വാഷിംഗ്ടൺ: അമേരിക്കയിൽ സ്ഥാപിതമാകുന്ന ശിവഗിരി ആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മേയ് 27, 28 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടക്കും.
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന പേരിൽ അറിയപ്പെടുന്ന ആശ്രമം വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് പ്ലെയിനിൽ മാർഷൽ റോഡിനും സമീപം ഒന്നേകാൽ ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. മന്ദിരത്തിൽ വിശാലമായ ധ്യാന മണ്ഡപം, പ്രാർഥനാ ഹാൾ, ലൈബ്രറി, അതിഥിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
മാനവരാശിയുടെ ഉന്നമനത്തിനായി ഗുരുദേവൻ മുന്നോട്ടുവച്ച വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, വ്യവസായം, കൈത്തൊഴിൽ, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നിവക്ക് പുറമെ വിശ്വമാനവിക സന്ദേശം പ്രചരിപ്പിക്കുന്നതിനും ഗുരുദേവ കൃതികളുടെ ആഴത്തിലുള്ള ഗവേഷണവും ചർച്ചകളും പ്രോത്സാഹിപ്പിക്കുകയെന്നതുമാണ് ആശ്രമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഭാരതത്തിന്റെ പൈതൃക മൂല്യങ്ങളായ യോഗ, മെഡിറ്റേഷൻ എന്നിവ പരിചയപ്പെടുന്നതിനുളള വിപുലമായ സൗകര്യങ്ങൾ ആശ്രമത്തിലുണ്ട്.
ശിവഗിരി മഠത്തിലെ ശ്രീമത് ഗുരു പ്രസാദ് സ്വാമികളാണ് ആശ്രമത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡോ. ശിവദാസൻ മാധവൻ ചാന്നാർ (പ്രസിഡന്റ്), മനോജ് കുട്ടപ്പൻ, അനിൽ കുമാർ (വൈസ് പ്രസിഡന്റ), മിനി അനിരുദ്ധൻ (ജനറൽ സെക്രട്ടറി), സന്ദീപ് പണിക്കർ (ട്രഷറർ), സാജൻ നടരാജൻ (ജോയിന്റ് സെക്രട്ടറി), ശ്രീനി പൊന്നച്ചൻ (ജനറൽ കൺവീനർ), അശോകൻ വേങ്ങാശേരിൽ, ശിവരാജൻ കേശവൻ, കോമളൻ കുഞ്ഞുപിള്ള, പ്രസന്നാ ബാബു, ശിവാനന്ദൻ രാഘവൻ, ശ്രീനിവാസൻ ശ്രീധരൻ, പ്രസാദ് കൃഷ്ണൻ വേങ്ങാശേരിൽ, രാജാസിംഹൻ, രാജപ്പൻ, സരസ്വതി ധർമ്മരാജൻ, രത്നമ്മാ നാഥൻ, കവിതാ സുനിൽ, ഷാജി പപ്പൻ, ആനൂപ് സുബ്രമണ്യൻ, അരുൺ വേണുഗോപാൽ എന്നിവർ ട്രസ്റ്റി ബോർഡ് അംഗങ്ങളും ഡോ.എം.ഐ. ദാമോദരൻ, ചന്ദ്രബാബു, മോഹൻദാസ്, ഡോ. സുധാകരൻ, രാമകൃഷ്ണൻ, ജയരാജ്, ചന്ദ്രമതി എന്നിവർ ഗ്വാഡിയൻ കൗൺസിൽ അംഗങ്ങളുമാണ്.
27, 28 തീയതികളിൽ നടക്കുന്ന ചടങ്ങിന് നേതൃത്വം നൽകാൻ ശിവഗിരി മഠത്തിലെ സന്യാസശ്രേഷ്ഠരും വിവിധ രാജ്യങ്ങളിലെ ശ്രീനാരായണ സംഘടനാ പ്രതിനിധികളും അമേരിക്കയിലെ ഗുരുഭക്തരും ഉണ്ടാകും.
സമർപ്പണ ചടങ്ങിൽ വിശ്വശാന്തി പൂജ, ദേവിപൂജ, ഹോമം, കലശപൂജ , ഗുരുപൂജ, സമൂഹപ്രാർഥന, ഗുരുദേവകൃതികളുടെ ആലാപനം, അദ്ധ്യാത്മികസാമൂഹികസാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖർ നയിക്കുന്ന വിപുലമായ സമ്മേളനങ്ങളും നടക്കും.
|