ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ "ഓണം പൊന്നോണം' ഓഗസ്റ്റ് 27ന് നെഹ്റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ ഒൻപത് മുതൽ 12 വരെയാണ് പൂക്കള മത്സരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 20,001, 15,001, 10,001 രൂപ എന്നിങ്ങനെ സമ്മാനമായി ലഭിക്കും. പങ്കെടുക്കുന്ന മറ്റു ടീമുകൾക്ക് സമാശ്വാസ സമ്മാനമായി 2,500 രൂപ വീതം നൽകും.
വൈകുന്നേരം നടക്കുന്ന ഓണാഘോഷ പരിപാടികളിലാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഡിഎംഎ ഏരിയകൾക്ക് ജൂലെെ 20 വരെ രജിസ്റ്റർ ചെയ്യാം.
വൈകുന്നേരം നാല് മുതൽ ഡിഎംഎ പ്രസിഡന്റ് കെ.രഘുനാഥിന്റെ അധ്യക്ഷതയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനം, 12ാം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡിഎംഎ അംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന മൂന്ന് വിദ്യാർത്ഥികൾക്ക് ഡിഎംഎ സലിൽ ശിവദാസ് അക്കാഡമിക് എക്സലൻസ് അവാർഡ് വിതരണം,
പൂക്കള മത്സര വിജയികൾക്കുള്ള സമ്മാന ദാനം, സാമൂഹ്യ പ്രവർത്തകരെ ആദരിക്കൽ, എട്ടാം ലക്കം ഡിഎംഎ ത്രൈമാസിക ഓണം വിശേഷാൽ പതിപ്പിന്റെ പ്രകാശനം എന്നിവ നടക്കും.
ഡിഎംഎയുടെ വിവിധ ഏരിയകൾ അവതരിപ്പിക്കുന്ന കലാപരിപാടികളുടെ വർണ വിസ്മയവും അരങ്ങേറും.
ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന തിരുവാതിര കളി മത്സരം ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഓഗസ്റ്റ് 20 ഞായറാഴ്ച വെെകുന്നേരം നാല് മുതൽ അരങ്ങേറും.
ഒന്നാം സമ്മാനത്തിന് അർഹരാകുന്ന ടീമിന് 15,000 രൂപയും നെഹ്റു സ്റ്റേഡിയത്തിൽ പ്രസ്തുത പരിപാടി അവതരിപ്പിക്കുവാനുള്ള അവസരവും ലഭിക്കും.
രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10,000, 7,500 രൂപയും സമ്മാനമായി ലഭിക്കും. പങ്കെടുക്കുന്ന ഡിഎംഎയുടെ ഏരിയ ടീമുകൾ ജൂലെെ 20ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണം.
ജനറൽ കൺവീനറായി വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, കൾച്ചറൽ കൺവീനറായി പശ്ചിം വിഹാർ ഏരിയ സെക്രട്ടറി ജെ. സോമനാഥൻ, പൂക്കള മത്സരം കൺവീനറായി കേന്ദ്ര കമ്മിറ്റി ജോയിന്റ് ട്രഷറർ പിഎൻ ഷാജി,
കൂടാതെ 27 കമ്മിറ്റി അംഗങ്ങളെയും ഓണാഘോഷ പരിപാടികളുടെ സുഖമമായ നടത്തിപ്പിനായി തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9818750868, 9810791770.
|