വത്തിക്കാൻസിറ്റി : കർത്താവേ നിന്നെ ഞാൻ സ്നേഹിയ്ക്കുന്നു എന്നുറക്കെ പ്രഖ്യാപിച്ച പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് ലോകം വിടചൊല്ലി. 95 ാം വയസിൽ നിത്യതയിലേയ്ക്ക് വിളിക്കപ്പെട്ട ബനഡിക്ട് പതിനാറാമൻ ആനുനിക കാലത്തിലെ ഏറ്റവും പ്രഗൽഭനും പണ്ഡിതനുമായ മാർപാപ്പമാരിൽ ഒരാളായിരുന്നു. അതേസമയം രണ്ടു മാർപാപ്പാമാർ തമ്മിൽ വിടചൊല്ലുന്ന, വിടവാങ്ങുന്ന അപൂർവ നിമിഷങ്ങളാണ് 2023 ജനുവരി 5 ന് വത്തിക്കാനിൽ ഉണ്ടായത്. ഇതിന് ലോകമാകെ സാക്ഷ്യം വഹിയ്ക്കുകയും ചെയ്തു. അധികാരത്തിലിരിയ്ക്കുന്ന ഒരു മാർപാപ്പാ തന്റെ മുൻഗാമിയെ അടക്കിയതും ഒരു അസാധാരണ സംഭവമായി.
ആഗോള കത്തോലിക്കാ സഭയിലെ 125 കർദ്ദിനാള·ാർ, 400 മെത്രാ·ാർ, 3800 വൈദികർ, മലയാളികൾ ഉൾപ്പടെ 70000 അധികം വിശ്വാസികൾ നേരിട്ടും കൂടാതെ കർമ്മങ്ങളുടെ തൽസമയ സംപ്രേക്ഷണത്തിലൂടെ ലോകമെന്പാടുമള്ള ലക്ഷോപലക്ഷം ആളുകളെ സാക്ഷിയാക്കി യാത്രാമൊഴിയേകി, ബെനഡിക്ട് പതിനാറാമൻ പാപ്പ ഓർമ്മയായി.
വ്യാഴാഴ്ച രാവിലെ 9.30 ന് പോപ്പ് എമരിറ്റസിന്റെ മൃതദേഹം അടക്കം ചെയ്ത സൈപ്രസ് തടികൊണ്ടുള്ള പേടകം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നിന്ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിലേക്ക് കൊണ്ടുവന്നതോടെയാണ് സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചത്.
ബെനഡിക്ട് പാപ്പയുടെ പേഴ്സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗെൻസ്വെയിൻ പാപ്പായുടെ പെട്ടിയുടെ അടുത്തെത്തി, മുട്ടുകുത്തി, ചുംബിച്ചു. തുടർന്ന് വിശ്വാസികൾ ലത്തീൻ ഭാഷയിൽ ജപമാലയുടെ ദു:ഖ രഹസ്യങ്ങൾ ചൊല്ലി പ്രാർത്ഥിച്ചു. ഫ്രാൻസിസ് പാപ്പ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.
 ബെനഡിക്ട് പാപ്പയുടെ ആഗ്രഹപ്രകാരം, മൃതസംസ്കാര കുർബാന ലളിതമായിരുന്നു. സിസ്റ്റൈൻ ചാപ്പൽ ഗായകസംഘമാണ് ഗാനങ്ങൾ ആലപിച്ചത്. ഏശയ്യായുടെ പുസ്തകത്തിൽ നിന്നുള്ള വായന (ഏശയ്യാ 29 :1619) സ്പാനിഷ് ഭാഷയിലും, സങ്കീർത്തന പുസ്തകത്തിൽ നിന്നുള്ള വായന (സങ്കീർത്തനം 23ാം അധ്യായം) ലത്തീൻ ഭാഷയിലും, പത്രോസിന്റെ ലേഖനത്തിൽ നിന്നുള്ള വായന (1 പത്രോസ് 1 : 39) ഇംഗ്ളീഷ് ഭാഷയിലും, ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള വായന (ലൂക്ക 23 : 3946) ഇറ്റാലിയൻ ഭാഷയിലും ആയിരുന്നു.
