കവൻട്രി: ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പന്ത്രണ്ടു ഗായകസംഘങ്ങൾ മാലാഖമാരുടെ സ്വർഗീയ സംഗീതത്തോടൊപ്പം ചേർന്നു പാടിയപ്പോൾ കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബിൽ ഉയർന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവർണഗീതങ്ങൾ.
കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ 11 ശനിയാഴ്ച കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം ടിവിയും ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദി വേൾഡ് കരോൾ ഗാനമത്സരത്തിന്റെ നാലാം പതിപ്പിൽ പങ്കെടുത്തത് യുകെയിലെ മികച്ച പന്ത്രണ്ടു ഗായകസംഘങ്ങൾ. കോവിഡ് ഉയർത്തിയ പ്രതിസന്ധിയിലും ആവേശം തെല്ലും ചോരാതെ മുൻ വർഷങ്ങളേക്കാൾ മനോഹരമായി ഈ സംഗീത സന്ധ്യ നടത്താൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ’ജോയ് ടു ദി വേൾഡ്’ സീസണ് 4 ഓൾ യുകെ കരോൾ ഗാന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ലണ്ടൻ സെന്റ്. തോമസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഗായക സംഘം അലൈഡ് മോർട് ഗേജ് സർവീസ് സ്പോണ്സർ ചെയ്ത ആയിരം പൗണ്ട് കാഷ് അവാർഡിനും ’ജോയ് ടു ദി വേൾഡ്’ വിന്നേഴ്സ് ട്രോഫിക്കും അർഹരായി.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ പള്ളികളെയും, സംഘടനകളെയും പ്രതിനിധീകരിച്ചു എത്തിയ പന്ത്രണ്ടു ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ ഹെർമോൻ മാർത്തോമാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും, കവൻട്രി വർഷിപ്പ് സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്ലോറിയ ഇൻ എക്സെൽസിസ് ഡെയോ, കേംബ്രിഡ്ജ് നാലാം സ്ഥാനവും, പീറ്റർബറോ ഓൾ സെയിന്റ്സ് മാർത്തോമ ചർച്ച് അഞ്ചാം സ്ഥാനവും നേടി. ഈ വർഷം മുതൽ ഏർപ്പെടുത്തിയ ഏറ്റവും നല്ല അവതരണത്തിനുള്ള ’ബെസ്ററ് അപ്പിയറൻസ്’ അവാർഡിന് ഹെർമോൻ മാർത്തോമാ ചർച്ച് ക്വയർ അർഹരായി.
രണ്ടാം സ്ഥാനം നേടിയ ടീമിന് ലോ ആൻഡ് ലോയേഴ്സ് സ്പോണ്സർ ചെയ്ത അഞ്ഞൂറ് പൗണ്ടും ട്രോഫിയും , മൂന്നാം സമ്മാനം നേടിയ ടീമിന് ഹോളിസ്റ്റിക് ഗാർമെൻറ്സ് സ്പോണ്സർ ചെയ്ത ഇരുനൂറ്റി അന്പതു പൗണ്ടും ട്രോഫിയും, നാലും അഞ്ചും ടീമുകൾക്കു ട്രോഫിയും സമ്മാനിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറൽ റവ. ഫാ. ജോർജ് ചേലക്കൽ പരിപാടിയിൽ മുഖ്യാഥിതിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ചലച്ചിത്ര പിന്നണി ഗായിക ഡെൽസി നൈനാൻ, ഗായിക റോസ് മേരി ജോണ്സണ് എന്നിവർ അതിഥികളായി എത്തിയിരുന്നു. ഐഐജി യുകെ ആൻഡ് യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം ക്രിസ്മസ് സന്ദേശം നൽകി.
മത്സരങ്ങൾക്കുശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ഡെൽസി നൈനാൻ, റോസ് മേരി ജോണ്സണ്, ടാനിയ സാം, രാകേഷ് ശങ്കരൻ, ഗർഷോം ടിവി ഡയറക്ടർമാരായ ജോമോൻ കുന്നേൽ, ബിനു ജോർജ്, ലണ്ടൻ അസാഫിയൻസ് സെക്രട്ടറി സുനീഷ് ജോർജ്, ബാൻഡ് ലീഡർ ജോയ് തോമസ്, ജോയ് ടു ദി വേൾഡ് ചീഫ് കോഓർഡിനേറ്റർ ജോഷി സിറിയക്, കോഓർഡിനേറ്റർമാരായ ദീപേഷ് സ്കറിയ, സുരേഷ് കുമാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
യുകെയിൽ വളർന്നു വരുന്ന യുവസംഗീതപ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടി ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും ചേർന്ന് ഓണ്ലൈനായി നടത്തിയ ഓൾ യുകെ ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റിൽ ഫൈനലിൽ എത്തിയ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ഗ്രാൻഡ് ഫിനാലെയും ഇതോടൊപ്പം നടത്തുകയുണ്ടായി.
മൂന്നു കാറ്റഗറികളിലായി പതിനഞ്ചു യുവഗായകരാണ് ഫൈനലിൽ പ്രവേശിച്ചത്. അത്യന്തം വാശിയേറിയ മത്സരത്തിൽ 5 10 വയസ് കാറ്റഗറിയിൽ ലെക്സി എബ്രഹാം ഒന്നാം സ്ഥാനവും, അനബെല്ല ബിജു രണ്ടാം സ്ഥാനവും, ഇസബെല്ലാ ഫ്രാൻസിസ് മൂന്നാം സ്ഥാനവും നേടി. 11 16 വയസ് കാറ്റഗറിയിൽ ടെസ സൂസൻ ജോണ് ഒന്നാം സ്ഥാനവും, ആഷ്ണി ഷിജു രണ്ടാം സ്ഥാനവും, ഫിയോന ബിജു മൂനാം സ്ഥാനവും കരസ്ഥമാക്കി. 17 21 വയസ് കാറ്റഗറിയിൽ അസ്റ്റീന റാണി അലക്സ് ഒന്നാമതെത്തിയപ്പോൾ ജാനിയ ജോർജ് രണ്ടാം സ്ഥാനവും ദിവ്യ വിനോദ് മൂനാം സ്ഥാനവും നേടി. വിജയികൾക്ക് ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും നൽകിയ ക്യാഷ് അവാർഡുകളും ട്രോഫിയും സമ്മാനിച്ചു.
യുകെ മലയാളികൾക്കിടയിൽ സംഗീത സംവിധാന രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംഗീത സംവിധായകൻ ജെസ്വിൻ പടയാറ്റിലിന് ബെസ്റ്റ് ഓഫ് ഇന്ത്യ അവാർഡ് നൽകി ആദരിച്ചു. കരോൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി.
ബിനു ജോർജ്
|