അബുദാബി: മലയാളിസമാജം രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച കേരളോത്സവം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേരളത്തിന്റെ തനത് രുചിക്കൂട്ടുകൾ കോർത്തിണക്കിയ വിഭവങ്ങൾക്ക് വൻ സ്വികാര്യതയായിരുന്നു. മുളയരി പായസം, കാസർകോട് പിടി, പാൽകപ്പ, നീർ ദോശ, നൂൽ പൊറോട്ട, ഇറച്ചി പുട്ട്, കപ്പ ബിരിയാണി, മട്ടൻ മപ്പാസ്, താറാവ് കറി, തുടങ്ങി കൊതിയൂറും വിഭവങ്ങളാണ്, സമാജം വനിതാവേദിയും മറ്റു സംഘടനകളും ചേർന്ന് ഒരുക്കിയത്. ഫ്രണ്ട്സ് എഡിഎം എസ്, നൊസ്റ്റാൾജിയ, വീക്ഷണം ഫോറം, സോഷ്യൽഫോറം, കല, സാംസ്കാരികവേദി, ശക്തി എന്നിവരുടെ സ്റ്റാളുകൾ രുചിയുടെ പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചു. സമാജം ബാലവേദിയുടെ ഫണ്‍ ഗെയിമുകളിൽ പ്രായവ്യത്യാസമില്ലാതെ ആളുകൾ പങ്കെടുത്തു. നാട്ടിലെ ഉത്സവപ്പറന്പുകളെ അനുസ്മരിപ്പിക്കുന്ന കെഎംസസി അങ്കണത്തിൽ പ്രവാസികൾ ഗൃഹാതുരത്വത്തോടെ പരിപാടികൾ ആസ്വദിച്ചു. വൈവിധ്യമാർന്ന കലാപരിപാടികൾ ജനങ്ങൾക്ക് ആവേശമായിരുന്നു.
ഏറ്റവും നല്ല സ്റ്റാളിനുള്ള ഒന്നാം സ്ഥാനം നൊസ്റ്റാൾജിയക്കും രണ്ടാം സ്ഥാനം വീക്ഷണം ഫോറത്തിനും മൂന്നാം സ്ഥാനം കലഅബുദാബിക്കും ലഭിച്ചു. ഒന്നാം ദിവസം നടന്ന ആവേശകരമായ ലേലത്തിൽ ഒരുപഴക്കുല 3900 ദിര്‍ഹത്തിനും രണ്ടാം ദിവസം ഒരു ചക്ക 5000 ദിര്‍ഹത്തിനും ലേലത്തിൽ പോയി.
 ആദ്യദിവസം ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി റിഷ ഒബ്റോയിയും രണ്ടാം ദിവസം എംബസ്സി ഡി.സി.എം, എ അമർ നാഥും മുഖ്യാതിഥി കളായി പങ്കെടുത്തു . ഗണേഷ് ബാബു (ജമിനി ബിൽഡിംഗ്)നവീൻ ഹൂദ് അലി (എൽ എൽ എച്ച് ഹോസ്പിറ്റൽ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രണ്ടാം ദിവസം നടന്ന നറുക്കെടുപ്പിൽ, ഒന്നാം സമ്മാനമായി ആ 20 പവൻ സ്വർണ്ണം മുഹമ്മദ് വഖാസ് ( കരസ്ഥമാക്കി. മറ്റ് 50 പേർക്ക് വിലപിടിപ്പുള്ള മറ്റ് സമ്മാനങ്ങളും ഉണ്ടായിരുന്നു.
സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, വൈസ് പ്രസിഡന്റ് രേഖിന് സോമൻ, ട്രഷറർ അജാസ് അപ്പാടത്ത് കമ്മിറ്റി അംഗങ്ങളായ ലൂയിസ് കുര്യാക്കോസ് (പേട്രണ്‍), ബി,യേശു ശീലൻ , എ.എം.അൻസാർ, സലിം ചിറക്കൽ, ഫസലുദീൻ, സാബു അഗസ്റ്റിൻ, റഷീദ് കാഞ്ഞിരത്തിൽ, റിയാസുദ്ദീൻ, റഫീഖ്.പി.ടി, മനു കൈനകരി, അനിൽകുമാർ ടി.ഡി.വനിതകണ്വീനർ അനുപ ബാനർജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|