സുവിശേഷ വായനയ്ക്കു ശേഷം ഫ്രാൻസിസ് പാപ്പാ പ്രസംഗിച്ചു. അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ സമർപ്പിയ്ക്കുന്നു എന്ന വചനത്തെ അടിസ്ഥാനപ്പെടുത്തിയാണ് പ്രസംഗിച്ചത്. തുടർന്ന് വിവിധ ഭാഷകളിൽ മദ്ധ്യസ്ഥപ്രാർത്ഥനയും ചൊല്ലി.
സംസ്ക്കാരച്ചടങ്ങിന്റെ ഭാഗമായുള്ള പ്രാർത്ഥനകൾ ഉൾക്കൊള്ളിച്ച് തിരുക്കർമ്മങ്ങൾക്കു വേണ്ടി വത്തിക്കാൻ പ്രത്യേകം തയ്യാറാക്കിയ പുസ്തകം വിതരണം ചെയ്തിരുന്നു.
 മാർപാപ്പായുടെ മൗനപ്രാർഥനയ്ക്കുശേഷം ബെനഡിക്ട് പതിനാറാമന്റെ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുപോയപ്പോൾ മണികൾ മുഴങ്ങി, വിശ്വാസികൾ കരഘോഷം മുഴക്കി.
വിശുദ്ധ ജോണ്പോൾ രണ്ടാമൻ മാർപാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിന് മുന്പ് അടക്കം ചെയ്ത വത്തിക്കാൻ ഗ്രോട്ടോയിലെ കല്ലറയിലാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതദേഹവും സംസ്ക്കരിച്ചത്. വിശുദ്ധ പത്രോസിന്റെ കല്ലറയുടെ സമീപത്താണ് ഈ കല്ലറയും സ്ഥിതി ചെയ്യുന്നത്. മൃതദേഹം സെൻറ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റിയപ്പോൾ ബെനഡിക്ട് പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ പതാകകളും ബാനറുകളും ഉയർത്തിയതും ശ്രദ്ധേയമായി.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഏതാണ്ട് 2 ലക്ഷത്തിൽപ്പരം വിശ്വാസികൾ സെന്റ് പീറ്റേഴ്സ് ബസലിക്കയിലെത്തി എമരിറ്റസ് പാപ്പായ്ക്ക് അന്ത്യാജ്ഞലി അർപ്പിച്ചിരുന്നു.
 നൂറ്റാണ്ടുകൾക്ക് ശേഷം ഒരു എമിരിറ്റസ് പാപ്പയുടെ മൃതസംസ്കാരം നടക്കുന്ന ചരിത്ര സംഭവം, ഒരു മാർപാപ്പ മറ്റൊരു പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിക്കുന്നു അത്യഅപൂർവ്വ സംഭവമായി.
ജർമൻകാരനായ ബനഡിക്ട് 16 മന് ജർമനിയുടെ പൂർണആദരവും നൽകിയിരുന്നു.വത്തിക്കാന്റെ നിർദ്ദേശ പ്രകാരം ഇറ്റലിയിൽ നിന്നും, ജർമനിയിൽ നിന്നും മാത്രമാണ് ഒൗദ്യോഗികമായി പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം നൽകിയിരുന്നത്. ജർമൻ പ്രസിഡന്റ് ഡോ ഫ്രാങ്ക് വാൾട്ടർ സ്ററയിൻ മയർ, ചാൻസലർ ഒലാഫ് ഷോൾസ്, ഉൾപ്പെടുന്ന ഒരു ഉന്നതതല സംഘം, പാപ്പായുടെ ജ·സ്ഥലമായ ബയേണ് സംസ്ഥാന മുഖ്യമന്ത്രി മാർക്കുസ് സോഡറിന്റെ നേതൃത്വത്തിൽ 200 ലധികം ആളുകൾ പങ്കെടുത്തു. ഹംഗറിയുടെ പ്രസിഡന്റ് കാറ്റലിൻ നോവാക്ക്, പോളണ്ടിന്റെ പ്രസിഡന്റ് ആന്ദ്രസേജ് ഡുഡ, ബെൽജിയത്തിന്റെ ഫിലിപ്പ് രാജാവ്, സ്പെയിനിലെ സോഫിയ രാജ്ഞി തുടങ്ങിയ ലോക നേതാക്കൾ ഒൗദ്യോഗിക ക്ഷണം കൂടാതെ തന്നെ ചടങ്ങിൽ പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ പ്രതിനിധീകരിച്ച് വത്തിക്കാനിലെ അമേരിക്കൻ പ്രതിനിധി ജോ ഡോണല്ലി പങ്കെടുത്തു. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്റരെല്ല, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ബെനഡിക്ട് പതിനാറാമന് ആദരാഞ്ജലികൾ അർപ്പിക്കുവാൻ എത്തിയിരുന്നു.
