ന്യൂജേഴ്സി: കേരളീയ വസ്ത്രമണിഞ്ഞ് താലപ്പൊലിയേന്തിയ മങ്കമാരും കൗമാരക്കാരും, അവർക്കു പിന്നിലായി 14 പേരടങ്ങിയ ചെണ്ടമേളക്കാർ, മുത്തുക്കുടയുടെ അകന്പടിയോടെ സർവ്വാഭരണ ഭൂഷണിതനായി രാജകീയ വസ്ത്രവും കിരീടവുമണിഞ്ഞെത്തിയ മാഹാബലി തന്പുരാൻ രാജകീയ പ്രൗഢിയോടെ എഴുന്നെള്ളിയപ്പോൾ ന്യൂജേഴ്സിയിലെ പാറ്റേഴ്സണിലുള്ള സെന്റ് ജോർജ് സീറോ മലബാർ കാത്തലിക്ക് പള്ളി ഓഡിറ്റോറിയം അക്ഷരാർഥത്തിൽ കേരള തനിമകൊണ്ടു സന്പൂർണ വിരാജിതമായി. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (മഞ്ച്)ന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടന്ന ഈ വർഷത്തെ ഓണാഘോഷം സമാനതകളില്ലാത്ത ഉത്സവ മേളമായി മാറി.
വൈകുന്നേരം ആറിന് വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് പള്ളിയുടെ പാർകിംഗ് ലോട്ടിൽ നിന്നാരംഭിച്ച വർണാഭമായ ഘോഷയാത്ര ഓഡിറ്റോറിയത്തിൽ പ്രവേശിച്ച ശേഷം മുൻനിരയിൽ നീങ്ങിയ താലപ്പൊലിയേന്തിയ മങ്കമാർ സ്റ്റേജിനിരുവശവും അണിനിരന്നു. പിന്നാലെയെത്തിയ ചെണ്ടമേളക്കാർ കൊട്ടിത്തിമർത്തുകൊണ്ട് വേദി കീഴടക്കി. തുടർന്ന് മുത്തുക്കുടയുടെ അകന്പടിയോടെ മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ചു. ഒപ്പം മുഖ്യാതിഥി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, മഞ്ച് പ്രസിഡന്റ് മനോജ് വാട്ടപ്പള്ളിൽ, സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ, മഞ്ച് ബോർഡ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും മാവേലിയെ അനുഗമിച്ചിരുന്നു. ചെണ്ട മേളക്കാരുടെ മേളക്കൊഴുപ്പിനൊപ്പം കാണികളും ഹർഷാരവും മുഴക്കിയപ്പോൾ മാവേലി മന്നൻ പ്രജകൾക്ക് ആശിർവാദമർപ്പിച്ചുകൊണ്ടിരുന്നു.
ചെണ്ടമേളക്കാർ കൊട്ടിക്കലാശം നടത്തിയതിനുശേഷം മാവേലി മന്നൻ ഓണാശംസകൾ നേർന്നു. കഴിഞ്ഞ 40 വർഷത്തിലേറെയായി ട്രൈസ്റ്റേറ്റ് മേഖലയിലെ വിവിധ അസോസിയേഷനുകളിൽ മാവേലി വേഷം കെട്ടിവരുന്ന അപ്പുക്കുട്ടൻ പിള്ളയായിരുന്നു മഞ്ച് ഓണത്തിനായി മാവേലി വേഷം കെട്ടിയത്. മാവേലി വേഷത്തിൽ അദ്ദേഹത്തിന്റെ ഈ വർഷത്തെ പത്താമത്തെ വേദിയായിരുന്നു മഞ്ചിന്േറത്.
തുടർന്ന് നടന്ന പൊതുയോഗത്തിൽ മഞ്ച് പ്രസിഡന്റ് മനോജ് വട്ടപ്പള്ളിൽ അധ്യക്ഷത വഹിച്ചു. 9/11 അനുസ്മരണ ദിനമായ അന്ന് ആ ദുരന്തത്തിൽ മരിച്ച നിരപരാധികളായ എല്ലാ അമേരിക്കക്കാർക്ക് വേണ്ടിയും ഐഡ കൊടുങ്കാറ്റിൽ മരണമടഞ്ഞവർക്കും വേണ്ടിയുള്ള മൗന പ്രാർഥനയോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. മഞ്ച് ഡാൻസ് ഫോർ ലൈഫ് ഡാൻസ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയുടെയും മഞ്ച് ഓണാഘോഷത്തിന്റെയും ഒൗപചാരികമായ ഉദ്ഘാടനം മുഖ്യാതിഥി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് ഭദ്ര ദീപം കൊളുത്തികൊണ്ട് നിർവഹിച്ചു. തുടർന്ന് അദ്ദേഹം ഓണസന്ദേശം നൽകി.
ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണി ഫൊക്കാനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. ഫൊക്കാന രാജഗിരി ഹെൽത്ത് ബെനിഫിറ്റ് പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനം മഞ്ച് പ്രസിഡന്റ് മനോജ് വാട്ടപ്പള്ളിയ്ക്ക് നൽകിക്കൊണ്ട് ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണി നിർവഹിച്ചു. ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, മഞ്ച് ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗീസ്, ഫൊക്കാന മുൻ പ്രസിഡന്റ് കണ്വൻഷൻ ഇന്റർനാഷണൽ കോർഡിനേറ്ററുമായ പോൾ കറുകപ്പള്ളിൽ, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോണ് കൊട്ടരക്കര, കണ്വൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, വേൾഡ് മലയാളി കൗണ്സിൽ നാഷണൽ ജനറൽ സെക്രട്ടറി പിന്േറാ ചാക്കോ, വേൾഡ് മലയാളി ഫെഡറേഷൻ നേതാവ് ആനി ലിബു, ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ തുടങ്ങിയവർ പ്രസംഗിച്ചു.
