ഉരുക്കു മേൽപ്പാലത്തിന് ഹൈവേ അഥോറിറ്റിയുടെ അംഗീകാരം വേണം
Monday, December 5, 2016 8:13 AM IST
ബംഗളൂരു: സിദ്ധരാമയ്യ സർക്കാരിന്റെ സ്വപ്നപദ്ധതിയായ ബസവേശ്വര സർക്കിൾ– ഹെബ്ബാൾ ഉരുക്കു മേൽപ്പാലത്തിന് വീണ്ടും കുരുക്ക് മുറുകുന്നു. പദ്ധതിക്ക് നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരം വേണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ഇതു സംബന്ധിച്ച് നിർദേശം നല്കിയത്. നിർദിഷ്‌ട മേൽപ്പാലം എയർപോർട്ട് മേൽപ്പാലം വരെ പോകുന്നതിനാൽ ഹൈവേ അതോറിറ്റിയുടെ അനുവാദം വേണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. മേൽപ്പാലം പദ്ധതിക്ക് ഹൈവേ അഥോറിറ്റിയുടെ അനുമതി ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ബിഡിഎ. എന്നാൽ കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഇടപെടൽ തിരിച്ചടിയായതോടെ പദ്ധതി ഇനിയും വൈകാനാണ് സാധ്യത.

പാരിസ്‌ഥിതികാഘാതത്തെ സംബന്ധിച്ച് പഠനം നടത്തുന്ന സമിതിയുടെ അനുമതിയില്ലാതെ മേൽപ്പാലം പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോയെന്നു ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണൽ പാലത്തിന്റെ നിർമാണം സ്റ്റേ ചെയ്തിരുന്നു. ഒക്ടോബർ 28നാണ് മേൽപ്പാലത്തിന്റെ നിർമാണം നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് ഉത്തരവിട്ടത്. പിന്നീട് ഡിസംബർ ആറു വരെ സ്റ്റേ നീട്ടുകയും ചെയ്തു. മേൽപ്പാലം പദ്ധതിയെ എതിർക്കുന്നവരുടെ കൂട്ടായ്മയായ സിറ്റിസൺ ആക്ഷൻ ഫോറം അംഗങ്ങളാണ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. ഇതോടെ, പരിസ്‌ഥിതി ആഘാത പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിച്ച ശേഷം മാത്രമേ മേൽപ്പാലം നിർമാണം ആരംഭിക്കാനാകൂ. ആറിന് വീണ്ടും കേസിൽ വാദം കേൾക്കും. ഹരിതട്രൈബ്യൂണൽ സ്റ്റേ പിൻവലിച്ചാലും കേന്ദ്രസർക്കാരിന്റെ നിർദേശം പദ്ധതിക്കു തടസമായി നിലനിൽക്കും.

ബംഗളൂരുവിമാനത്താവളത്തിലേക്കുള്ള ദൂരം ചുരുക്കുന്നതിനായാണ് പാലം പണിയാൻ പദ്ധതിയിട്ടത്. ബസവേശ്വര സർക്കിളിൽ നിന്നാരംഭിക്കുന്ന മേൽപ്പാലം ഹൈഗ്രൗണ്ട്സ്, വിൻസർ മനോർ, കാവേരി ജംഗ്ഷൻ, മേഖ്രി സർക്കിൾ, സഞ്ജയ് നഗർ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആറുവരിയിലുള്ള മേൽപ്പാലത്തിന്റെ ദൂരം 6.7 കിലോമീറ്ററാണ്. 1791 രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 55,000 ടൺ ഉരുക്ക് ഇതിനായി വേണ്ടിവരും. പാലത്തിനായി 812 മരങ്ങൾ വെട്ടിമാറ്റാനുള്ള തീരുമാനമാണ് പ്രതിഷേധങ്ങൾക്കു കാരണമായത്.