരിക്കാൻ ഇറങ്ങുന്നുണ്ട്.
യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കഠിനമായ പരിശീലനം കഴിഞ്ഞെത്തുന്ന 26 പുരുഷ ടീമുകൾ മത്സര വള്ളംകളിയിൽ പങ്കെടുക്കുമ്പോൾ വനിതകളുടെ പ്രദർശന വള്ളംകളി മത്സരത്തിൽ നാലു ടീമുകൾ പങ്കെടുക്കുന്നു.
കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളായ വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം ടീം, തിരുവാതിര, പുലികളി എന്നിവയോടൊപ്പം നൃത്തവും സംഗീതവും കോർത്തിണക്കിയ നിരവധി കലാരൂപങ്ങളും വേദിയിൽ അരങ്ങേറും. അഭിജിത് കൊല്ലവും, "ചായ & കോർഡ്സ്' മ്യൂസിക്ക് ബാന്റും കേരളപൂരം പ്രേക്ഷകർക്കായി വേദിയിൽ നാദവിസ്മയം തീർക്കും.
യുകെയിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
രാവിലെ 10ന് ആരംഭിക്കുന്ന വള്ളംകളി മത്സരം നടക്കുന്ന മാൻവേഴ്സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. യുക്മ കേരളപൂരം വള്ളംകളിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി സംഘാടകർ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കാണികളുടെ സൗകര്യാർഥം ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ഭക്ഷണ കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതാണ്. മഗ്നാ വിഷൻ ടിവിയുടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം: Manvers Lake, Station Road, WathUponDearne, Rotherham South Yorkshire. S63 7DG.
|