മഞ്ച് ഡാൻസ് ഫോർ ലൈഫ് ഡാൻസ് മത്സരത്തിലെ വിധി കർത്താക്കളായ ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സണും പ്രമുഖ ഡാൻസ് അധ്യാപികയുമായ ഗുരു ഡോ. കല ഷഹി, പ്രമുഖ ഡാൻസ് അധ്യാപികയും കൊറിയോഗ്രാഫറുമായ ബിന്ധ്യാ ശബരി എന്നിവർ ഡാൻസ് മത്സരത്തിലെ വിധി നിർണയത്തെക്കുറിച്ചും പെർഫോമൻസിനെക്കുറിച്ചും വിശദീകരിച്ചു. മറ്റൊരു വിധികർത്താവായ പ്രശസ്ത നടിയും കൊറിയോഗ്രാഫറും നർത്തകിയുമായ കൃഷ്ണപ്രിയ വീഡിയോ സന്ദേശത്തിലൂടെ ജേതാക്കളെ അഭിനന്ദിച്ചു.
മഞ്ച് ഡാൻസ് ഫോർ ലൈഫിലെ ജേതാക്കളുടെ ഡാൻസ് പെർഫോമൻസും അരങ്ങേറി. സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ രേവ പവിത്രൻ, രണ്ടാം സ്ഥാനം നേടിയ നിമ്മി റോയി, ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സിദ്ധാർത്ഥ് പിള്ള, മൂന്നാം സ്ഥാനം നേടിയ ജിസ്മി മാത്യു എന്നിവരുടെ തകർപ്പൻ ഡാൻസ് പെർഫോമൻസാണ് അരങ്ങേറിയത്. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനം നടത്തി. ഓരോ വിഭാഗത്തിലും വിജയികളായവർക്ക് ട്രോഫിയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, മഞ്ച് പ്രസിഡന്റ് മനോജ് വട്ടപ്പള്ളിൽ, മഞ്ച് ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗീസ്, ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സണ് ഡോ. കല ഷഹി, ഫൊക്കാന അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോണ് കൊട്ടരക്കര, വേൾഡ് മലയാളി കൗണ്സിൽ നാഷണൽ സെക്രെട്ടറി പിന്േറാ ചാക്കോ, ബിന്ധ്യ ശബരി, ഫോക്കാന കണ്വൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ,ലത പോൾ കണ്വെൻഷൻ നാഷണൽ കോർഡിനറ്റർ ലീല മാരേട്ട്, ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രട്ടറി സജി പോത്തൻ, മഞ്ച് വൈസ് പ്രസിഡന്റ്് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രട്ടറി ഷൈനി രാജു, ജോയിന്റ് ട്രഷറർ ആന്റണി കല്ലകാവുങ്കൽ ട്രസ്റ്റി ബോർഡ് മെന്പർ രാജു ജോയി, കേരള ലോക സഭാഗം ആനി ലിബു തുടങ്ങിയവർ ചേർന്നാണ് സമ്മാനദാനങ്ങൾ നിർവഹിച്ചത്.
മഞ്ച് ഡാൻസ് ഫോർ ലൈഫ് ഫൈനലിസ്റ്റുകളായ ആഞ്ചല, അഡോണിയ, ജൂഡിത്ത് മാത്യു എന്നിവരുടെ സിനിമാറ്റിക്ക് ഡാൻസ് പെർഫോർമാൻസും ഉണ്ടായിരുന്നു. മഞ്ച് ജനറൽ സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് രഞ്ജിത്ത് പിള്ള നന്ദിയും പറഞ്ഞു. മഞ്ച് സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ, ജോയിന്റ് സെക്രെട്ടറി ഷൈനി രാജു, ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.
ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച നമ്മുടെ മലയാളം ത്രൈമാസികയുടെ പ്രകാശനം മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഫ്രാൻസിസ് തടത്തിലിന് നൽകിക്കൊണ്ട് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് നിർവഹിച്ചു. പ്രശസ്ത സഹത്യാകാരനും നിരൂപകനുമായ ഡോ. എം.എൻ. കാരശേരി വീഡിയോ സന്ദേശത്തിലൂടെ ത്രൈമാസികയുടെ പ്രകാശനത്തിന് ആശംസയർപ്പിച്ചു.
ഓണാഘോഷ പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ട് പ്രശസ്ത ഡിജെ ജോക്കി കൊട്ടരക്കര നടത്തിയ ട്രൈസ്റ്റേറ്റ് ഡാൻസ് ജോക്കി പെർഫോമൻസ് എല്ലാ കാണികളെയും ഇളക്കി മറിക്കുന്ന തരത്തിലായി മാറി. മിക്കവാറുമുള്ള എല്ലാ കാണികളും ജിത്തു കൊട്ടാരക്കരയുടെ താളത്തിനൊപ്പം ചുവടു വയ്പുമായി സ്റ്റേജിൽ കൈയ്യടക്കി ആവേശത്തിമിർപ്പിലാറാടുകയായിരുന്നു അവസാനത്തെ 20 മിനിറ്റ് ആവേശം അൽപ്പം പോലും ചോരാത്ത ഈ പ്രകടനത്തോടെ ഓണാഘോഷത്തിന് തിരശീല വീണു.
റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ
|