അധികാരവടിയും കുരിശും പേടകത്തിനുള്ളിൽ അടക്കം ചെയ്തിട്ടില്ല. എന്നാൽ പാപ്പായുടെ ഭരണകാലഘട്ടത്തിൽ നിർമിതമായ ചില മെഡലുകളും പാപ്പായ്ക്കു ലഭിച്ച പാലിയങ്ങളും പേടകത്തിൽ അടക്കം ചെയ്തിട്ടുണ്ട്.പാപ്പ സഭയുടെ തലപ്പത്തിരുന്ന ദിവസങ്ങൾ ഏതാനും വാക്കുകളിൽ വിവരിക്കുന്ന ഒരു വാചകം മെറ്റൽ ട്യൂബിനുള്ളിൽ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. സിങ്ക് കൊണ്ട് നിർമ്മിച്ച പെട്ടിയിൽ നിന്നും, തടികൊണ്ട് നിർമ്മിച്ച പെട്ടിയിലേക്ക് ഭൗതിക ശരീരം മാറ്റിയതിനുശേഷമാണ് സംസ്കാരം പൂർത്തിയാക്കിയത്.
പെട്ടിയുടെ മുകളിൽ ആലേഖനം ചെയ്ത കുറിപ്പ് വത്തിക്കാൻ പ്രസിദ്ധപ്പെടുത്തി. ലാറ്റിൻ ഭാഷയിൽ എഴുതിയിരിക്കുന്ന ലിഖിതത്തിൽ ബെനഡിക്ട് പതിനാറാമൻ പാപ്പ തിരുസഭയുടെ പരമാധികാരമുള്ള മാർപാപ്പയായിരുന്ന കാര്യം പ്രത്യേകം എഴുതി ചേർത്തതിനൊപ്പം എത്രകാലം അദ്ദേഹം ജീവിച്ചിരുന്നെന്നും, എത്രകാലം സാർവ്വത്രിക സഭയെ നയിച്ചുവെന്നുമുള്ള വിവരങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.
ബെനഡിക്ട് പതിനാറാമൻ പിഎം (എൻ. ഡെൽ ആർ.: പൊന്തിഫിക്സ് മാക്സിമസ്, സുമോ പൊന്തിഫ്) 95 വർഷവും, 8 മാസവും, 15 ദിവസങ്ങളും ജീവിച്ചിരുന്നു.സാർവ്വത്രിക സഭയെ ഭരിച്ചത്: 7 വർഷം, 10 മാസം, 9 ദിവസം. 2005 ഏപ്രിൽ 19 മുതൽ 2013 ഫെബ്രുവരി 28 വരെ. ക്രിസ്തു വർഷം 2022 ഡിസംബർ 31~ന് കാലം ചെയ്തു. എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്.
ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സംസ്കാര ശുശ്രൂഷകളിൽ ഇന്ത്യയിലെ എല്ലാ കർദ്ദിനാൾമാരും സിബിസിഐ പ്രസിഡന്റും പങ്കെടുത്തു. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർസ്ററീഫൻ ചിറപ്പണത്ത്, സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, കർദ്ദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, ഫിലിപ് നേരി ഫെറാവോ, ആന്റണി പൂല, സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാവേലിക്കര ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് എന്നിവർ ശുശ്രൂഷയിൽ പങ്കെടുത്തു. മാർ ജോർജ് ആലഞ്ചേരിയും മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയും ഇന്നലെ ബനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക് ആദരാഞ്ജലിയർപ്പിച്ചിരുന്നു.
|